നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, March 9, 2016

നമസ്ക്കാരം ഉത്തമ സമൂഹ സൃഷ്ടിക്ക്

നമസ്ക്കാരം ഉത്തമ സമൂഹ സൃഷ്ടിക്ക്: അബ്‌‌ദുല്‍ ഖാദർ പുതിയവീട്ടിൽ.

ഒരു യുവാവ് പ്രഭാതത്തിൽ അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നും സുബഹി നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുന്നു.വഴിയിൽ ഇരുട്ടുള്ള ഒരു സ്ഥലത്ത് തെന്നി വീണു വസ്ത്രം ആകെ ചളി പുരളുന്നു.തിരിച്ചു വീട്ടിലേക്ക് മടങ്ങി വസ്ത്രം മാറി വുദു ചെയ്തു വീണ്ടും പള്ളിയിലേക്ക് പുറപ്പെടുന്നു.ഇരുട്ടുള്ള സ്ഥലത്ത് വീണ്ടും വഴുതി വീണു വസ്ത്രത്തിൽ ചളി പുരളുന്നു വീട്ടിലേക്കു മടങ്ങി വസ്തം മാറി വുദു ചെയ്തു പിന്നെയും പള്ളിയിലേക്ക് പുറപ്പെടുന്നു.വളരെ സൂക്ഷിച്ചാണ് നടക്കുന്നത്.അത്ഭുതം,രണ്ടു വട്ടം വഴുതി വീണ അതേ സ്ഥലത്ത് അതാ ഒരാൾ വിളക്കുമായി കാത്തു നില്ക്കുന്നു.പോകാം എന്ന് പറഞ്ഞു ആഗതൻ യുവാവുമായി പള്ളിയിലേക്ക് നടക്കുകയായി.പള്ളിവാതിലിൽ യുവാവിനെ വിട്ടു തിരിച്ചു നടക്കാൻ തുടങ്ങിയ അപരിചിതനോട് യുവാവ് ചോദിച്ചു :താങ്കൾ ആരാണ്?എന്താണ് പള്ളിയിൽ കയറാതെ തിരിച്ചു പോകുന്നത്? അപരിചിതൻ പറഞ്ഞു:"ഞാനാണ് ഇബ് ലീസ് ".യുവാവ് ഞെട്ടിത്തരിച്ചു പോയി.ലോകാവസാനം വരെ ശപിക്കപ്പെട്ട പിശാചിന്റെ കൂടെയായിരുന്നോ താനിത്രയും സമയം ചെലവിട്ടത്? ധൈര്യം വീണ്ടെടുത്ത് കൊണ്ട് യുവാവ് ചോദിച്ചു:ആട്ടെ,എന്തിനാണ് എന്നെ പള്ളി വരെ വിളക്കുമായി അനുഗമിച്ചത്?നന്മയോട് പുറം തിരിഞ്ഞു നിൽക്കുന്നതല്ലെ നിന്റെ പ്രകൃതം?. പറയാം,നീ ആദ്യം അവിടെ തെന്നിവീണപ്പോൾ വീട്ടിൽ നിന്നും വുദു ചെയ്ത് രണ്ടാമതും പള്ളിയിലേക്ക് തിരിച്ചപ്പോൾ അല്ലാഹു നിന്നിൽ സംതൃപ്തനായി നിന്റെ മുഴുവൻ പാപങ്ങളും പൊറുത്ത് തന്നു.അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.രണ്ടാമതും നീ വീണു,വീട്ടിൽ പോയി മൂന്നാമതും വുദു ചെയ്തു പള്ളിയിലേക്ക് നടന്നപ്പോൾ,അല്ലാഹു നിന്റെ പ്രവർത്തിയിൽ അത്യധികം സന്തോഷിച്ചു,നിന്റെ കുടുംബാംഗങ്ങളുടെ മുഴുവൻ പാപങ്ങളും പൊറുത്ത് തന്നു.അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഇനിയും നീ വീഴുകയാണെങ്കിൽ ഈ നാട്ടുകാരുടെ മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.അപ്പോൾ നിന്നെ സുരക്ഷിതമായി പള്ളിയിലെത്തിക്കുന്ന ദൌത്യം ഞാനേറ്റെടുക്കുകയായിരുന്നു.നിന്നെ പിന്തിരിപ്പിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി.

