നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, July 21, 2025

ഹഫ്‌സത്ത ഇനി ഓര്‍‌മകളില്‍

സാഹിബ ഹഫ്‌സത്ത് (63) വിടപറഞ്ഞിരിക്കുന്നു. കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ സൈദുമുഹമ്മദ്‌ മൗലവിയുടെ നാലാമത്തെ മകൾ.പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്തിന്റെ പ്രിയതമ.

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും പ്രവര്‍‌ത്തിച്ചിരുന്നു.

വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍‌സ്ഥനില്‍  ഖബറടക്കി.മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.

ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഹഫ്‌സത്തയുടെ സവിശേഷതയാണ്‌. മാസങ്ങള്‍‌ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ വിദേശത്തേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍‌ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ 'മോനേ വായിക്കാന്‍ കിട്ടിയ അസുലഭാവസരം' എന്നായിരുന്നു അവരുടെ നര്‍‌മം കലര്‍‌ന്ന വര്‍‌ത്തമാനം.

ജീവിതത്തിലെ ഏതു പ്രതിസന്ധിയും പ്രതിബദ്ധങ്ങളും അനുകൂലമാക്കി ചിന്തിക്കുകയും ദൃഡ ചിത്തതയോടെ ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുക എന്ന അതി മനോഹരമായ പാഠം തനിക്ക് ചുറ്റുമുള്ളവര്‍‌ക്ക് അനുഭവേദ്യമാക്കി കൊടുക്കുന്നതില്‍ വിജയിച്ച മഹതിയായിരുന്നു സ്‌നേഹ നിധിയായ ഹഫ്‌സത്ത.

പാടൂരും പരിസര പ്രദേശങ്ങളിലും വിശിഷ്യാ സ്‌ത്രീകള്‍‌ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്‌. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍‌പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.

എത്ര കടുത്ത ജീവിത പരീക്ഷണങ്ങള്‍‌ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന്‌ പ്രഥമ പ്രാധാന്യം കല്‍‌പിക്കുന്ന പാറിപ്പറന്നു നടക്കുന്ന ചിറകുള്ള മാലാഖ.

അം‌ഗപരിമിതനായി ജനിച്ച ആദ്യത്തെ കണ്‍‌മണി മിഖ്‌ദാദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹതി മറ്റുമക്കളുടെ വിദ്യാഭ്യാസത്തിലും  തുടര്‍ പഠനങ്ങളില്‍ ശ്രദ്ദകേന്ദ്രീകരിക്കുന്നതിലും അതീവ ജാഗ്രത പുലര്‍‌ത്തി എന്നതും എടുത്തു പറയേണ്ടത് തന്നെ.

ബുദ്ധിമാന്ദ്യം എന്ന പ്രയോഗത്തെ തന്നെ പൂര്‍‌ണ്ണമായും അപ്രസക്തമാക്കി മിഖ്‌ദാദ് ഉമ്മയെ കുറിച്ച് ഓര്‍‌ക്കുന്നതും പറയുന്നതും ഹൃദയഭേദകമാണ്‌.ഉമ്മയുടെ വേര്‍‌പാടിന്‌ ശേഷം അവനില്‍ ക്ഷിപ്രവേഗത്തിലെന്ന പോലെ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.. 

തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുമാസം പോലെ പത്തുവയസ്സുവരെയും  ചുമന്നു നടന്നിരുന്ന ആ സ്‌നേഹനിധിയായ ഉമ്മ ഇനിയില്ല....

പാടൂര്‍ ഗ്രാമത്തില്‍ പലര്‍‌ക്കും ഹഫ്‌സത്ത്  ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ്.പരീക്ഷണങ്ങൾ ഒന്നിനു പുറകെ ഒന്നായി ഏറെ അഭിമുഖീകരിക്കേണ്ടി വന്നു എങ്കിലും അവരുടെ വിശ്വാസം ദൃഡ നിശ്ചയം കർമ മണ്ഡലത്തിൽ നൈരന്തര്യം കാത്ത് സൂക്ഷിക്കാനായ മഹതി.ഒരുഗാമം മുഴുവന്‍ ഉണര്‍‌ന്നിരുന്ന്‌ യാത്രയാക്കിയ പ്രിയപ്പെട്ട ഹഫ്‌സത്ത ഇനി ഓര്‍‌മകളില്‍.

പ്രാര്‍‌ഥനകളോടെ

അസീസ് മഞ്ഞിയില്‍