നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, May 15, 2017

സുഖാസ്വാദനങ്ങളുടെ കേദാരം

സുഖാസ്വാദനങ്ങളുടെ കേദാരമാണ് ഇഹലോകം.എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങൾ. സുഖാസ്വാദനങ്ങളിലേക്ക് മാടിവിളിക്കുന്ന ജീവിത പരിസരം . പണവും ആരോഗ്യവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാം. എങ്ങിനെയും ആസ്വദിക്കാം. നയനാനന്ദകരമായ കാഴ്ചകളും കർണ്ണാനന്ദകരമായ കളമൊഴികളും ആനന്ദലഹരിയിൽ ആറാടാൻ മനുഷ്യനെ ഉദ്ദീപിപ്പിക്കുന്ന ആകർഷകമായ കേന്ദ്രങ്ങളുമാണ് എങ്ങുമെങ്ങും.

മനുഷ്യൻറെ മൃദലവികാരങ്ങളെ തൊട്ടുണർത്തി തിന്മയിലേക്കാകര്‍ഷിക്കുന്ന ദൂഷിത വലയങ്ങളും. നന്മ തിന്മകളുടെ അതിരുകളെ വകവെക്കാതെ പാപങ്ങളിലേക്ക് എടുത്ത് ചാടുന്ന മനുഷ്യൻറെ ദൗര്‍ബല്യത്തെ ഖുർആൻ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം പ്രവാചകൻ (സ ) ഇപ്രകാരം പറഞ്ഞത്  " ഇഹലോകം സത്യവിശ്വാസികളുടെ നരകവും ,നിഷേധികളുടെ സ്വർഗ്ഗവുമാണെന്ന്." ഏതൊരു സംഭവത്തെയും സമീപിക്കുമ്പോൾ വിശ്വാസിക്ക് രണ്ടു വട്ടം ചിന്തിക്കേണ്ടി വരുന്നു - ഇത് ഹിതകരമാണോ. അഹിതമോ ? എന്നാൽ നിഷേധികളെ സംബന്ധിച്ച് അങ്ങനെയൊരു പ്രശ്നമുദിക്കുന്നില്ല. കയ്യേറ്റം നടത്തുന്ന നിഷേധികൾ കണ്ടതെല്ലാം തല്ലിത്തകർക്കുന്നു, കയ്യിലൊതുങ്ങുന്നതെല്ലാം കൊള്ളയടിക്കുന്നു, മാനാഭിമാനങ്ങളെ പിച്ചിച്ചീന്തുന്നു, അവശേഷിച്ചതെല്ലാം ചുട്ടെരിക്കുന്നു. എന്നാൽ തുല്യ നാണയത്തിൽ തിരിച്ചടിക്കാൻ വിശ്വാസികൾക്ക് അനുവാദമില്ല. അവൻറെ മുന്നിൽ വിശ്വാസത്തിൻറെ, ദൈവകല്‍പനകളുടെ പ്രവാചക വചനങ്ങളുടെ അനേകം ശാസനകളും നിർദേശങ്ങളും നിയമ കല്‍പനകളും പാലിക്കേണ്ടിയിരിക്കുന്നു.

ആദർശ സമൂഹത്തെ ഭൂലോകത്തു നിന്നും തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധരായി സർവ്വായുധ വിഭൂഷിതരായി നിലകൊണ്ടിരുന്ന ശത്രുക്കളെ നേരിടാൻ പുറപ്പെടുന്ന മുസ്ലിം സൈന്യത്തോട് പ്രവാചകൻ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്. " വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത്, ജലാശയങ്ങൾ നശിപ്പിക്കരുത്, വൃക്ഷങ്ങൾ വെട്ടിമുറിക്കരുത് ,ആരാധനാലയങ്ങളിൽ പ്രാർത്ഥനാ നിമഗ്നരായിരിക്കുന്നവരെ ശല്യം ചെയ്യരുത്." എത്ര മഹത്തായ മാനുഷിക മൂല്യങ്ങൾ! ലോകം കണ്ടതിൽ വെച്ചേറ്റവും മഹിതമായ  മനുഷ്യാവകാശ പ്രഖ്യാപനം.എന്നാൽ ഇന്നീ പ്രഖ്യാപനത്തെ ഏറ്റവും കൂടുതൽ ചവിട്ടി മെതിക്കുന്നവർ ആരാണ്?

