നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, January 31, 2016

സേവനം മറന്ന സേവകര്‍

സേവനം മറന്ന സേവകര്‍:സൈനുദ്ധീന്‍ ഖുറൈശി...

“സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.”

നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കാവുന്ന നിരവധി വരികള്‍ സമ്മാനിച്ച മഹാനായ ദാര്‍ശനിക കവിയാണ്‌ ശ്രീ. വയലാര്‍ രാമവര്‍മ്മ. എന്നാല്‍ എക്കാലവും എന്നെ സ്വാധീനിച്ച വരികളാണ് ഞാന്‍ മുകളില്‍ എഴുതിയത്.കമ്മ്യൂണിസവും ഗാന്ധിസവും എല്ലാം അതിന്‍റെ വക്താക്കളാല്‍ തന്നെ കൊല ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ്‌ നമ്മുടെ യാത്ര. ജനാധിപത്യം ഭരണകൂടത്തിലേക്ക് ചുരുങ്ങുകയും ഭരണാധിപത്യം ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥാ പരിണാമം ക്രമേണ ശക്തിയാര്‍ജ്ജിച്ച് സാധാരണക്കാരന് ജീവിതം ദുസ്സഹമായി കൊണ്ടിരിക്കുന്നു.ഭരിക്കുന്നവരും അവരുമായി ബന്ധപ്പെട്ട രാഷ്ട്രീയവൃന്ദവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പരസ്പര വിട്ടു വീഴ്ച്ചകളോടെ ചെയ്യുന്ന വെറും ഒരു ബിസിനസ്സ് ആയി ജനാധിപത്യം മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ജുഡീഷ്യറി പോലും പക്ഷഭേദങ്ങളുടെ കേന്ദ്രമായി മാറുന്ന അതീവ ഗുരുതരമായ ഒരു അവസ്ഥയും നമ്മള്‍ കാണുന്നു.ജനങ്ങളാല്‍ തിരഞ്ഞെടുത്ത് നിയമസഭയില്‍ എത്തുന്നവര്‍ ജനോപകാരപ്രദമായ എന്ത് പരിഷ്കാരങ്ങളാണ് നടത്തിയിട്ടുള്ളത്. അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏത് പദ്ധതികള്‍ക്കായാണ് സമരം ചെയ്തതും സംസാരിച്ചതും. ചാനലുകള്‍ ഇട മുറിയാതെ ചര്‍ച്ച ചെയ്തത് ഭരണ-പ്രതിപക്ഷ സാരഥികളുടെ നെറികേടുകളെ പറ്റിയല്ലേ..?

ബഹുഭൂരിപക്ഷവും രാഷ്ട്രീയം ഉള്ളവരാണ്. ഓരോരുത്തരും ജയിപ്പിച്ച് പറഞ്ഞയക്കുന്നത് അവരുടെ ഇഷ്ടക്കാരെയും. പ്രത്യയ ശാസ്ത്രമോ വ്യക്തി ബന്ധമോ അതില്‍ സ്വാധീനം ചെലുത്താം. പാര്‍ട്ടിക്ക് വേണ്ടി മരിച്ചവരും മരിക്കാന്‍ തയ്യാറുള്ളവരും തല്ലു കൊള്ളുന്നവരും ഇഷ്ടം പോലെ. ഒടുവില്‍ അവനവന് ന്യായമായ ഒരു അവകാശം ചുരുങ്ങിയ പക്ഷം ഒരു പഞ്ചായത്തില്‍ നിന്നെങ്കിലും ലഭിക്കണം എങ്കില്‍ തന്‍റെ പാര്‍ട്ടിക്കാരനായ മെമ്പറെയോ പ്രസിടണ്ടിനെയോ പല തവണ കാണണം. അല്ലാതെ നേരിട്ട് ബന്ധപ്പെട്ട ഓഫീസില്‍ ചെന്ന് അപേക്ഷ കൊടുത്താല്‍ അത് സാധ്യമാകുന്നില്ല. അവിടെ ഉദ്യോഗസ്ഥ മേധാവിത്വം തന്നെ മുഖ്യം. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് പ്രാധിമുഖ്യം നല്‍കുന്ന ഭരണ വ്യവസ്ഥിതി നടപ്പില്‍ വരുത്തുവാനും ജനോപകാരപ്രദങ്ങളായ സ്ഥാപനങ്ങളും പരിഷ്കാരങ്ങളും ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതിലൊന്നും ഒരു രാഷ്ട്രീയ കക്ഷിക്കും താത്പര്യമില്ല. “അത്താഴം തന്നെ കൊത്തും പിടി...പിന്നല്ലേ പഴം ചോറ്....” എന്ന അവസ്ഥയില്‍ ആണ് ഭരണ കര്‍ത്താക്കള്‍. അവരുടെ കാര്യം തന്നെ ചര്‍ച്ചിച്ച് തീര്‍ന്നിട്ടില്ല. പിന്നല്ലേ നമ്മുടെ കാര്യം.

എന്‍ഡോ സള്‍ഫാന്‍ ബാധിതരായ കാസര്‍കോടും സമീപ പ്രദേശങ്ങളിലും ഉള്ള ഹത ഭാഗ്യരായ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ഒരു കവിത.

ഇരകളുടെ വിലാപം

ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-
കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,
കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-
കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.
ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍
ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!
ചിരിക്കുവാനരുതാതെ, കരയുവാനാവാതെ
അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!
ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍
തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..
ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,
കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,
ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്
എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?
കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്
കവചകുണ്ഡലമല്ല; മാനവകുലത്തിന്‍
സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!
ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്
ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!
ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-
ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!
ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം
കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും
പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം
പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.
കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍
കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!
ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം
അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!
മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍
മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു
മറക്കാവതല്ലിരോഷിമയും നാഗസാക്കിയും
മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.
ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???
വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം
വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം
പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ
പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;
പണാധിപതികളാം അധിനിവേശകന്‍റെയും
വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും
നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.

സൈനുദ്ധീന്‍ ഖുറൈശി..

ഇനിയും എഴുതാത്ത കവിത

ഇനിയും എഴുതാത്ത കവിത :റഷീദ്‌ പാവറട്ടി.

ഒരുകവിത കൂടി എഴുതി ഞാനീ സർഗ്ഗ-
ഭൂമിയിൽ നിന്നുമകന്നുപോകും
ഇല്ലതിൽ വാസന്ത വർണ്ണങ്ങളൊന്നുമെ
ഇല്ലതിൽ സൗന്ദര്യ സൗരഭ്യവും
ഇല്ലതിൽ തെല്ലൊന്നു കുളിരാർന്നുറങ്ങുവാൻ
കരളിൽ നിറമാർന്നൊരോർമ്മകളും
ഇല്ലതിൽ കനിവിന്റെ തെളിനീരൊഴുക്കുന്ന
മഴയും പുഴയും പൂങ്കിനാവും
ഇല്ലതിലുയിരിന്റെ ചൂടു തുടിക്കുന്ന
ചെടികളും തൊടിയിലെ തുമ്പികളും
ഇല്ലതിൽ പാർവ്വണം പാതിരാനേരത്ത്‌
പാതി വിടർത്തും നിശാഗന്ധവും
ഇല്ലതിൽ നദികൾക്ക്‌ നാണം തുടിക്കുമ്പോൾ
ജലകണം കൊഞ്ചുന്ന കളകളങ്ങൾ
ഇല്ലതിൽ പാടത്തും പറമ്പിലും പാറുന്ന
പൊന്നോമൽ കിളികൾതൻ കൊക്കുരുമ്മൽ
ഇല്ലതിൽ കുയിലിന്റെ കൂജനം
കൊഞ്ചലും
കൊതിയൂറുമണ്ണാന്റെ
ചിലമ്പൊച്ചയും
ഇല്ലതിലപരന്റെ വേദനകാണുന്ന
കണ്ണും കരളും കരുണഹൃത്തും
ഇല്ലതിലൊന്നുമെ
നന്മയെന്നോതുവാൻ
ഒരുതുള്ളി സ്നേഹത്തിൻ
കണ്ണുനീരും
ഉള്ളതു ദുഷ്ടത തട്ടിയെടുത്തൊരാ
ചതിയും സ്വാർത്തമാം ദാർഷ്ട്യങ്ങളും
ഒരുവൻ അപരനെ കൊന്നുതിന്നീടുന്ന
വന്ന്യതയാണെൻ വരണ്ട കാവ്യം
മതം നോക്കി മനസ്സിലുയിരിന്റെയുയരത്തിൽ
മതിൽകെട്ടും
മനിതനാണിന്നെന്റെയാത്മ ദു:ഖം
കൊന്നും കവർന്നും കായം ഒടുക്കുന്ന
കനിവില്ലാകാലത്തിന്നെഴുത്തുകാരൻ
ഞാനാകവനം
എഴുതിയൊടുങ്ങുമ്പോൾ
ഈ ഭൂമിയഗ്നിയിലമർന്നു കാണും......

റഷീദ്‌ കെ മുഹമ്മദ്‌.

(റഷീദ്‌ പാവറട്ടി.)

Friday, January 29, 2016

എഴുത്തും ഭാഷയും

എഴുത്തും ഭാഷയും :അക്‌ബര്‍ എം.എ

ലണ്ടനിലെ ഒരു തെരുവോരത്തിരുന്ന് അന്ധനായ ഒരാള്‍ യാചിക്കുകയാണ്.നമ്മുടെ നാട്ടിലെ പോലെ..അമ്മേ...,സാറേ....എന്ന് വിളിച്ചു കരയുകയല്ല.പകരം ഒരു കാര്‍ഡ് ബോര്‍ഡ് അരികിലുണ്ട്....അതില്‍ കളര്‍ പെന്‍ കൊണ്ട് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.  
''I am blind. Please help'' 
"കണ്ണ് കാണാത്തവനാണ്,  സഹായിക്കണം." അരികില്‍ ഒരു ടിന്നും വെച്ചിട്ടുണ്ട്. 
അതിലാവട്ടെ കാര്യമായിട്ടൊന്നും വീണിട്ടില്ല. 
ഏതാനും ചില്ലറ തുട്ടുകളല്ലാതെ.... 
പ്രഭാതത്തില്‍ സ്കൂളിലേക്ക് പോകുന്ന പെണ്‍കുട്ടി അന്ധനായ  വൃദ്ധനെ കണ്ടു.അല്‍പ സമയം അരികില്‍ നിന്നു അയാളെയും പരിസരവും വീക്ഷിച്ച ശേഷം,അവള്‍ പതുക്കെ അയാള്‍ക്കരികില്‍ വന്നു.എന്നിട്ട് ആ ബോര്‍ഡ് കയ്യിലെടുത്തു.എന്താ കുട്ടീ ചെയ്യുന്നതെന്നയാള്‍ ചോദിച്ചു. 
അവള്‍ അയാളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
''ഞാനീ ബോര്‍ഡൊന്ന്  മാറ്റിയെഴുതുകയാണ്'." 
അല്‍പം കഴിഞ്ഞ് ആ പെണ്‍കുട്ടി തിരിച്ചു പോയതായും ശബ്ദത്തിലൂടെ അയാള്‍ മനസ്സിലാക്കി. 
തുടര്‍ന്നായിരുന്നു അത്ഭുതം...!! 
അതുവരെ നിശബ്ദമായിരുന്ന തകരപ്പാട്ടയ്ക്ക് ശബ്ദം വെച്ചു...!!   
പണം നിരന്തരം വന്നു വീഴുന്നതിന്‍റെ ശബ്ദമായിരുന്നു അത്...!! 
അവ ആസ്വദിച്ചുകൊണ്ട് സന്തോഷത്തോടെ ആ വൃദ്ധന്‍ ഇരുന്നു. 

വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും അയാള്‍ക്കരികിലെത്തി.നിറഞ്ഞ ടിന്നും നിറഞ്ഞ സന്തോഷം സ്ഫുരിക്കുന്ന മുഖവും കണ്ടവള്‍ക്ക് വളരെ സന്തോഷമായി.അവള്‍ പതിയെ വിളിച്ചു ''ഹലോ...'' 
അയാള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു. 
വൃദ്ധന്‍ അവളോട് ചോദിച്ചു 
''കുട്ടി ബോര്‍ഡ് മാറ്റിയെഴുതിയ ശേഷം ടിന്നില്‍ നിറയെ പണം വന്നല്ലോ...! എന്താണതില്‍ എഴുതിയത്...?" 
അയാള്‍ക്കതറിയാന്‍ ആകാംക്ഷയായി. 
''ഓ...  അതോ... 
'ഞാനാ വാക്കുകള്‍ ചെറുതായൊന്ന് മാറ്റി" 
പകരം ഇങ്ങനെ എഴുതി.. 
''Its a beautifull day, 
but I can't see it''. 
"ഈ ദിനം മനോഹരം... 
പക്ഷേ...  
എനിക്കത് കാണാനാവില്ലല്ലോ...!!" 

കാഴ്ചയില്ലാത്തവന്‍റെ സങ്കടം വിതുമ്പുന്ന,മനസ്സത്രയും പ്രതിഫലിപ്പിക്കുന്ന വരികള്‍ പറയുന്ന രീതിയാണ് പ്രധാനം.... അതിനുപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഭംഗി.... അത് പ്രതിഫലിപ്പിക്കുന്ന വികാരമാണ˙ പ്രധാനം...വായിക്കുന്നവന്‍റെ മനസ്സില്‍ ആശയം എത്ര മാത്രം പ്രതിഫലിപ്പിക്കുന്നു  
അതിനനുസരിച്ച് ആ വാക്കുകള്‍ക്ക് മൂല്യവുമേറുന്നു..അതെ, എഴുത്തുകാരന്  മാത്രമല്ല എഴുതുന്ന ഭാഷയ്ക്കുമുണ്ട് പ്രാധാന്യം.

പക്ഷേ കാലാന്തരങ്ങളിൽ ഈ ഭാഷയും മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട്. ഒരു അമ്പത് വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഒരു കുറിപ്പോ പത്ര വാർത്തയോ ഇപ്പോൾ വായിക്കുമ്പോൾ അതിന്റെ വിത്യാസം പ്രകടമാവും. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു .ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പു് അവതീർണമായർണമായ വിശുദ്ധ ഖുർആനിന്റെ ഭാഷയാണ്. ഒരു വള്ളി പുള്ളി പോലുംമാററങ്ങൾക്ക് വിധേയമാവാതെ അതിന്റെ എല്ലാ ശക്തിയോടെയും ചൈതന്യത്തോടെയുംനില നില്ക്കുന്നു എന്നുള്ളതും ഇനി ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാവില്ല എന്നതുമാണ്. ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുർആനിനില്ല. ആധുനിക സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുർആന്റേത് തന്നെ. ഖുർആന്റെ ആശയമെന്നത് പോലെ ഭാഷയും ദൈവികമാകുന്നു . സുബ്ഹാനല്ലാഹ്..

ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
എഴുത്തും ഭാഷയും :അക്‌ബര്‍ എം.എ

Wednesday, January 27, 2016

വിജ്ഞാനത്തെ വിഭജികുന്നവന്‍

വിജ്ഞാനത്തെ വിഭജികുന്നവന്‍ :പുതിയവീട്ടില്‍.
'വായിക്കുക സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലിക കൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു'.(അല്‍ അലഖ് 1-5)

വിജ്ഞാനത്തെ ഭൗതികമെന്നും മതപരമെന്നും വേർതിരിച്ചു ,മതപരത്തെ കൂടുതല്‍ മതേതരവല്‍ക്കരിക്കാനും ഭൌതികത്തെ കൂടുതല്‍ ഭൌതികവല്‍ക്കരിക്കാനും അതീവ ശ്രമം നടക്കുന്ന കാല ഘട്ടത്തിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.മുസ്ലിം സമൂഹത്തിലും ഈ പ്രവണത ഒട്ടും കുറവല്ലാത്ത രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലിമിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഈ വിദ്യാഭ്യാസ വിഭജനം.എല്ലാ വിജ്ഞാനങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും ആ വിജ്ഞാന സമ്പാദനം അല്ലാഹുവിന്റെ സ്മരണയിലായിരിക്കണം എന്നും വിജ്ഞാനം കരഗതമാകുന്നതിലൂടെ അത് അല്ലാഹുവിന്റെ ഏകത്വത്തിന് കൂടുതല്‍ ശക്തിപകരുന്നതും തന്റെ ഈമാനികാദര്‍ശത്തെ ദൃഡപ്പെടുത്തുന്നതുമാകണം എന്ന് മുസ്ലിം നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ സൂക്തങ്ങളില്‍ തന്നെ മനുഷ്യ സൃഷ്ടിപ്പിന്റെ അതിനിഗൂഢമായ ശരീര ശാസ്ത്രത്തെ അനാവരണം ചെയ്യുകയാണ് ചെയ്യുന്നത്.ഈ ദൈവീകമായ വിജ്ഞാനത്തെ ഭൗതികമെന്നും മതപരമെന്നും വേര്‍തിരിക്കാന്‍ ഒരു മുസ്ലിമിന് എങ്ങിനെയാണ് കഴിയുക? 

ശാസ്ത്രലോകത്ത് ഒട്ടനേകം ഗവേഷണങ്ങള്‍ നടന്ന വിഷയമാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്. വീണ്ടും പറയുന്നു വായിക്കുക. രണ്ട് തവണ പഠനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് സൂചന നല്‍കിയ വിഷയം ഇന്ന് നാം ഭൗതിക പഠന ഗവേഷണങ്ങള്‍ എന്ന പറഞ്ഞ് മറ്റാര്‍ക്കോ വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് വിശ്വാസികള്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടേണ്ട വിഷയങ്ങളാണിവ.

ഭൂമിയില്‍ മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് സൂചന നൽകിക്കൊണ്ട് മലക്കുകളുമായി അല്ലാഹു നടത്തിയ ഒരു സംഭാഷണം വളരെ വിശദമായി തന്നെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മലക്കുകള്‍ പറഞ്ഞു:"ഭൂമിയില്‍ രക്തം ചിന്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗത്തെയാണോ നീ സൃഷ്ടിക്കാന്‍ പോകുന്നത്?."ഇവിടെ ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ"എന്ന് മലക്കുകള്‍ അല്ലാഹുവിനോട് ചോദിച്ചപ്പോഴാണ് നിങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തത് ഞാനറിയുന്നു എന്നും ആദമിനെ സകല നാമങ്ങളും പഠിപ്പിച്ചു എന്നും പറയുന്നത്. അതായത് കേവല സ്തുതി, പ്രകീര്‍ത്തന, ജപങ്ങള്‍ക്കപ്പുറം വിശാലമായ ജ്ഞാനമണ്ഡലങ്ങളെക്കുറിച്ചുളള അറിവാണ് ആദമിന് നല്‍കിയത് എന്നു വ്യക്തം. മദ്രസകളില്‍ അറബിയും ഉര്‍ദുവും പഠിപ്പിക്കുന്നത്‌ വിലക്കണമെന്ന് ശിവസേന നേതാവ് അലറിവിളിക്കുമ്പോഴത്തിനു വിറളി പിടിക്കേണ്ട കാര്യമില്ല.

കേരളത്തിലെ അറബിക് യൂണിവേഴ്സിറ്റിക്കെതിരെ ഉയരുന്ന അലമുറയും തമ്മില്‍ കാര്യമായ സാദൃശ്യമുണ്ട്.മദ്രസകളില്‍ കണക്കും സയന്‍സും പഠിപ്പിക്കണമെന്ന് പറയുമ്പോഴുമുള്ള സ്വരം മുസ്ലിം കുട്ടികളോടുള്ള സ്നേഹ വാല്‍സല്യത്തിന്റേതല്ല,അതിലൂടെ വിദ്യാഭ്യാസ അധിനിവേശം നടത്തി മദ്രസാ പ്രസ്ഥാനത്തെ തകിടം മറിക്കാനുള്ള സൂത്ര വാക്യമായേ കാണേണ്ടതുള്ളു.അല്ലാതെ മദ്രസകളില്‍ ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ആര്‍ക്കും എതിര്‍‌പ്പുണ്ടാവേണ്ട കാര്യമില്ല.

