നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, March 5, 2023

ബല്ലിഗ്‌നാ റമദാൻ

വിശുദ്ധ ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസം സമാഗതമാകുകയാണ്‌. വിശ്വാസികള്‍‌ക്ക്‌ ജീവിതത്തെ പുതുക്കിപ്പണിയാന്‍ കഴിയുന്ന സുവര്‍‌ണ്ണാവസരം.വിശ്വാസികളുടെ അനുഷ്‌‌ഠാനങ്ങളും ആഘോഷങ്ങളും ദൈവ സ്‌‌മരണയെ ഹരിതാഭമാക്കും വിധമാണ്‌ ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.

വ്രത വിശുദ്ധിയുടെ രാപകലുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ കാത്തിരിക്കുന്ന അനുഷ്‌ഠാനങ്ങളുടെ കാലമാണ്‌.

റമദാന്‍ ആത്മീയമായി ഉണര്‍‌വ്വും ഉന്മേഷവും നല്‍‌കുന്ന പുണ്യങ്ങളുടെ പൂക്കാലവുമാണ്‌.കല്‍‌പിക്കപ്പെട്ട പഞ്ചകര്‍‌മ്മങ്ങളിലെ ഒരു കര്‍‌മ്മം എന്നതിലുപരി മറ്റു അനുഷ്‌‌ഠാനങ്ങളേയും കൂടുതല്‍ കൂടുതല്‍ മികവുറ്റതാക്കി വിളക്കി തിളക്കമാര്‍‌ന്നതാക്കാന്‍ ഉപകരിക്കുന്ന പരിശീലനഘട്ടം കൂടെയാണ്‌ റമദാന്‍.

ഓരോ റമദാന്‍ കാലവും സമൂഹത്തെ എല്ലാ അര്‍‌ഥത്തിലും ഉദ്ദരിക്കാന്‍ പ്രാപ്‌തരായ ഒരു പുതിയ സം‌ഘത്തെയാണ്‌ ലോകത്തിനു സം‌ഭാവന ചെയ്യുന്നത്.നിങ്ങള്‍‌ക്ക് മുമ്പുള്ള സമൂഹത്തിന്‌ നിര്‍‌ബന്ധമാക്കിയതു പോലെ നിങ്ങള്‍‌ക്കും വ്രതം നിര്‍‌ബന്ധമാക്കി എന്ന കല്‍‌പന വര്‍‌ത്തമാന കാലത്ത് ഏറെ പ്രസക്തമാക്കുന്ന ഖുര്‍‌ആനിക പ്രയോഗമത്രെ.അഥവാ എല്ലാ കാര്യങ്ങളും ആരോഗ്യകരമല്ലാത്ത ദര്‍‌പ്പണത്തില്‍ വായിച്ചെടുക്കുന്ന കാലത്ത് മറ്റൊരു സമൂഹത്തെ ഇണക്കി നിര്‍‌ത്തുന്ന പ്രയോഗം ഏറെ ഹൃദ്യമാണ്‌.വിശ്വാസികളുടെ മനസ്സിനേയും മസ്‌തിഷ്‌‌കത്തേയും മാനവികമായ ചിന്തകള്‍ പടര്‍‌ത്തുന്നതില്‍ വ്രതവിശുദ്ധിയുമായി ബന്ധപ്പെട്ട പ്രസ്തുത കല്‍‌പന ഏറെ സര്‍‌ഗാത്മകമത്രെ.

ഖുര്‍‌ആനിന്റെ പ്രകാശത്തെ സാധ്യമാകുന്നത്ര സ്വാം‌ശീകരിച്ച് സമൂഹത്തിലേക്ക്‌ പ്രസരിപ്പിക്കാന്‍ സാധ്യമാകുന്നതിലൂടെയാണ്‌ റമദാന്‍ സാര്‍‌ഥകമാകുന്നത്.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌‌ലാമി ഗുരുവായൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് നൗഷാദ് പി.എ യുടെ വസതിയില്‍ വെങ്കിടങ്ങ് ഹൽഖ സംഘടിപ്പിച്ച ബല്ലിഗ്‌നാ റമദാൻ എന്ന പരിപാടി ആഹില്‍ ഷെയ്‌ഖ് സഫറുദ്ദീന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ പ്രാരം‌ഭം കുറിച്ചു, സുലൈമാൻ അസ്ഹരി, അസീസ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.ഗുരുവായൂര്‍ ഏരിയ സെക്രട്ടറി മുഹമ്മദ് പി.എം സ്വാഗതം പറഞ്ഞു.

===========

04.03.2023