മാനവികതയും മാനുഷികതയും തത്വ ശാസ്‌ത്രം പോലെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസപ്പെടുന്ന കാലത്ത് മനുഷ്യനടക്കമുള്ള ലോകത്തെ സകല ജന്തുജാലങ്ങളെയും ഭൂമിയുടെ അവകാശികളാക്കി അക്ഷരാര്‍ഥത്തില്‍ പ്രതിഫലിപ്പിച്ച മഹാമനീഷിയായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍. വിശ്വ വിഖ്യാതനായ മഹാപ്രതിഭയുടെ പ്രതിരൂപമായി രംഗം കവര്‍ന്ന അനുഗ്രഹീത കലാകാരന്‍ ലത്തീഫ് ഗുരുവായൂരിന്റെ ഹൃദയഹാരിയായ രംഗാവിഷ്‌കാരത്തോടെയായിരുന്നു അനുസ്‌മരണം പുരോഗമിച്ചത്.
ജീവിതത്തില്‍ നാം കണ്ടുമുട്ടിയതും ഇനിയും കണ്ടുമുട്ടാനിരിക്കുന്നതുമായ എത്രയെത്രെ കഥാപാത്രങ്ങളാണ് ബഷീറിന്റെ കൃതികളിലൂടെ ജീവിച്ചിരിക്കുന്നത്.ഇത് ചെറിയ കാര്യമല്ല.അനുഭവങ്ങളുടെ പരുപരുത്ത ഭൂമികയില്‍ ഹിമാലയത്തോളം സഞ്ചരിച്ച് കാടും മേടും സമതലങ്ങളും താണ്ടി പുഴപോലെ ഒഴുകിയ മഹാനുഭാവന്റെ കൃതികളിലെ ധര്‍മ - മര്‍മങ്ങളെ അക്കമിട്ട് അടയാളപ്പെടുത്തിയ ശ്രീമതി ശോഭാ നായരുടെ വായനാനുഭവങ്ങള്‍ സദസ്സ് സാകൂതം കേട്ടിരുന്നു.
കൂരാകൂരിരുട്ടത്ത് മിന്നാമിനുങുപോലെ വെട്ടം പരത്തി മാപ്പിള സംഗീതം പോലെ മലയാള ഭാഷയെയും അതിന്റെ അക്ഷരത്തിളക്കത്തെയും സാധാരണക്കാരനില്‍ സാധാരണക്കാരനില്‍ കൊളുത്തി വെച്ച അത്ഭുത പ്രതിഭാസമാണ് വൈക്കം മുഹമ്മദ് ബഷീര്‍.
ഭ്രാന്തമായ ലോകത്തിനും ലോകര്‍ക്കും ഫലിക്കുന്ന ചികിത്സയായി തന്റെ സര്‍ഗസിദ്ധിയെ യഥാവിധി ഉപയോഗപ്പെടുത്താന്‍ പരിശ്രമിച്ച സാത്വികന്റെ സാഹിത്യങ്ങള്‍ ആധുനിക ലോകത്തിന് മരുന്നും മന്ത്രവുമായേക്കുമെന്ന ശുതിയും ധ്വനിയും നിറഞ്ഞതായിരുന്നു സഹൃദയരായ ഷെഫീർ വാടാനപ്പള്ളിയും ഷാനിബ് ഷംസുദ്ദീനും സദസ്സില്‍ പങ്കുവെച്ചത്.
മനുഷ്യനെ കുറിച്ച് എന്നല്ല ജീവനുള്ള സകലിതിനെയും യഥോചിതം പരിഗണിക്കാനുള്ള വിശാല ഹൃദയനായ കര്‍മയോഗി.പരമ്പരാഗതമായി പറഞ്ഞ് ശീലിച്ച പല പ്രയോഗങ്ങള്‍ക്കും പുതിയ അര്‍ഥതലങ്ങള്‍ ധ്വനിപ്പിച്ച വിപ്ലവകാരി.വിശപ്പ് എന്നാല്‍ അന്നം കിട്ടാത്ത ആമാശയത്തിന്റെ വിളി മാത്രമല്ല ലഭിക്കാതെ പോകുന്ന അഭിലാഷങ്ങളും അത്യാഗ്രഹങ്ങളും ബഷീറിന്റെ ഭാഷയില്‍ വിശപ്പിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്.
