നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, July 8, 2025

ഉദയം സീനിയേര്‍‌സ് സം‌ഗമം

ഉദയമ്പഠനവേദിയുടെ ഇപ്പോള്‍ ദോഹയിലുള്ള സീനിയറുകള്‍ കുടും‌ബ സമേതം ഒത്തുകൂടി. തൊണ്ണൂറുകളിലായിരുന്നു ഈ മത സാമൂഹ്യ സാം‌സ്‌ക്കാരിക പഠനവേദി ഉദയം കൊണ്ടത്. 

പ്രദേശത്തെ മഹല്ല് വാസികളില്‍ യഥാര്‍ത്ഥ ഇസ്ലാമിക ചിന്തയും, സംസ്‌കാരവും വളര്‍ത്തിയെടുക്കാനും, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ശുദ്ധമായ അടിത്തറ കെട്ടിപ്പടുക്കാനും ഉതകും വിധമുള്ള അജണ്ടകള്‍‌ക്കും ആസൂത്രണങ്ങള്‍‌ക്കും പ്രാമുഖ്യം നല്‍‌കുന്നതാണ്‌ ഉദയം പഠനവേദിയുടെ കര്‍‌മസരണി. 

ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.ദാനധര്‍‌മങ്ങളുടെ യഥവിധിയുള്ള സമാഹരണവും വിതരണവും,ഫിത്വര്‍ സകാത്ത് സംഭരണവും വിതരണവും മഹല്ല്‌ കേന്ദ്രീകത ഉദുഹിയത്ത്,വെള്ളിയാഴ്ചകളിലെ മാതൃഭാഷയിലെ ഉദ്‌ബോധനം,വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള താല്‍പര്യം,മാന്യമായ വേഷവിധാനങ്ങളോടുള്ള ആഭിമുഖ്യം സാമുദായികതയുടെ കുടുസ്സില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന മാനവിക വീക്ഷണത്തിലേയ്‌ക്കുള്ള വളര്‍ച്ച തുടങ്ങിയവ എടുത്ത് പറയാവുന്ന മാറ്റങ്ങളില്‍ ഉദയം പഠനവേദിയുടെ സ്വാധീനവും പ്രസ്താവ്യമാണ്‌.

പുതിയ കാലത്തിന്റെ തേട്ടമനുസരിച്ചുള്ള പുതുപുത്തന്‍ വിഭാവനകളുമായി ഭാവിതലമുറയെ ഈ ദൗത്യത്തിന്റെ പിന്‍‌മുറക്കാരാക്കാനുള്ള ബോധപൂര്‍‌വമായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന്‌ അടിവരയിട്ട് കൊണ്ട് സം‌ഗമം സമാപിച്ചു.

അസീസ് മഞ്ഞിയില്‍.എന്‍.പി അഷ്‌റഫ്,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,അബുദുല്‍ ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.