വ്യക്തികളെ വിട്ട് സമൂഹത്തെ നന്നാക്കാന്‍ ശ്രമിച്ചതാണ് ആധുനിക നിയമജ്ഞർക്കു പറ്റിയ അമളി.സാമൂഹിക സാമ്പത്തിക സ്ഥിതികളാണ് സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന ദർശനം നമ്മുടെ നിയമനിർമ്മാണങ്ങളുടെ നട്ടെല്ലായി വർത്തിക്കുകയും ചെയ്തു. സംസ്കാരം ഒരിക്കലും മേൽപുരയല്ല അടിത്തറ തന്നെയാണ്.
അതിന്റെ പ്രവഭവസ്ഥാനമാകട്ടെ മതവും.മതസ്ഥാപനങ്ങൾ അഴിമതിയുടെ അടയിരിപ്പ് കേന്ദ്രങ്ങളായതും,മത നേതാക്കൾ അഴിമതി വീരൻമാരായതും മതങ്ങളുടെ പ്രസക്തിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും, മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ബന്ധം നിഷേധിക്കപ്പെടുന്നില്ല.
നിർഭാഗ്യവശാൽ,അഴിമതിയെന്ന അർബുദം ബാധിച്ച മതവിശ്വാസമാണ് ഇന്ന് നമുക്കുളളത്,മതനേതാക്കളെ മാത്രമല്ല സാധാരണ വിശ്വാസികളെയും അർബുദം ബാധിച്ചിരിക്കുന്നു.സ്വാർത്ഥ മോഹങ്ങളാണ് ജനങ്ങളെ ആരാധനാ കച്ചവടങ്ങളിലേക്ക് ആനയിക്കുന്നത് അന്യായമായ ആവശ്യങ്ങൾ നിറവേറിക്കിട്ടാനാണ് അവർ വഴിപാടുകൾ നേരുന്നത്.ദൈവത്തിനുളള കളളക്കടത്തിന്റെയും, കൈകൂലിയുടേയും ഓഹരികളാണ് ഭണ്ഡാരങ്ങളിൽ സ്വർണ്ണവും വെള്ളിയും പണമായും കുമിഞ്ഞു കൂടുന്നത്.ഭരണാധികാരികളെ നിയന്ത്രിക്കുന്ന സ്വാമിമാരും,അധികാരികൾക്ക് മുന്നിൽ ഇഴയാൻ ശീലിച്ച മൗലാനമാരും മതത്തിന്റെ സൃഷ്ടിയല്ല. മതം അവരുടെ ഉപകരണമായി മാറിയിരിക്കുന്നു. ഭൂമിയിൽ അവർ ദൈവം ചമയുന്നു. അവരെ അക്ഷരം പ്രതി പിൻപറ്റുന്ന അന്ധൻമാരുടെ മതത്തെപ്പറ്റിയല്ല സംസ്കാരത്തിന്റെ പ്രഭവകേന്ദ്രമെന്ന് പറഞ്ഞത്. അബ്രഹാമിന്റെ,മോസസിന്റെ,യേശുവിന്റെ, മുഹമ്മദിന്റെ, അവരെ അക്ഷരത്തിലും അർത്ഥത്തിലും പിൻപറ്റിയ പരകോടി നിസ്വാർത്ഥരായ ദൈവദാസൻമാരുടെ മതമാണ് സംസ്കാരത്തിന്റെ അന്തർധാര.നിർജീവമായ നിയമങ്ങളെ കണ്ണും കാതുമായി വർത്തിച്ചത് മതവിശ്വാസമാണ്.സത്യത്തിന്റെയും, നീതിയുടെയും കണ്ണും, കാതും ചൂഴ്ന്നെടുക്കുന്ന മത വ്യവസായമാണ് ഇന്നുളളത്. മതസംസ്കാരത്തിലേക്ക് തിരിച്ചു പോകുമ്പോൾ ഈ മത വ്യവസായ കേന്ദ്രങ്ങൾ തച്ചുടക്കണം.
ഓരോ കണക്കും ബോധിപ്പിക്കണമെന്ന വിചാരമാണ് മതം മനുഷ്യനെ പടിപ്പിക്കുന്നത്.ഈ ഉത്തരവാദിത്ത ബോധമാണ് മനുഷ്യനെ നീതിയുടെയും,ധർമ്മത്തിന്റേയും അസ്ഥിവാരത്തിൽ ഉറപ്പിച്ച് നിറുത്തിയത്. ആധുനിക മനുഷ്യർ തെറിച്ച് പോയതും ഈ അസ്ഥിവാരത്തിൽ നിന്നാണ്. നിയമപാലകരേയും,നീതിപീഠങ്ങളേയും കണക്ക് ബോധിപ്പിക്കാനുളള വിദ്യയാണ് അവൻ സ്വന്തമാക്കിയത്.ഇവർക്കാകട്ടെ,യഥാർത്ഥ കണക്കുമറിയില്ല.
ഇങ്ങനെ കണക്കറിയാത്ത കളളൻമാരുടെ കളരിയായി മാറി ലോകം."എന്ത് കൊണ്ട് അഴിമതി പാടില്ല"എന്ന ചോദ്യത്തിന് ഉത്തരം പറയാൻ നമുക്ക് പരിചയമുള്ള ഗണിത ശാസ്ത്രത്തിന് കഴിയില്ല.അതിന്റെ ഉത്തരം ഫറോവയുടെ കൊട്ടാരത്തിൽനിന്ന് ഇറങ്ങി പ്പോന്ന മോസസിനോട് ചോദിക്കണം,സ്നേഹമാണ് സമ്പത്തിനേക്കാൾ വലുതന്ന് പ്രഖ്യാപിച്ച യേശുവിനോട് ചോദിക്കണം, അധികാരത്തന്റേയും സമ്പത്തിന്റേയും സുന്ദരിമാരുടേയും ഒരു സാമ്രാജ്യം തന്നെ വച്ചു നീട്ടിയപ്പോൾ,പുഞ്ചിരി തൂകി പുറം തിരിഞ്ഞുനിന്ന പ്രവാചകൻ മുഹമ്മദിനോട് ചോദിക്കണം,അധികാര ഗോപുരങ്ങളിൽ നിന്നു ഇറങ്ങിപ്പോന്ന രാമനോടും,ബുദ്ധനോടും ചോദിക്കണം,തന്നെ വീട്ടിൽ സന്ദർശിക്കാൻ വന്ന അലക്സാണ്ടർ ചക്രവർത്തിയോട് "വെയില് മാറാതെ മാറി നിൽക്കടോ"എന്ന് ഗർജിച്ച ഡയോജനീസും അതിന്റെ ഗുരുവാണ്.
പോലീസ് കണ്ടില്ലെങ്കിലും ദൈവം കാണുമല്ലോ എന്ന് വിചാരിച്ച് പാലിൽ വെള്ളം ചേർക്കാൻ വിസമ്മതിച്ച നിരക്ഷരയായ അറബിപ്പെൺകുട്ടിക്കും "അഴിമതി എന്ത് കൊണ്ട് പാടില്ല"എന്ന ചോദ്യത്തിന് ഉത്തരം അറിയാം.അധികാരത്തിന്റെയും സമ്പത്തിന്റേയും യഥാർത്ഥ ഉടമകളെ ഇവരെല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവാണ് ആധുനിക മനുഷ്യന് നഷ്ടമായിരിക്കുന്നത്...
വി.എം. കെബീർ
തിരുനെല്ലൂർ