ശീതീകരിച്ച ചില്ലുമേടയിലിരുന്ന് ,പുറത്തു് കത്തിയെരിയുന്ന സൂര്യന് ചുവട്ടിൽ തിളയ്ക്കുന്ന മരുഭൂമിയിൽ പഴന്തുണി കൊണ്ട് മേലാപ്പ് കെട്ടി കുടിവെള്ളം പോലും ഇല്ലാതെ ഒരുപറ്റം ജനങ്ങൾ നരകയാതന അനുഭവിക്കുമ്പോൾ , അവർക്ക് ഒരിറക്ക് വെള്ളമോ ഒരു കഷ്ണം റൊട്ടിയോ കൊടുത്തു കാരുണ്യത്തിൻറെ തൂവൽ സ്പർശം നൽകേണ്ടതിന് പകരം ഹിറ്റ്ലറിൻറെ ഗ്യാസ് ചാമ്പറിനെ വെല്ലും വിധം മാരകമായ വിഷം ശ്വസിപ്പിച്ചുകൊണ്ട്‌ നിസ്സഹായരായ നിരാലംബരായ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ജനസഞ്ചയത്തെ പിടഞ്ഞുമരിക്കാൻ - അതുകണ്ട് സായൂജ്യമടയുന്നത് ആരാണ്?.നാഥൻറെ മുന്നിൽ അണിയണിയായി നിന്നുകൊണ്ട് തങ്ങളുടെ ആവലാതികളും വേവലാതികളും സങ്കടങ്ങളും അർപ്പിച്ചുകൊണ്ട് പരിഹാരത്തിനായി മനമുരുകി പ്രാർത്ഥിക്കുന്ന നിസ്വാർത്ഥരായ വിശ്വാസികളുടെ നെഞ്ചകത്തേക്ക് വെടിയുണ്ട പായിച്ചുകൊണ്ട് ഇറ്റിറ്റു വീഴുന്ന കണ്ണീരിനു പകരം ചാലിട്ടൊഴുകുന്ന രക്തപ്പുഴകൾ പള്ളിയങ്കണത്തിൽ ഒഴുക്കുന്നതാരാണ് ?.അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളെ കൂട്ടുപിടിച്ചുകൊണ്ട് രാജ്യാതിർത്തിയുടെയും രാജ്യസുരക്ഷയുടെയും പേര് പറഞ്ഞു അല്ലാഹു കനിഞ്ഞരുളിയ , പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ ,സമുദായത്തിൻറെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമാകേണ്ട സമ്പത്ത് ശത്രുക്കൾക്ക് നൽകി പകരം വാങ്ങിക്കൂട്ടുന്ന ആയുധങ്ങൾ കൊണ്ട് സ്വന്തം ജനതയുടെ ചരമഗീതം രചിക്കുന്നതാരാണ്.? ഇസ്‌ലാമിൻറെ കഠിന ശത്രുക്കളോട് പോലും അരുത് എന്ന് എണ്ണിപ്പറഞ്ഞ പാതകങ്ങൾ ,സ്വന്തം ആദർശവും വിശ്വാസവും ഖിബ്‌ലയും ഖുർആനും തന്നെ പിന്തുടരുന്ന വിശ്വാസികൾക്ക് മേൽ നിഷ്ക്കരുണം പ്രയോഗിക്കുന്നത് എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും സാധൂകരണം ലഭിക്കുന്നതാണോ ? അതും ഇതേ അല്ലാഹുവിന്റെയും റസൂലിന്റെയും പേര്‍ പറഞ്ഞു കൊണ്ടാണ് എന്നുള്ളതാണ് വിരോധാഭാസം. ഇതിലേറെയും തങ്ങളുടെ ഗ്രൂപ്പുകളുടെ മേൽക്കോയ്മക്കും , തങ്ങൾ ഉപവിഷ്ടരായിരിക്കുന്ന സിംഹാസനങ്ങൾക്ക് ഇളക്കം തട്ടുമോ എന്ന ഭയപ്പാടോടെയും എന്നാകുമ്പോൾ അതിൻറെ ഗൗരവം വളരെ കൂടുന്നു.

