നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Shamsudheen Mash

1951 ല്‍ വെങ്കിടങ്ങ്‌ മുപ്പട്ടിത്തറയില്‍ കുഞ്ഞു മുഹമ്മദ്‌ മാഷുടേയും ഫാത്തിമ്മയുടേയും എട്ട്‌ മക്കളില്‍ മൂന്നാമത്തെ മകനായാണ്‌ ഷം‌സുദ്ദീന്‍ മാഷിന്റെ ജനനം.

ഏനാമാവ്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ നിന്നായിരുന്നു വിദ്യാഭ്യാസത്തിന്റെ പ്രാരം‌ഭം.
ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ്സിലും,സെന്റ്‌ തോമസ്സ്‌ തൃശൂരിലും കോളേജ്‌ പഠനം തുടര്‍‌ന്നു. കൂടാതെ അധ്യാപകര്‍‌ക്കുള്ള പ്രത്യേക ഇന്റര്‍ഗ്രേറ്റഡ്‌ കോഴ്‌സും ഉപരി പഠനവും കേന്ദ്ര സര്‍‌ക്കാറിന്റെ എന്‍.സി.ആര്‍.സി  നടത്തുന്ന മൈസൂറിലെ പ്രത്യേക കലാലയത്തിലാണ്‌ പൂര്‍‌ത്തീകരിച്ചത്‌.

ആഡ്രയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ 4 വര്‍‌ഷം അധ്യാപക ജിവിതം നയിച്ചു.തിരിച്ച്‌ നാട്ടിലെത്തി ഏനാമാവ്‌ സര്‍‌ക്കാര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപക ജിവിതം കരുപ്പിടിച്ചു.പിന്നീട്‌ 1979 മുതല്‍ പാടൂര്‍ അലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററിയില്‍ പ്രധാനാധ്യാപകനായി നിയമിതനായി.ഈ വിദ്യാലയത്തിലെ നിയമനത്തിന്റെ പിന്നില്‍ പിതാവിന്റെ സമയോചിതമായ ഇടപെടലും സഹായവും ആയിരുന്നു.ജിവിതത്തെ തന്നെ മാറ്റി മറിച്ച അല്ലെങ്കില്‍ ജിവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയ പ്രധാന ഘടകവും പടൂരിലെ അധ്യാപക വൃത്തിയായിരുന്നു എന്നതായിരിക്കണം ശരി.

എം.എ ലിറ്ററേച്ചര്‍,മാസ്‌റ്റര്‍ ഓഫ്‌ സയന്‍‌സ്‌ സൈകോളജി & കൗന്‍‌സിലിങ്,എം.എഡ്‌ തുടങ്ങിയ ബിരുദങ്ങളും കരഗതമാക്കി.

യശശ്ശരീനായ ബി.വി സീതി തങ്ങളുടെ മാനേജ്‌മന്റില്‍ തുടക്കമിട്ട പാടൂര്‍ അലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 27 വര്‍‌ഷ കാലത്തെ സേവനത്തിനു ശേഷം വിരമിച്ചു.2006 ല്‍ വിരമിച്ചതിനു ശേഷം പെരുവല്ലൂര്‍ മദര്‍ കോളേജിലും,കൊല്ലത്ത് സി.ബി.എസ്‌.ഇ ഇന്റര്‍ നാഷണിലും,ചാവക്കാട്‌ ഫോക്കസ്‌ ഇസ്‌ലാമിക് ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂളിലും അധ്യാപക വൃത്തിയുടെ വിവിധ മേഖലകളിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ അവസരം ലഭിച്ചു.

ഇരുനൂറില്‍ താഴെയുള്ള വിദ്യാര്‍‌ഥികളുമായി പ്രാരം‌ഭം കുറിച്ച പാടൂരിലെ വിദ്യാലയം ഘട്ടം ഘട്ടമായി രണ്ടായിരത്തോളം വിദ്യാര്‍‌ഥികള്‍ പഠിക്കുന്ന വിദ്യാലയമായി വളര്‍‌ന്നു.27 വര്‍‌ഷത്തെ അധ്യയന വര്‍‌ഷ കാലത്ത് 8000 ലേറെ വിദ്യാര്‍‌ഥികളുമായി ഇടപഴകാനും അവരുടെ  ഭാവി ജീവിതത്തെ കരുപിടിപ്പിക്കുന്നതില്‍ സര്‍‌ഗാത്മകമായ നിമിത്തമാകാനും സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വമാണ്‌ ഷം‌സുദ്ദീന്‍ മാഷ്‌.പാഠ്യ പഠ്യേതര വിഷയങ്ങളില്‍ ഒരു പൊതു വിദ്യാലയം അതി ശീഘ്രം വളര്‍‌ന്നു പന്തലിച്ചതിന്റെ കാര്യ കാരണങ്ങളില്‍ അമൂല്യമായ സം‌ഭാവന ചെയ്‌ത നിസ്വാര്‍‌ഥ സേവകനാണ്‌ ഷം‌സുദ്ദീന്‍ മാഷ്‌.ശിഷ്യന്മാര്‍‌ക്ക്‌ മാഷ്‌ എന്നു പറഞ്ഞാല്‍ ഒരു വികാരമാണ്‌.

പാടൂര്‍ പൊതു വിദ്യാലയത്തിന്റെ വര്‍‌ത്തമാന കാല വളര്‍‌ച്ചയുടെ മുഖ്യ ശില്‍‌പിയാണ്‌ ഷം‌സുദ്ദീന്‍ മാഷ്‌.വായനയും പഠന മനനങ്ങളിലും ഒഴിവ്‌ സമയങ്ങളെ സജീവമാക്കുകയാണ്‌ ഈ എളിമയുടെ നന്മയുടെ പ്രതീകം.സാമൂഹ്യ സാംസ്‌കാരിക രം‌ഗങ്ങളിലെ നിറ സന്നിധ്യവുമാണ്‌ ശിഷ്യ ഗണങ്ങളുടേയും പൊതു സമൂഹത്തിന്റേയും ആദരണീയനായ മാഷ്‌.

2013 മുതല്‍  മക്കളോടും പേരമക്കളോടും ഒപ്പം ഖത്തറില്‍ ഉണ്ട്‌.ഭാര്യ റാബിയ.പാടൂര്‍ വാണി വിലാസം സ്‌കൂളില്‍ അധ്യാപികയായിരുന്നു.രണ്ട്‌ ആണ്‍ മക്കള്‍ ഷാനിബ്‌ സിറ്റി എക്‌ചേഞ്ചിലും ഷാബിദ്‌ ഒറിക്‌സില്‍ ഐ.ടി എഞ്ചിയറായും ജോലി നോക്കുന്നു.മരുമക്കള്‍ ഐഷ, ഷഹന.