പ്രവാസി വെല്‍ഫെയര്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ശ്രീ.ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്‌ക്ക് മണലൂര്‍ മണ്ഡലം ഒരുക്കിയ സ്വീകരണപരിപാടി എഫ്.സി.സി ഹാളില്‍ സംഘടിപ്പിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം പ്രാരംഭം കുറിച്ച സംഗമം സഹൃദയരുടെ പങ്കാളത്തം കൊണ്ട് ധന്യമായി.
ജനാധിപത്യ സംവിധാനത്തിലും മതനിരപേക്ഷതയിലും ചരിത്ര പ്രസിദ്ധമായ നമ്മുടെ രാജ്യം ഇപ്പോള്‍ എത്തി നില്‍ക്കുന്ന അതി സങ്കിര്‍ണ്ണവും ശോചനീയവുമായ അവസ്ഥയും വ്യവസ്ഥയും ഭാവി രാഷ്‌ട്രത്തെ കുറിച്ച് ചിന്തിക്കുന്ന ആരെയും വ്യാകുലപ്പെടുത്തും.ഈ ജീര്‍ണ്ണാവസ്ഥയെ കുറിച്ച് അതി സൂക്ഷ്‌മമായി വിലയിരുത്താനും വ്യാകുലപ്പെടാനും സമര നൈരന്തര്യത്തോടെ പ്രവര്‍ത്തിക്കാനും അധികമാരും ഇല്ല എന്നതാണ് വസ്‌തുത.ഈ സാഹചര്യത്തില്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരദാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കുകയില്ല.നേതാക്കള്‍ ഓര്‍മപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റെ ശ്രീ.ചന്ദ്രമോഹനനെ അണികളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ആരംഭം.തുടര്‍ന്ന് പ്രാദേശിക സംസ്ഥാന നേതാക്കള്‍ക്കും സ്വീകരണം നല്‍കി.
മണലൂര്‍ മണ്ഡലം പ്രസിഡന്റ് അലി ഹസൻ അധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുനീഷ് എസി, നടുമുറ്റം പ്രസിഡന്റ് സന നസീം,തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കജന്‍ ജോണ്‍സണ്‍,നദീം നൂറുദ്ദീന്‍,ഇബ്രാഹീം, നിയാസ്,മുഫീദ നദീം തുടങ്ങിയ മണ്ഡലം ജില്ലാ സംസ്ഥാന നേതാക്കള്‍ വേദിയെ സമ്പന്നമാക്കി.
കവിതാവതരണവും കുട്ടികളുടെ ഗാനാലാപനവും ആസ്വാദ്യകരമായിരുന്നു.
മണ്ഡലത്തിലെ സാഹിത്യ സാംസ്‌ക്കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കവി അസീസ് മഞ്ഞിയിലിനേയും ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ മേഖലയിലുള്ള പഠിതാക്കളേയും ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്‍കി പ്രത്യേകം ആദരിച്ചു.മുന്‍ സംസ്ഥാന സെക്രട്ടറി ഷംസീര്‍ കേച്ചേരി പരിപാടികള്‍ നിയന്ത്രിച്ചു.
മണ്ഡലത്തിലെ സീനിയര്‍ അംഗം എന്‍.പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഒരു ടീം സംഗമത്തിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി.
============
============