നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, September 21, 2025

മുഹമ്മദലി സാഹിബ് വിടപറഞ്ഞു

 

എ.മുഹമ്മദലി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.രോഗ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ടുമാരിൽ ഒരാളും, ഏറെക്കാലം ഐഡിയൽ ഇന്ത്യന്‍ സ്കൂൾ പ്രസിഡണ്ടുമായി സേവനം ചെയ്‌തിരുന്നു.നാട്ടിൽ കേരള ജമാഅത്തിന്റെ ജനറൽ  സെക്രട്ടറി ചുമതല, മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി, എഐസിഎൽ, മാധ്യമം തുടങ്ങിയവയുടെ ഉയർന്ന ഉത്തരവാദിത്തങ്ങൾ എന്നിവ നിർവഹിച്ചിട്ടുണ്ട്.


കണ്ണീർ മഴയത്ത്

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍  മുശേരിബ് യൂണിറ്റില്‍ മുപ്പതില്‍ കുറയാത്ത അം‌ഗങ്ങള്‍ ഉണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.

അതില്‍ പലരും ഖത്തര്‍ വിട്ടു പോയവരും ഈ ലോകത്തോട്‌ വിടപറഞ്ഞവരും ഉണ്ട്.പി അബ്‌‌ദുല്ല കുട്ടി മൗലവി,എ.വി അബ്‌‌ദുല്‍ മജീദ് സാഹിബ്,ഷാഹുല്‍ ഹമീദ് സാഹിബ്,ജുനൈദ് മാള,എം.ടി കുഞ്ഞലവി,എം.ടി ഇസ്‌‌മാഈല്‍,എ.സൈനുദ്ദീന്‍,ടി.കെ അബ്‌ദു റഹ്‌‌മാന്‍,അബ്‌ദുല്‍ ശുകൂര്‍ കണ്ണൂര്‍,അബ്‌ദുല്‍ ശുകൂര്‍ തൃശൂര്‍,ഷരീഫ് ടൈലര്‍,കുഞ്ഞു മുഹമ്മദ് കോഡൂര്‍,അഷ്‌‌റഫ് നന്മണ്ട,റഷീദ് വടകര,കെ.കെ ഇബ്രാഹീം,സി.വി ഇസ്‌‌മാഈല്‍,ഗള്‍‌ഫ് എയര്‍ മൂസ സാഹിബ്,കെ.കെ അലി മാഹി,യൂനുസ് സലീം,എം അബ്‌ദുല്‍സലാം,എ.മുഹമ്മദലി സാഹിബ് ആലത്തൂര്‍, നാസിമുദ്ദീന്‍ കുന്ദമം‌ഗലം,ഒ.പി അബ്‌‌ദു റഹ്‌‌മാന്‍,എ.ടി ഉമ്മർ,പി.വി ഷരീഫ്,വി.ടി ഫൈസല്‍,അബ്‌‌ദു സലാം  കോട്ടയം,മുഹമ്മദ് സുലൈമാൻ കൂർക്കഞ്ചേരി,മുഹമ്മദ് അൻവർ തിരൂർക്കാട്,അബ്‌‌ദു റഹീം, തുടങ്ങി വലിയ ഒരു നിര മുശേരിബില്‍ ഉണ്ടായിരുന്നു.ഈ കുറിപ്പുകാരനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ സം‌ഘത്തിലുണ്ടായിരുന്ന എ മുഹമ്മദലി സാഹിബ് ഇതാ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു.

അക്കാലത്ത് സ്റ്റഡിസര്‍‌ക്കിളുകള്‍ എറെ സജീവമായി നടന്നിരുന്ന കാലമായിരുന്നു.മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട ഒരാള്‍ പ്രബന്ധം അവതരിപ്പിക്കും.ശേഷം ചര്‍‌ച്ചകളും ഉണ്ടാകും.കൂടാതെ ഗാനങ്ങളും കവിതകളും വാര്‍‌ത്താവലോകനവും ഒക്കെ അജണ്ടയിലുണ്ടാകും.

പ്രബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിസ്‌തരം ചര്‍‌ചെയ്യും എന്നതിലുപരി.ഭാഷാ പ്രയോഗങ്ങളുടെ സൂക്ഷ്‌മമായ പ്രയോഗവും വ്യാകരണ രീതിവരെ ഒന്നൊന്നായി സാവകാശം പറഞ്ഞു തരുന്നതുപോലെ - പഠിപ്പിച്ചു തരും പോലെയായിരുന്നു മുഹമ്മദലി സാഹിബ് തന്റെ ഊഴം സമ്പന്നമാക്കിയിരുന്നത്.ഭാഷാപഠന ശിബിരമാണോ എന്നൊക്കെ സം‌ശയിച്ചു പോകും വിധം സ്റ്റഡിസര്‍‌ക്കിളുകള്‍ ഉന്നത നിലവാരം പുലര്‍‌ത്തിയിരുന്നു.അറബി ഭാഷയുടെ ഉച്ചാരണ ശുദ്ധിപോലെ മലയാള ഭാഷയുടെ മഖ്‌റജുകള്‍ ആദരണീയനായ സാഹിബിന്‌ പഥ്യമായിരുന്നു എന്ന് പറയാം.

