പ്രൃകൃതിയുടെ മാസ്‌മരികതയെ കുറിച്ചും മനോഹാരിതയെ കുറിച്ചും കവികൾ പാടിയിട്ടുണ്ട്. പ്രകൃതിയുടെ ഹൃദയം തൊട്ടു കൊണ്ട് സാഹിത്യകാരന്മാർ തൂലിക ചലിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ ചിത്രകാരന്മാർ തങ്ങളുടെ കാൻവാസിലേക്ക് യഥാവിധി പകർത്തിയതിന്റെ എത്രയോ അനുഭവ സാക്ഷ്യങ്ങളും നമുക്കു മുന്നിലുണ്ട്.
കാമറക്കണ്ണിലൂടെ മനുഷ്യ ജീവിതവും ഭൂമിയും കടലും ആകാശവും നക്ഷത്രങ്ങളും എന്നു വേണ്ട, എല്ലാമെല്ലാം ഒപ്പിയെടുത്ത കേരളത്തിലെ ഫ്രീലാൻസ് ഫൊട്ടൊ ഗ്രഫർമാർക്കിടയിലേക്ക് ഭാവനാസമ്പന്നനായ ഒരാൾ - ഇംതിയാസ് ഇഖ്ബാൽ തന്റെ ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങളുമായി സാന്നിദ്ധ്യം അറിയിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.
അറ്റമില്ലാത്തവയാണ് വ്യക്തി ജീവിതത്തിലെ അഭിരുചികൾ. മിയ്ക്കവാറും എല്ലാവർക്കും ജന്മനാൽ തന്നെ വ്യത്യസ്‌തങ്ങളായ കഴിവുകൾ ഉള്ളവരായിരിക്കും. കല/ സാഹിത്യം / ശാസ്ത്രം / തുടങ്ങി ഏത് മേഖലയിൽ ആയിരുന്നാലും ജന്മനാലുള്ള കഴിവുകൾക്കപ്പുറം അതിനെ വളർത്തിയെടുത്ത് പരിപോഷിപ്പിച്ചവർ ആ മേഖലയിൽ വിജയം കൊയ്‌തിട്ടുണ്ട്. അല്ലാത്തവരും വിജയം വരിച്ചിട്ടുണ്ട്. സാഹചര്യങ്ങളാണ് അതിന് അവരെ പ്രാപ്‌തരാക്കുന്നത്.
ഇവിടെ , ഇംതിയാസ് എന്ന ചെറുപ്പക്കാരൻ ലോകത്തെ കാണുന്നത് തന്റെ കാമറക്കണ്ണിലൂടെയാണ്. ആ കാഴ്ചകൾക്ക് കാൽപനികതയുടെയും കാവ്യാത്മകതയുടെയും സ്പർശമുണ്ട്. എല്ലാവരും കാണുന്ന കാഴ്ച്ചക്കപ്പുറത്ത്, പ്രകൃതിയിൽ നിന്നും മനുഷ്യ ജീവിതങ്ങളിൽ നിന്നും ഒപ്പിടുക്കുന്ന ചിത്രങ്ങൾക്കരികിൽ സ്വന്തമായ ഒരു മേൽ വിലാസം കൂടി ചേർത്തു വയ്ക്കാൻ ഈ ഫോട്ടൊഗ്രഫർ കാണിക്കുന്ന കൈയൊതുക്കവും ഏകാഗ്രതയും പ്രശംസനീയമാണ്.
ഫോട്ടൊഗ്രഫിയിലേക്കുള്ള താൽപര്യത്തിന് ജാഅ്‌ഫർ എന്ന അമ്മാവനോടാണ് ഇംതിയാസ് കടപ്പെട്ടിരിക്കുന്നത്. വിദേശത്ത് ജോലിയുള്ള അദ്ദേഹം ഒരിക്കൽ അവധിക്കാലം കഴിഞ്ഞ് തിരികെ പോകുമ്പോൾ , കൈവശമുണ്ടായിരുന്ന കാമറ കൊണ്ടുപോയില്ല. ആ കാമറയോട് ഇംതിയാസിന് ഒരിഷ്‌ടം തോന്നുക മാത്രമല്ല, പ്രാഥമിക കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ചില ചിത്രങ്ങൾ പകർത്തിയപ്പോൾ സ്വാഭാവികമായും അതിനോട് കൂടുതൽ അടുപ്പം തോന്നുകയും അതിലൂടെ ഫോട്ടൊഗ്രഫി എന്ന കല തനിക്ക് വഴങ്ങുമെന്ന ആത്മവിശ്വാസത്തോടെ ഇംതിയാസ് കൂടുതൽ മിഴിവും വ്യത്യസ്‌തയുള്ള ചിത്രങ്ങൾ പകർത്തുവാനും തുടങ്ങി.
