നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, March 2, 2023

മജീദ്‌ക്ക യാത്രയായി

വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് മജീദ്‌ക്ക യാത്രയായി.വിമ‌ന്‍‌സ്‌ ഇസ്‌‌ലാമിയാ കോളേജിലെ എല്ലാവരുടേയും പ്രിയപ്പെട്ട മജീദ്‌‌ക്കയെ ഒരിക്കല്‍ കണ്ടവര്‍‌ക്ക് പോലും മറക്കാന്‍ കഴിയില്ല.ചുണ്ടില്‍ സദാ പുഞ്ചിരി ഒളിപ്പിച്ച്‌ വെച്ച നിഷ്‌‌കളങ്കനായ മനുഷ്യന്‍.

ചാവക്കാട്ടെ പ്രസിദ്ധമായ തത്ത പള്ളിയുമായി ബന്ധപ്പെട്ട സേവനത്തോടൊപ്പം ചാവക്കാട് വിമന്‍‌സ് ഇസ്‌‌ലാമിയ കോളേജിലും രാജാ സ്‌‌ക്കൂളിലും അദ്ദേഹം സേവനം ചെയ്‌തിരുന്നു.കോളേജില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍‌ഥികളുമായും ഏറെ സ്നേഹ സൗഹൃദം പുലര്‍‌ത്തിയിരുന്ന വ്യക്തിത്വം.പഠനം കഴിഞ്ഞു പോയവരുമായിപ്പോലും സൗഹൃദം കഴിയും വിധം സൂക്ഷിച്ചു പോന്നിരുന്ന നിസ്വാര്‍‌ഥനായ സേവകന്‍.

ചാവക്കാട്ടെ പള്ളിയില്‍ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ പ്രാര്‍‌ഥനക്കെത്തുന്നവര്‍‌ക്ക്‌ പ്രത്യേകമായി പള്ളിയെ സജ്ജീകരിക്കുന്ന ചുമതല മജീദ്‌‌ക്കാക്ക് തന്നെയാണ്‌.എല്ലാവാരങ്ങളിലും വെള്ളിയാഴ്‌‌ച രാവിലെ ചെയ്യാറുള്ള സകല ഒരുക്കങ്ങളും വ്യാഴാഴ്‌ച തന്നെ നിര്‍‌വഹിച്ച്  ദുഹുര്‍ നമസ്‌ക്കാരാനന്തരം പള്ളിയുടെ മുകളിലെ നിലയില്‍ വിശ്രമിക്കുകയായിരുന്നു.

അസ്വര്‍ നമസ്‌‌ക്കാരത്തിന്‌ ഇഖാമത്തിനു ശേഷവും മജീദ്‌ക്ക ഹാജറാകാത്ത വിവരം സുഹൃത്തുക്കള്‍ പരസ്‌പരം പങ്കുവെച്ചു. നമസ്‌‌ക്കാരാനന്തരം മുകളിലെ നിലയില്‍ പങ്ക തിരിയുന്ന ശബ്‌ദം കേട്ട് ചെന്ന്‌ നോക്കിയപ്പോള്‍ അതിസുന്ദരമായി വിശ്രമിക്കുന്ന മജീദ്‌ക്കയെയാണ്‌ അവര്‍‌ക്ക് കാണാന്‍ കഴിഞ്ഞത്.അഥവാ വിശ്രമമില്ലാതെ ജീവിച്ച് അനന്തമായ വിശ്രമ ലോകത്തേക്ക് സുസ്‌മേര വദനനായി മജീദ്‌ക്ക യാത്രയായി.തന്നില്‍ അര്‍‌പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഭം‌ഗിയായി നിര്‍വഹിച്ച് സന്തോഷത്തോടെ യാത്രയായ ആത്മാവ്.

അല്ലാഹുവിന്റെ ഭവനത്തിന്റെ പരിപാലകനായി സേവന നിരതനായി വിശ്രമിച്ചു കൊണ്ടിരിക്കേ അന്ത്യ യാത്രക്ക്‌ സുവര്‍‌ണ്ണാവസരം ലഭിച്ച മഹാ സൗഭാഗ്യവാന്‍.അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിക്കട്ടെ.

==========

2023 മാര്‍‌ച്ച് 2 വ്യാഴം മധ്യാഹ്നത്തിനു ശേഷം മജീദ്‌ക്കയുടെ അന്ത്യം.മാര്‍‌ച്ച് 3 വെള്ളിയാഴ്‌ച കാലത്ത് 9 മണിക്ക് മഹല്ല് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.ബന്ധപ്പെട്ടവര്‍ അറിയിച്ചു.

==========

മഞ്ഞിയില്‍