നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Aboobacker Mash

കിഴക്കേപുരയില്‍ മുഹമ്മദിന്റെയും മതിലകത്ത്‌ വീട്ടില്‍ അലീമയുടേയും മകനായി  1941 ജൂണ്‍ ഒന്നിനാണ്‌ അബുബക്കര്‍ മാഷുടെ ജനനം.ഹൈസ്‌കൂള്‍ പഠനത്തിന്‌ ശേഷം ടി.ടി.സി കരസ്ഥമാക്കി.1962ല്‍ എ.എം.എല്‍.പി സ്‌കൂളിലായിരുന്നു ആദ്യത്തെ നിയമനം.1964 ല്‍ നിലമ്പൂര്‍ ചുങ്കത്തറ എം.സി.എം സ്‌കൂളിലായിരുന്നു രണ്ടാമത്തെ ഊഴം.അധികം താമസിയാതെ 1964 ല്‍ തന്നെ വെന്മേനാട്‌ എം.എ.എസ്‌.എം യു.പി സ്‌കൂളിന്റെ പ്രാരം‌ഭ ദശയില്‍ പ്രഥമ അധ്യാപകനായി ചേര്‍‌ന്നു.എം.എ.എസ്‌.എം വിദ്യാലയത്തിന്റെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ചയില്‍ മാനേജ്‌മന്റുമായി സഹകരിച്ചു പ്രവര്‍ത്തന നിരതനായി.വെന്മേനാട്‌ എം.എ.എസ്‌.എം യു.പി വിഭാഗത്തില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്‌ഠിച്ചു.1996 ലായിരുന്നു അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ചത്.തന്റെ സർവീസ് കാലഘട്ടത്തിൽ തന്നെ ഈ വിദ്യഭ്യാസ സ്ഥാപനം ഹൈസ്കൂളായി ഉയർത്തുന്നതിനുവേണ്ടി മാനേജ്മെന്റ്മായി സഹകരിച്ചു അതു നടപ്പിൽ വരുത്തുകയും ചെയ്തു . ഇപ്പോൾ ഈ വിദ്യാഭ്യാസ സ്ഥാപനം തൃശൂർ ജില്ലയിലെ അറിയപ്പെടുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറിയായി പുരോഗമിച്ച ഒരു മാതൃക സ്ഥാപനമാണ്.
നല്ല നീന്തല്‍ കാരനും കാല്‍‌പന്തു കളിയിലും കൈപന്തു കളിയിലും ഒരുപോലെ തല്‍‌പരനുമായ അബൂബക്കര്‍ മാഷ്‌ മഹല്ലിലെ പ്രവര്‍‌ത്തനങ്ങളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.
തിരുനെല്ലൂര്‍ മഹല്ല്‌ സെക്രട്ടറി - പ്രസിഡന്റ്‌ എന്നീ പദവികള്‍ മാതൃകാപരമായി നിര്‍വഹിച്ചിട്ടുണ്ട്‌.ഗ്രാമത്തിലെ മാതൃകാ കര്‍‌ഷകര്‍ക്കുള്ള കര്‍‌ഷക ശ്രീ അവാര്‍‌ഡിനും അബൂബക്കര്‍ മാഷ്‌ അര്‍‌ഹനായിട്ടുണ്ട്‌.
രാഷ്‌ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും അതിന്റെ പോഷക വിഭാഗമായ കര്‍‌ഷക കോണ്‍ഗ്രസ്സിലും തന്റെ പാഠവം തെളിയിച്ചു.പ്രദേശത്തെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഏറെ ശോഭിച്ച എം.കെ പരീത്‌ സാഹിബ്‌,എം.കെ അഹമ്മദ്‌ സാഹിബ്‌ തുടങ്ങിയ സാമൂഹ്യ രാഷ്‌ട്രീയ പാരമ്പര്യമുള്ള തന്റെ സഹോദര, കാരണവന്മാരോടൊപ്പം,  നാടിന്റെ നാനാ തുറയിലുള്ള പുരോഗമന പ്രവര്‍‌ത്തനങ്ങളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ്‌ കിഴക്കേപുരയില്‍ അബൂബക്കര്‍ എന്ന അബു മാഷ്‌.