ഒരിക്കല്‍ സ്റ്റഡി സര്‍‌ക്കിള്‍ യോഗത്തില്‍ അവതാരകനും മറ്റു പ്രഭാഷകരുടെയും അവസരങ്ങള്‍‌ക്ക് ശേഷം മുഹമ്മദലി സാഹിബ് തന്റെ അധ്യക്ഷ പ്രഭാഷണത്തില്‍ ഭാഷാപരമായ ന്യൂനതകളെയും പ്രയോഗങ്ങളിലെ താളപ്പിഴകളെയും കുറിച്ചായിരുന്നു ആദ്യം സം‌സാരിച്ചത്.ഇതര ഭാഷകളില്‍ കര്‍‌മണി പ്രയോഗവും കര്‍‌ത്തരി പ്രയോഗവും ഭം‌ഗിയായി കൈകാര്യം ചെയ്യുന്നവര്‍ പോലും മലയാളത്തില്‍ ഈ സൂക്ഷ്‌മത പുലര്‍‌ത്താറില്ല എന്ന് അദ്ദേഹം പരിതപിച്ചു.അവസരത്തിലും അനവസരത്തിലും കര്‍‌മണി പ്രയോഗങ്ങള്‍ നടത്തി ആശയം തന്നെ തലതിരിക്കപ്പെടുന്ന കാര്യവും അദ്ദേഹം സദസ്സിനെ ഉണര്‍‌ത്തി.

ഒരിക്കൽ മലയാള ഭാഷയിലെ ഏകവചന ബഹുവചന പ്രയോഗങ്ങളിൽ പൊതുവേ ആളുകൾ കാണിക്കുന്ന അനാസ്ഥ അതല്ലെങ്കിൽ ഗൗരവം ഇല്ലായ്മ അദ്ദേഹം പ്രതിപാദിച്ചത് ഓർമ്മയുണ്ട്.

ഇംഗ്ലീഷ് ഭാഷയിൽ ഏകവചനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കുന്ന സൂക്ഷ്മത മലയാളത്തിൽ ആവുമ്പോൾ അധികപേരും കാണിക്കാറില്ലത്രെ.

 ഒരു ഉദാഹരണം പറയാം. ഓരോ എന്ന ഏകവചന പ്രയോഗാനന്തരം ഏകവചനം വാമൊഴിയിലും വരമൊഴിയിലും പാലിക്കപ്പെടാറില്ല.

ഓരോ മനുഷ്യനും എന്നതിനു പകരം ഓരോ മനുഷ്യരും എന്ന തെറ്റായ പ്രയോഗമാണ് നമുക്ക് പഥ്യം.

എന്നാൽ മലയാളേതര ഭാഷയിൽ ഇത്തരം ഭാഷാപരമായ പിഴവ് സാധാരണ ഗതിയിൽ ഉണ്ടാകാറുമില്ല.അദ്ദേഹം പറഞ്ഞു.

മറ്റൊരിക്കല്‍ ഒരു മാധ്യമ പ്രവര്‍‌ത്തകന്‍,അക്കാലത്ത് കത്തിനിന്നിരുന്ന ഒരു സം‌ഘടനയുടെ വളര്‍‌ച്ചയും അതിന്റെ നേതാവിന്റെ പ്രഭാഷണ മികവും ആഗോള മാധ്യമങ്ങള്‍ പ്രസ്‌തുത സം‌ഘത്തെയും അതിന്റെ സാരഥിയേയും കൊണ്ടാടുന്നതിനെ കുറിച്ചുമൊക്കെ അതിശയോക്തിയോടെ സം‌സാരിക്കുകയും പ്രസ്ഥാനത്തിന്റെ മെല്ലെപോക്കിനെ പരോക്ഷമായി വിമര്‍‌ശനവിധേയമാക്കുകയും ചെയ്‌തു.ആദരണീയരായ വ്യക്തിത്വങ്ങള്‍ അന്ന് പ്രകടിപിച്ച മറുപടി ശ്രദ്ദേയമത്രെ.

ആഗോള മീഡിയകള്‍ ആഘോഷിക്കുന്നതില്‍ വലിയ ആവേശമൊന്നും വേണ്ടതില്ല.ഈ വ്യക്തിയെ പിടിച്ചു കെട്ടാനുള്ള മറ്റൊര്‍‌ഥത്തിലുള്ള ആഹ്വാനമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു മുഹമ്മദലി സാഹിബിന്റെ പ്രതികരണം.

കടലാസ് കത്തി തീരും പോലെ കത്തി തീരാനുള്ളതല്ല ഈ പ്രസ്ഥാനം,മറിച്ച് ഉമിക്ക് തീ പിടിച്ചതു പോലെയാണ്‌.അത് സാവകാശമെടുത്ത് കത്തി പടരാനുള്ളതാണ്‌ എന്നായിരുന്നു മൗലവിയുടെ വിശദീകരണം.

വര്‍‌ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ നാമതിനു സാക്ഷികളാണ്‌. എത്ര സൂക്ഷ്‌മമായിരുന്നു നേതാക്കളുടെ  നിരീക്ഷണം.

വളരെ കുറഞ്ഞകാലം മാത്രം കണ്ടും കേട്ടും പരിചയിച്ച ബഹുമാന്യനായ എ മുഹമ്മദലി സാഹിബിന്റെ വിയോഗം കണ്ണുകള്‍ ഈറനണിയിക്കുന്നു.

പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗഹിക്കട്ടെ എന്ന പ്രാര്‍‌ഥനയോടെ.

അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
===========