ഇന്ന് ലോകം നേടിയിട്ടുള്ള മുഴുവന്‍ വിജ്ഞാനങ്ങളുടെയും ഉത്ഭവം ഇത്തരം മദ്രസകളില്‍ നിന്നുതന്നെയായിരുന്നു. ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്‌നു സീന വൈദ്യശാസ്ത്രം,ഗോളശാസ്ത്രം,സൈക്കോളജി,തുടങ്ങി നിരവധി വിജ്ഞാന ശാഖകളില്‍ ബൃഹത്തായ സംഭാവനകള്‍ നല്‍കിയ മഹാനാണ്.അതുപോലെ അല്‍ ഫാറാബി,അല്‍ ബിറൂനി,ഇബ്ന്‍ ഖല്‍ദൂന്‍ അങ്ങനെ അനവധി നിരവധി മഹാരഥന്മാരെ നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയും.ഇവരാരും വിജ്ഞാനങ്ങളെ ഭൗതികം,മതപരം എന്ന് വിഭജിച്ചവരായിരുന്നില്ല. മനുഷ്യന്റെ നിസ്സാരതയെ തിരിച്ചറിഞ്ഞ്, അല്ലാഹുവിന്റെ മഹത്വത്തെ മനസ്സിലാക്കി അറിവിനെ സമീപിക്കുമ്പോഴാണ് വിജ്ഞാനങ്ങള്‍ മനുഷ്യന് ഉപകാരപ്രദമായി മാറുന്നത്.'നാഥാ, എനിക്ക് നീ ഉപകാരപ്രദമായ വിജ്ഞാനം നല്‍കേണമേ' എന്നായിരുന്നു പ്രവാചകന്‍(സ)യുടെ പ്രാര്‍ത്ഥന.ഉപകാരപ്രദമായ വിജ്ഞാനം നല്‍കി അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീന്‍.
അബ്ദുല്‍ഖാദര്‍ പുതിയവീട്ടില്‍.

Monday, January 25, 2016

സ്‌ത്രീ വിമോചനത്തിന്റെ കാണാ കുരുക്ക്

വിമോചനത്തിന്റെ കാണാ കുരുക്ക് :വി.എം. കെബീര്‍. 

ആദാമിന്റെ വാരിയെല്ലുമായി കടിപിടി കൂടുന്നവന്‍ സ്ത്രീയെ പുരുഷനില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു.പുരുഷന്റെ എല്ലാ ഗുണങ്ങളും അവര്‍ സ്ത്രീകളില്‍ ആരോപിക്കുന്നു.അവരുടെ സവിശേഷത നിരാകരിക്കുകയും ചെയ്യുന്നു.സ്ത്രീകളേക്കാളേറെയും പുരുഷന്മാരാണ് ഈ ചിന്തക്ക് പിന്നില്‍ എന്നത് ഒരു തമാശയാണ്.സ്വന്തം വിമോചനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സ്ത്രീ അശക്തയാണന്ന ദുഃസൂചനയെക്കാളേറെ വിമോചനത്തിന്റെ പേരിലും പുരുഷന്‍ അവളെ പറ്റിക്കുമെന്നുളള പേടിയും ഇതിലുണ്ട്.പാശ്ചാത്യ ലോകത്ത് ഈ അപകടം മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ താങ്ങാനാവാത്ത ഭാരമാണ് സ്ത്രീ അവിടെ പേറി കൊണ്ടിരിക്കുന്നത്.അവളുടെ ശരീരവും ആത്മാവും അന്തസ്സും പവിത്രതയും പിച്ചി ചീന്തപ്പെടുന്നു.രാവും പകലും അവള്‍ കൊള്ളയടിക്കപ്പെടുന്നു അവള്‍ ചിരിക്കുന്നതും ചിന്തിക്കുന്നതും കരയുന്നതും വസ്ത്രമണിയുന്നതും  വിവസ്ത്രയാകുന്നതും പുരുഷനെ സുഖിപ്പിക്കാന്‍ വേണ്ടി. ഒപ്പം പുരുഷന്റെ എല്ലാ ചുമതലകളും അവള്‍ പങ്ക് വെക്കുകയും ചെയ്യുന്നു.അടുക്കളയിലും അങ്ങാടിയിലും ഓഫീസുകളിലും അവള്‍ ഭാരം ചുമക്കുന്നു.. ഇത് വിമോചനത്തിന്റെ ഭാരം!   യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നടക്കുന്ന എല്ലാ ചൂഷണങ്ങളും ഇവിടെയുമുണ്ട്.ഒരു വ്യത്യാസം മാത്രം അവിടെ അത് നടന്നത് അടിമത്തത്തിന്റെ പേരിലും ഇവിടെ വിമോചനത്തിന്റെ പേരിലും. യഥാസ്ഥിതികര്‍ സ്ത്രീകളെ ചൂഷണം ചെയ്തെങ്കിലും കബളിപ്പിച്ചിട്ടില്ല.പുരോഗമനവാദികള്‍ ഇത് രണ്ടും ചെയ്യുന്നു!!

യഥാസ്ഥിതികര്‍ക്ക് സ്ത്രീ ഒരു കാഴ്ച വസ്തുവാണ്.പുരോഗമനവാദികള്‍ക്ക് കമ്പോളവസ്തുവും.സ്ത്രീയുടെ സൗന്ദര്യംപോലും കമ്പോളവത്കരിക്കപ്പെട്ടു.മാറ് മറയ്‌ക്കാനുളള അവകാശത്തിന് വേണ്ടി മുമ്പ് സ്ത്രീ പൊരുതിയിട്ടുണ്ട് നമ്മുടെ നാട്ടില്‍. ഇന്ന് അവള്‍ മാറ് മറയ്‌ക്കാതിരിക്കുവാനുളള തങ്ങളുടെ അവകാശത്തിന് വേണ്ടി പൊരുതുകയാണ്.

പെണ്ണ് മാറ് കാണിച്ചാലേ ഉപ്പ് പോലും വിറ്റഴിക്കപ്പെടൂ എന്നായി സ്ഥിതി. ഈ അപമാനത്തില്‍ മനം നൊന്ത് മാറത്തടിച്ച് കരയാന്‍ പോലും സ്ത്രീക്ക് സ്വാതന്ത്ര്യമില്ല.ഇവിടെ അവളുടെ മാറിടം പരസ്യ കമ്പനികള്‍ വിലക്കെടുത്തിരിക്കുന്നു.പുരുഷന്മാര്‍ ഈ സത്യം കാണാതെ പോകും സ്ത്രീകളെങ്കിലും അങ്ങനെ ആകരുതായിരുന്നു.

ലൈം‌ഗീകത ഒരു നൈസര്‍ഗിക ചോദനയാണ് തീര്‍ച്ചയായും അത് പാപമല്ല.അടിച്ചമര്‍ത്തപ്പെടേണ്ടതുമല്ല നിയന്ത്രിക്കപ്പെടേണ്ടതാണ്.അല്ലെങ്കില്‍ അരാജകത്വം തന്നെയായിരിക്കും ഫലം. സെക്സിന്റെ വിഷയത്തില്‍ ചില പുരോഹിതമതങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്  ഒരു വ്യക്തിക്ക് ലൈംഗികചോദനകള്‍  ഇല്ലങ്കില്‍ ആ വ്യക്തി അത്രയും പവിത്രനാണ് എന്ന തോന്നല്‍ ചില കൃസ്ത്യന്‍ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മതങ്ങളുടെ പൊതുവായ അവസ്ഥ ഇതല്ല.ലൈം‌ഗീകത നൈസര്‍ഗികമാണന്ന് മാത്രമല്ല അത് പവിത്രവും പ്രതിഫലാര്‍ഹമാണന്ന് കൂടി ഇസ്ലാം മതം സിദ്ധാന്തിച്ചിരിക്കുന്നു.

വിവാഹം നീട്ടി കൊണ്ട് പോകരുതെന്നും ലൈം‌ഗീകത ആണിന്റേയും പെണ്ണിന്റെയും അവകാശമാണന്നും അത് നിഷേധിക്കപ്പെട്ടാല്‍ വേര്‍പിരിയാനുളള അവകാശം ആണിനും പെണ്ണിനും ഉണ്ടെന്നും മതം വ്യക്തമാക്കിയിരിക്കുന്നു .എന്നാല്‍ ലൈം‌ഗീകതക്ക് വിവാഹത്തിലൂടെ അനുവാദം വാങ്ങാണമെന്ന് മതം പഠിപ്പിച്ചു. വിവാഹേതര ലൈം‌ഗീക ബന്ധങ്ങളെ ആണിന്റേതായാലും പെണ്ണിന്റെതായാലും വിരോധിച്ചിട്ടുണ്ട്. ലിംഗാടിസ്ഥാനത്തിലുളള ഒരു വിവേചനവും ഇക്കാര്യത്തില്‍ മതം കാണിച്ചിട്ടില്ല.എന്നാല്‍ സമൂഹത്തില്‍ പുരുഷന് അനുകൂലമായ സമീപനങ്ങള്‍ നില നില്‍ക്കുന്നുണ്ട് ഇതിന് മതം ഉത്തരവാദിയല്ല.

അനിയന്ത്രിതമായ ലൈം‌ഗീകതക്ക് വേണ്ടിയുള്ള വാദങ്ങള്‍ അംഗീകരിക്കാവുന്നവയല്ല.അന്തിമമായി സ്ത്രീയുടെ പരാജയത്തിലാണ് അതും കലാശിക്കുക.തന്തയില്ലാത്ത കുഞ്ഞുങ്ങളെ പോറ്റേണ്ട ഗതി അവള്‍ക്ക് വന്ന് ചേരുന്നു. പാശ്ചാത്യ സമൂഹത്തില്‍ ഇത് വന്നു കഴിഞ്ഞു കുടുംബം അവിടെ തകര്‍ന്നടിഞ്ഞു.സെക്സിന്റെ അമിതമായ വിളവെടുപ്പ് ഒരു തരം മടുപ്പിലേക്ക് എത്തിക്കുകയും പുതിയ മേച്ചില്‍ പുറം തേടി പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഇത് പാശ്ചാത്യ സമൂഹത്തിന്റെ രീതിയായി മാറിക്കഴിഞ്ഞു..സെക്സിന്റെ സുഖവും സൗന്ദര്യവും നിലനിര്‍ത്താന്‍ നിയന്ത്രിക്കുക തന്നെ വേണം നിയന്ത്രിക്കുക എന്നാല്‍ പിടിച്ചു വെക്കുക എന്നല്ല.പിടിവിട്ട് പോകതിരിക്കാന്‍ സൂക്ഷിക്കുക പുരുഷനും  സ്ത്രീക്കും ഒരു പോലെ ബാധ്യതയാണ്......സൂക്ഷിക്കുക!!സൂക്ഷിക്കുക!!

വി.എം. കെബീര്‍ തിരുനെല്ലൂര്‍.

Saturday, January 23, 2016

വരികള്‍ക്കിടയിലെ വായന

വരികള്‍ക്കിടയിലെ വായന :  സുലൈമാന്‍ മുഹമ്മദ്.
''വിധിയെന്തുമാകട്ടെ ക്ഷമിക്കുക നീ,
നിന്റെ വേദനകള്‍ ആനന്ദത്തിലേക്ക്
മൊഴിമാറ്റം ചെയ്യപ്പെടുന്നത് വരെ''-
(ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി)


എത്ര സുന്ദരമായ, അര്‍‌ഥഗര്‍ഭമായ വാക്കുകള്‍! ഇന്നല്ലെങ്കില്‍ നാളെ നിന്റെ വിളിക്ക് നാഥന്‍ ഉത്തരം നല്‍കും എന്നുള്ള ഈമാനിക പ്രതീക്ഷയാണിവിടെ കവി കാല്‍പനികമായി പങ്കുവെക്കുന്നത്. ആധുനിക കാലത്ത് മനുഷ്യന് നഷ്ടമായ ഒരു മൂല്യമാണ് ''ക്ഷമ'' എന്നുള്ളത്. ''തീര്‍ച്ചയായും അള്ളാഹു ക്ഷമിക്കുന്നവരോട് കൂടെയാണ് (ഖുര്‍ആന്‍ 2:153 )
ഇസ്ലാമിക തത്വശാസ്ത്രം പടിഞ്ഞാറ് കൂടുതല്‍ പുല്‍കുകയും, പ്രസ്തുത അധ്യാപനങ്ങളെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തി ഗ്രന്ഥങ്ങള്‍ രചിച്ച് തത്വ-ഭൌതീക-സാഹിത്യ-ശാസ്ത്ര രംഗങ്ങളില്‍ മുന്നേറുകയും, മുസ്ലിം -അറബ് ലോകം അത്തരം മഹാന്മാരെ തള്ളി പടിഞ്ഞാറിനെ പുല്‍കാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നിഴലില്‍ ഇരുന്നു വേണം സുഹൃത്തുക്കള്‍ ഇത്തരം വരികളും അവരുടെ ജീവിതവും വായിക്കാന്‍..

പേര്‍ഷ്യയില്‍ ക്രി.1077-ല്‍  ആയിരുന്നു അദ്ധേഹത്തിന്റെ ജനനം എന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അദ്ദേഹത്തിന് തന്റെ പിതാവും അക്കാലത്തെ പ്രശസ്ത പണ്ഡിതനും ആയ അബുസ്വാലിഹ് മൂസ എന്നവരെ നഷ്ടമായി. പിന്നീടങ്ങോട്ട് തന്റെ പ്രിയ മാതാവിനൊപ്പമായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സദാ സമയവും ഇലാഹീ ചിന്തയില്‍ മുഴുകിയിരുന്ന ആ മഹതി തന്റെ മകനെ ദീനിചിട്ടയില്‍ വളര്‍ത്തി. ഇമാം അബ്ദുല്‍ ഖാദിര്‍ ആകട്ടെ ചെറുപ്പം മുതലേ എഴുത്തിലും വായനയിലും അതീവ തല്പരനും ആയിരുന്നു.ദിവസങ്ങളും മാസങ്ങളും പിന്നിട്ടു, ആ പട്ടണം അദ്ധേഹത്തിന്റെ വിജ്ഞാനത്തോടുള്ള  ദാഹം തീര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. അദ്ദേഹം അങ്ങിനെ അറിവ് തേടി ബാഗ്ദാദ് എന്ന മഹാ നഗരത്തിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. അദ്ദേഹം തന്റെ വന്ദ്യ മാതാവിനെ സമീപിച്ചു ഇങ്ങനെ പറഞ്ഞു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

'പ്രിയ മാതാവേ, എത്രത്തോളം അറിവ് എനിക്ക് സമ്പാദിക്കാന്‍ എനിക്ക് കഴിയുമോ അത്രത്തോളം എന്നെ അതിനു അനുവദിക്കൂ.., എന്തെന്നാല്‍ അറിവില്ലാത്തവന്‍ മൂഡനും ഉപകാരമില്ലത്തവനും ആയി പരിഗണിക്കപ്പെടും. അവര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ദ്യനായി തീരും. അവനൊരു അന്ധനെ പോലെ.. ചുറ്റും നടക്കുന്നതോ നാളെ പരലോകത്ത് നടക്കാന്‍ പോകുന്നതോ എന്താണെന്നു അവനറിയാന്‍ കഴിയില്ല. എല്ലായിടത്തുനിന്നും ഒഴിവാക്കപ്പെടുന്ന അവന്റെ അവസ്ഥ മരിച്ചവനെ പോലെയാകും, എന്നാല്‍ അറിവുള്ളവന്‍ നല്ലവനായി അറിയപ്പെടും, അള്ളാഹു തെരഞ്ഞെടുത്തവനായി മാറുന്നവരിലും ഉള്‍പ്പെട്ടേക്കാം. അറിവില്ലാത്തവനോ, പ്രാര്‍ത്ഥിക്കാന്‍ പോലും അറിയാത്തവനായി മാറും.''

അറിവിനോടുള്ള മകന്റെ ആഗ്രഹം മാതാവിന്റെ ഹൃദയം പ്രകാശപൂരിതമാക്കി, അവര്‍ മകനോട്‌ പറഞ്ഞു    '' മകനേ, ഞാന്‍ നിന്നോട് എപ്പോളും ഓര്‍ക്കേണ്ടുന്ന, ജീവിതത്തില്‍ നടപ്പിലാകേണ്ടുന്ന, ജീവിത വിജയം നേടിത്തരുന്ന ഒരു കാര്യം പറയാം: എന്തൊക്കെ സംഭവിച്ചാല്‍ തന്നെയും നീ സത്യം മാത്രമേ പറയാവൂ, ആത്യന്തികമായി അത് നിന്നെ വിജയിപ്പിക്കും''

തുടര്‍ന്ന് അവര്‍ മകന് ബാഗ്ദാദിലേക്കുള്ള യാത്രക്കുള്ള പണം ഒരു ചെറു സഞ്ചിയില്‍ വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചു വെച്ചു കൊടുത്തു. അദ്ധേഹം ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. കാട്ടിലൂടെയുള്ള  യാത്രാമദ്ധ്യേ കൊള്ളക്കാര്‍ ചാടിവീണു. അവര്‍ അവരോട് നിങ്ങള്‍ ആരാണെന്നും എവിടെക്കാണ്‌ പോകുന്നത് എന്നുമൊക്കെ ചോദിച്ചു. എല്ലാ മറുപടികള്‍ക്ക് ശേഷം അവര്‍ എല്ലാവരെയും പരിശോദിച്ചു കൊള്ളയടിച്ചു. എല്ലാം  കൈക്കലാക്കിയ ശേഷം അവരോടായി ചോദിച്ചു, നിങ്ങളുടെ കയ്യില്‍ ഇനി വല്ലതും അവശേഷിക്കുന്നുണ്ടോ? ആരും ഒന്നും മിണ്ടിയില്ല, എന്നാല്‍ ബാലനായ ഷെയ്ഖ്‌ ജീലാനി പറഞ്ഞു: ''ഉണ്ട് എന്റെ വസ്ത്രത്തിന് ഇടയില്‍ എന്റെ മാതാവ് എനിക്കായി പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല'' എല്ലാവരും നിശബ്ദരായി, കൊള്ളത്തലവന്‍ പുരികമുയര്‍ത്തി ആ ബാലനോട് ചോദിച്ചു:

'' നീ തമാശ പറയുകയാണോ?''  
ഷെയ്ഖ്‌ ജീലാനി പറഞ്ഞു'' അല്ല, എന്റെ കയ്യില്‍ ഉണ്ട്'' 
കൊള്ളക്കാരന്‍ കൌതുകത്തോടെ ചോദിച്ചു ''ഇങ്ങനെയുള്ള അവസ്ഥകളില്‍ ഇത്തരം കാര്യങ്ങളില്‍ കളവു പറയുകയല്ലേ വേണ്ടത്? നിനക്ക് അത് അറിയില്ലേ?'' അദ്ദേഹം പ്രതിവചിച്ചു ''എന്ത് കാര്യത്തിന് വേണ്ടിയായാലും കളവു പറയരുത് എന്നാണു എന്റെ മാതാവ് എന്നെ പഠിപ്പിച്ചത്, അത് എന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ് '' 

ഇത് കേട്ട കൊള്ളതലവന്റെ തല അപമാന ഭാരത്താല്‍ കുനിഞ്ഞു, ചെയ്തു പോയ പാപങ്ങള്‍ ഓര്‍ത്തു അയാള്‍ കണ്ണീര്‍ വാര്‍ത്തു. അയാള്‍ പറഞ്ഞു: 

''എന്നോട് ക്ഷമിക്കൂ മകനേ, ഞാന്‍ ഇനി കള്ളത്തരവും അക്രമവും അവസാനിപ്പിച്ചു നല്ല ഒരു വ്യക്തിയായി ജീവിക്കും'' 

അല്‍-ഫത്-ആ റബ്ബാനി, ഖംസത അശറ മക്തൂബാന്‍, ബശായിത് അല്‍-ഖൈറാന്‍, തഫ്സീര്‍ അല്‍ ജീലാനി തുടങ്ങിയവ ലോക പ്രശസ്തമായ അദ്ധേഹത്തിന്റെ കൃതികളാണ്. 

