നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

K.G Sathar

ഖുറൈഷി ഗുല്‍മുഹമ്മദ്‌ എന്നവരുടെയും, മമ്മസ്രായില്ലത്ത് ബീവിക്കുഞ്ഞി എന്നവരുടെയും നാലാമത്തെ മകനായി 1928 ആഗസ്റ്റ്‌ 20 ന്‌ തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലെ തിരുനെല്ലൂര്‍ ദേശത്ത് ജനനം.ചാവക്കാട് താലൂക്ക്, പുവ്വത്തുര്‍ 'സെന്റ്‌ ആന്റണീസ് സ്കൂളിലും', കൊച്ചിയിലെ 'ഹാജി ഇസ്സാ മെമ്മോറിയല്‍ സ്കൂളിലും' പ്രാഥമിക വിദ്യാഭ്യാസം.സംഗീതകജ്ഞനായിരുന്ന പിതാവിന്റെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ തന്നെ 'ഹാര്‍മോണിയം' അഭ്യസിച്ചു. ജോലി സംബന്ധമായി മുബൈയില്‍ ആയിരുന്ന കാലത്ത് 'സാത്തംഗര്‍ സംഗീത വിദ്യാലയ'ത്തില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും 'മേല്‍ഡൊലിന്‍, 'സിത്താര്‍' തുടങ്ങിയ ഉപകരണങ്ങളും പഠിച്ചു. പ്രസിദ്ധനായിരുന്ന 'ഡേവിഡ്‌ ഭാഗവതര്‍' ശാസ്ത്രീയ സംഗീത ഗുരുവായിരുന്നു.സുപ്രസിദ്ധ സംഗീത സംവിധായകന്‍ 'മോഹന്‍ സിതാര', കേരളത്തിലെ അറിയപ്പെട്ടിരുന്ന സിത്താര്‍ കലാകാരന്‍ 'സുബ്രഹ്മണ്യന്‍' എന്നിവരുടെ ആദ്യകാല ഗുരു.

പ്രശസ്ത സംഗീത സംവിധായകന്‍ അസീസ് ബാവ (അസീസ്‌ഗുല്‍‌സാര്‍) ഇളയ സഹോദരനാണ്.
1942 ല്‍ ആദ്യമായി 'കൊളംബിയ' റെക്കോര്‍ഡില്‍ പാടി. തുടര്‍ന്ന് നൂറ് കണക്കിന് ഗാനങ്ങള്‍.1953 ആഗസ്റ്റ്‌ 30 ന് ചാവക്കാട് താലൂക്ക് പാടൂര്‍ ദേശത്ത് നിന്നും കാനാപ്പുള്ളി ഇബ്രാഹിം, വലിയകത്ത് ഉമ്മാച്ചു ദമ്പതികളുടെ നാലാമത്തെ മകള്‍ 'മറിയമ്മു'വുമായുള്ള നിക്കാഹ്.സലീം സത്താര്‍, ജമീല, നൌഷാദ്, കമറുദ്ധീന്‍, നസീമ എന്നിവര്‍ മക്കള്‍.ലൈല സലീം, ഹനീഫ, സുമയ്യ നൌഷാദ്, ഫൗസിയ കമറുദ്ധീന്‍, ഹൈദർ എന്നിവര്‍മരുമക്കള്‍.

2010 മെയ്‌ 28 ന് പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സത്താര്‍, 2015 ജൂലായ് 24 വെള്ളിയാഴ്ച്ച പകല്‍ ഒരുമണിക്ക് ചാവക്കാട് താലൂക്ക്, പുവ്വത്തൂരില്‍ മകന്‍ സലീം സത്താറിന്റെ വസതിയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടത്തപ്പെട്ടു.

കെ.ജി സത്താറിന്റെ ആത്മകഥ നെല്ലിക്ക അകാലത്തില്‍ പൊലിഞ്ഞു പോയ ബാല പ്രതിഭ അബ്‌സ്വാര്‍ മഞ്ഞിയിലിനാണ്‌ സമര്‍‌പ്പിച്ചിരിക്കുന്നത്.