നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 21, 2016

ആദർശത്തിന്റെ ശക്തി


 
ആദർശത്തിന്റെ ശക്തി.അക്‌ബര്‍ എം.എ.
ശത്രുക്കളെ മിത്രങ്ങളും മർദകരെ മനഷ്യ സ്നേഹികളും ക്രൂരൻമാരെ കരുണാർദ്രരുമാക്കി മാറ്റുന്നതുമാണ് മഹത്വം. വിനയവും വിവേകവും ക്ഷമയും വിട്ടുവീഴ്ചയും വിശാലമനസ്കതയും ഉള്ളവർക്കേ സമൂഹത്തിൽ ഇത്തരം സാരമായ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. നല്ല സ്വഭാവവും ആകർഷകമായ പെരുമാറ്റവും എതിരാളികളുടെ പോലും മനസ്സിനെ കീഴ്പ്പെടുത്തുന്നു. അകന്നവരെ അടുപ്പിക്കുന്നു. പ്രതിയോഗികളെ പ്രിയപ്പെട്ടവരാക്കുന്നു. ആരിലും ഇത്തരം സദ്ഗുണങ്ങൾ വളർത്താൻ പ്രേരിപ്പിക്കുന്നതായിരുന്നു നബീ (സ) യുടെ അതുല്യമായ സ്വഭാവ സവിശേഷതകൾ.

പ്രവാചകാധ്യാപനങ്ങള്‍ വെറും ആരാധനാകര്‍മങ്ങളെ കുറിച്ചായിരുന്നില്ല. വാക്കുകള്‍ കൊണ്ട് അവിടുന്ന് പറയാത്ത പല കാര്യങ്ങളും അനുചരന്മാര്‍ക്ക് ആ ജീവിതത്തില്‍ നിന്ന് കണ്ടുപഠിക്കാന്‍ പറ്റി. സ്വന്തം ഭാര്യമാരോട് സൗമ്യമായി പെരുമാറിയിരുന്ന, കുട്ടികളോടൊപ്പം കളിച്ചിരുന്ന, ജീവജാലങ്ങളോട് പോലും കാരുണ്യത്തോടെ മാത്രം പെരുമാറിയിരുന്ന അല്ലാഹുവിന്റെ ദൂതര്‍ മതം എന്നാല്‍ മനുഷ്യത്വവും സ്‌നേഹവും കാരുണ്യവും അനുകമ്പയും ഗുണകാംക്ഷയുമാണെന്ന് പഠിപ്പിച്ചു.

പെൺകുഞ്ഞ് ജനിച്ചാൽ അപമാനഭാരത്താൽ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു സാംസ്കാരിക കാലഘട്ടത്തെ കൂടി കണക്കിലെടുത്ത് വേണം പല വിധവകൾക്കും ജീവിത സംരക്ഷണം കൊടുക്കാൻ വേണ്ടി കൂടിയുള്ള പ്രവാചകന്റെ വിവാഹങ്ങളെ കാണേണ്ടതും വിലയിരുത്തേണ്ടതും. 1400 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സമൂഹത്തേയും Dark Age എന്ന് ചരിത്രകാരന്മാർ വിലയിരുത്തിയ അവരുടെ രീതികളേയും പഠിക്കേണ്ടതുണ്ട്. അവരെ സാംസ്കാരികതയിലേക്കും  മാനവികതയിലേക്കും നയിച്ച ഒരു പ്രവാചകന്റെ വൈവാഹിക ജീവിതത്തെ വിമർശിക്കാൻ ശ്രമിക്കുന്നവർ ചരിത്രബോധവും വിവരവുമില്ലാത്തവരാണ്. അവരുടെ അജണ്ടകൾ വേറേയുമാണ്. പ്രകോപനങ്ങൾ ഉണ്ടാക്കി മുതലെട്ടക്കാൻ ശ്രമിക്കുന്നവർ. അങ്ങനെയുള്ളവരെ കരുതിയിരിക്കേണ്ടതുണ്ടു്.
വലിയ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചത്. വിമർശനങ്ങളെ അദ്ദേഹം സമചിത്തതയോടെ നേരിട്ടു. മാന്യമായ മറുപടികൾ നല്കി.
അതേ പ്രവാചകന്റെ അനുയായികൾ ഇന്നും സഹചര്യത്തിനനുസരിച്ച് ഉയരാൻ കെല്പ്പുള്ളവരാണ്. ആദർശം കൊണ്ടാണ് ഇസ്ലാം എന്നും സംസാരിച്ചിട്ടുള്ളത്. സംസാരിക്കുന്നത്.ആയുധം കൊണ്ടല്ല. ശത്രുക്കൾ എന്നും ഭയക്കുന്നത് ഇസ്ലാമിന്റെ ആദർശത്തേയാക്കുന്നു.

നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ.    ( 47 :  31)