''ഒരു നല്ല കാര്യം ചെയ്യുന്നതില്‍ നീ മാധുര്യം കണ്ടെത്തിയില്ലെങ്കില്‍ നീ ശ്രദ്ധിക്കുക, ആ നല്ല കാര്യം നീ ചെയ്തിട്ടില്ലായിരിക്കാം'' - ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി.

സുലൈമാന്‍ മുഹമ്മദ്.

Friday, January 22, 2016

കര്‍മതലങ്ങള്‍..

കര്‍മതലങ്ങള്‍..അക്‌ബര്‍ എം.എ.
അനുഗ്രഹീതമായ ഓരോ ദിവസവും തുടങ്ങുന്നതും നമസ്കാരത്തോടെയാവുക.രാവിലെ സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് നടന്ന് പോയി നമസ്കാരവും പ്രാര്‍ഥനകളുംകഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഉള്ള ഒരു നിര്‍വൃതി പറഞ്ഞറിയിക്കാന്‍ ആവുമോ .. നമ്മള്‍ എല്ലാവരും ആ ഭാഗ്യം ദിവസവും ആസ്വദിക്കുന്നവരാണ്. ശേഷം ഖുര്‍ആന്‍ പഠനത്തില്‍ കുറച്ച് നേരം ശ്രദ്ധ കേന്ദ്രീകരിക്കുക. അര്‍ത്ഥ സഹിതം ആഴത്തില്‍ തന്നെ പഠിക്കാന്‍ ശ്രമിച്ച് നോക്കു .നമ്മുടെ ജീവിതവുമായി ബന്ധിപ്പിച്ച് കൊണ്ട് ഖുര്‍ആന്‍ പഠിക്കുമ്പോഴാണ് അതിന്റെ ആഴവും ശക്തിയും ശരിക്കും ബോധ്യപ്പെടുക.പിന്നെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഇറങ്ങാം..

ഓരോ ദിവസവും അല്ലാഹു  ഒരുക്കിയിരിക്കുന്ന നന്മകളെ കുറിച്ച ശുഭാപ്തിവിശ്വാസവും പ്രത്യാശയുമായിരിക്കും നമ്മെ ഭരിക്കേണ്ടത്.ഇന്ന് ദോഷമായി  കാണുന്ന കാര്യം നാളത്തെ ഗുണമായിരിക്കും.  പ്രവര്‍ത്തിക്കലാണ് നമ്മുടെ ബാധ്യത .ഫലം അല്ലാഹുവിന്റെ അടുക്കലാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അല്ലാഹു വിചാരണ ചെയ്യുക, ഫലങ്ങളുടെ പേരിലല്ല.ഓരോ ദിവസവും പുതിയ കര്‍മതലങ്ങള്‍ കണ്ടെത്തി ജീവിതത്തെ നന്മയാല്‍ സമ്പന്നമാക്കാനാണ് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.

വൈവിധ്യമാര്‍ന്ന വാസനാ വിശേഷങ്ങളുടെയും സിദ്ധികളുടെയും ഉടമയാണ് ഓരോ വ്യക്തിയും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്.വ്യക്തിയുടെ ജീവിതവൃത്തി നല്ലതേ ആകാവൂ. അന്തിമ വിശകലനത്തില്‍ സമൂഹത്തിനാണ്  അതിന്റെ നന്മ. വിശ്വാസിയുടെ കര്‍മങ്ങള്‍ അല്ലാഹുവുമായി സ്ഥാപിക്കുന്ന പ്രത്യേക ബന്ധത്തില്‍ നിന്ന് മാത്രമല്ല, അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള ബന്ധത്തില്‍ നിന്ന് കൂടി രൂപം കൊള്ളുന്നതാണ്: ഈ പാത അവസാനിക്കുന്നത് ഇഹ പര ജീവിത വിജയത്തീലും.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്‍പിക്കട്ടെ. (3:160)

Wednesday, January 20, 2016

പ്രാര്‍ത്ഥന പ്രവര്‍ത്തനത്തോടൊപ്പം.

പ്രാര്‍ത്ഥന പ്രവര്‍ത്തനത്തോടൊപ്പം: പുതിയവീട്ടില്‍.
സമൂഹ സൃഷ്ടിയായ മനുഷ്യന്‍ ഒട്ടേറെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവനാണ് അവന്റെ ദൈനംദിന ജീവിതത്തില്‍. എപ്പോഴും സന്തോഷത്തോടെ,അല്ലെങ്കില്‍ ദുഖിതനായി കഴിയുക എന്നത് മനുഷ്യ സഹജമല്ല.സുഖ ദുഃഖ സമ്മിശ്രമാണല്ലോ ജീവിതം."പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്"എന്ന് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു ഖുര്‍ആന്‍ പറഞ്ഞതില്‍ നിന്ന് അതിന്റെ അനിവാര്യത മനസ്സിലാക്കാം. ദുഖമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളായ ദാരിദ്ര്യം,അനാരോഗ്യം ആശിച്ചത് ലഭിക്കാതിരിക്കുക തുടങ്ങിയ സമയങ്ങളിലെല്ലാം തന്നെക്കാള്‍ താഴെയുള്ളവരെ നോക്കി അലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ സംതൃപ്തി അടയാനും നന്ദി പ്രകാശിപ്പിക്കാനും ആണ് വിശ്വാസി പഠിപ്പിക്കപ്പെടുന്നത്‌.അതുകൊണ്ടാണ് "നിങ്ങള്‍ ഇടയ്ക്കിടെ ആശുപത്രികള്‍ സന്ദര്‍ശിക്കുക,അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമാകും "എന്ന് പ്രസിദ്ധ പണ്ഡിതനായ മുസ്തഫസ്സിബാഇ ഉപദേശിച്ചത്. ആരാധനാനുഷ്ടാനങ്ങളും പ്രാര്‍ഥനയിലും മാത്രം മുഴുകിയിരിക്കാതെ ഭാവി ഭാസുരമാക്കാന്‍ സ്വയം കര്‍മ്മ നിരതനാവേണ്ടതുണ്ടെന്നു കൂടി ഇസ്ലാം പഠിപ്പിക്കുന്നു.,ഒരിക്കല്‍ ഉമര്‍ (റ )പള്ളിയിലേക്ക് കടന്നു വരുമ്പോള്‍ ഒരു മൂലയില്‍ മന്ത്രം ജപിച്ചു കൊണ്ടിരുന്ന ഒരാളോട് എന്താണ് നമസ്‌കാരക്കാരാ സമയമല്ലാത്ത അസമയത്ത് പള്ളിയില്‍ എന്ന് ചോദിച്ചപ്പോള്‍ ,തന്നെ വലക്കുന്ന കടബാധ്യതകളും ബുദ്ധിമുട്ടുകളുമാണെന്ന് മറുപടിപറയുന്നു.അടുത്ത സമയത്തും ഇങ്ങനെ കണ്ടപ്പോള്‍ വടിയെടുത്ത് അടിച്ചോടിക്കുകയാണ് ഉമര് (റ ) ചെയ്തത്. കടങ്ങളും വിഷമങ്ങളും മാറാന്‍ പള്ളിയില്‍ ചടഞ്ഞു കൂടുകയല്ല,അതിന് വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന സന്ദേശമാണ് അദ്ധേഹം നല്‍കിയത്.

പ്രാവചാകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എത്രമാത്രം ആസൂത്രത്തോടും യുക്തിഭദ്രവുമായിരുന്നു.ചരിത്ര പ്രസിദ്ധമായ ഹിജ്ര നമുക്കേറെ പാഠങ്ങള്‍ നല്‍കുന്ന അത്ഭുത സംഭവമാണ്.തികച്ചും അല്ലാഹുവിന്റെ സരക്ഷനത്തിലായിട്ടു കൂടി അവിടുന്ന് എടുത്ത മുന്‍ കരുതലുകളും സൂക്ഷ്മതയും ,മനുഷ്യന്‍ എന്ന നിലക്ക് നാം ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിന്ന് ശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ്.ബദല്‍ ,ഖന്ദക് തുടങ്ങി എല്ലാ യുദ്ധ മുഖങ്ങളിലും ഇത് തന്നെയായിരുന്നു അനുഭവം.അല്ലാഹു നിര്‍ദേശിച്ചതല്ലെ എല്ലാം അവര്‍ തന്നെ നോക്കിക്കൊള്ളും എന്ന് കരുതി പ്രാര്‍ഥിച്ചു ഇരിക്കുകയായിരുന്നില്ല.കഴിയുന്നത്ര ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷം നിരന്തരമുള്ള പ്രാര്‍ത്ഥന ഇതായിരുന്നു അവിടുത്തെ മാതൃക.അപ്പോഴാണ്‌ ആ സമൂഹത്തെ കുറിച്ച് "രാത്രിയില്‍ സന്യാസികളും പകലില്‍ ആശ്വാരൂടരായ പടയാളികളും "എന്നാ വിശേഷണത്തിനു അര്‍ഹരായത്. ഇത്രയധികം പ്രാര്‍ത്ഥനകളും, ആരാധനകളും അനുഷ്ഠിക്കുന്നവരായിട്ട് പോലും എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം ദുരിതത്തിലും കഷ്ടപ്പാടിലും പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ജീവിത വിജയത്തിനും, ദൈവികസഹായം ലഭിക്കുന്നതിനും ചില കാരണങ്ങള്‍ അനിവാര്യമാണ്.അതില്‍ പ്രഥമസ്ഥാനം പ്രാര്‍ത്ഥനക്കല്ല, മറിച്ച് പ്രവര്‍ത്തനത്തിനാണ് പ്രഥമസ്ഥാനംമറ്റുള്ളവര്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തി, പ്രാപഞ്ചിക ശക്തികളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി, മനുഷ്യവിഭവസമ്പത്ത് കാര്യക്ഷമമായി വിനിയോഗിച്ച് വിജയത്തിന്റെ പടവുകള്‍ കയറുകയും, നമുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, നാം കേവലം പ്രാര്‍ത്ഥനകളില്‍ മുഴുകുകയും, വേദവാക്യങ്ങള്‍ ഉരുവിടുകയും ചെയ്താല്‍ പിന്നെ ഇതല്ലാതെ മറിച്ചെന്താണ് സംഭവിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്‌ദുള്‍ഖാദള്‍ പുതിയവീട്ടില്‍

Tuesday, January 19, 2016

സംസ്‌കാരത്തിന്റെ ശവ സംസ്‌കാരം

സംസ്‌കാരത്തിന്റെ ശവ സംസ്‌കാരം: വി.എം. കെബീര്‍. 
കുറച്ചു നാളുകള്‍ക്കു മമ്പ്‌ പുവ്വത്തൂരില്‍ നിന്നു ചാവക്കാട്ടേക്കുളള ബസ് യാത്രയില്‍ കൗതുകമായി കിട്ടിയ ഒരു അറിവാണ് ഞാന്‍ ആദ്യമായി കുറിക്കുന്നത്.

യാത്ര ചെയ്യുന്ന ബസ്സില്‍എന്റെ അരികില്‍ ഒരു ചെറുപ്പക്കാരനായിരുന്നു.ബസ്സ് പാവറട്ടി എത്തുന്നത് മുന്നം സോലാര്‍ ബാറിന് മുന്നില്‍ ബസ്സ് നിന്നു. ഇറങ്ങേണ്ടവന്‍ ഇറങ്ങി കയറാനാരും ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ എന്റെ അരികില്‍ ഇരിക്കുന്ന ആള്‍  മുന്‍കൂട്ടി നിശ്ചയിച്ച പോലെ പോക്കറ്റില്‍ നിന്നും മൂന്നോ നാലോ നാണയതുട്ടുകള്‍ ബാറിന്റെ മുറ്റത്തുളള ആള്‍കൂട്ടത്തിനിടയിലേക്ക് ഓരോന്നായി എറിഞ്ഞു കൊടുത്തു. ഞാന്‍ കൗതുകത്തോടെ അയാളോട് കാര്യം ആരാഞ്ഞപ്പോള്‍ ഉത്തരം വളരെയധികം എന്നെ അതിശയിപ്പിച്ചു. വളരെയധികം ആളുകള്‍ അഞ്ച് രൂപ കുറവാണന്നകാരണത്താല്‍ മധ്യം വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്നവരാണെന്നും ഇതേ അവസ്ഥ ഞാന്‍ ഒരുപാട് അനുഭവിച്ചതാണന്നും അതിനലാണ് അദ്ദേഹം അഞ്ച് രൂപാ നാണയങ്ങള്‍ എറിഞ്ഞുകൊടുത്തതെന്നും അറിയാന്‍ കഴിഞ്ഞു.

വര്‍ഗ സ്നേഹമെന്ന് കരുതാം.സ്നേഹവും അനുകമ്പയും മനുഷ്യന് എന്നേ നഷ്ടപ്പെട്ടു.പക്ഷി മൃഗാദികളില്‍ മാത്രമേ ഇന്ന് ഈ സദ്ഗുണം അവശേഷിക്കുന്നുളളൂ.ഒരു കാക്കയെ നമ്മള്‍ കല്ലെറിഞ്ഞു വീഴ്ത്തിയാല്‍ മറ്റു കാക്കകള്‍ ഒരുമിച്ചു കൂടി പ്രതിഷേധമറിയിക്കുകയും ഒരു പക്ഷേ നമ്മളെ ആക്രമിക്കുകയും ചെയ്തേക്കും.എന്നാല്‍ ഒരു അജ്ഞാത മനുഷ്യന്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കില്ല.മരണത്തോട് മല്ലടിക്കുന്ന അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും വൈദ്യസഹായം ലഭ്യമാക്കാനും അടുത്ത ബന്ധുക്കള്‍ വരുന്നത് വരെ അയാളെ പരിചരിക്കാനും നമ്മള്‍ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്ന് റിസ്ക് എടുക്കാന്‍ (അങ്ങനെയാണ് നമ്മള്‍ പറയുക) ആരും തയ്യാറല്ല.
അയാളെ ആശുപത്രിയെലെത്തിക്കാന്‍ പോയാല്‍ നമ്മുടെ യാത്രാ ദൗത്യം നിറവേറില്ല.നമ്മുടെ സമയത്തിന് വിലയുണ്ട് വിലയുള്ളതൊന്നും വെറുതെ നല്‍കാന്‍ പാടില്ല.ഒരിക്കല്‍ കോഴിക്കോട് റയില്‍വേസ്റ്റേഷനില്‍ വണ്ടി ഇളകിത്തുടങ്ങിയ ശേഷം കയറാന്‍ ശ്രമിച്ച ഒരു യാത്രക്കാരന്‍ പ്ളാറ്റ്ഫോമില്‍ വീണ് ദേഹമാസകലം മുറിവേറ്റ് കിടന്നപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല..ഒരു മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്ന അയാളെ പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പറയുന്നു. അതിന് നിശ്ചയിച്ച കൂലിക്കാരാണവരെന്നും പോലീസിന്റെ അഭാവത്തില്‍ ആ ജോലി ചെയ്യുണമെങ്കില്‍ മതിയായ വേതനം കിട്ടണമെന്നും നാം വിശ്വാസിക്കുന്നു.

കേരളത്തിന്റെ തലസ്ഥാനത്ത് ബസ്സ്റ്റാന്റില്‍ ഒരു ദിവസം പ്രഭാതം ആരംഭിച്ചത് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിലോടെയാണ്.നേരം വെളുക്കന്നതിന് ഏതാനും മിനിറ്റോളം മുമ്പ്  ഏതോ പക്‌ല്‍ മാന്യ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടു വെച്ചതായിരുന്നു കുഞ്ഞിനെ.ബസ്സ്സ്റ്റാന്റില്‍ പ്രധാന കവാടത്തിലാണ് കുഞ്ഞ് കിടക്കുന്നത് കരച്ചില്‍ കേട്ട് ആളുകള്‍ ചുറ്റും കൂടി.  ഒരു പെണ്ണിന്റെയും ആണിന്റേയും വന്‍ പാപത്തെ മൂക്കത്ത് വിരല്‍ വെച്ച് കൊണ്ട് പിറുപിറുത്ത് കൊണ്ട് കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയി.പിന്നെ അടുത്ത യാത്രക്കാരുടെ ഊഴമായി. അവരും അവരുടെ ദണ്ണം രേഖപ്പെടുത്തുന്നു.ഇങ്ങനെ പല സംഘങ്ങളും വന്നു പോയികൊണ്ടിരിക്കുന്നതിനിടയില്‍ കുഞ്ഞ് കരച്ചില്‍ നിറുത്തി. തന്റെ അമ്മ മാത്രമല്ല ഈ ആള്‍കൂട്ടങ്ങളും പാപികാളെന്ന് മനസ്സിലായപ്പോള്‍ വന്നിടത്തേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ച് എല്ലാവരെയും      പരിഹസിച്ച് ആ കുഞ്ഞ് കണ്ണടച്ചു.കുഞ്ഞിന്റെ മേല്‍ ഉറുമ്പരിച്ച് തുടങ്ങിയപ്പോള്‍ ഒരാള്‍ പ്ലാസ്റ്റിക് ചാക്കു കൊണ്ട് മൂടി. നമ്മുടെ സംസ്കാരത്തിന്റെ ശവസംസ്ക്കാരം മാത്രമേ ഇനി നടക്കാന്‍ ബാക്കിയുള്ളൂ എന്നതിന്റെ സൂചനയായിരുന്നു അത്.നമ്മുടെ സംസ്കാരത്തിന് മേല്‍ ഉറുമ്പരിച്ച് തുടങ്ങിയിരിക്കുന്നു എന്ന് വിളിച്ച് പറയുകയായിരുന്നില്ലേ ഈ സംഭവം?.

യഥാര്‍ത്ഥത്തിര്‍ പത്ത് മാസം താന്‍ വയറ്റില്‍ ചുമന്ന കുഞ്ഞിനെ ഉപേക്ഷിച്ച ആ സ്ത്രീയേക്കാള്‍ സംസ്കാര ശ്യൂനരാണ് അതിന്റെ മരണം നിസ്സംഗരായി നോക്കി നിന്ന ജനക്കൂട്ടം.കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് അമ്മ അതിനെ ബസ്സ്റ്റാന്റില്‍ കൊണ്ട് വെച്ചത്.ആരെങ്കിലും ആശുപത്രിയില്‍ എത്തിക്കുമെന്നും കുട്ടികളില്ലാത്ത ഏതെങ്കിലും സമ്പന്ന  ദമ്പതികള്‍ അതിനെ ദത്തെടുക്കുമെന്നും അങ്ങനെ തന്നോടൊപ്പം ജീവിക്കുന്ന അപമാനത്തില്‍ നിന്നു കുഞ്ഞ് രക്ഷപ്പെടുമെന്നും ആ അമ്മ വിചാരിച്ചിരിക്കണം.പക്ഷേ ജനങ്ങള്‍ ധരിച്ച് വെച്ചത് തങ്ങള്‍ പച്ചക്കറി വാങ്ങാന്‍ ടൗണില്‍ വന്നവരാണന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിന്നാല്‍ ഓഫീസില്‍ കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്നതുമാണ്. സര്‍വ്വോപരി "റിസ്ക് "എടുക്കാന്‍ അവര്‍ തയ്യാറുമല്ല.നമ്മുടെ സ്‌കാരം ഉറുമ്പരിക്കുന്നു...
വി.എം. കെബീര്‍ തിരുനെല്ലൂര്‍.

