നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, June 21, 2021

ജോർജ് മാസ്റ്റർ

ചക്രമാക്കൽ ജോർജ് മാസ്റ്റർ  റിട്ടയേർഡ് അധ്യാപകൻ ചാവക്കാട് ഗവൺമെൻറ് ഹൈസ്കൂൾ.നിരവധി ശിഷ്യ സമ്പത്തുള്ള അധ്യാപകൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ,സാംസ്ക്കാരിക പ്രവർത്തകൻ, സിനിമ,നാടക കലാകാരനുമായ പാലുവായി ഗർഷോം കോളനിയിലെ ചക്രമാക്കൽ ജോർജ് മാസ്റ്റർ നിര്യാതനായി.സംസ്കാരം ഇന്ന് 21 ജൂൺ 2021 വൈകീട്ട് പാവറട്ടി  സെന് ജോസഫ് തീർത്ഥകേന്ദ്രത്തിൽ വെച്ച് നടന്നു,

സി.എഫ്.ജി. എന്ന മനുഷ്യ / പ്രകൃതി സ്നേഹി...

 ..................................

ജോർജ് മാഷുമായി  എനിക്ക് മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ട്.

ഗുരുവായൂരിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ 2014 വരെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

എന്റെ എഴുത്ത് ജീവിതത്തിൽ വിമർശനാത്മകമായ പ്രോത്സാഹനം നൽകുമായിരുന്നു മാഷ്. അച്ചടിച്ചു വന്ന പല നല്ല കഥകളുടെയും ആദ്യ വായനക്കാരനും മാഷ് തന്നെയായിരുന്നു...

അദ്ദേഹം ഉപയോഗിച്ചിരുന്ന മാരുതി 800 കാറിന്റെ ഇലക്ട്രിക്കൽ സംബന്ധമായ  അറ്റകുറ്റപണികൾക്ക് ഗുരുവായൂരിൽ വന്നാൽ , തിരക്കുണ്ടെങ്കിൽ താക്കോൽ എന്നെ ഏൽപിച്ച് പോകും.
ഇല്ലെങ്കിൽ എന്നോടൊപ്പം കൂടും.
(എന്റെ സ്ഥാപനത്തിന്നരികിൽ ഓട്ടൊ ഇലക്ടിക്കൽ വർക്ക് ഷോപ്പ് ഉണ്ടല്ലോ...)

ഒരിക്കൽ അങ്ങനെ കാർ / താക്കോൽ ഏൽപിച്ച് എറണാംകുളം പോയി വൈകീട്ട് തിരിച്ചെത്താമെന്നും പറഞ്ഞ് പോയി. രാത്രിയായിട്ടും കാണാതായപ്പോൾ , മറന്നതാകാമെന്ന് കരുതി ഞാൻ ഫോൺ ചെയ്തെങ്കിലും അദ്ദേഹം പരിധിക്ക് പുറത്തായിരുന്നു.
കാർ കടക്ക് മുന്നിൽ പാർക്ക് ചെയ്ത് താക്കോൽ കടയിൽ വെച്ച് ഞാൻ വീട്ടിലേക്ക് പോന്നു.
ഏതാണ്ടൊരു പാതിരാ നേരത്ത് ഗാഡമായ ഉറക്കത്തിൽ ഫോൺ ശബ്ദിച്ചു.

 മാഷ്.....

താനുറങ്ങിയോ ടോ... എന്ന പതിഞ്ഞ ചോദ്യം.

പത്തരക്ക് മുമ്പ് ഞാനുറങ്ങുമെന്ന് വ്യക്തി സംഭാഷണങ്ങളിൽ പലപ്പൊഴും ഞാൻ പറഞ്ഞിട്ടുണ്ട്.
പിന്നീട് ക്ഷമാപണത്തോടെ അദ്ദേഹം പറഞ്ഞു.

തന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാണെടോ താനുറങ്ങുകയാണന്നറിയാമായിരുന്നിട്ടും വിളിച്ചുണർത്തിയത്. പുലർച്ചെ എനിക്കൊരു യാത്രയുണ്ട്. കാറ് കിട്ടിയേ പറ്റൂ...

