മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.
മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ
ഖബറടക്കം പാടൂർ മഹല്ല് ഖബർസ്ഥാനിൽ.
അനുസ്‌മരണം....
വാരാന്ത്യത്തില്‍ മേനോത്തകായില്‍ നിന്നും ഇത്ത വിളിച്ചിരുന്നു.വിശേഷങ്ങള്‍ പറയുന്നതിന്നിടയില്‍ പാടൂര്‍ ഹഫ്‌സത്താടെ ആരോഗ്യസ്ഥിതി തൃപ്‌തികരമല്ല എന്ന വിവരം പങ്കുവെക്കപ്പെട്ടിരുന്നു.
അബ്‌ദുറഹ്‌മാന്‍ക്കയുടെ പ്രത്യേക സന്ദേശം തലേന്നാള്‍ കിട്ടിയത് കൂട്ടിവായിച്ചപ്പോള്‍ ഒരു അസ്വസ്ഥത മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ശനിയാഴ്‌ച മധ്യാഹ്നത്തിനു ശേഷം റസാഖിന്റെ മറ്റൊരു സന്ദേശം കൂടെ ആയപ്പോള്‍ അസ്വസ്ഥതക്ക് കനം കൂടി.അധികം താമസിയാതെ തന്നെ മകന്‍ അന്‍സാറിന്റെ ഫോണ്‍ കോള്‍.മോന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ കാര്യം മനസ്സിലായി.അതെ ഹഫ്‌സത്തയെ പടച്ച തമ്പുരാന്‍ തിരിച്ചു വിളിച്ചിരിക്കുന്നു.
ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിക്കുമ്പോള്‍ അബ്‌ദുല്‍ വാഹിദ് സാഹിബിന്റെ ശബ്‌ദ സന്ദേശം.അബ്‌ദു റഷീദിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരം അറിഞ്ഞു എന്ന് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കായി നാട്ടില്‍ പലരുമായും ബന്ധപ്പെട്ടെങ്കിലും ആരെയും ലൈനില്‍ കിട്ടിയില്ല.ഗ്രൂപ്പുകളിലും ബ്രോഡ്‌കാസ്റ്റ് ലിസ്റ്റ് വഴിയും ബന്ധു മിത്രാധികളെ തല്‍ക്ഷണം വിവരം അറിയിച്ചു.
നീണ്ടലിസ്റ്റില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാത്ത പലര്‍ക്കും കിട്ടുന്നില്ലായിരിയ്‌ക്കും.എങ്കിലും നല്ലൊരു ശതമാനം പേരും കിട്ടിയ വര്‍ത്തമാനം പരസ്‌പരം പങ്കുവെക്കുന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നുണ്ടാകും.
പ്രിയപ്പെട്ട ഹഫ്‌സത്ത വിടപറഞ്ഞിരിക്കുന്നു.ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഇത്തയുടെ സവിശേഷതയാണ്.മാസങ്ങള്‍ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ വായിക്കാന്‍ കിട്ടിയ അസുലഭാവസരം എന്നായിരുന്നു അവരുടെ തമാശ.
കുശലങ്ങള്‍ പറഞ്ഞു തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കെ സുബൈറയേയും ഹിബയേയും അന്വേഷിക്കുന്നുണ്ടായിരുന്നു.ഹമദിന്റെ പ്രതിശ്രുത വധുവിനെ ഉദ്ദേശിച്ച് മറ്റൊരു ഹിബമോള്‍ കൂടെ നമ്മുടെ വീട്ടില്‍ വരുമെന്നു പറഞ്ഞപ്പോള്‍,അതൊക്കെ ഞാനറിഞ്ഞു എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ പ്രാര്‍ഥനയോടെയാണ് പ്രതികരിച്ചത്.അതെ ജീവിതത്തിലെ മുഖാമുഖമുള്ള അവസാന യാത്ര പറച്ചിലായിരുന്നു അത് എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.
പാടൂരില്‍ വിശിഷ്യാ സ്‌ത്രീകള്‍ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.
പാടൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠന പരമ്പരകളില്‍ ചിലപ്പോഴെക്കെ ഈയുള്ളവന്‍ നിയോഗിക്കപ്പെടുന്ന അവസ്ഥയില്‍ സദസ്സിലെ മുന്‍ നിരയില്‍ അസീസിനെ കേള്‍ക്കാന്‍ സ്ഥലം പിടിച്ചിരിക്കും.ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങും മുമ്പ് തന്നെ ഓടിവന്നു സന്തോഷം അറിയിക്കും. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും എന്റെ നുറുങ്ങുകളും പഠനക്ലാസ്സുകളും അയച്ചു കിട്ടിയാല്‍ താമസിയാതെ തന്നെ കേട്ട് പരമാവധി പ്രതികരിക്കും.എല്ലാം അവസാനിച്ചിരിക്കുന്നു.ഇനി പ്രസ്‌തുത നമ്പറില്‍ നിന്നും ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ല.അതെ,അളക്കാനാകാത്ത പ്രതീക്ഷകളുടെ ആകാശത്തേക്ക് അവര്‍ പറന്നു പോയിരിക്കുന്നു.
എത്രപെട്ടെന്നാണ് ജീവിതത്തിലെ തിരശ്ശീലകള്‍ വീഴുന്നത്.ഓര്‍ക്കാനും പറയാനും ജീവിത സന്ദര്‍ഭങ്ങളും മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്‌ദാനം നല്‍കിയ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നതസ്ഥാനീയരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഹഫ്‌സത്തയെ അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്‍ഥനയോടെ...
-----------
അസീസ് മഞ്ഞിയില്‍
19.07.25
--------------
ചിറകുള്ള മാലാഖയായിരുന്നു.
ഹഫ്‌സത്ത, പാടൂർ ഗ്രാമത്തിൽ വന്നത് മുതൽ അവരീ നാട്ടിൽ പറന്നു നടക്കുകയായിരുന്നു. അവിടങ്ങളിലെ പാവപെട്ടവർ പ്രയാസം അനുഭവിക്കുന്നവർ ആരും അറിയാതെ അവർക്ക് മാത്രം അറിയാവുന്നവരുടെ അടുക്കലേക്ക് തന്റെ കൂടെയുള്ളവരെയും വഹിച്ചു അവർ പറന്നു നടന്നിരുന്നു.
ചിലർക്ക് അവർ ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ് പരീക്ഷണങ്ങൾ ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അവരുടെ വിശ്വാസം അവരുടെ നിയോഗം ദൃഡ നിശ്ചയം എല്ലാം ഉറച്ചതായതിനാൽ അവർക്ക് ഒരിക്കലും തന്റെ കർമ്മ മണ്ഡലത്തിൽ നിന്നും പിൻവലിയാൻ അവരെ നിർബന്ധിച്ചില്ല. അതെ, ഏറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ അവരുടെ കൈകളിലൂടെ നടന്നിരിക്കുന്നു.
ഇനി കാലങ്ങളോളം ഹഫ്‌സത്തയെ നമുക്ക് ഓർക്കാം മറക്കാതെ, അതുപോലെ ഒരാൾ ആ നാട്ടിൽ വരുന്നത് വരെ.അപ്പോഴും നമ്മുടെയിടയിൽ നിന്നും കൊഴിഞ്ഞു പോകുന്ന ഓരോ കുറവുകളും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാതെ ഒഴിഞ്ഞു മാറുന്ന ഈ സമയത്ത്.
കുടുംബത്തിനും ഗ്രാമത്തിനും നഷ്ടമായത് ഒരു ചിറകുള്ള മാലാഖയെ യായിരുന്നു. ചെറിയ ഒരു വീഴ്ച്ചയെ തുടർന്നു കുറച്ചു നാൾ അവർ പ്രയാസത്തിലായിരുന്നെങ്കിലും അവസാന സമയം വരെ പരിചരിച്ച അവരുടെ ജീവിത പങ്കാളി കേലാണ്ടത്ത് അബ്ദുറഹിമാൻക്കയെ സ്നേഹാദരങ്ങളോടെയല്ലാതെ ഓർക്കാനാവില്ല. മൂന്നു മക്കളുടെ സ്നേഹവായ്‌പ്പുള്ള ഉമ്മയായി... ബന്ധുക്കൾക്ക് പ്രിയപ്പെട്ട ബന്ധുവായി.. നല്ല നാട്ടുകാരിയായി ആത്മ സുഹൃത്തായി ജീവിച്ച ഹഫ്‌സത്ത....സ്വസ്ഥതയില്ലാതെ ഒരു ചോദ്യം ബാക്കിയാക്കുന്നു... നല്ലവരും നീതിമാന്മാരും എന്തിന് ഈ വിധം കഷ്ട്ടപ്പെട്ടു പോകുന്നു......?
അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ. അവരുടെ മഗ്ഫിറത്തിന്നായി ദുആ ചെയ്യാം.
ദീപ്‌തമായ ഓർമ്മകൾക്ക് മുന്നിൽ പ്രാർഥനയോടെ.
ഷരീഫ് ബാബു.
19.07.25