തൃശൂർ കേരള വർമ്മ, സെന്റ് തോമസ്, വിമല, അൻസാർ, ദേവഗിരി, തേവര സേക്രട്ട് ഹാർട്ട്, രാജഗിരി, യു.സി. ആലുവ, തുടങ്ങി കേരളത്തിലെ മിക്കവാറും എല്ലാ കോളേജുകളിലും നടത്തപ്പെട്ട ഫോട്ടൊഗ്രഫി മത്സരങ്ങളിൽ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ 23 തവണയാണ് ഈ പ്രതിഭയുടെ കഴിവ് അംഗീകരിക്കപ്പെട്ടത്.അപൂർവ്വമായ പ്രതിഭയുള്ളവർക്കേ ഇത് സാധ്യമാകൂ. 2021ല്‍ മലയാള പുരസ്‌കാരം 1197 ഇംതിയാസിനെ തേടിയെത്തിയിരിക്കുന്നു.
23 വയസ്സിലേക്ക് പ്രവേശിക്കുന്ന ഹൃസ്വമായ കാലയളവിൽ ഏതെങ്കിലും ഒരു മേഖലയിൽ ഇംതിയാസ് ഒന്നാം സ്ഥാനക്കാരനായത് 2018 ൽ 19-ാം വയസ്സിലാണ്. ആ ഒന്നാം സ്ഥാനം ലഭിച്ചത് ഫോട്ടൊ ഗ്രഫിയിലൂടെയും. പിന്നീടായിരുന്ന 23 ലേക്കുള്ള ആ ജൈത്രയാത്ര ...!
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർസോൺ കലാ മത്സരങ്ങൾ, സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങൾ തുടങ്ങി ഒട്ടേറെ വേദികളിൽ ഇംതിയാസിന്റെ കാമറയുടെ വെളിച്ചം മിന്നിത്തെളിഞ്ഞിട്ടുണ്ട്.
കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിക്കപ്പെട്ട മൊബൈൽ ഫോട്ടൊഗ്രഫി മത്സരത്തിൽ ഈ മിടുക്കൻ രണ്ടാം രണ്ടാം സ്ഥാനം നേടിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനിൽ നിന്നാണ് ആ പുരസ്ക്കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. പത്രപ്രവർത്ത യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ 250 ഫോട്ടൊഗ്രഫർമാരുടെ ചിത്ര പ്രദർശനത്തിൽ ഇംതിയാസിന്റെ ചിത്രവും ഉൾപ്പെട്ടിരുന്നു.
കോവിഡിനുമുമ്പുള്ള സ്‌കൂള്‍ കലോത്സവ വേദിയുടെ പുറം കാഴ്ച്ചകളിൽ നിന്നും ഇംതിയാസ് പകർത്തിയ ഉറങ്ങുന്ന അമ്മക്കരികിൽ ഉണർന്നിരിക്കുന്ന തെരുവ് ബാലികയുടെ ശ്രദ്ധേയ മായ ചിത്രം വളരെ പ്രാധാന്യത്തോടെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൺമുന്നിൽ കാണുന്ന കാഴ്ച്ചകളെ ഉൾക്കണ്ണുകളിൽ കണ്ട് നിമിഷങ്ങൾക്കുള്ളിൽ അതിനൊരു ഭാവുകത്വം രൂപപ്പെടുത്തി കാമറ കണ്ണിലൂടെ പകർത്തിയെടുക്കുന്ന ഇംതിയാസിന്റെ ജീവനുള്ള ഫോട്ടൊകൾക്ക് ഒട്ടേറെ കഥകൾ പറയാനുണ്ട്.ക്ലാസ്സ് മുറികളിലെ നിഷ്‌കളങ്ക ബാല്യങ്ങൾ മുതൽ വളരെയേറെ പ്രായം ചെന്ന വൃദ്ധർ വരെയുള്ള നിരവധിയായ ചിത്രങ്ങൾ .....
ഉള്ളിലെ ദുഃഖങ്ങൾ കത്തിയമർന്ന് ചാരമാകുമ്പോൾ നഷ്‌ടം സംഭവിക്കുന്നത് സിഗററ്റ് കച്ചവടക്കാരനല്ല എന്ന അടിക്കുറിപ്പിൽ ഇംതിയാസ് പകർത്തിയ, പുകവലിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ മനോഹരമായൊരു ചിത്രം അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ കണ്ടത് ഇപ്പൊഴും ജീവനോടെ ഉള്ളിലുണ്ട്.
പുലിക്കളി മത്സരത്തിൽ പങ്കെടുക്കാൻ പുലിയായി മാറിയ ഒരാൾ കണ്ണട ധരിച്ച് പുകവലിക്കുന്ന ചിത്രം, പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ദുൽഖർ സൽമാന്റെ വ്യത്യസ്ഥ ഭാവങ്ങളുടെ പകർപ്പുകൾ തുടങ്ങി ശ്രദ്ധേയങ്ങളായ ധാരാളം ചിത്രങ്ങൾ പകർത്തിയ , ഫോട്ടൊഗ്രഫി എന്ന കലയിലെ ഭാവി പ്രതീക്ഷയായ ഇംതിയാസ് വേത്തിൽ ഇഖ്ബാലിന്റെ മകനാണ്. എഡിറ്റിങ്ങിലും പ്രതിഭ തെളിയിച്ച ബി.എ. മൾട്ടിമീഡിയ ബിരുദമുള്ള ഇംതിയാസിന്റെ കാമറക്കണ്ണിലൂടെയുള്ള ഇന്ദ്രജാലങ്ങൾക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം....
........
റഹ്‌മാന്‍ തിരുനെല്ലൂര്‍