Sunday, January 17, 2016

ഒരു ഗുമസ്തന്റെ മരണം

ഒരു ഗുമസ്തന്റെ മരണം:സൈനുദ്ധീന്‍ ഖുറൈശി..
ചിന്തകള്‍ പലതാണ്. ചിന്താധാരകളും പലതാണ്. ചിന്തകളുടെ പ്രഭവങ്ങളും പലതാണ്.ഓരോരുത്തരുടെയും ചിന്തകള്‍ ശരിയാണ് എന്ന സമര്‍ത്ഥനമാണ് വൈജാത്യങ്ങളുടെ ഉത്ഭവം. വ്യക്തികളുടെ കേവലമായ യുക്തി ബോധത്തില്‍ മാത്രം അധിഷ്ടിതമായ ചിന്തകളും അവയുടെ സ്ഥാപനവും നടക്കുമ്പോള്‍ അല്ലെങ്കില്‍ അത്തരം ചിന്തകളെ സംസ്ഥാപിക്കുവാനുള്ള അനല്പമായ ശ്രമങ്ങളും ഉണ്ടാകുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ കൂട്ടങ്ങള്‍ രൂപപ്പെടുന്നു. ഇത് കുടുംബജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും തികച്ചും വൈയക്തികമായാലും ഒരു പോലെ പ്രതിഫലിക്കുന്നു.

ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ പിന്‍ബലത്തിലായാല്‍ ചിന്തകള്‍ക്ക് ഏറെക്കുറെ ഒരു സമന്വയവും ഏകീകരണവും സാധ്യമാകുന്നുണ്ട്. ലോകത്താകമാനം അനുവര്‍ത്തിച്ച് പോരുന്ന പല ഇസങ്ങളും ഈ ഒരു പ്രക്രിയയെ അടിസ്ഥാനമായി ഭവിക്കുന്നതാണ് താനും. അപ്പോഴും വേറിട്ട ചില സഞ്ചാരങ്ങള്‍ സംഭവിക്കുന്നു. ഗതി മാറി ചിലര്‍ സഞ്ചരിക്കുന്നു. ഇവിടെയൊക്കെ സ്വാധീനം മനുഷ്യന്‍റെ ചിന്തകള്‍ക്ക് തന്നെ. വിശ്വോത്തരമായ ഏത് പ്രത്യയശാസ്ത്രവും അത് മാത്രമാണ് ശരി എന്ന് മര്‍ക്കടമുഷ്ടി പിടിക്കുമ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു വെല്ലു വിളിയെന്നോണം മനുഷ്യരോട് ആവര്‍ത്തിച്ച് പറയുന്നു “ചിന്തിക്കുവാന്‍.”എത്ര കിണഞ്ഞു ചിന്തിച്ചാലും ആ പരിശുദ്ധ ഗ്രന്ഥത്തിലെ അധ്യയനങ്ങളെ നിരാകരിക്കാന്‍ മനുഷ്യ ചിന്തകള്‍ക്ക് ആവുന്നുമില്ല. “ സുബ് ഹാനല്ലാഹ്...”

പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‍ ഇറങ്ങി മനുഷ്യരുടെ വ്യക്തിപരമായ ചിന്തകളുടെ ആഴങ്ങളിലേക്ക് വരുമ്പോള്‍ വ്യതിരിക്തമായ പല കണ്ടെത്തലുകളും ഉണ്ടാകും. നാം ഓരോരുത്തരും അതി വിശിഷ്ടവും ഉത്തമമെന്നും കരുതുന്ന പലതും മറ്റുള്ളവരുടെ വീക്ഷണത്തില്‍ ഏറെ പോരായ്മകള്‍ ഉള്ളതോ ഏറെ മികവുള്ളതോ ആകുന്നു. അതി പ്രശസ്തനായ റഷ്യന്‍ എഴുത്തുകാരന്‍ ആന്റോണ്‍ ചെക്കോവ് അദ്ദേഹത്തിന്‍റെ “ ഒരു ഗുമസ്തന്റെ മരണം “ എന്ന തന്‍റെ ചെറുകഥയില്‍ വളരെ സരസമായി മനുഷ്യന്‍റെ സ്വാഭാവികമായ ചിന്താ വൈകല്യങ്ങളെ അതി സമര്‍ത്ഥമായി വരച്ചു കാട്ടിയിരിക്കുന്നു.ഒരു നല്ല സായാഹ്നത്തില്‍, അത്രയും തന്നെ നല്ല ഒരു ഓഫീസ് മാനേജരായ ഐവാന്‍ ദിമിത്രിച്ച് ഷെല്‍വിയാക്കൊവ്  ആ പ്രദര്‍ശനശാലയിലെ രണ്ടാമത്തെ വരിയില്‍ ഇരുന്ന് ഓപ്പറ ഗ്ലാസ്സ് വഴി 'കോണെവില്ലിലെ മണികള്‍” കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പെട്ടെന്ന് അയാളുടെ മുഖം ചുളിഞ്ഞു, കണ്ണുകള്‍വട്ടം കറങ്ങി...അയാളുടെ ശ്വാസം നിലച്ചു...അയാള്‍ ആ ഓപ്പറ ഗ്ലാസ് താഴെ വച്ചു , മുമ്പോട്ടൊന്നാഞ്ഞു , പിന്നെ...ആഹ് -ച്ചൂ...!! നിങ്ങള്‍ വിചാരിച്ചപോലെ തന്നെ, അയാള്‍ തുമ്മി.തുമ്മല്‍ ആര്‍ക്കും എവിടെയും നിരോധിച്ചിട്ടില്ല. പട്ടിണിപ്പാവങ്ങള്‍ തുമ്മും,പോലീസ്എമാന്മാര്‍ തുമ്മും,എന്തിന് പ്രിവി കൗണ്‍സിലന്മാര്‍ വരെ തുമ്മും.എല്ലാവരും തുമ്മും.ഷെല്‍വിയാക്കൊവ് ഒട്ടും തന്നെ ലജ്ജിക്കാതെ തന്റെ തൂവാല കൊണ്ട് മൂക്ക് തുടച്ചു.വളരെ വിനയം നിറഞ്ഞവനായതുകൊണ്ട് തന്റെ തുമ്മല്‍ മറ്റാരെയെങ്കിലും ആലോസരപ്പെടുത്തിയോ എന്ന് ചുറ്റും നോക്കി. അപ്പോഴാകട്ടെ അയാള്‍ക്ക് ചമ്മലുമുണ്ടായി. അവിടെ ഒന്നാം നിരയില്‍ ഇരിക്കുന്ന വൃദ്ധന്‍ എന്തോ പിറുപിറുത്തുകൊണ്ട് തന്റെ കഷണ്ടിത്തലയും കഴുത്തും കയ്യുറ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ തുടയ്ക്കുന്നത് അയാള്‍ കണ്ടു. ആ വൃദ്ധന്‍ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ജനറല്‍ ബ്രിഷലോവ്  ആണെന്ന് ഷെല്‍വിയാക്കൊവ് തിരിച്ചറിഞ്ഞു.ഇവിടുന്നങ്ങോട്ട് ഷെല്‍വിയാക്കൊവിനുണ്ടാകുന്ന വിചാര-വികാരങ്ങളുമായി കഥ പുരോഗമിക്കുന്നു. തുടര്‍ന്ന് ജനറലിനോട് മാപ്പ് പറയുന്നു. ഓ.. അത് സാരമില്ല, എന്നെ ഈ പ്രോഗ്രാം കാണാന്‍ അനുവദിക്കൂ എന്ന് ജനറല്‍ മറുപടി പറയുന്നു. പക്ഷെ
അത് ഷെല്‍വിയാക്കൊവിനെ സംതൃപ്തി പ്പെടുത്തുന്നില്ല.  അയാള്‍ വീണ്ടും വീണ്ടും മാപ്പ് പറയാന്‍ പലയിടങ്ങളിലായി ശ്രമിക്കുന്നു. ജനറലിന് ഇയാള്‍ അസഹ്യനാവുന്നു. എങ്കിലും സൌമ്യമായി പല തവണ അയാളെ പറഞ്ഞയക്കുന്നു.സംതൃപ്തനാവാത്ത ഷെല്‍വിയാക്കൊവ് വീട്ടില്‍ ഭാര്യയോടും ഇത് പങ്ക് വെയ്ക്കുന്നു.അവളും നല്ല രീതിയല്‍ ജനറലിനോട് മാപ്പ് പറയണം എന്ന് തന്നെ പറയുന്നു.ഷെല്‍വിയാക്കൊവ് ഒരു ദിവസം ജനറലിന്റെ വീട്ടില്‍ ചെല്ലുന്നു. ജനറല്‍ നല്ല
തിരക്കിലും. തുടര്‍ന്നുള്ള വരികള്‍ ചെക്കൊവിന്റെ ഭാഷയില്‍ തന്നെ വായിക്കുക.

"എക്സലന്‍സി ! ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ ക്ഷമിക്കണേ, ശരിക്കും പറഞ്ഞാല്‍ ഒരു പശ്ചാത്താപത്തില്‍ നിന്നാണ്... ഞാനത് മനപ്പൂര്‍വമല്ല, അത് താങ്കള്‍ക്കു തന്നെ അറിയാമല്ലോ, സര്‍ !"
"പുറത്തു പോ !!" ജനറല്‍ പെട്ടെന്ന് വിറച്ചുകൊണ്ട് നീലനിറം പൂണ്ട് അലറി."എന്താ, സര്‍ ?" ഷെല്‍വിയാക്കൊവ് ഭയപ്പെട്ടു മന്ത്രിച്ചു.

"പുറത്തു പോകാന്‍ !!" ജനറല്‍ കാലുകള്‍ തറയില്‍ ചവിട്ടി വീണ്ടും അലറി.

ഷെല്‍വിയാക്കൊവിന്റെ വയറ്റില്‍ എന്തോ പൊട്ടിത്തകര്‍ന്നു. ഒന്നും കാണാതെ,ഒന്നും കേള്‍ക്കാതെ,അയാള്‍ വാതില്‍ക്കലേയ്ക്ക് തിരിച്ചു നടന്നു. പിന്നെ തന്റെ ഭാരമേറിയ കാലുകളെ വലിച്ചിഴച്ചു നടന്നു... യാന്ത്രികമായി വീട്ടിലെത്തി, തന്റെ യൂണിഫോം അഴിച്ചു മാറ്റാതെ, സോഫയിലേയ്ക്ക് കിടന്നു.. പിന്നെ അന്തരിച്ചു.

അല്പം സുദീര്‍ഘമാണ്. ക്ഷമിക്കുക. കഥകള്‍ മനുഷ്യ ജീവിതത്തെ എപ്രകാരം സത്യസന്ധമായി വരച്ചു കാട്ടുന്നു എന്ന് കൂടി ഇത്തരം മഹാരഥന്മാരുടെ എഴുത്തുകള്‍
നമ്മോട് പറയുന്നു.
നന്മകള്‍.

ഉമ്മു നാസര്‍ നിര്യാതയായി

പാടൂര്‍:പാടൂര്‍ ഹല്‍‌ഖ സെക്രട്ടറി പി.വി നാസര്‍ സാഹിബിന്റെ മാതാവ്‌ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഖബറടക്കം വൈകീട്ട്‌ നാലിനു പാടൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.ഉദയം പഠനവേദിയും അനുബന്ധ സംവിധാനങ്ങളും അനുശോചനം അറിയിച്ചു.

Friday, January 15, 2016

വായന, വിജ്ഞാനത്തിന്റെ സ്രോതസ്

വായന, വിജ്ഞാനത്തിന്റെ സ്രോതസ്:അക്‌ബര്‍ എം.എ.
ദിവ്യബോധനത്തിലെ ആദ്യ വാചകം തന്നെ വായനക്കുള്ള ആഹ്വാനമാണ്. പുസ്തകങ്ങളിലെ വരികളെയും പ്രപഞ്ചത്തിലെ കാഴ്ച്ചകളെയും വായിക്കാനാണ് അതാവശ്യപ്പെടുന്നത്. വായനക്കും വിജ്ഞാനത്തിനും മുസ്‌ലിംകള്‍ പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് അവര്‍ ലോകത്തിന്റെ മുന്നിലായിരുന്നു. ഇന്ന് ആ പുരോഗതിയുടെ രഹസ്യം തിരിച്ചറിഞ്ഞവര്‍ വായനയെന്ന ആ താക്കോള്‍ ഉടമപ്പെടുത്തി അറിവിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നു.

'വിശ്വാസിക്ക് തന്റെ കളഞ്ഞു് പോയ സ്വത്തു് പോലെയാണ് വിജ്ഞാനം. എവിടെ കണ്ടാലുംഅതെടുക്കുക'എന്നാണു് പ്രവാചക വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല ബിന്‍ മുബാറകിന്റെ (ഹിജ്‌റ 181-ല്‍ മരണപ്പെട്ടു) കൂട്ടുകാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ഇരിക്കാത്തത്?' അതിന് അദ്ദേഹം നല്‍കിയ മറുപടി 'ഞാന്‍ സഹാബികള്‍ക്കും താബിഉകള്‍ക്കും ഒപ്പമാണ് ഞാന്‍ ഇരിക്കാറുള്ളത്' എന്നായിരുന്നു. അഥവാ അവരുടെ ജീവിതവും ചരിത്രവും വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഒരിക്കല്‍ പറഞ്ഞു: ആഹാരത്തേക്കാളും വെള്ളത്തേക്കാളും ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമാണ് അറിവ്. കാരണം ഒരാള്‍ക്ക് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഭക്ഷണവും വെള്ളവും കിട്ടിയാല്‍ മതി. എന്നാല്‍ അവന്റെ ശ്വാസോച്ഛാസത്തിന്റെ എണ്ണത്തിനനുസരിച്ച് അറിവ് അവന് ആവശ്യമാണ്.
വായന വിജ്ഞാനത്തിന്റെ സ്രോതസ് ആണ്. അതിലൂടെ ആര്‍ജിച്ചെടുക്കുന്ന അറിവിലൂടെയാണ് ചിന്തകളും കാഴ്ചപാടുകളും രൂപപ്പെടുന്നത്.
വായന പ്രധാനമാണ്. വായനയില്‍ ലക്ഷ്യം നിര്‍ണയിക്കല്‍ അതിലേറെ പ്രധാനമാണ്. വായിക്കുന്നത് പുരോഗതിക്കോ അതല്ല വിനോദത്തിന് വേണ്ടിയോ, അല്ലെങ്കില്‍ സമയം കളയുന്നതിനോ, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ? വായനയിലൂടെ നമുക്ക് സ്വന്തത്തെ പുരോഗതിയിലേക്ക് നയിക്കുകയും ഇഹത്തിലും പരത്തിലും നമുക്ക് ഉപകാരപ്പെടുന്ന ഒന്നാക്കി അതിനെ മാറ്റുകയും ചെയ്യാം.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
പേനകൊണ്ടു പഠിപ്പിച്ചവന്‍.
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു. ( 96 :1-5)
അക്‌ബര്‍ എം.എ.

Thursday, January 14, 2016

വികലമാക്കുന്ന ചരിത്രം

വികലമാക്കുന്നചരിത്രം:മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌.
തെറ്റിദ്ധരിക്കപെട്ട മതം" എന്ന സംജ്ഞ   പോലെ "തെറ്റിദ്ധരിക്കപെടുന്ന ചരിത്രവും   സംസ്കാരവും" അതിലൂടെ അധിനിവേശപ്പെടുത്തപ്പെടുന്ന സാമൂഹികവസ്ഥയും  ഇന്നിന്റെ യാഥാർത്ഥ്യങ്ങളാണ് . കാലം ഒരിക്കലും തീർത്താലും തീരാത്ത കടപ്പാടുള്ള മഹാരഥൻമാർ ജീവനും ജീവിതവും കൊണ്ട് നേടിയ ദേശ സ്നേഹത്തിന്റെയും  മാനുഷിക മൂല്യങ്ങളുടെയും പ്രഭാവങ്ങളെ വികലമാക്കി വിദ്വേഷത്തിന്റെ വിത്തുകൾ പാകി തലമുറകളെ തന്നെ തെറ്റിദ്ധരിപ്പിക്കുവാൻ ഊര്‍ജിത ശ്രമങ്ങൾ നടക്കുന്നു.ആടിനെ പട്ടിയാക്കുവാനും പട്ടിയെ മനോരോഗിയാക്കുവാനും നിരന്തരം ശ്രമം നടന്നു കൊണ്ടിരിക്കുന്നു.

.വ്യവസ്ഥിതിയെ നന്മ കൊണ്ട് നേരിടാനാകാതെ വരുമ്പോൾ തിന്മ കൊണ്ട് കുളം കലക്കി തെറ്റിദ്ധാരണയുടെ  ആഫ്രിക്കൻ പായലുകൾ സൃഷ്ടിച്ചു മീൻ പിടിക്കുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. ഈയിടെ നടന്ന എല്ലാ വിധ വിധ്വംസക പ്രവർത്തനങ്ങളുടെയും ഗുണഭോക്താവ്   ആരെന്നു തിരിച്ചറിയുമ്പോൾ അതിന്റെ പിന്നിലെ കരങ്ങൾ കൂടി തിരിച്ചറിയപ്പെടുന്നു .    

ഇത്തരം കലുഷിതമായ സാഹചര്യങ്ങളുടെ ഇടയിൽ വിവേകപൂർണമായ ഒരു ഇടപെടൽ നമ്മുടെ സമുദായത്തിൽ നിന്നുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .          ഉപരിപ്ലവമായ ആശയാദർശ തർക്കങ്ങളിൽപെട്ട്  പരസ്പരം ചളി വാരിയെറിയുന്ന സമുദായ നേതൃത്വങ്ങളും അതിനു ഇടവരുത്തുവാൻ സാദാ ശ്രമിക്കുന്ന സമുദായ- സമുദായേതര  സംഘടനകളും തിരിച്ചറിയുകയും തിരിച്ചറിയപെടുകയും ചെയ്യേണ്ട  സമയമാണിത്. മുഴുവൻ ഫിത്നകളിൽ നിന്നും അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ..ആമീൻ
മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌.

ചാത്തൂന്റകായില്‍ എ.കെ നാസര്‍ മരണപ്പെട്ടു

പുതുമനശ്ശേരി:ചാത്തൂന്റകായില്‍ എ.കെ നാസര്‍ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.പൗര പ്രമുഖനായിരുന്ന പരേതന്‍ ദീര്‍‌ഘ കാലം പുതുമനശ്ശേരി മഹല്ല്‌ പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന സര്‍‌സയ്യിദ് ട്രസ്റ്റിന്റെ പ്രവര്‍‌ത്തനങ്ങളിലും സഹകരിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടര്‍‌ന്നു ചികിത്സയിലായിരുന്നു.ഓപറേഷനു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഖബറടക്കം പുതുമനശ്ശേരി ഖബര്‍‌സ്ഥാനില്‍ നടക്കും. 

ഉദയം പഠനവേദിയും അനുബന്ധ സം‌വിധാനങ്ങളും എ.കെ നാസറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Wednesday, January 13, 2016

അനുഗ്രഹങ്ങളെ തിരിച്ചറിയാത്തവർ

അനുഗ്രഹങ്ങളെ തിരിച്ചറിയാത്തവർ:അബ്‌ദുൾ ഖാദർ പുതിയവീട്ടിൽ.