അല്ലാഹുവിൻറെ അനുഗ്രഹം വേണ്ടുവോളം ഈ സമുദായത്തിൻറെ മേൽ വര്‍ഷിച്ചിട്ടുണ്ട്.അതിൻറെ ഉപയോഗം   അതിര്‍ കടക്കുമ്പോൾ പരീക്ഷണവും വേണ്ടുവോളമുണ്ടായിട്ടുണ്ട്. സ്വർണ്ണത്താലവും വെള്ളിക്കരണ്ടിയും ആയി കഴിഞ്ഞിരുന്ന കുവൈറ്റികൾ ഒരു നാൾ ,ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി തെരുവിൽ കടിപിടി കൂടുന്നത് നാം കണ്ടതാണ്. ധൂർത്തും പൊങ്ങച്ചവും അതിരുകവിയലും ഈ ഉമ്മത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. "ഭക്ഷണത്തളികയിൽ അവശേഷിക്കുന്ന അവസാന വറ്റും ഭക്ഷിക്കണം,ഒരു പക്ഷേ അതിലായിരിക്കാം അല്ലാഹുവിൻറെ ബർക്കത്ത് " എന്ന് പ്രാചകൻ പഠിപ്പിച്ചപ്പോൾ ഭക്ഷണ ശേഖരം ഒന്നാകെ കുഴിവെട്ടി മൂടാൻ നമുക്ക് ഒരു സങ്കോചവുമില്ല. നാം പാഴാക്കുന്ന ഓരോ മണി അന്നവും അത് മറ്റൊരുത്തന്റെ വയറിന്റെ അവകാശമാണെന്ന് എന്നാണ് നാം തിരിച്ചറിയുക'.

പിന്നെ ഇന്നത്തെ സൗഭാഗ്യത്തെ കുറിച്ച് അന്നാളിൽ തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്." (അത്തകാസുർ - 8 ) ഈ സൂക്തം ഓതി കേൾപ്പിച്ചപ്പോൾ ഉമർ (റ ) ഗദ്ഗദത്തോടെ ചോദിച്ചു: പ്രാവാചകരേ , ഇനിയും ഞങ്ങളിൽ നിന്ന് എന്താണ് അള്ളാഹു ചോദ്യം ചെയ്യുക ? അല്ലാഹുവിന് വേണ്ടി ഞങ്ങളുടെ സ്വത്തും നാടും കുടുംബവും എല്ലാം വിട്ടേച്ചു താങ്കളുടെ കൂടെ ഇറങ്ങി പോന്നവരാണ് ഞങ്ങൾ .താങ്കളോടൊപ്പം അല്ലാഹുവിൻറെ തൃപ്തി മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇനിയും ഞങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നോ ? അവിടുന്ന് പ്രതിവചിച്ചു." നിങ്ങൾ കഠിനമായ ചൂടിൽ നടന്നു പോകുമ്പോൾ ഒരു തണൽ മരം കൊതിക്കാറില്ലേ, അതിന് ചുവട്ടിൽ നിങ്ങൾ വിശ്രമിക്കാറില്ലേ ? കടുത്ത ദാഹം അനുഭവപ്പെടുമ്പോൾ അരുവിയിൽ നിന്നും തണുത്ത ജലം കുടിച്ചു ദാഹമകറ്റാറില്ലെ ? ഇതെല്ലാം അല്ലാഹുവിൻറെ അനുഗ്രഹമാണ് അതിന് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്."

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അനുഭവിക്കുമ്പോൾ ആ രക്ഷിതാവിൻറെ കാരുണ്യത്തെയും കൃപയെയും സ്മരിക്കണം.അവനു നന്ദിയും സ്തുതിയുമർപ്പിക്കണം.അതല്ലാതെ കൃപാലുവും അനുഗ്രഹ ധാതാവുമായ രക്ഷിതാവിനെ വിസ്മരിക്കുവാനും അവൻറെ മാർഗ്ഗത്തിൽ നിന്നും വഴിമാറി സഞ്ചരിക്കാനുമാണ് ഭൂമിയിലെ ആസ്വാദനങ്ങൾ അനുഭവിക്കുന്നതെങ്കിൽ നാം നഷ്ടക്കാരിൽ പെട്ടുപോകുമെന്നത് തീർച്ചയാണ്.

അബ്‌‌‌ദുല്‍ ഖാദര്‍ പുതിയവീട്ടിൽ