നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, June 15, 2021

ഫിലിം അവാര്‍‌ഡ്‌:- എ.വി.എം അര്‍‌ഹനായി

ദോഹ: അന്തരിച്ച നടൻ ഭരത് മുരളിയുടെ ഓർമക്കായി മീഡിയ ഹബ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഷോർട്ട്​ ഫിലിം  അവാർഡുകൾ (ഗൾഫ് റീജനൽ) പ്രഖ്യാപിച്ചപ്പോൾ ഖത്തറിൽ നിന്നുള്ള 'ഓലച്ചൂട്ടുകൾ'ക്ക്​ മികച്ച നേട്ടം. ചിത്രം ഒരുക്കിയ കൊല്ലം  കെ. രാജേഷ് മികച്ച സംവിധായകനുള്ള പുരസ്​കാരം നേടി. ചിത്രത്തിലെ അച്ഛനായും മുത്തച്ഛനായും തകർത്തഭിനയിച്ച എ.വി.എം.   ഉണ്ണിയാണ്​ മികച്ച നടൻ. സംഗീത സംവിധായകൻ നന്തു കർത്തക്ക്​ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ലഭിച്ചു.
 
അജിത  സിനി ആർട്സ് നിർമിച്ച്​ ചെമ്പകം സിനി ക്രിയേഷൻ പുറത്തിറക്കിയ 'ഓലച്ചൂട്ടുകൾ' ചിത്രത്തിൻെറ അണിയറ ശിൽപികളെല്ലാം  ഖത്തർ പ്രവാസികളാണ്​. വർത്തമാനകാലത്ത്​ കുടുംബബന്ധത്തിനുണ്ടാകുന്ന വിള്ളലുകളാണ്​ ചിത്രത്തിൻെറ ഇതിവൃത്തം. ദോഹയിൽ ഏറെ  വർഷങ്ങളായി നാടകരംഗത്ത്​ സജീവമായ എ.വി.എം ഉണ്ണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്​ ചിത്രത്തിലെ അച്ഛൻ  കഥാപാത്രം. കൺമുന്നിൽ കണ്ടത് മകനോടും മരുമകളോടും പറയാൻ വിമ്മിഷ്​ടപ്പെടുന്ന മുത്തച്ഛനായും ചിത്രത്തിൽ  ജീവിക്കുകയാണ്​ ഉണ്ണി. കൊല്ലം കെ. രാജേഷ് ആണ്​ തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും. ദോഹയിൽ ആദ്യമായി  നടത്തിയ അമച്വർ നാടക മത്സരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി നാടകങ്ങൾ ഇതിനകം  സംവിധാനം ചെയ്​തിട്ടുണ്ട്​.
 
അഞ്ചുടെലിഫിലിമുകളും ഒരുക്കി. 2017ൽ 'ഉത്തരം പറയാതെ...' എന്ന ആദ്യ സിനിമ സംവിധാനം  ചെയ്ത്​ ബിഗ്സ്ക്രീൻ സിനിമ എന്ന സ്വപ്നവും നിറവേറ്റി. കേരളത്തിലും ഖത്തറിലും ആണ്​ ആ സിനിമ റിലീസ് ചെയ്തത്​.  രണ്ടാമത്തെ ചിത്രത്തിൻെറ പണിപ്പുരയിൽ ആയിരുന്ന രാജേഷ് കോവിഡ് സമയത്ത്​ ദോഹയിലും നാട്ടിലും െവച്ച് ചിത്രീകരിച്ച  ഹ്രസ്വ ചിത്രമാണ് 'ഓലച്ചൂട്ടുകൾ'. നിരവധി അന്താരാഷ്​ട്ര ഷോർട്ട്​ഫിലിം ഫെസ്​റ്റിവലുകളിലേക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. രാജേഷ് രാജൻ, ആരതി പ്രജിത്, അമാനി രാജേഷ് രാജൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്​.കാമറ: പ്രജിത് രാമകൃഷ്ണൻ, എഡിറ്റിങ്​: അഭിലാഷ് വിശ്വനാഥ്, അയ്യപ്പൻ ആറ്റിങ്ങൽ, വിശാഖ് ആർ. നായർ , നജാദ് നജീബ്  എന്നിവരും കാമറ കൈകാര്യം ചെയ്​തു. പശ്ചാത്തലസംഗീതം: നന്ദുകർത്ത, അസിസ്​റ്റൻറ്​ ഡയറക്ടർ: ആസിഫ് വയനാട്, നൗഷാദ്  ദിൽസേ. മേക് അപ്: രവി, കൃഷ്ണദാസ് ബേപ്പൂർ, ഡിസൈൻ: സേതു ശിവാനന്ദൻ. സ്​റ്റുഡിയോ: ഷകീർ സരിഗ ദോഹ, ബാലു  മെട്രോ സ്​റ്റുഡിയോ കൊച്ചി. ശബ്​ദം: സുമേഷ് സി.കെ, സായി കൃഷ്​ണ.