അല്ലാഹുവിന്റെ അറ്റമില്ലാത്ത അനുഗ്രഹങ്ങളെ അനുഭവിക്കുന്നവരാണ് ജീവജാലങ്ങളൊക്കെയും.അത് മനുഷ്യരാകട്ടെ,ജിന്നുകളാകട്ടെ,പക്ഷിമൃഗാദികളാകട്ടെ, സസ്യലതാതികലാകട്ടെ ഏതൊരു വസ്തുവും അവന്റെ അനുഗ്രഹത്തിന്റെ കീഴിലാണ് നിലകൊള്ളുന്നത്.അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ,ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. കഅബാലയം പടുത്തുയർത്തിയതിന്ന് ശേഷം ഹസ്രത് ഇബ്രാഹിം (അ) മകൻ ഇസ്‌മാഈലുമൊത്ത് അല്ലാഹുവോട് പ്രാർത്ഥിച്ച പ്രാർത്ഥന ഖുർആൻ വിശദീകരിക്കുന്നുണ്ട്.പല കാര്യങ്ങളും ചോദിച്ച കൂട്ടത്തിൽ അദ്ദേഹം ചോദിച്ചത്,"ഈ നാട്ടിൽ വിശ്വാസികളായ ആളുകൾക്ക് നിന്റെ വിഭവങ്ങളിൽ നിന്ന് അധികരിപ്പിച്ചു നൽകണേ ..."എന്നായിരുന്നു.അതിലിടപ്പെട്ടു കൊണ്ട് അല്ലാഹു തിരുത്തിയ തിരുത്ത് ശ്രദ്ധേയമാണ്."വിശ്വാസികളല്ലാത്തവർക്കും നിശ്ചിതാവുധി വരെ എന്റെ അടുക്കൽ മതിയായ വിഭവങ്ങളുണ്ട് "എന്നായിരുന്നു.സൃഷ്ടി കർമ്മം നിർവ്വഹിച്ചതിന്നു ശേഷം സൃഷ്ടികളെ അവരുടെ പാട്ടിന്ന് വിടുകയായിരുന്നില്ല ,നീതിമാനും സർവശക്തനുമായിട്ടുള്ള അല്ലാഹുവിന്നു യോജിക്കുന്നതുമല്ല ഈ നടപടി.പക്ഷേ കണക്കില്ലാത്ത അനുഗ്രഹങ്ങൾക്ക് ഉടയവനായ നാഥൻ അവന്റെ യുക്തിയും ജ്ഞാനവും അനുസരിച്ച്   ഓരോരുത്തർക്കും അവരവരുടെ വിഹിതം കൃത്യമായി നൽകിക്കൊണ്ടിരിക്കുന്നു.വൈവിധ്യമായ അനുഗ്രഹങ്ങൾ വൈരുധ്യങ്ങളില്ലാതെ വിശിഷ്ടമായി നൽകിക്കൊണ്ടിരിക്കുന്നു.ചിലപ്പോൾ കൂടുതലും മറ്റു ചിലപ്പോൾ കുറച്ചും,ചിലപ്പോൾ രോഗിയായും മറ്റുചിലപ്പോൾ ആരോഗ്യവാനായും,ചിലരെ സമ്പന്നനാക്കിയും മറ്റുചിലരെ ദാരിദ്രനാക്കിയും. ഭൌതിക സുഖവും സൌകര്യങ്ങളും പ്രൌഡിയും പ്രതാപവും അല്ലാഹു അനുഗ്രഹിച്ചു നൽകുമ്പോൾ മനുഷ്യൻ അഹങ്കരിച്ചു പോകുന്നു.ഇതെല്ലാം തനിക്ക് അർഹതപ്പെട്ടത് തന്നെയാണ്.തന്റെ കഴിവിന്റെയും ബുദ്ധിശക്തിയുടെയും ഫലമായി തനിക്കു ലഭിക്കേണ്ടത് തന്നെ.എന്നവൻ ഊറ്റം കൊള്ളുന്നു.വിഭവങ്ങളിൽ അൽപ്പം കുറവ് വരുത്തിയാലോ അപ്പോൾ അവർ വിലപിക്കുകയായി.അല്ലാഹു എന്നെ കൈവെടിഞ്ഞിരിക്കുന്നു നിന്ദിച്ചു കളഞ്ഞു എന്ന്.സമ്പത്തും പദവികളും സമൂഹത്തിലുള്ള മേധാവിത്വവുമെല്ലാം തങ്ങൾ ചെയ്യുന്നതൊക്കെയും തങ്ങൾക്കനുവദിക്കപ്പെട്ടതാണെന്നും അല്ലാഹു തങ്ങളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുകയാണെന്നതിന്റെയും അനിഷേധ്യ തെളിവായി കരുതി അധർമ്മങ്ങളിൽ ആറാടി പ്രാവാചക സന്ദേശങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല,ഈ അനുഗ്രഹങ്ങളുടെ നിംനോന്നതികൾ വെറും പരീക്ഷണമാണെന്ന്. ഭൌതിക നേട്ടങ്ങളുണ്ടാകുന്നത് അനുഗ്രഹം തന്നെയാണ് ഈ അനുഗ്രഹത്തിന് പക്ഷേ അത് ലഭിച്ചവരുടെ നടപടികളെല്ലാം അല്ലാഹു ഇഷ്ടപ്പെടുന്നു എന്നോ,പരലോകത്തും അവർക്ക് ഇതൊക്കെത്തന്നെ ലഭിക്കുമെന്നോ അർത്ഥമില്ല.കാര്യങ്ങളുടെ ധാർമിക വിധിയും പരലോകാവസ്ഥയും തികച്ചും വ്യത്യസ്ഥമായ മറ്റൊരാടിസ്ഥാനത്തിലാണുണ്ടാവുക.ഭൗതികമായ ഭാഗ്യ നിർഭാഗ്യങ്ങൽക്കു പരീക്ഷണം എന്ന മറ്റൊരു മാനവും കൂടിയുണ്ട്.അതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്.സൌഭാഗ്യങ്ങളെ അഥവാ ദൗർഭാഗ്യങ്ങളെ മനുഷ്യൻ എങ്ങനെ സമീപിക്കുന്നു എന്ന് പരീക്ഷിക്കുകയാണ് അല്ലാഹു.സൌഭാഗ്യങ്ങളെ അല്ലാഹു നിശ്ചയിച്ച ധാർമിക സദാചാര പരിധിക്കുള്ളിൽ ഉറച്ചു നിന്ന് കൊണ്ട് കൈകാര്യം ചെയ്തവര്‍ക്ക്‌ അതിലും മികച്ച സൌഭാഗ്യങ്ങൾ പരലോകത്തും ലഭിക്കും.ദൌർഭാഗ്യങ്ങളെ ഈവിധം സമീപിക്കുന്നവർക്കും പരലോകത്ത് മഹത്തായ സൗഭാഗ്യങ്ങൾ കാത്തിരിക്കുന്നു. ഒരുവനെ അവശനാക്കിത്തീര്‍ക്കുന്നുവെങ്കില്‍ അതും പരീക്ഷണംതന്നെ. ആ അവസ്ഥയില്‍ അവന്‍ ഉളളതനുഭവിച്ച് സഹനത്തോടെ സംതൃപ്തനായി ജീവിക്കുകയും അനുവദനീയതയുടെ അതിരുകള്‍ ഭേദിക്കാതെ തന്റെ പ്രശ്‌നങ്ങളെ നേരിടുകയും ചെയ്യുന്നുവോ അതല്ല, ധാര്‍മികതയുടെയും ഭക്തിയുടെയും അതിരുകളെല്ലാം ഭേദിക്കാന്‍ തയ്യാറാവുകയും തന്റെ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുവോ എന്ന് പരിശോധിക്കുകയാണല്ലാഹു. 
അല്ലാഹു അനുഗ്രഹിക്കട്ടെ,
അബ്‌ദുൾ ഖാദർ പുതിയവീട്ടിൽ.

Tuesday, January 12, 2016

പരസ്യപ്പലയിലെ പെണ്ണ്

പരസ്യപ്പലയിലെ പെണ്ണ് :വി.എം കെബീര്‍ തിരുനെല്ലൂര്‍
എനിക്ക് യാത്ര ചെയ്യാന്‍  വളരെ ഇഷ്ടമാണ് ആ സമയത്തെല്ലാം ഏറെ ആകർഷകമായത് പള്ളി മിനാരങ്ങളായിരുന്നു .പക്ഷേ ഇന്ന് അതൊന്നും കാണാന്‍ കഴിയുന്നില്ല പള്ളികളും,ക്ഷേത്രങ്ങളും,പള്ളിക്കൂടങ്ങളും കാണാൻ കഴിയുന്നില്ല.കാണാവുന്നത് പരസ്യപ്പെണ്ണുങ്ങളെ മാത്രം.
ആകാശവാണി പരസ്യവാണിയും ദൂരദര്‍ശര്‍ പരസ്യദര്‍ശനും പത്രങ്ങള്‍ പരസ്യപ്പത്രികകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു.സോപ്പും പേസ്റ്റും നമുക്ക്   അറിവില്ലാത്തത് കൊണ്ട് അവയെകുറിച്ച് നമുക്ക് വിവരങ്ങള്‍ നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയ സംവിധാനങ്ങളാണ് ഇവയെന്ന് തോന്നുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ മരമണ്ടന്മാരായ കുട്ടികള്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാഠ ഭാഗങ്ങള്‍ ചൊല്ലി കൊടുക്കുന്നത് പോലെ രാവിലെ,ഉച്ചയ്ക്ക്,രാത്രി,പാതിരാക്കും,കൂടാതെ മറ്റ് ഇടവേളക്കും സോപ്പിന്റെയും പേസ്റ്റിന്റേയും മഹാത്മ്യം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.അവശേഷിക്കുന്ന മൂല്യങ്ങളുടെ കഴുത്ത് ഞെരിച്ചും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഈയിടെ പൂനയില്‍ ഒരു വാഹനത്തില്‍ പതിച്ച ഒരു പരസ്യം കണ്ടു"വേഗത കുറക്കൂ അപകടം ഒഴിവാക്കൂ" തീര്‍ന്നില്ല അടിയില്‍ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയുടെ പേരും 24 മണിക്കൂറും വേഗത കൂടി അപകടം സംഭവിക്കുന്നവര്‍ക്ക് അങ്ങോട്ട് പോകാം.ഈ സ്പോണ്‍സറുടെ മോഹമെന്താണ് ഇനിയും പരസ്യപ്പെടുത്തണോ?

സാരി,സോപ്പ്,ടൂത്ത്പേസ്റ്റ് മാത്രമല്ല  അരിയും മുളകും ഉപ്പും പിണ്ണാക്കും നായ്‌ക്കളുടെ ഭക്ഷണമടക്കം ഇങ്ങനെയുള്ള പെണ്‍ പരസ്യങ്ങളിലൂടെയാണ് കടപിടിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് മുമ്പ് പരസ്യമുണ്ടായിരുന്നില്ല ഇപ്പോള്‍ കുടിവെള്ളം പോലും മേനിക്കടലാസിലും മിനി സ്ക്രീനിലും ഒഴുകുകയാണ് ശുദ്ധ ജലം കിണറ്റില്‍ ഇല്ല,കുളത്തിലില്ല നദിയിലില്ല.അത് ഏതോ കബനിയുടെ കുപ്പിയിലാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.അവര്‍ക്ക് ഈ വെള്ളം കിട്ടിയതെവിടെനിന്നാണാവൊ?ഇങ്ങനെയും നമ്മള്‍ ചോദിക്കുന്നില്ല എല്ലാ ചോദ്യങ്ങളുടെയും  നാവടച്ചിരിക്കുന്നു പരസ്യപ്പട.പരസ്യം കൊണ്ട് വസ്തുവിന് ഗുണമേന്മ ഉണ്ടാവുമോ? ഒരു പുതിയ സ്വര്‍ണ്ണക്കട തുടങ്ങിയാല്‍ ചുമരായ ചുമരിലും ബസ്സിലും കാറിലും ചെറുതും വലുതുമായ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പെണ്ണിന്റെ മേനി പ്രത്യേക്ഷപ്പെടുന്നു.പിന്നെ താമസിയാതെ ഉപഭോക്താക്കളുടെ പ്രവാഹം അങ്ങോട്ട് പഴയ കടകളില്‍ ആളൊഴിഞ്ഞു എന്താ ഇങ്ങനെ സംഭവിക്കുന്നത്? പഴയ കടയിലും പുതിയ കടയിലും സ്വര്‍ണ്ണം തന്നെയല്ലെ വില്‍ക്കുന്നത്? അതല്ല ഈ സ്വര്‍ണ്ണം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഈ മേനിയഴകുളള പെണ്ണുങ്ങളാണോ കൊണ്ടു വന്നത്? അങ്ങനെയൊന്നും ചോദിക്കരുത് പരസ്യപ്പലയിലെ അത്ഭുത സിദ്ധാന്തം അതാണ്.യഥാർത്ഥങ്ങളെ വിസ്മയിപ്പിക്കാന്‍ മാത്രം ശക്തമായതാണത്.

ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ പരസ്യപ്പലയിലെ തന്ത്രങ്ങളിള്‍ വീണു പോകുന്നു.അവര്‍ക്ക് ബുദ്ധി കുറവാണന്നാണല്ലോ വയ്പ്.സ്ത്രീ എല്ലാവരുടെയും കളിപ്പാട്ടമാണല്ലോ? ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ബുദ്ധിവൈഭവവും സ്വാതന്ത്ര്യ ബോധവുമെല്ലാം നമ്മള്‍ പുരുഷന്മാര്‍ പരിഹാസ ഭാവേന അവളില്‍ ആരോപിക്കുന്നതാണന്ന് തോന്നുന്നു.  ഏറ്റവുമൊടുവില്‍ അടുക്കള സമരത്തിനും അവര്‍ക്ക് നമ്മള്‍ പരിശീലനം നല്‍കി പുലര്‍ച്ചെ ചായയും ചോറും ഉണ്ടാക്കി വെച്ച് എത്ര ഭംഗിയായി അവള്‍ സമരത്തില്‍ പങ്കെടുത്തു! സ്ത്രീ ഒരു കുടക്കീഴില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു,എപ്പോഴും സംരക്ഷണം കൊതിക്കുന്നു അവര്‍ സ്ത്രീയുടെ കാര്യത്തില്‍ സാർത്രിന്റെ കാമുകിയെക്കാള്‍ മറ്റാരെയാണ് നമ്മള്‍ വിശ്വസിക്കുക.സ്ത്രീ ഏത് വസ്ത്രം അണിയണമെന്നും,എങ്ങനെ നടക്കണമെന്നും,എങ്ങനെ ചിരിക്കണം,എന്നല്ലാം തീരുമാനിക്കുന്നത് പരസ്യങ്ങളാണ് അവളുടെ മോഹത്തിന്റെ ശില്പിയും ദാഹശമനവും പരസ്യം തന്നെ.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയത് ഇസ്ലാം മതമാണ്. സ്ത്രീകള്‍ നിങ്ങള്‍ ആരാണെന്നും എന്താണ് സമൂഹത്തിനു നിങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് തിരുദൂദര്‍ നല്‍കിയ സ്ഥാനമെന്നും തിരിച്ചറിയണം. മേല്‍പറഞ്ഞ പരസ്യപ്പലകയില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്നത് സ്ത്രീയല്ലേ ?ഏതെല്ലാം പോസ്സുകളിള്‍ അവള്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടില്ല ? എത്രയോ ഉത്തേജന മരുന്നുകള്‍ അവളുടെ മേനിയഴകിനാല്‍ വിറ്റഴിച്ചു? എത്രയോ ഉപ്പിന്റെയും മുളകിന്റെയും പരസ്യത്തില്‍ അവളുടെ മാംസം എരിവും പുളിയും ചേര്‍ത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടില്ലേ??  എന്തെല്ലാം അടിമവേലകള്‍ക്ക് വിധേയയാകുന്നില്ല! ആരു പറഞ്ഞു ഇങ്ങനെ അടിമവേല ചെയ്യാന്‍? ദൈവം പറഞ്ഞോ?ദൈവത്തിന്റെ വേദങ്ങള്‍ പറഞ്ഞോ? വേദങ്ങള്‍ തനിച്ചൊന്ന് വയിച്ച് നോക്കൂ !സ്ത്രീകളുടെ സ്ഥാനം ഇസ്ലാമില്‍ എന്താണന്ന് അപ്പോള്‍ തിരിച്ചറിയും..ഇതിനെതിരെ ഒരക്ഷരം ഉരിയിടാന്‍  ഏതെങ്കിലും പെണ്ണിന് സാധിച്ചുവോ? ആണുങ്ങളുടെ എതിർപ്പ്   ഏറ്റുപിടിക്കാനെങ്കിലും അവരുണ്ടായോ? എന്ത് കൊണ്ട് ഉണ്ടായില്ല? നമ്മുടെ കലയും സാഹിത്യവും അവളെ ഇക്കിളിപ്പെടുത്തി മദാലസയാക്കാനേ ഉപകരിച്ചുളളൂ സ്ത്രീ വേദനകൊണ്ട് പുളയുന്നത് ആസ്വദിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. വേദനിച്ച് പുളയുന്നത്പോലും ആസ്വാദ്യകരമാകണമെന്ന് അവള്‍ക്കും നിര്‍ബന്ധമുണ്ട് തീവണ്ടിയുടെ മുന്നില്‍ ചാടി ചാവാന്‍ പോകുന്നവളും പുതിയ വസ്ത്രമണിഞ്ഞ് മുഖത്ത് ചായം വാരിത്തേച്ച് പോയത് വാര്‍ത്തകളിര്‍ ഫോട്ടോ വരുമ്പോള്‍ താന്‍ സുന്ദരിയായി കാണപ്പെടണമെന്നും എപ്പോഴും താന്‍ സുന്ദരിയായിരിക്കണമെന്നാണ് തന്റെ ഏക ധര്‍മ്മമെന്നും വിചാരിക്കുന്നത് കൊണ്ടാവാം.ഇത്തരം മൃദുല വിചാരങ്ങളുടെ വേരുകളാണ് ആദ്യം മുറിച്ചു കളയേണ്ടത്..
സര്‍വ്വശക്തനായ നാഥന്‍ എല്ലാ നാരികളെയും സന്മാര്‍ഗത്തിലാക്കട്ടെ.
വി.എം കെബീര്‍ തിരുനെല്ലൂര്‍

Monday, January 11, 2016

മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര രീതി

മുസ്‌ലിം സ്ത്രീകളുടെ വസ്ത്ര രീതി :റഷീദ്‌ പാവറട്ടി.
വസ്ത്ര ധാരണം എന്നത്‌ ഒരു വ്യക്തിയുടെയൊ സമൂഹത്തിന്റെയൊ സംസ്കാരത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.സത്യവിശ്വാസികളായ മുസ്‌ലിം സ്ത്രീകൾക്ക്‌ ഈ വസ്ത്രരീതി കൂടുതൽ സുരക്ഷിതത്വ ബോധവും സ്വാതന്ത്ര്യവും സൗകര്യവും നൽകുന്നു.

ലോകത്തിലെ കോടിക്കണക്കിന്ന് സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രസ്സ്‌ കോഡ്‌ ഇതല്ലാതെ മറ്റൊന്നില്ല.ഈ വസ്ത്രം ധരിച്ചാൺ വിദ്യ അഭ്യസിക്കുന്നത്‌.വിവിധ ജോലികൾ ചെയ്യുന്നത്‌. ഡോക്‌ടറും എഞ്ചിനീയറും സൈന്റിസ്റ്റും പൈലറ്റും നാവികരും പോലീസും പട്ടാളക്കാരുമായ ധാരാളം സ്ത്രീകൾ ലോകത്തുണ്ടന്ന് മനസ്സിലാക്കുക.കേരളത്തിൽ മാത്രം കൂടിയാൽ ഇന്ത്യയിൽ മാത്രമാൺ ഇത്‌ പാരതന്ത്ര്യ ത്തിന്റ പ്രതീകമാകുന്നത്‌.അത്‌ വ്യക്തമായ ആസൂത്രണത്തിന്റെ അനന്തര ഫലമാണുതാനും.അതു കൊണ്ടാണ്‌ ആശ്രമങ്ങളിലെ സ്വാമിനിമാരും മഠങ്ങളിലെ കന്യകകളും ഈ വസ്ത്രമണിയുമ്പോൾ അത്‌ മാത്രം പവിത്ര മാകുന്നത്‌. സ്വാമിമാരും പള്ളിയിലെ അച്ഛന്മാരും സിഖ്‌ കാരും താടി വളർത്തിയാൽ അത്‌ ഭക്തിയുടേയും മുസൽമാൻ താടി വളർത്തിയാൽ അത്‌ ഭീകരതയുമാകുന്നത്‌ പോലെ.സ്ത്രീകൾ കണ്ണുമാത്രം വെളിവാക്കി ബാക്കി മറക്കുക എന്നത്‌ അത്ര നിർബന്ധിതമായ കാര്യമല്ല.മുൻകയ്യും മുഖവും ഒഴികെ മറ്റെല്ലാം മറക്കുക എന്നതാണു നിർബന്ധം.അല്ലാതുള്ളത്‌ ഇസ്‌ലാമികമായ നിർബന്ധമല്ല.കൂടുതൽ സൂക്ഷ്‌മതയുടെ ഭാഗമായി അങ്ങിനെ ചെയ്യുന്നതിനെ വിമർശി ക്കേണ്ടതില്ല.അൽപവസ്ത്രധാരിണിയായി നടക്കാനുള്ള സ്വാതന്ത്ര്യം അതത്‌ നാട്ടിലുണ്ടങ്കിൽ മുഴുവസ്ത്രമണിയുന്നതിന്നും സ്വാതന്ത്ര്യം ഉണ്ടാവുക എന്നത്‌ ഒരു ബഹുസ്വരസമൂഹത്തിന്റെ സുഖമമായ ജീവിതത്തിന്ന് അത്‌ കൂടുതൽ മാറ്റുകൂട്ടുമെന്നതിൽ തർക്കമില്ല.
റഷീദ്‌ പാവറട്ടി.

