നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, December 17, 2015

ഉമ്മ..

ഞാന്‍ ഈയിടെ വായിച്ച ഹൃദയ സ്‌പര്‍‌ശിയായ ചില വരികള്‍ ഇവിടെ കുറിക്കുന്നു...
ഉമ്മ..
സുബഹിക്ക്‌ മുന്നേ അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടില്‍.....
വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോള്‍ എനിക്കിത്‌ ഇഷ്‌ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടില്‍....
പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടില്‍....
മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീര്‍ക്കുന്ന
കർഷകശ്രീ അവാര്‍ഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടില്‍....
മക്കളും... ഭര്‍ത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടില്‍......
അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാന്‍ മറന്ന
ഒരു മറവിക്കാരിയുണ്ട്‌ വീട്ടില്‍....
പുറത്ത്‌ പോയവര്‍ വീടണയുംവരെ ഉള്ളില്‍ തീ നിറച്ച്‌ തേങ്ങലോടെ
കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്  വീട്ടില്‍....
പടച്ചോനോടുള്ള സ്വകാര്യം പറച്ചലില്‍ സ്വന്തം പേര്‌ പറയാന്‍
മറന്നുപോയൊരു മഹിളയുണ്ടാ വീട്ടില്‍....
സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാതെപോയ ഒരാളുണ്ട്  വീട്ടില്‍.
പത്രാസ്‌ കാണിക്കാന്‍ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടില്‍....
സ്വയം ശ്രദ്ധിക്കാന്‍ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടില്‍....
ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കാര്‍‌ഡ്‌ ഒപ്പുവെക്കാന്‍ ഉപ്പ വന്നാ മതി എന്ന് മക്കള്‍ പറയുമ്പോള്‍ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടില്‍......
മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന
അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടില്‍......
ഒടുവിലാ സാഗരം കളമൊഴിയുമ്പോള്‍....
കരയുന്നൊരു വീടും.... വാടിത്തളര്‍ന്ന പൂവുകളും പറയും...
ഉമ്മയില്ലാത്തൊരു വീട്‌.... വീടേ അല്ലെന്ന്........

(നാഥാ, ഞങ്ങളുടെ മാതാപിതാക്കളെ നീ അനുഗ്രഹിക്കേണമേ... നനഞ്ഞ പ്രാര്‍ത്ഥനയോടെ...)
നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് “ഛെ” എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: "എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.”(17 :  23-24)
അക്‌ബര്‍ എം.എ