വിപ്ലവകരമായ ഈ കാഴ്‌ചപ്പാട് അപരന്റെ സന്തോഷ സന്താപങ്ങളില്‍ വിചാര വികാരങ്ങളില്‍ ഒരു സഹൃദയന്റെ ഇടപെടലിന്റെ അതിരില്ലാത്ത സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.
അക്ഷരലോകത്തെ അടിയൊഴുക്കുകളെ അതി സൂക്ഷ്‌മമായി വിലയിരുത്തുന്നതില്‍ പ്രാവീണ്യമുള്ള ഷംനാ ആസ്‌മി അഭിപ്രായപ്പെട്ടു.
ജീവിത മുഹൂര്‍ത്തങ്ങളെ മനുഷ്യ മനസ്സുകളില്‍ ഗാഢമായി പതിപ്പിക്കുന്ന മഹാത്മാവിന്റെ അതിലളിതമായ ഭാഷയും ഭാഷ്യവും തന്റെ രചനകളെയും സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന സ്‌മിത പൗലോസ് പറഞ്ഞു.ബഷീറിന്റെ അനശ്വരരായ കഥാ പാത്രങ്ങളുടെ ശബ്‌ദാവിഷ്‌കാരത്തിന് ഹൃദയാവിഷ്‌കാരം പകര്‍ന്നാണ് സ്‌മിത ശ്രദ്ദേയമായ തന്റെ ഊഴം പൂര്‍ത്തിയാക്കിയത്.
ഒരു ദാര്‍ശനികനായ എഴുത്തുകാരന്റെ ദര്‍ശന വിശേഷ വിശേഷണത്തെ പ്രോജ്ജ്വലമാക്കുന്ന ഫൈസല്‍ അബൂബക്കറിന്റെ കവിതയും, സഹൃദയനായ നൗഷാദിന്റെ ഗാനാലാപനവും സദസ്സ് ആസ്വദിച്ചു.
രണ്ട് പുഴകള്‍ സംഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതില്‍ നിന്ന് ബല്യേ ഒന്ന് എന്ന യാഥര്‍ഥ്യവും ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട് എന്ന ഗണിത ശാസ്‌ത്ര അക്ഷരാര്‍ഥ വിവരവും ഭൗതികതയെയും ഒരു വേള ആത്മീയതെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.അഥവാ സാമാന്യ ജീവിത ഗതിയെ സമ്പന്നമാക്കുന്ന സര്‍ഗാത്മകമായ ജീവിത വീക്ഷണത്തെ നിര്‍മലമായ ശൈലിയില്‍ അവതരിപ്പിച്ച സാഹിത്യ തറവാട്ടിലെ വല്യാപ്പയുടെ സ്‌മരണകളെ ഓര്‍ക്കാനും ഓര്‍മിപ്പിക്കാനും ലഭിച്ച സുവര്‍ണാവസരത്തെ കൃതജ്ഞതയോടെ പരാമര്‍ശിച്ചു കൊണ്ട് അസീസ് മഞ്ഞിയില്‍ വിരാമമിട്ടു.
ബല്യേ ഒന്നിന്റെ സമകാലിക പ്രസക്തി വിളിച്ചറിയിച്ച സംഗമത്തില്‍ നിഷാദ് ഗുരുവായൂര്‍ സ്വാഗതമാശംസിച്ചു.പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡണ്ട് അലി ഹസന്‍ വേദി നിയന്ത്രിച്ചു.ഷജീര്‍ മുല്ലക്കര നന്ദി പ്രകാശിപ്പിച്ചു.
ജീല്ലാ ടീം ബല്യേ ഓര്‍മ ദിനത്തിന് നേതൃത്വം നല്‍കി.
=================