മാനുഷികതയുടെ മരിയ്‌ക്കാത്ത മുഖം

മാനുഷികതയുടെ മരിയ്‌ക്കാത്ത മുഖം:ചരിത്രത്തില്‍ നിന്നും. 
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ കൊലപാതകത്തില്‍  കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് (നീതി-നിയമം) അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കുകയോ, വേണമെങ്കില്‍ പ്രതിയില്‍ നിന്നും പ്രതി്‌ക്രിയയ്‌ക്ക്‌ പകരം ജീവ ധനം സ്വീകരികയോ ചെയ്യാം.

ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും പ്രതിക്ക് മാപ്പ് നല്‍കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ന്യായിധിപന്‍  ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്‍കണം.എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍.അതനുവദിക്കാമെന്നു ന്യായാധിപന്‍ പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത് കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ന്യായാധിപന്‍ പറഞ്ഞു:."അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. "ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു."
" പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?"
"അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു"
അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായിഅബൂദര്‍റിനെ തൂക്കുമരത്തില്‍കയറ്റി നിര്‍ത്തി.തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !"അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു"
എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു:
"കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്."
ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു:
"എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? "
"അതെനിക്ക് പ്രശ്നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു".
യുവാവിനോട് ഖലീഫ ചോദിച്ചു:"താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?"
യുവാവ് പറഞ്ഞു." ഞാന്‍ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു".ഇതെല്ലാം കണ്ടു പ്രതിയുടെ മക്കള്‍ പറഞ്ഞു:


"ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്‍കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.."മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടല്‍ കണ്ടു ജനങ്ങള്‍ ഒന്നടങ്കം പൊട്ടിക്കരയുകയായിരുന്നു.
ഈ മനോഹരമായ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ നാഥന്‍ തുണക്കുമാറാകട്ടെ.

പ്രവര്‍‌ത്തക സമിതി യാത്രയയപ്പ്

ദോഹ:സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച്‌ ഉണര്‍‌ന്നും ഉയര്‍‌ന്നും പ്രവര്‍‌ത്തിക്കാനുള്ള സന്നദ്ധതയുള്ള സമര്‍പ്പണ ബോധമുള്ള ഒരു സം‌ഘത്തിന്റെ സാരഥിയായി സേവനമനുഷ്‌ഠിക്കാനായതില്‍ ഏറെ സന്തുഷ്‌ഠവാനാണ്‌.ആര്‍.വി അബ്‌ദുല്‍ മജീദ്‌ പറഞ്ഞു. ഉദയം പഠനവേദിയുടെ പ്രത്യേക പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഉദയം പ്രസിഡണ്ട്‌.ഖത്തറില്‍ ദീര്‍‌ഘകാലം പ്രവാസ ജീവിതം നയിച്ച്‌ കൂടുമാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായി വരുന്നതായും മജിദ്‌ സാഹിബ്‌ പറഞ്ഞു.തുടര്‍‌ന്നു ഭാവി പരിപടികളും അനുബന്ധ അജണ്ടകളും ചര്‍‌ച്ചയ്‌ക്ക്‌ വിധേയമായി.ഉദയം പഠനവേദി ഖത്തര്‍ ഘടകം പുതിയ പ്രസിഡണ്ടായി എം.എം അബ്‌ദുല്‍ ജലീലിനെ തെരഞ്ഞെടുത്തു.നിലവിലുള്ള വൈസ്‌ പ്രസിഡണ്ട്‌ അസീസ്‌ മഞ്ഞിയിലിനെ കൂടാതെ പുതിയ തലമുറയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കണമെന്നു തിരുമാനിച്ചു.തുടര്‍‌ന്നു ദോഹ വിട്ടു പോകുന്ന മജീദ്‌ സാഹിബിന്റെ പ്രവാസ കാല സൗഹൃദത്തിന്റെയും ഉദയം സം‌ഘാംഗമെന്ന നിലയിലെ സേവന മാതൃകകളുടെയും ഓര്‍മ്മ ചെപ്പുകള്‍ സമിതി അം‌ഗങ്ങള്‍ ഓരോരുത്തരായി സദസ്സില്‍ പങ്കു വെച്ചു.അബ്‌ദുല്‍ ജലീല്‍ എം.എം,അഷറഫ്‌ എന്‍.പി,കുഞ്ഞു മുഹമ്മദ്‌ കെ.എച്ച്‌,അസീസ്‌ മഞ്ഞിയില്‍,ഷാജഹാന്‍ എ.വി,മുക്താര്‍ എം.എം,ഷാജുദ്ധീന്‍ എം.എം,റഫീഖ്‌ വി.എം,ജാസിം എന്‍.പി എന്നിവര്‍ സം‌സാരിച്ചു.ജനുവരി രണ്ടാം വാരം ഒരു യാത്രയയപ്പു യോഗം ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യത്തില്‍ സം‌ഘടിപ്പിക്കാന്‍ തീരുമാനിച്ചു.

സാങ്കേതികമായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തുവെങ്കിലും ആര്‍.വി അബ്‌ദുല്‍ മജീദ്‌ ദോഹ വിടുന്നതുവരെ തല്‍‌സ്ഥാനം തുടരും.എന്‍.പി അഷറഫിന്റെ വസതിയില്‍ ജനുവരി 9 ശനിയാഴ്‌ച വൈകീട്ട്‌ 08.15 നു തുടങ്ങിയ യോഗം 10.15 ന്‌ അവസാനിച്ചു.വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനു ശേഷം പിരിഞ്ഞു..
ഉദയം ഇന്റര്‍നാഷണല്‍ ബ്രോഡ്‌കാസിറ്റിങ്

Saturday, January 9, 2016

എ.വി അഹമ്മദു്‌ കുട്ടി മരണപ്പെട്ടു.

പാവറട്ടി: പുതുമനശ്ശേരി  എ.വി അഹമ്മദു്‌ കുട്ടി കേകിനിയത്ത്‌ ഇന്നു പുലര്‍‌ച്ചയ്‌ക്ക്‌ 03.30 ന്‌ മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു.ഖബറടക്കം ഉച്ചയ്‌ക്ക്‌ 12.00 ന്‌ പുതുമനശ്ശേരി ഖബര്‍‌സ്ഥാനില്‍ നടക്കും.രോഗ ശയ്യയിലായിരുന്നു.ഈയിടെയാണ്‌ ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക്‌ കൊണ്ടു വന്നത്.ഉദയം പഠനവേദി ഖത്തര്‍ ഘടകം പ്രവര്‍‌ത്തക സമിതി അം‌ഗം എം.എന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദറിന്റെ പിതാവാണ്‌ പരേതനായ എ.വി അഹമ്മദ് കുട്ടി. ഉദയം പഠനവേദി,ഉദയം ഇന്റര്‍ നാഷണല്‍ അനുബന്ധ സം‌വിധാനങ്ങളും നിര്യാണത്തില്‍
  ദുഖം രേഖപ്പെടുത്തി.

Friday, January 8, 2016

വിദ്യാഭ്യാസ സെമിനാര്‍

മഹാരാഷ്‌ട്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 ന്‌ മലേഗാവില്‍ സം‌ഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്‌ ജിവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും.പൂന ജില്ലയെ പ്രതിനിധീകരിച്ച്‌ വി.എം കബിര്‍ തിരുനെല്ലുര്‍ പങ്കെടുക്കും.ഉദയം ഇന്റര്‍ നാഷണലില്‍ എല്ലാ ചൊവ്വാഴ്‌ചകളിലും ജന സ്വരം കൈകാര്യം ചെയ്യുന്നത്‌ വി..എം കബീര്‍ സാഹിബാണ്‌.അടുത്ത ആഴ്‌ചയിലെ ജനസ്വരത്തില്‍ വിശദമായി നമുക്ക്‌ കേള്‍‌ക്കാം.

ശുഭ പ്രതീക്ഷ..

ശുഭപ്രതീക്ഷ..അക്‌ബര്‍ എം.എ.
ഏറെ പ്രതീക്ഷ നല്‍കും വിധമാണ് ഈ സംഘംഇപ്പോള്‍ മുന്നോട്ടു പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.. കഴിവുള്ളവര്‍ ഏറെ ഈ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് ആ പ്രതീക്ഷക്ക് നിദാനം. സര്‍ഗ്ഗാത്മകത അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇനിയും ഏറെ പേര്‍ മുന്നോട്ടുവരാനുണ്ടു്. നന്മയുടെ പ്രസാരണം ഉദ്ദേശിച്ച് കഴിയും വിധം പങ്കാളിത്തം വഹിക്കുക. ഒഴിവു് കിട്ടുന്ന സമയം അങ്ങനെ മാറ്റി വെക്കുന്നതും ഒരു ധര്‍മമാണ്.

സമയം അമൂല്യമാണു് എന്ന് നമ്മുക്കറിയാം.അതിന്റെ ഉപയോഗം വളരെ കൃത്യമായും ശരിയായും നടക്കേണ്ട തുണ്ടു്.മനുഷ്യായുസ് നിര്‍ണിതമാണ്. കടന്നു് പോവുന്ന കാലത്തിനു് മടക്കമില്ല. കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ തിരിച്ച് വരില്ല.ആയുസ്സില്‍ നിന്ന് അറ്റു് പോവുന്ന കണ്ണികള്‍ക്ക് പകരം പുതിയവ കൂട്ടിചേര്‍ക്കപ്പെടുകയില്ല. . നമ്മുടെ മനോഭാവവും നല്ല പ്രവര്‍ത്തികളും നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനവും ഒക്കെ ആണ് നമ്മുടെ നാളെ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്....

വരാനിരിക്കുന്ന വിചാരണയുടെയും, വിധിയുടെയും വേളയിലേക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ആവണം ഒരു വിശ്വാസിയുടെ എല്ലാ ശ്രദ്ധയും. സമയത്തിന്റെ വില ശരിയാം വിധം ബോധ്യപ്പെടുകയും ഓരോനിമിഷവും ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്‌തമാകുമ്പോഴാണ് നാം അതിന്റെ ലക്ഷ്യങ്ങളിലേക്ക് നടന്നു് അടുക്കുന്നത്.ചിന്താപരമായ രംഗത്തും മുന്നേറേണ്ടതുണ്ടു്. അല്ലാഹു ഈ കൊച്ചു സംഘത്തെ നന്മയുടെ മാര്‍ഗത്തില്‍ ഇനിയും ഏറെ മുന്നേറാന്‍ അനുഗ്രഹിക്കുമാറാകട്ടെ ...

ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന്  ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചു പോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.(Sura 3 : Aya 30)
അക്‌ബര്‍ എം.എ

Thursday, January 7, 2016

രക്തസാക്ഷിത്വം.

രക്തസാക്ഷിത്വം..മര്‍സൂഖ്‌ സെയ്‌തു മുഹമ്മദ്‌.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മീഡിയകളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് നാടിനു വേണ്ടി ജീവന്‍ ബലിനല്‍കിയ ധീര യോദ്ധാക്കളുടെ  രക്തസാക്ഷിത്വവും അതിനു അനുബന്ധമായ സംഭവങ്ങളും. പിറന്ന നാടിനു വേണ്ടി നിണം നല്‍കി  നിരഞ്ജന്‍മാര്‍ നമ്മെ ഓര്‍മിപ്പിച്ചത് അവര്‍ ഏറ്റെടുത്ത അവരുടെ പ്രതിജ്ഞയുടെയും അവരുടെ കര്‍ത്തവ്യത്തിന്റെയും സംസ്ഥാപനത്തിന് സര്‍വ്വവും സമര്‍പ്പിക്കപെട്ടു എന്നതാണ്. കേവല അപദാനങ്ങള്‍ കൊണ്ടോ ,ആഘോഷങ്ങള്‍ കൊണ്ടോ ഷെയറിങ്ങുകള്‍  കൊണ്ടോ  ആചരിക്കപെടേണ്ടതല്ല രക്തസാക്ഷിത്വം. മറിച്ച് അവര്‍ ഉയര്‍ത്തിയ മഹിതമായ രാജ്യ സ്നേഹത്തിന്റെ അചഞ്ചലമായ ധര്‍മബോധവും സര്‍വ്വ പരിത്യാഗവുമാണ്‌ ജനങ്ങളുടെ മനസ്സിലേക്ക് സ്വാംശീകരിക്കപ്പേടെണ്ടത്.സം‌ഭവങ്ങളിലെ വിചാരങ്ങള്‍ മാറ്റി വെച്ച്‌ വികാരാവേശങ്ങള്‍ ആഘോഷമാക്കുന്ന പ്രവണത നാള്‍ക്കു നാള്‍ വര്‍‌ദ്ധിച്ചു വരികയത്രെ.  

ഇതിനനുസൃതമായി  തന്നെയാണ് ഇസ്‌ലാമിലെ രക്തസാക്ഷിത്വത്തിന്റെ  പേരില്‍ നടമാടുന്ന ആഘോഷങ്ങളെകുറിച്ച് സംവദിക്കേണ്ടതിന്റെ ആവശ്യകതയും ഉയരുന്നത്. വിശ്വാസത്തിന്റെ നിലനില്‍‌പിനുവേണ്ടി  ധീര ശുഹദാക്കള്‍ രണാങ്കണത്തില്‍ ജീവന്‍ ബലിനല്‍കിയപ്പോള്‍ അതില്‍ നിന്നും നമുക്ക് നല്‍‌കപെട്ട സന്ദേശങ്ങളും ദൃഷ്‌ടാന്തങ്ങളും യഥാവിധി മനസ്സിലാക്കേണ്ടിടത്ത്  സമുഹത്തില്‍   അപചയങ്ങള്‍  സംഭവിച്ചിട്ടുണ്ട് എന്നത് ചര്‍ച്ച ചെയ്യപെടേണ്ടതല്ലേ? 
മര്‍സൂഖ്‌ സെയ്‌തു മുഹമ്മദ്‌.               

ഒരു ചെരുപ്പുകുത്തിയുടെ ഹജ്ജ്...

ദമാസ്‌കസ്സിലെ തെരുവില്‍ മുഫഖ്‌ എന്ന ചെരുപ്പുകുത്തി താന്‍ സമ്പാദിച്ച നാണയത്തുട്ടുകള്‍ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി സമാഹരിച്ചു വെച്ചു. നല്ലൊരു തുകയായപ്പോള്‍ മുഫഖ് ഹജ്ജിനൊരുങ്ങി.അയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അയലത്തെവിടെയോ ഉള്ള ഒരു വീട്ടില്‍നിന്ന് ഇറച്ചിക്കറിയുടെ മണം പടര്‍‌ന്നപ്പോള്‍ ഭാര്യയ്‌ക്ക്‌ കൊതിയടക്കാനായില്ല.ഭാര്യയുടെ ആഗ്രഹം എങ്ങനെയെങ്കിലും സാധിച്ചുകൊടുക്കാനായി മുഫഖ് ആ വീടിന്‍െറ മുന്നിലത്തെി.അകത്ത് കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. അവരെ ആശ്വസിപ്പിക്കുന്ന ഉമ്മയുടെ നിസ്സഹായമായ ശബ്‌ദം.അന്തരീക്ഷത്തില്‍ ഉയരുന്ന ഇറച്ചിക്കറിയുടെ മണം...മുഫഖ് ആശങ്കകളോടെ ആ വാതിലില്‍ മുട്ടി.പുറത്തുവന്ന സ്‌ത്രീയോട്‌ മടിച്ചു മടിച്ചാണെങ്കിലും അയാള്‍ ആഗ്രഹം പറഞ്ഞു.അവരുടെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.... കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു...‘‘സഹോദരാ, വെന്തുകൊണ്ടിരിക്കുന്ന ഈ  ഇറച്ചിക്കറി എന്‍െറ കുട്ടികള്‍ക്ക് അനുവദനീയമാണ്‌.. നിങ്ങള്‍ക്കത് നിഷിദ്ധവും...’’

ആ കുടില്‍ പട്ടിണിയുടെ സ്വന്തം കൂരയായിരുന്നു...വിശന്ന് മരിക്കുമെന്ന ഘട്ടത്തിലായ കുട്ടികള്‍...പട്ടിണി മാറ്റാന്‍ വഴികാണാതെ അലഞ്ഞ ആ ഉമ്മയുടെ കണ്ണില്‍ പെട്ട ചത്ത മൃഗത്തിന്‍െറ ശരീരത്തില്‍നിന്ന് അറുത്തെടുത്ത മാംസമാണ് അവിടെ വേവുന്നത്.മരണത്തെ ചെറുക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് അത് കഴിക്കാം... പക്ഷേ, കൊതിയടക്കാനായി മുഫഖിന്‍െറ ഭാര്യയ്‌ക്ക്‌ അത് കഴിച്ചുകൂടാ...മുഫഖ് നിലവിളിച്ചുകൊണ്ട് സ്വന്തം കുടിലിലേക്ക് ഓടി...ഹജ്ജിനായി കരുതിവെച്ചിരുന്ന പണമെടുത്ത് ആ വീടിന്‍െറ മുന്നിലത്തെി..പട്ടിണികൊണ്ട് തകര്‍ന്ന ആ വീടിന്‍െറ നോവില്‍ അയാള്‍ തന്‍െറ സ്വപ്‌നം മറന്നു കഴിഞ്ഞിരുന്നു...

അക്കൊല്ലത്തെ ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷം അബ്‌ദുല്ലാ ഇബ്‌നു മുബാറക് എന്നയാള്‍ നേരേ പോയത് ദമാസ്‌കസ്സിലേക്കായിരുന്നു... കഅബാലയത്തിന് സമീപം കിടന്നുറങ്ങുമ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടിരുന്നു.. മാലാഖമാര്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു." ഈ വര്‍ഷത്തെ ഹജ്ജില്‍ സ്വീകരിക്കപ്പെട്ടത് ഹജ്ജിന് ഇവിടെ ഹാജറാകാന്‍ കഴിയാതെ പോയ ഒരാളുടെ ഹജ്ജാണ്. ദമാസ്‌കസ്സിലെ  ഒരു ചെരുപ്പുകുത്തിയുടെ.. മുഫഖ് എന്ന സാധു മനുഷ്യന്‍െറ... അയാളുടെ ഹജ്ജിലൂടെ മറ്റുള്ളവരുടെ ഹജ്ജും അല്ലാഹു സ്വീകരിച്ചിരിക്കുന്നു."ഒടുവില്‍ നേരില്‍ കണ്ടുമുട്ടുമ്പോള്‍ അബ്‌ദുല്ലാ ഇബ്‌നു മുബാറക് ചോദിച്ചു, "സുഹൃത്തേ എങ്ങനെയാണ് താങ്കള്‍ അത് സാധിച്ചത്...?"
മറുപടി പറയാന്‍ മുഫഖിന്‍െറ പക്കല്‍ കുറേയേറെ കണ്ണുനീര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു...
(സൈനുദ്ധീന്‍ മഖ്‌ദൂമിന്റെ ‘ഇര്‍ശാദുല്‍ ഇബാദ്’ എന്ന കൃതിയില്‍ നിന്ന്.)

Wednesday, January 6, 2016

ഇസ്‌ലാമിനെ അന്യമാക്കുന്നത് മുസ്‌ലിം‌കള്‍ തന്നെയോ..?

