ലോകമെമ്പാടും മുസ്‌ലിം സമൂഹം വേട്ടയാടപ്പെടുന്ന ദുരന്തങ്ങള്‍ക്ക് വര്‍ത്തമാന ലോകം സാക്ഷിയാണ്.ഇസ്‌ലാം എന്ന ശാന്ത സുന്ദരമായ രൂപ ഭാവ സങ്കല്‍പങ്ങള്‍ക്ക് പകരം തികച്ചും ഭിഹ്നമായ കല്‍പനയില്‍ ഇസ്‌ലാമിനെ ലോകത്തിന്റെ മുന്നില്‍ പ്രതിഷ്‌ഠിക്കുക എന്ന സയണിസ്റ്റ് ഫാഷിസ്റ്റ് ഗൂഢാലോചന കളുടെ വിളവെടുപ്പുത്സവ കാലം അതി ഭീതിതമാണ്.കെ.ടി മുബാറക് പറഞ്ഞു.
ഉദയം പഠനവേദിയുടെ ജനറല്‍ ബോഡിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുബാറക്.മധ്യേഷ്യയിലായാലും ഇതര ഭൂഖണ്ഡങ്ങളിലായാലും നമ്മുടെ മഹാരാജ്യത്തും സ്ഥിതിയില്‍ മാറ്റമില്ല.ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയും അരക്ഷിതാവസ്ഥയും ഫാഷിസ്റ്റ് അധികാരകാലത്ത് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്.അതി ശാസ്‌ത്രീയമായ അജണ്ടകളൊരുക്കി കലാ കായിക സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രമാണി വര്‍ഗങ്ങളുടെ കൂട്ടുകെട്ടിലെ സകലമാന തന്ത്രങ്ങളും മന്ത്രങ്ങളും ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദുര്‍ഘട പാതകളില്‍ ബുദ്ധിപരമായ സമീപനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്.മുബാറക് അടിവരയിട്ടു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രബുദ്ധരായ കേരളത്തിലും വിവിധ ശൈലികളില്‍ കുളം കലക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ഭദ്രതയ്‌ക്ക് മുന്നില്‍ ഫാഷിസ്റ്റുകളുടെ ഉന്നം പിഴക്കുന്നുവെന്നു മാത്രം.പ്രഭാഷകന്‍ വിശദീകരിച്ചു.ആരൊക്കെ എന്തൊക്കെ വിളിച്ചു കൂകിയാലും ഇസ്‌ലാമിക ദര്‍ശനത്തിന്റെയും പ്രവാചക മാതൃകകളുടേയും ആത്മാവുള്‍കൊണ്ട് ജീവിച്ചു കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ബാധ്യത.വൈകാരികതയില്‍ നിന്നും വൈചാരികതയിലേയ്‌ക്ക് തിരിയുക.പ്രതിസന്ധികളില്‍ സ്ഥൈര്യവും ധൈര്യവും ചോര്‍ന്നു പോകാതിരിക്കുക.പരമമായ വിജയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുക.കെ.ടി ഉപ സംഹരിച്ചു.
ഉദയം പഠനവേദിയുടെ പൊന്‍ കിരണങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രധാനികളില്‍ ഒരാളായ ആര്‍.വി അബ്‌ദുല്‍ മജീദ് പ്രവാസം മതിയാക്കി യാത്ര തിരിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ധേഹത്തിനുള്ള യാത്രയപ്പാണ് ഈ യോഗത്തിലെ മുഖ്യ ഘടകം എന്ന ആമുഖത്തോടെയായിരുന്നു അധ്യക്ഷന്‍ എം.എം അബ്‌ദുല്‍ ജലീല്‍ സംസാരം തുടങ്ങിയത്.തുടര്‍ന്നു നാട്ടിലെ പ്രവര്‍ത്തക റിപ്പോര്‍ട്ടിന്റെ സംഗ്രഹം സദസ്സില്‍ വായിച്ചു.ഉദയം പഠനവേദിയുടെ ദൈനം ദിന പരിപാടികളുടെ സുഖമമായ നടത്തിപ്പിന് വേണ്ട സഹകരണങ്ങള്‍ അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രതിനിധി റഫീഖ് തങ്ങള്‍,എ.വി.എം ഉണ്ണി,അബ്‌ദുല്‍ കലാം ആര്‍.വി,അബ്‌ദുല്‍ അസീസ് ആര്‍.വി,അഷറഫ് എന്‍.പി,അസീസ് മഞ്ഞിയില്‍ തുടങ്ങിയവര്‍ മജീദ് സാഹിബിന് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.
ദീര്‍ഘകാലത്തെ പ്രവാസകാലത്ത് പ്രദേശത്തിന്റെ വെളിച്ചവും തെളിച്ചവുമായ ഒരു സംവിധാനത്തോടൊപ്പം സഞ്ചരിക്കാനും സഹകരിക്കാനും സാധിച്ചതില്‍ അല്ലാഹുവെ സ്‌തുതിച്ചു കൊണ്ടായിരുന്നു ആര്‍.വി സംഭാഷണം ആരംഭിച്ചത്.തുടര്‍ന്ന് ഉദയം പഠനവേദിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഖുബ ട്രസ്റ്റുമായി ബന്ധപ്പെട്ട ഓഡിറ്റു ചെയ്‌ത കണക്കുകളും രേഖകളും സദസ്സിന് സമര്‍പ്പിച്ചു.മജീദ് സാഹിബിന്റെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായിനടന്ന സമാഹരണങ്ങളും അതുമായി ബന്ധപ്പെട്ട ബാധ്യതകളും ഹൃസ്വമായി വിശദീകരിച്ചു.ഖുബയ്‌ക്ക് വേണ്ടി നല്‍കിക്കൊണ്ടിരിക്കുന്ന വിഹിതങ്ങളുടെ തതുല്യമായ രൂപ വാര്‍ഷിക വരിസംഖ്യ രൂപേണ നാട്ടില്‍ എത്തിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് മജീദ് സാഹിബ് ഓര്‍മ്മിപ്പിച്ചു.
ത്വയ്യിബ ഹാളില്‍ വൈകീട്ട് 08.15 ന് ഉദയം വൈസ് പ്രസിഡന്റ് റബീഹ് ഇബ്രാഹീം കുട്ടിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി സ്വാഗതം ആശംസിച്ചു.സെക്രട്ടറി അസീസ് എ.പി നന്ദി പ്രകാശിപ്പിച്ചു.