നമസ്ക്കാരത്ത്തിന്റെ മഹത്വവും പ്രാധാന്യവും അതു കൃത്യമായി നിർവ്വഹിച്ചാൽ ഇഹത്തിലും പരത്തിലും കൈ വരുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്."നമസ്ക്കാരം നികൃഷ്ടവും നീചവുമായ പ്രവര്ത്തികളിൽനിന്ന് നിങ്ങളെ തടയുന്നു "എന്നത് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനമാണ്.പ്രഭാത നമസ്ക്കാരത്തോടെ തുടങ്ങുന്ന ദിനം ഉന്മേഷഭരിതമാണ് ,അല്ലാഹുവിന്റെ നേരിട്ടുള്ള തിരുനോട്ടത്തിലാണ് പൈശാചികതയിൽ നിന്ന് രക്ഷ നേടുന്നു തുടങ്ങിയ തിരുവചനങ്ങൾ വേറെയും ഒട്ടനവധി.ഇതെല്ലാം വ്യക്തി സംസ്കരണത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്‌. പക്ഷേ,ഇത്രയും ഉദാത്തവും അനുഗ്രഹപൂർണ്ണവുമായ നമസ്ക്കാരം എന്ന ഉൽകൃഷ്ട കർമ്മം വെറും വ്യക്തികളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല.അതിന്റെ പൊൻകിരണങ്ങൾ സമൂഹത്തിലേക്ക് കൂടി പ്രസരിക്കുമ്പോഴേ നമസ്ക്കാരത്തിന്റെ പൂർണ്ണ ചൈതന്യം സാർത്ഥമാകുന്നുള്ളൂ.ഒരു ശെരിയായ നമസ്ക്കാരക്കാരൻ സ്വന്തത്തിൽ ഒതുങ്ങി കൂടേണ്ടവനല്ല.സമൂഹത്തിൽ നടമാടുന്ന കൊള്ളരുതായ്മകളും കൊള്ളിവെപ്പുകളും അനാചാരങ്ങളും അത്യാചാരങ്ങളും അവന് കണ്ടില്ലെന്നു നടിക്കാനാവില്ല.അതിനെതിരെ ശബ്ദമുയർത്താൻ അവന്റെ നമസ്ക്കാരം അവനെ പ്രേരിപ്പിക്കെണ്ടതാണ്.

ഒരിക്കൽ മാർക്കറ്റിലിറങ്ങി ജനങ്ങളുടെ അവസ്ഥകൾ വീക്ഷിച്ചു കൊണ്ട് നടന്നു നീങ്ങുന്ന പ്രവാചകൻ ഒരു ധാന്യക്കടയിൽ കയറി ധാന്യച്ചാക്കുകളിൽ ഒന്നിൽ വിരൽ താഴ്ത്തി കൊണ്ട് പാഞ്ഞു അല്ലയോ കച്ചവടക്കാരാ ഇതിന്റെ താഴെയുള്ള ധാന്യം മുഴുവൻ കുതിർന്നിരിക്കുന്നല്ലോ? അയാൾ പറഞ്ഞു :ഇന്നലെ പെയ്ത മഴയിൽ നനഞ്ഞതാണ് പ്രവാചകരേ" അവിടുന്ന് പ്രതിവചിച്ചു"എങ്കിൽ ആ ഉണങ്ങിയ ധാന്യം മുകളിൽ നിന്ന് മാറ്റി ആളുകൾ കാണത്തക്ക വിധം വെക്കുക.കബളിപ്പിച്ചു കൊണ്ട് സാധനങ്ങൾ വിൽക്കൽ തെറ്റാണ്"കമ്പോളത്തിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് തരാൻ പ്രവാചകനെ പ്രേരിപ്പിച്ചത് അവിടുത്തെ നമസ്ക്കാരമായിരുന്നു.