ഇസ്‌ലാമിനെ അന്യമാക്കുന്നത് മുസ്‌ലിം‌കള്‍ തന്നെയോ..?അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍.
ഇസ്‌ലാമിക ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ആര്‍‌ക്കും മനസ്സിലാകുന്ന ഒരു വസ്തുത ചരിത്രത്തിലുടനീളം ഇസ്‌ലാമിന് വളര്‍ച്ചയോടൊപ്പം തന്നെ തളര്‍ച്ചയും നേരിട്ടിട്ടുണ്ടെന്നുള്ളതാണ്.ഇസ്‌ലാമിന്റെ നേരെ ഏതെങ്കിലും ഭാഗത്ത് നിന്ന് തിരിച്ചടികളോ പ്രതിസന്ധികളോ നേരിടുമ്പോള്‍ വിശ്വാസികള്‍ ഒട്ടും തന്നെ അതില്‍ ചകിതരാകുകയോ ആശങ്കപ്പെടുകയോ ചെയ്യുകയില്ല.മറിച്ചു,എല്ലാം അല്ലഹുവില്‍നിന്നാണെന്നും അവനില്‍നിന്നു തന്നെ അതിന് സമാധാനം ഉണ്ടാകുമെന്നും ശുഭാപ്‌തി പ്രകടിപ്പിക്കുന്നവരാണ്.പ്രവാചകന്റെ കാലഘട്ടം മുതല്‍ നാല് ഖലീഫമാരുടെയും തുടര്‍ന്ന് വന്ന രാജവാഴ്ചയിലൊക്കെ തന്നെ നമുക്കിത് ദര്‍ശിക്കാനാകും.ഇസ്‌ലാമിനെ ഇകഴ്ത്താനും തകര്‍ക്കാനും ശത്രുക്കള്‍ എന്തൊക്കെ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അതിനെതുടര്‍ന്നെല്ലാം ഇസ്‌ലാം പൂര്‍വ്വാധികം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായാണ് അനുഭവം.അല്ലാഹുവിന്റെ പ്രഖ്യാപനമാണത് "ഇതിനെ നാം പൂത്തീകരിക്കുക തന്നെ ചെയ്യും,അവിശ്വാസികള്‍ക്ക്‌ എത്ര അരോചകമായിരുന്നാലും." ഇതാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പ്രകൃതം, അതിനെ ഒരിക്കലും തടുത്തു നിര്‍ത്താനാവില്ല.അത് കാണാന്‍ നഗ്നനേത്രങ്ങള്‍ക്കപ്പുറമുള്ള ചിലത് നമുക്ക്  ആവശ്യമായി വരും.

ഒരു വിശ്വാസിയുടെ മനസ്സ് നമുക്ക് വേണ്ടിവരും. ഹദീഥുകളില്‍ അതിനെ കുറിച്ച് പറയുന്നത് 'ഫിറാസത്തുല്‍ മുഅ്മിന്‍' (മുഅ്മിന്റെ ഉള്‍ക്കാഴ്ച)എന്നാണ്.അതുകൊണ്ട് ഇസ്‌ലാം ഏത് നേരത്ത് വിളിച്ചാലും മുസ്‌ലിംകള്‍ ഓടിയൊളിക്കരുത്.നമ്മുടെ ജോലികള്‍ നിര്‍‌വഹിക്കാന്‍ നാം മറ്റുള്ളവരെ കാത്തുനില്‍ക്കരുത്.മുഖം താഴ്ത്തി കേള്‍ക്കാത്ത ഭാവം നടിക്കരുത്. അതാണ് ഇസ്‌ലാമിന് നേരെയുള്ള പിന്തിരിയല്‍.അല്ലാഹു നമുക്ക്  വിധിച്ച കാര്യം തടയാന്‍ കോട്ടമതിലുകള്‍ക്ക് പോലും സാധിക്കുകയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. അത് മരണമാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ. നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുത ഇസ്‌ലാം അല്ലാഹുവിന്റെ വ്യക്തിപരമായ ആധിപത്യമാണ്. ഖുര്‍ആനിലും അല്ലാഹു അത് പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ അതിനെ പരിഹസിക്കുന്നിടത്തോളം അതിന് വിലകൊടുക്കേണ്ടി വരും. നിങ്ങള്‍ മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ.കാലദൈര്‍ഘ്യത്താലോ ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടോ ഇസ്‌ലാമിക സമൂഹത്തിലും അവരുടെ ജീവിതത്തിലും കടന്നുകൂടിയ അനിസ്‌ലാമികാംശങ്ങളെ തുടച്ച് മാറ്റുകയും ദീനില്‍ അവഗണിക്കപ്പെട്ട വശങ്ങള്‍ യഥാസ്ഥാനത്ത് പുനപ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിനെ അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്ന ജാഹിലിയ്യതുകള്‍ക്കെതിരെയുള്ള സന്ധിയില്ലാസമരമാണ് ഇസ്ലാമിക നവോത്ഥാനം . ഇസ്‌ലാമിന്റെ മൗലികാദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തങ്ങളുടെ സമൂഹം അകപ്പെട്ടുപോയ മുഖ്യ തിന്മകള്‍ക്കെതിരെയായിരുന്നു എല്ലാ പ്രവാചകന്‍മാരുടെയും പോരാട്ടം

ഏറ്റവും വലിയ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരുമായിരുന്നു പ്രവാചകന്‍മാര്‍. പ്രവാചകന്മാരിലൂടെയുള്ള ഈ പരിഷ്‌കരണ ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. മുഹമ്മദ് നബിയോട് കൂടി പ്രവാചകത്വ പരമ്പര അവസാനിച്ചുവെങ്കിലും ഇസ്‌ലാമും ജാഹിലിയത്തും തമ്മിലുള്ള വടംവലി അവസാനിക്കുന്നില്ല. അതിനാല്‍ ജാഹിലിയത്തിനെതിരായ പോരാട്ടവും തനതായ രൂപത്തിലൂള്ള ഇസ്‌ലാമിന്റെ പുനസ്ഥാപനവും അനുസ്യൂതമായി നടക്കേണ്ട പ്രക്രിയയാണ്. നവോത്ഥാന സംരംഭങ്ങളാണ് ഈ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നത് നവോഥാന സംരംഭങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ജാഹിലിയ്യത്തും നൂതന കസര്‍‌ത്തുകളും കൊണ്ട് വിശ്വാസികളെ കുപ്പിയിലാക്കാന്‍ വലവിരിക്കുന്നത് കാണാം.അങ്ങനെയാണ്,കുപ്പിവെള്ളവും മുടിവെള്ളവും അരങ്ങു വാഴുന്നത്.മുടിക്കെട്ടുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതും അതുകൊണ്ടാണ്.മുടിയില്‍ നിന്ന് പാത്രത്തിലേക്കും വീണ്ടും പാദ രക്ഷയിലേയ്‌ക്കും മറ്റും രൂപാന്തരം പ്രാപിക്കുന്നതും ഈ നൂതനാശയങ്ങളുടെ അന്വേഷണമാണ്‌.

"നിങ്ങള്‍ ഖബറിടം സന്ദര്‍ശിക്കുക.അത് മരണത്തെ ഓര്‍മ്മിപ്പിക്കും" എന്ന ഗുണകാംക്ഷാപരമായ ഒരു പ്രവാചകാധ്യാപനത്തെ എത്രമാത്രം വക്രീകരിച്ചുകൊണ്ടാണ് പുതിയ പുതിയ ലക്ഷ്വറി സിയാറത്ത് ടൂര്‍ ആയി പരിവര്‍‌ത്തിപ്പിക്കപ്പെടുന്നത്.

അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിന്റെ സഹായികളാകുവിന്‍, മര്‍യമിന്റെ പുത്രന്‍ ഈസാ, ഹവാരികളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ: `അല്ലാഹുവിങ്കലേക്ക് (ക്ഷണിക്കുന്നതില്‍) എനിക്ക് സഹായികളാരുണ്ട്?` ഹവാരികള്‍ പ്രഖ്യാപിച്ചു: `ഞങ്ങളുണ്ട് അല്ലാഹുവിന്റെ സഹായികളായി.` അപ്പോള്‍ ഇസ്രായേല്‍വംശത്തില്‍നിന്ന് ഒരുപറ്റം വിശ്വസിക്കുകയും മറ്റൊരു പറ്റം നിഷേധിക്കുകയും ചെയ്തു. പിന്നെ വിശ്വാസികളെ നാം അവരുടെ ശത്രുക്കള്‍ക്കെതിരില്‍ ശക്തിപ്പെടുത്തി; അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു. സൂറ; സ്വഫ് -14

അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍
ദോഹ 

പലിശയും ഇസ്‌ലാമിക സമൂഹവും

പലിശയും ഇസ്‌ലാമിക സമൂഹവും : റഷീദ്‌ പാവറട്ടി.
പലിശ കടുത്തപാപമാണു.എന്നാൽ പലിശ കൊണ്ട്‌ പലിശയെ പ്രതിരോധിക്കുന്നതിൽ വിരോധമില്ല.മുസ്‌ലിംലോകം ഏറെ ഈവിഷയം ചർച്ച ചെയ്‌തിട്ടുണ്ട്‌. പൊതു പ്രവർത്തനത്തിന്ന് പലിശ ഉപയോഗപ്പെടുത്തണം.അല്ലങ്കിൽ ആ പലിശപ്പണമായിരിയ്‌ക്കാം തോക്കുകളായും ബോംബുകളായും മിസൈലുകളായും തീവ്ര- ഭീകര പ്രസ്‌ഥാനങ്ങളായും നമുക്കിടയിൽ വന്നു പതിക്കുന്നത്‌.
പലിശ ഭക്ഷിക്കാൻ പാടില്ല. മദ്യവും പന്നിമാംസവും  അനുവദിക്കപെട്ട സാഹചര്യത്തിലൊഴികെ ആരെങ്കിലും പലിശ ഭക്ഷിക്കുന്നുവെങ്കിൽ അത്‌ ഗുരുതരമായ പാപമാണു.അനുവദിക്കപ്പെടുന്ന നിർബന്ധിത സാഹചര്യത്തിലാണങ്കിൽ അതിന്റെ പാപ ഭാരം പേറേണ്ടത്‌ അവിടുത്തെ മൊത്തം വിശ്വാസികളിലെ സമ്പന്നരാണു.( "അവരുടെ ധനത്തിൽ ചോദിച്ചു വരുന്നവർക്കും പ്രാഥമിക ആവശ്യങ്ങൾക്ക്‌ വകയില്ലാത്തവർക്കും  നിർണ്ണിതമായ അവകാശമുണ്ട്‌ " 8/35 ) 

നമുക്കിടയിൽ ലോട്ടറി വിൽപനക്കാരും ബാർ ജീവനകാരും കുറിക്കമ്പനി/ഫൈനാൻസ്‌ സ്ഥാപനങ്ങൾ....തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ധാരാളം മുസ്‌ലിംകൾ ഉണ്ട്‌.പൊതുവെ ഇവർ വിമർശിക്കപ്പെടാറുണ്ട്‌.എന്നാൽ അവരെ വിമർശകർ പലപ്പോഴും അന്വേഷിക്കാറില്ല.കാരണം ഒന്നാമത്‌,അന്വേഷിച്ചാൽ പ്രതിവിധി നിർവ്വഹിക്കാൻ ഇക്കൂട്ടർ അശക്തരാണു.മറ്റൊന്ന് ആ അർത്ഥത്തിലുള്ള ഇസ്‌ലാമിനെ ഇക്കൂട്ടർക്ക്‌ പരിചയമില്ല.ദീൻ എന്നത്‌ കേവലം ഭക്തിമതമായി മാത്രമെ ഇവർക്ക്‌ അറിയൂ .സമുദായത്തിൽ ഇന്ന് നിലനിൽക്കുന്ന ഹറാമുകൾ മദ്യവും പലിശയും വ്യഭിചാരവും മാത്രമായി ചുരുങ്ങിയിരിക്കുന്നു.കല സാഹിത്യം.സംസ്‌കാരം സാമ്പത്തീകം രാഷ്‌ട്രം രാഷ്‌ട്രീയം ഭരണം പ്രതിപക്ഷം നിർമ്മാണം വിവാഹം ആഡംബരം കച്ചവടം വസ്‌ത്രം വീട്‌ നീതി നിയമം പീഡിതരുടെ മോചനം സമരം പ്രതികരണം പ്രതിഷേധം സക്കാത്ത്‌ കരാർ യുദ്ധം ഖിലാഫത്ത്‌ പള്ളി പരിപാലനം തുടങ്ങിയ ഖുർആനിക കൽപനകളുടേയും നിർദേശങ്ങളുടേയും (വിധി വിലക്കുകൾ) നേരെ കണ്ണടക്കുകയും വമ്പൻ സ്രാവുകളെ ഒഴുകാൻ അനുവദിച്ചു കൊണ്ട്‌ പരൽമീനുകളെ ആക്രമിക്കുകയും ചെയ്യുന്ന ഒരു ഭക്തിമത വികാരത്തിലാണു നാം.

നൂറു ശതമാനവും പലിശയിൽ സ്ഥാപിതമായ ഒരു സാമ്പത്തീക രാഷ്‌ട്ര - രാഷ്‌ട്രീയ ക്രമത്തിലാണു വിശുദ്ധ ഖുർആനിന്റെ വക്ത്താക്കളാണെന്ന്‌ സ്വയം വിളിക്കപ്പെടുന്ന നാം ജീവിക്കുന്നത്‌.ഇവിടുത്തെ റോഡും പാലവും വെള്ളവും റേഷനും വിദ്യാഭ്യാസവും ആശുപത്രികളും വൈദ്യുതിയും ബാങ്കുകളും ശമ്പളവും തുടങ്ങി സർവ്വമാന മേഖലയും പലിശയുടെ മുകളിലാണു നിലനിൽക്കുന്നത്‌.മദ്യവും വ്യഭിചാരവും ധാരാളമായി നമ്മുടെ നാട്ടിലുണ്ട്‌.ആ കെട്ടിടങ്ങളിൽ നിന്നെല്ലാം വൻ നികുതിയും നമ്മുടെ ഖജനാവുകളിൽ എത്തുന്നുമുണ്ട്‌.(ജനാധിപത്യത്തിന്റെ മറ്റൊരു പേരാണു പലിശാധിപത്യം) നാം ഇതെല്ലാം ഒരു മനസാക്ഷി കുത്തുമില്ലാതെ ആസ്വദിച്ച്‌ അനുഭവിച്ച്‌ വരുന്നു.അവയിലെ അനിസ്‌ലാമികത നമുക്കൊരു വിഷയമേ അല്ല.

നാം കണിശതയോടെ നോക്കി കാണുന്നതും വിമർശിക്കുന്നതും ലക്ഷങ്ങൾ പൊടിച്ച്‌ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഉദ്‌ബോധന  പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നേടത്തും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമ്പത്തിക കലാ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ മൂല്യങ്ങൾ ചർച്ചയാകുന്നില്ല.ബഹുഭൂരിപക്ഷം പണ്ഡിതന്മാർ പോലും തനത്‌ ഇസ്‌ലാമിൽ നിന്നും (ഖിലാഫത്തിന്റെ 40 വർഷക്കാലം)അകന്നു നിൽകുന്നവരും സംസാരിക്കുന്നവരുമാണ്‌ മുആവിയയും പിൻപുറക്കാരും രൂപപ്പെടുത്തിയെടുത്ത ഭക്തി മതം തന്നെയാണു ഇന്നും നാം അനുഭവിക്കുന്ന ഇസ്‌ലാം.ഖിലാഫത്തിന്റെ ഇന്നലകളിലേക്കു തിരിച്ചു പോയിക്കൊണ്ട്‌ ഒരു സമ്പൂർണ്ണ ഇസ്‌ലാമിക വ്യവസ്ഥിതിയാണു നാം പിന്തുടരേണ്ടത്‌ എന്നും പറയുന്നവർ പുത്തൻ വാദികളും പുത്തന്‍ പ്രസ്ഥാനക്കരുമായി സമൂഹത്തിൽ കക്ഷിതാൽപര്യക്കാർ മുദ്ര കുത്തുന്നു. എന്നിട്ടവർ പറയുന്നു " മതം ദൈവത്തിനും രാഷ്‌ട്രം ജനങ്ങൾക്കും " അഥവ ഇന്ധനം ഊറ്റിക്കളഞ്ഞ്‌ വാഹനം ഓടിക്കാൻ ശ്രമിക്കുന്നു.ഈ സാഹചര്യത്തിലാണു 'പലിശ' ചർച്ച ചെയ്യപ്പെടേണ്ടത്‌.

വിവാഹം വീട്‌ പണി വാഹനം വിദ്യാഭ്യാസം റിയൽ എസ്‌റ്റേറ്റ് മുതൽ ബിൾഡിംഗ്‌ നിർമ്മാണം തുടങ്ങി പല ആവശ്യങ്ങൾക്കും ലോൺ എടുക്കുന്നവരാണ്‌ ഇന്ന് ഏറിയ ഭാഗം മുസ്‌ലിംകളും.ഇതിനെതിരെ ശക്തമായ ബോധവൽകരണം നടക്കണം.എന്നിട്ട്‌ മഹല്ല് ആ വിഷയങ്ങൾ കൈകാര്യം ചെയ്യണം.അതിന്ന് മഹല്ലുകളുടെ കൈകാര്യകർത്താക്കൾ (ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തുന്നവര്‍) 'ഇഖാമത്തുദ്ധീനിനു' വേണ്ടി നിലകൊള്ളുന്നവരുമാകണം.മഹല്ലിൽ സക്കാത്തുകൾ കുമിഞ്ഞു കൂടിയ 'ബൈത്തുൽ മാൽ'രൂപപ്പെടണം.അപ്പോൾ 'ശറഇ' യായ കാരണങ്ങളാൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുന്നവർക്ക്‌ അല്ലാഹു അനുവദിച്ച  തന്റെ സ്വന്തം സമ്പത്ത്‌ (ഔദാര്യമായിട്ടല്ലാതെ)അവകാശമായി അഭിമാനക്ഷതം സംഭവിക്കാതെ ആവശ്യത്തിന്ന് ഗുണഭോക്താക്കള്‍‌ക്ക്‌ നല്‍‌കാന്‍ കഴിയും.അല്ലാത്ത കാലത്തോളം മേൽപറഞ്ഞ മേഖലയിൽ  ഈ സമുദായത്തിന്റെയും പ്രാതിനിധ്യം നമുക്ക്‌ ദര്‍ശിക്കാനാകും.

പർദ്ധയും മുഖമക്കനയും അണിഞ്ഞ സ്‌ത്രീകളും താടിയും തലപ്പാവുമുള്ള പുരുഷന്മാരും 30 ദിവസം നോമ്പും നോറ്റ്‌ പെരുന്നാളിന്നു പണമില്ലാതെ പലിശ സ്ഥാപനങ്ങളിൽ കയറി ഇറങ്ങുന്നതിൽ ഇവിടുത്തെ മഹല്ലിനും പണ്ഡിതൻ മാർക്കും എന്താണു പറയാനുണ്ടാവുക? അപ്പോഴും നാം അവരെ വിമർശിച്ചു കൊണ്ടിരിക്കും.അഭിമാന ഭയത്താൽ ബന്ധുക്കൾക്കു മുന്നിൽ പോലും കൈനീട്ടാൻ മടിക്കുന്ന അഭിമാനികളാണു പലരും .ഇവിടെ ഒരു ഇസ്‌ലാമിക സാമ്പത്തീക ക്രമവും സക്കാത്ത്‌ സംവിധാനവും കൃത്യതയോടെ നിലവിൽ വരുത്തുക എന്നതും, ധനവാൻ കൃത്യമായി സക്കാത്ത്‌ ബൈത്തുൽ മാലിൽ അടക്കുക എന്നതും, നമസ്‌കാരവും നോമ്പും ഹജ്ജും പോലെ എന്നാണോ ഈ സമുദായം പ്രാവർത്തികമാക്കുന്നത്‌ അപ്പോള്‍ മാത്രമേ ഏറെ പ്രാധാന്യമര്‍‌ഹിക്കുന്ന സാമ്പത്തിക വശത്തില്‍ സമുദായം വിശുദ്ധി കൈവരിക്കൂ.എന്നാൽ നിവർത്തികേടു കൊണ്ടും വേണ്ടവിധം തർബിയത്ത്‌ ആർജ്ജിക്കാതെയുമുള്ള ഒരു കാലയളവിൽ സംഭവിച്ച വീഴ്ച്ചകളെ എന്ത്‌ വില കൊടുത്തും പരിഹരിക്കാനുള്ള  ശ്രമവും തുടരേണ്ടതുണ്ട്‌.നമസ്‌കാരവും ഇസ്‌ലാമിക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന; ഭീമമായ പലിശ ഭാരം പേറുന്നവരുമായ പലരേയും ഈ ലേഖകന്ന് നേരിട്ടറിയാം.  അവരൊക്കയും അതിൽ നിന്നുള്ള മോചനത്തിന്റെ വഴികളിൽ തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയുമാണു.അല്ലാഹു അവരുടെ പ്രയാസങ്ങളെ എത്രയും വേഗം ദുരീകരിക്കുമാറാകട്ടെ....( ആമീൻ)
റഷീദ്‌ പാവറട്ടി.

Tuesday, January 5, 2016

ആള്‍‌ ദൈവങ്ങള്‍

ആള്‍‌ ദൈവങ്ങള്‍:വി.എം.കെബീര്‍ തിരുനെല്ലൂര്‍:
ചെറിയ പെരുന്നാള്‍ കഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ ഒരു നോട്ടീസ് പ്രത്യക്ഷപ്പെടും " ദര്‍ഗ ടൂര്‍ പ്രോഗ്രാം" വെളിയങ്കോട്‌ നിന്നു തുടങ്ങി പൊന്നാനി, മുത്തുപ്പേട്ട, ഖാദിയാ റോഡ്,പത്തിരിപ്പാല,മഞ്ഞക്കുളം,ഏര്‍വാടി,എന്നിവിടങ്ങളിള്‍ ദുആ ഇരന്ന് തമിഴ്‌ നാട്‌ കര്‍ണാടക വഴി പേരുകേട്ട ഔലിയാക്കളുടെ ദര്‍ഗകള്‍ സന്ദര്‍ശിച്ച് അജ്‌മീറില്‍ താമസിച്ച് പുണ്യം നേടിയിട്ട് തിരിച്ച് ഭീമാപ്പളളിയില്‍ ടൂര്‍ പ്രോഗ്രാം അവസാനിക്കുന്നു. പുണ്യം നേടാന്‍ എട്ടു ദിവസത്തെ യാത്ര.

കുടുംബസമേതം യാത്ര ചെയ്യാവുന്ന രീതിയിലാണ് സംഘാടനം.അയല്‍വാസികസികളോ, കുടുംബക്കാരോ,സുഹൃത്തുക്കളോ,എല്ലാവര്‍ക്കും കൂടിയുള്ള സുഖകരമായ പുണ്യം നേടാനുളള യാത്ര.

യാത്ര തുടങ്ങാന്‍ പോകുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ജുമുഅ നമസ്‌കാരത്തിനുളള ബാങ്ക് വിളി അപ്പോള്‍ ആ ജുമുഅ നമസ്‌കാരവും പോയി.

വിഷയത്തലേക്ക് കടക്കാം മതങ്ങളും കച്ചവടവല്‍ക്കരിപ്പെട്ടിട്ട് കാലങ്ങളോളം ആയിരിക്കുന്നു എന്നാലും ഈ അടുത്തകാലത്ത് കാണാന്‍ കഴിഞ്ഞതും കേള്‍ക്കാന്‍ കഴിഞ്ഞതുമായ കാര്യങ്ങളാണ് മേല്‍ പറഞ്ഞത്. (അല്ലാതെ ഖബര്‍ സിയാറത്തിനെ അവഗണിച്ചു കാണാനൊ.. എതിര്‍ക്കാനോ അല്ല )


നമ്മുടെ രാജ്യത്ത് പുരോഹിതന്മാരും പണ്ടേ വ്യാപാരികളായിരുന്നു. ദൈവത്തിനും ജനങ്ങള്‍ക്കുമിടയില്‍ ഏജന്റായി ചമഞ്ഞ് പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്  പണം പിടുങ്ങുകയാണ് അവരുടെ ലക്ഷ്യം.എന്നാല്‍ പള്ളികളിലും അമ്പലങ്ങളിലും പോകുന്ന സാധാരണ ജനങ്ങള്‍ക്ക് പണ്ടൊക്കെ ആത്മാര്‍ഥത ഉണ്ടായിരുന്നു. ഇന്ന് അവരും മതത്തിനെ സമീപിക്കുന്നത് കച്ചവടക്കണ്ണോടെയാണ്.ദൈവം എല്ലാം അവര്‍ക്ക് നല്‍കണം, അവരാകട്ടെ ഒന്നും നല്‍കുന്നില്ല.ആരാധനാലയങ്ങളിലെ കാണിക്കപ്പെട്ടികകളില്‍ ഭക്തര്‍ പൊന്നും പണവും നിക്ഷേപിക്കുന്നത് അതിന്റെ എത്രയോ ഇരട്ടി തങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ദൈവത്തിന് ബാധ്യതയുണ്ട് എന്ന മട്ടിലാണ് അതികപേരും ദൈവവുമായി ഏകപക്ഷീയമായി ചെയ്‌ത കരാറിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിനുളള കമ്മീഷന്‍ അല്ലെങ്കില്‍ കൂലി എന്ന നിലക്കാണ് ആരാധനാലയങ്ങള്‍ക്ക് ദാനം ചെയ്യുന്നത്.അവരെ സംബന്ധിച്ചിടത്തോളം അതൊരു നിക്ഷേപമാണ് കച്ചവടത്തിലെന്ന പോലെ നാലിരട്ടി തിരികെ കിട്ടേണ്ട നിക്ഷേപം. ഭക്തിയും മതവും കച്ചവടവല്‍ക്കരിക്കപ്പെടുമ്പോള്‍ ദൈവം കൊള്ള,കൊല തുടങ്ങിയ സകല കൊള്ളരുതായ്‌മകള്‍‌ക്കും ഭക്തന് കാവല്‍ നില്‍ക്കേണ്ടതായി വരുന്നു. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്ന ദൈവങ്ങളെ ഭക്തര്‍ കയ്യൊഴിയുകയും കൂടുതല്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ദൈവങ്ങളെ പകരം വെക്കുകയും ചെയ്യുന്നു. പച്ച വെള്ളം പോലും കുടിക്കാന്‍ കഴിവില്ലാത്ത ഭക്തനില്‍ നിന്നും പൂവും, കോഴിമുട്ടയും,ചരടിനും,ഏലസ്സിനും വേണ്ടി കാശ്  പിരിച്ചെടുക്കുന്ന ദൈവങ്ങള്‍.വിശുദ്ധാംഗനകളെ പിച്ചിക്കീറുന്ന മനുഷ്യ ദൈവങ്ങള്‍ അവരുടെ കച്ചവടം തുടരുമ്പോള്‍ അവര്‍ക്കു  മാത്രമല്ല അവരെ അതിനു അനുവദിക്കുന്ന നമുക്കും സം‌സ്‌കാരം അന്യമായിത്തീരുന്നു....

വി.എം.കെബീര്‍ തിരുനെല്ലൂര്‍

പൊന്നേങ്കടത്ത്‌ സുലൈഖ മരണപ്പെട്ടു

തിരുനെല്ലൂര്‍:പൊന്നേങ്കടത്ത്‌ പരേതനായ കെ.പി കാദര്‍ സാഹിബിന്റെ ഭാര്യ സുലൈഖ ഇന്നു പുലര്‍‌ച്ചയ്‌ക്ക്‌ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിയ്‌ക്കുന്നു.ഖബറടക്കം വൈകീട്ട്‌ 3 ന്‌ തിരുനെല്ലൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.കാല്‍ വഴുതി വീണതിനെ തുടര്‍‌ന്നു ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.ചികിത്സയിലിരിയ്‌ക്കെയാണ്‌ അന്ത്യം സം‌ഭവിച്ചത്.തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട്‌ ഹാജി  കെ.പി അഹമ്മദിന്റെ സഹോദരന്റെ ഭാര്യയാണ്‌ സുലൈഖ.ഉദയം ഇന്റര്‍ നാഷണല്‍ പ്രസാരണ വിഭാഗം മരണത്തില്‍ അനുശോചനം അറിയിച്ചു. അല്ലാഹു പരേതയുടെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ.ആമീന്‍.

Monday, January 4, 2016

ഞാനെന്തിനു നന്മ ഉപേക്ഷിക്കണം

തിരുനബി ഒരിക്കല്‍ ഒരു അരുവിയില്‍ നിന്നും അംഗസ്‌നാനം ചെയ്യുകയായിരുന്നു.വെള്ളത്തില്‍ കിടന്ന് മരണ വെപ്രാളത്തില്‍ പിടയുന്ന തേള്‍ ദൃഷ്‌ടിയില്‍ പെട്ടു.അവിടുന്ന് ഇരു കരങ്ങളില്‍ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തേള്‍ പ്രവാചകന്റെ കൈവെള്ളയില്‍ കുത്തി.പ്രവാചകന് അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോള്‍ കൈകുടഞ്ഞു.ആ ക്ഷുധ്ര ജീവി വെള്ളത്തില്‍ താഴ്ന്നു പോകുമ്പാള്‍ പ്രവാചകന്‍ വീണ്ടും അതിനെ കോരിയെടുത്തു.രണ്ടാം തവണയും അത് പ്രവാചകനെ വേദനിപ്പിച്ചു.പ്രവാചകന്‍ കൈ കുടഞ്ഞു.വീണ്ടും അത് വെള്ളത്തില്‍ വീണു.മൂന്നാം തവണയും പ്രവാചകന്‍ അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സഖാക്കള്‍ സംശയത്തിന്റെ ചോദ്യമെറിഞ്ഞു "നബിയെ.....അങ്ങ് അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ....."മൂന്നാം തവണ അതിനെ കോരിയെടുത്ത് കരയിലേക്ക് രക്ഷപ്പെടുത്തി.അസഹ്യമായ വേദന സഹിച്ചു കൊണ്ട്‌ തിരുനബി അനുചരരോട് ചോദിച്ച മറു ചോദ്യമുണ്ട്.നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ചോദ്യ ഗര്‍‌ജ്ജനം  മുഴങ്ങുകയാണ്."ആ ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എന്തിനു എന്റെ നന്മ ഉപേക്ഷിക്കണം......!
സമ്പാദകന്‍ റഷീദ്‌ പാവറട്ടി.

ഹൃദ്യമായി സോഷ്യലിസം പറഞ്ഞ ദര്‍‌ശനം

ഹൃദ്യമായി സോഷ്യലിസം പറഞ്ഞ ദര്‍‌ശനം:ഖുറൈശി.
ഇന്നു മനസ്സ്‌ ശൂന്യമാണ്. അക്ഷരങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്ന ചിന്തകളുടെയും ഓര്‍മ്മകളുടെയും നിസ്സഹകരണം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. എന്താകണം ഇന്നത്തെ വിഷയം..? എന്നിലെ സ്ഥായീ ഭാവമായ സോഷ്യലിസ്റ്റ് ചിന്തകളില്‍ ഊന്നി നിന്ന് കൊണ്ട് പലതും പറയാനും പങ്ക് വെയ്ക്കാനും എനിക്ക് കഴിയുമെന്ന് മനസ്സ് എന്നോട് പറയുന്നു. അതേ സമയം ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ നിയതമായ തലങ്ങളെ അതിലംഘിക്കാനും പാടില്ലല്ലോ എന്ന ചിന്ത ചിന്തകളെ ഇടക്കെവിടെയോ വെച്ച് ദുര്‍ഘടമാക്കുന്നു.പിന്നെ എനിക്ക് തോന്നി ഭൂമിയില്‍..പ്രപഞ്ചത്തില്‍..ഏറ്റവും വ്യക്തതയോടെ സോഷ്യലിസം ആദ്യമായി ഹൃദ്യമായി പറഞ്ഞത് ഇസ്ലാം അല്ലെ എന്ന്.തന്‍റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ആഹാരം കഴിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല എന്ന് പറയാന്‍ മുത്തായ മുഹമ്മദ്‌ നബിക്കല്ലാതെ ഏത് നേതാവിനാണ് സാധിച്ചിട്ടുള്ളത്‌. ഇതിലും വലിയ സോഷ്യലിസം ഇനി എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്.മനുഷ്യ നിര്‍മ്മിതമായ ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ പോരായ്മകള്‍ കമ്മ്യൂണിസത്തിന് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. അത് നിര്‍മ്മിക്കപെട്ട കാലയളവിനെയും അന്ന്‍ നിലനിന്നിരുന്ന അനീതികളെയും ചൂഷണങ്ങളെയും അവസ്ഥകളെയും കണ്ടു നിര്‍മ്മിച്ച ഒരു സമരമാര്‍ഗ്ഗം എന്നതിലുപരി ഇസ്ലാമിനെയും ഖുര്‍ആനിനെയും - ദൈവ വിശ്വാസത്തെ തന്ത്രപൂര്‍വ്വം മാറ്റി നിര്‍ത്തി - മെനഞ്ഞെടുത്ത തത്വങ്ങള്‍ ആണ് അതില്‍ ഉള്ളത് എന്ന്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ( ഇത് എന്‍റെ വീക്ഷണം ആണ്. ) പുരോഹിത ഭരണ-സാമ്പത്തിക ചൂഷണങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും യുദ്ധം പോലും അനിവാര്യമാകുകയും ചെയ്ത ഒരു സാമൂഹിക ജീവിത അന്തരീക്ഷത്തില്‍ ഏറെ പ്രാധാന്യം നേടിയ ഒരു പ്രസ്ഥാനം കാലാന്തരേ ഇല്ലാതായി തീരുന്ന കാഴ്ച ആ പ്രത്യയ ശാസ്ത്രം എക്കാലത്തേക്കും അനുയോജ്യമായ രീതിയില്‍ നിര്‍മ്മിക്കാന്‍ അതിന്‍റെ ശില്‍‌പികള്‍ക്ക് അമാനുഷികമായ കഴിവുകള്‍ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെയാണ്. ഒരു വര്‍ഗത്തിന്‍റെ മാത്രം  നന്മകളെ ലക്ഷ്യം വെച്ച് ഒരു പ്രത്യയ ശാസ്ത്രം ഉണ്ടാകുമ്പോള്‍ അതിലെ സോഷ്യലിസം എന്ന പദത്തിന്റെ അര്‍ത്ഥവും വ്യാഖ്യാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിനെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യാനും എല്ലാവര്‍ക്കും ഗുണങ്ങള്‍ ലഭ്യമാക്കാനും കഴിയുമ്പോള്‍ മാത്രമേ സോഷ്യലിസം എന്ന വാക്ക് അന്വര്‍ത്ഥമാകുന്നുള്ളൂ.

ഇവിടെയാണ്‌ ഇസ്ലാം മുന്നോട്ട് വെയ്‌ക്കുന്ന തത്വവും വീക്ഷണവും അനശ്വരമാകുന്നത്.ഏതൊരു മനുഷ്യനെയും നന്മ-തിന്മകളെ പറ്റി ബോധവാനാക്കി, തന്‍റെ മുകളില്‍ തന്നെ നയിക്കുന്ന, നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തി ഉണ്ട് എന്ന ബോധം വളര്‍ത്തി ഇഹ-പര ജീവിതത്തിന്‍റെ അനന്ത സാധ്യതകളെ പഠിപ്പിച്ച് , ഞാന്‍ എന്ന അഹങ്കാരത്തില്‍ നിന്ന് അവനെ മോചിപ്പിച്ച് നന്മ തിന്മകളെ വേര്‍തിരിച്ച് പ്രവര്‍ത്തിക്കാന്‍ പരുവപ്പെടുത്തുന്ന ശക്തമായ ഒരു വിശ്വാസ ദര്‍‌ശനമാണ്‌ ഇസ്ലാം.

ഭയപ്പെടുന്നത് സ്വന്തം സ്വത്വത്തെ തന്നെയാകണം.ജനങ്ങള്‍ക്കും ഭരണകൂടത്തിനും പോലീസിനും ക്യാമറക്കണ്ണുകള്‍ക്കും കാണാനാവാത്തത് എന്‍റെ സ്രഷ്ടാവ് കാണുന്നുണ്ട് എന്ന ചിന്തയും ഭയവും ഇല്ലാത്ത കാലത്തോളം ഒരു സമൂഹവും രക്ഷപ്പെടില്ല. എത്ര വലിയ ആദര്‍ശ ധീരനായാലും സ്വന്തം കാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ചകള്‍ ഇല്ലാതാവാന്‍ തന്‍റെ സ്രഷ്ടാവില്‍ അധിഷ്ടിതമായ ഈ ഭയം അനിവാര്യമാണ്. കമ്മ്യൂണിസത്തിന്റെയും ഇതര ചിന്താധാരകളുടെയും ദൌര്‍ബല്യവും അത് തന്നെയാണ്. ഇത് ഇസ്ലാമികേതര പ്രസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണോ..? അല്ല എന്നും ഈ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉണ്ടാവേണ്ടത് മുസ്‌ലിംകള്‍‌ക്ക് ആണ് എന്നതുമാണ്‌ ഈ എളിയവന്റെ അഭിപ്രായം. കേരള സംസ്കാരത്തിന്‍റെ സംഭാവനകളില്‍ നിന്ന് വിഹിതം പറ്റിയ നമ്മുടെ സമ്പ്രദായങ്ങളില്‍ ഇന്നും കുടി കൊള്ളുന്ന പല അനാചാരങ്ങളും ജീവിത രീതികളും വസ്ത്ര ധാരണവും ഒക്കെ തിരുത്ത് ആവശ്യമുള്ളതാണ്. വിശ്വാസി സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ താത്വികമായ വിഷയങ്ങളില്‍ തര്‍ക്കിച്ച് മുന്നേറുമ്പോള്‍ സാധാരണ സാമൂഹിക ജീവിതത്തില്‍ അലസമായി അവഗണിക്കുന്ന പലതും ഉണ്ട്. പലിശ, സ്ത്രീധനം തുടങ്ങി സംഘടിതമായി ഇല്ലായ്‌മ ചെയ്യേണ്ട പലതിലും കാര്യമായ കൂട്ട് പ്രവര്‍ത്തങ്ങള്‍ കാണുന്നില്ല.

ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല. ഇത് എന്‍റെ ചെറിയ ചിന്തകള്‍ മാത്രം. ഇതൊക്കെ വളരെ ഗഹനമായി പറയാന്‍ കഴിവുള്ളവര്‍ ഉണ്ടെന്നറിയാം. ക്ഷമിക്കുക.പ്രവാസത്തിന്‍റെ ഒരു പുകച്ചില്‍ കൂടി ചേര്‍ത്ത് വെച്ച് ഉപസംഹരിക്കുന്നു.

മറന്നു വെച്ചത്‌...
പരമ കാരുണികനും കരുണാ നിധിയുമായ റബ്ബേ...കണ്ണീരു നനച്ച ഉമ്മയുടെ തേട്ടങ്ങള്‍ക്ക് ഗദ്ഗദവും നോവുമൂറുന്ന ആമീനുകള്‍.നേരം ഒച്ചിനെ പോലെയാവാന്‍ വൃഥാ മോഹിച്ച ഒരു രാത്രിയുടെ പകുതിയില്‍ സാരിത്തലപ്പിലും തട്ടത്തിന്‍ ഞൊറിയിലും വിടര്‍ന്ന മിഴികളിലും വേര്‍പാടിന്‍ നോവ് നിറച്ച് ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.തേട്ടങ്ങള്‍ക്കൊടുവില്‍ വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ന്‍റെ ...മോന്‍ .. പാവാ...”
ബിസ്‌മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം 
ഞരക്കങ്ങളെ പറ്റി...!!
*************
സൈനുദ്ധീന്‍ ഖുറൈശി