യുദ്ധം,നയതന്ത്രം,കരാർ,സാമൂഹികം,സാമ്പത്തികം,കൃഷി,അധ്യാപനം,തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളെ കുറിച്ച് അനവധി നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ പ്രവാചകൻ ലോകത്തിനു നൽകിയത് അവിടുത്തെ ജീവസ്സുറ്റ നമസ്ക്കാരത്തിന്റെ ശോഭയിലായിരുന്നു.എല്ലാ പ്രവാചകന്മാർക്കും നമസ്ക്കാരം നിഷ്ക്കര്ഷിച്ചിരുന്നു.എല്ലാ പ്രവാചകന്മാരും അവരവരുടെ കാലഘട്ടത്തിലെ അനീതികൾക്കെതിരെ പടപൊരുതിയവരായിരുന്നു.ലൂത്ത് (അ ) അന്നത്തെ ഏറ്റവും വലിയ സാമൂഹിക വിപത്തായിരുന്ന ലൈംഗിക വൈകൃതങ്ങൾക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. മർദ്ദിത -പീഢിത ജനവിഭാഗത്തിന്റെ വിമോചകനായി അറിയപ്പെടുന്ന മൂസ (അ ) യോട് അല്ലാഹു ആജ്ഞാപിച്ചത് ,"എന്റെ സ്മരണ നിലനിറുത്താൻ വേണ്ടി നമസ്ക്കാരം മുറ പോലെ നിർവ്വഹിക്കുക "എന്നാണ്.സെമിറ്റിക് മതങ്ങളെല്ലാം ഒരു പോലെ ആദരിക്കുന്ന മഹാ മനീഷിയായ ഇബ്രാഹിം (അ )പ്രാർഥിക്കുന്നുണ്ട് "എന്റെ രക്ഷിതാവേ ,എന്നെ നീ നമസ്ക്കാരം മുറപ്രകാരം നിർവ്വഹിക്കുന്നവനാക്കേണമേ,എന്റെ സന്തതികളിൽ പെട്ടവരേയും അങ്ങനെ ആക്കേണമേ".ഷുഐബ് (അ)യോട് തന്റെ പ്രബോധിത സമൂഹം ചോദിക്കുന്നു,ഞങ്ങളുടെ പിതാക്കന്മാർ ആരാധിച്ചു വരുന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ സ്വത്തുക്കൾ ഞങ്ങൾക്കിഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നും നിനക്ക് കൽപ്പന നൽകുന്നത് നിന്റെ ഈ നമസ്ക്കാരമാണോ "നിലവിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെയായിരുന്നു അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. ഇങ്ങനെ സർവ്വ പ്രവാചകന്മാരും പരിഷ്കർത്താക്കളും അതതുകാലത്ത് പടപൊരുതിയിരുന്ന സർവ്വ ജാഹിലിയ്യത്തും ഒരുമിച്ചു നേരിടേണ്ടി വരുകയും കൂടെ ആധുനിക അഭിനവ നം‌റൂദ്‌ -ഫറോവമാരുടെ തേരോട്ടത്താൽ അഗ്നി കുണ്ഡമായി മാറിയ സംഭവ ലോകത്ത് ഒരു നിസ്ക്കാരക്കാരന് അതിനോട് പ്രതികരിക്കാതെ എങ്ങനെ മൗനമവലം‌ഭിക്കാനാകും ?

പള്ളിയിലേക്ക് കടക്കുമ്പോൾ മുക്കിൽ കൂട്ടിയിട്ടിരിക്കുന്ന ഇസ്ലാമിനെ ഒന്നെടുത്ത് തലയിൽ കമഴ്ത്തി ,പള്ളിയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ അത് ഊരി മുക്കിലേക്കെറിയുന്ന ഇസ്ലാമിനെയല്ല,പള്ളിയിലെന്ന പോലെ പള്ളിക്ക് പുറത്തും അങ്ങാടിയിലും അരങ്ങത്തും,അണിയറയിലും അടുക്കളയിലും എല്ലാം ഇസ്ലാമും നമസ്ക്കാരവും തിളങ്ങി വിളങ്ങിയെങ്കിൽ മാത്രമേ ഇവരുടെ കോട്ടക്കൊത്തളങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കാനാകൂ. ആയിരക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി വളച്ചു കെട്ടിയവരുടെ പടിവാതിലിൽ ഓച്ചാനിച്ചു നിൽക്കാനല്ല,ശവമടക്കാൻ ആറടി മണ്ണ് സ്വന്തമായില്ലാത്തതിനാൽ അടുക്കള പൊളിച്ചു ശവമടക്കേണ്ടി വന്ന ഹതഭാഗ്യരുടെ പക്ഷത്തു നിൽക്കാൻ ,ഗർഭിണികളുടെ വയർ തുരന്നു ഗർഭസ്ഥ ശിശുവിനെ ത്രിശൂലം കൊണ്ട് തലോടുന്നവരുടെ കൈക്ക് പിടിക്കാൻ,പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി അവന്റെ കൂരയും ചേരിയും കയ്യിലാക്കി അംബര ചുംബികൾ കെട്ടിപ്പൊക്കുന്നവരുടെ അടിവേര് മാന്താൻ എല്ലാം എല്ലാം നമസ്ക്കാരക്കാരന് കഴിയേണ്ടതുണ്ട്.എങ്കിലേ വീടിന്റെ ഉമ്മറത്ത് കൂടെ ഒഴുകുന്ന നദിയിൽ നിന്നും അഞ്ച് പ്രാവശ്യം ദിനേന കുളിച്ചവനെ പ്പോലെ മനസ്സും ശരീരവും ശുദ്ധിയാകുകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.

അബ്‌‌ദുല്‍ ഖാദർ പുതിയവീട്ടിൽ
ദോഹ