ഓട്ടൊ പിടിച്ച് വീട്ടിൽ വന്നു. ഞാൻ ഒപ്പം പോയി. കട തുറന്ന് താക്കോൽ കൊടുത്തപ്പോൾ രണ്ട് കൈ കൊണ്ടും എന്റെ കൈയിൽ അമർത്തിപ്പിടിച്ചു....

ഗുരുവായൂരിലെ മാലിന്യ വിഷയങ്ങൾ, ഗുരുവായൂരിലെ 200 ൽ പരം ലോഡ്ജുകളിൽ നിന്നും ചക്കംകണ്ടത്തേക്ക് ഒഴുക്കിവിടുന്ന മലിന ജലം ആ പ്രദേശത്തുണ്ടാക്കിയിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങൾ. പ്രതിസന്ധികൾ.
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങൾ .അതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടുന്ന ഭീഷണികൾ....
 (ഡയറിത്താളുകൾക്കിടയിൽ നിന്നും ഏതാനും ഭീഷണി - ഊമ  കത്തുകളും ഒരിക്കൽ കാണിക്കുകയുണ്ടായി.)

ലോക സാഹിത്യം, സിനിമ, നാടകം, തുടങ്ങി എത് വിഷയത്തെ കുറിച്ചും ആധികാരികമായി സംസാരിച്ചു കൊണ്ടിരിക്കും. ഞാൻ കേൾവിക്കാരൻ മാത്രം.

രണ്ട് വർഷം മുമ്പ് ഗുരുവായൂർ പുസ്തകോത്സവത്തിൽ വെച്ച് ഡോ. സെബാസ്‌റ്റ്യൻ പോൾ എന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് ഞാൻ ക്ഷണിക്കാതെ തന്നെ അദ്ദേഹം വന്നു.
(അന്നെടുത്ത ഫോട്ടൊ ഇതോടൊപ്പമുണ്ട്.)

ക്ഷണിക്കാത്തതിൽ മാഷെന്നോട് ...

ഒരു തലയാട്ടൽ. ഒരു ചിരി..

താൻ വിളിച്ചില്ലെങ്കിലും ഞാൻ വരും...

ഒരു പക്ഷെ, അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി അതായിരിക്കാം.

യഥാർത്ഥ മനുഷ്യൻ.
കളങ്കവും വിദ്വേഷവും ഉള്ളിൽ സൂക്ഷിക്കാത്ത പച്ച മനുഷ്യൻ.

6 ദിവസം മുമ്പ് ഒരു വാഹനം വന്നിടിച്ച് എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി വീട്ടിൽ മലർന്നു കിടക്കുന്ന എനിക്ക് അവസാനമായി അങ്ങയെ വന്നു കാണാൻ കഴിയാത്ത മഹാ സങ്കടത്തിന്റെ വിങ്ങലിൽ ....വിട...
പ്രണാമം...🙏

റഹ്‌മാന്‍ തിരുനെല്ലൂര്‍

...............
പ്രിയപ്പെട്ട സി.എഫ്. ജോർജ് മാഷ് ചക്രമാക്കിൽ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.
ആദരാജ്ഞലികൾ.

സാമുഹ്യ, സാംസ്ക്കാരിക രംഗത്തും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തി കൊണ്ടിരുന്ന ജോർജ് മാസ്റ്റർ മാലിന്യ മുക്ത ചക്കംകണ്ടം സ്വപ്നം കണ്ട് അതിന് വേണ്ടി നിരന്തര പ്രയത്നങ്ങളും നടത്തി വന്നിരുന്നു. ഒരു ഗ്രാമത്തെയും മനോഹരമായ ഒരു പുഴയേയും മാലിന്യ മൊഴുക്കിവിട്ട് നശിപ്പിച്ചു കൊണ്ടിരുന്നവരേയും അവർക്ക് കൂട്ടുനിൽക്കുന്ന ഭരണാധികാരികളെയും തുറന്ന് കാട്ടി കൊണ്ടും എതിർത്തുകൊണ്ടും തൻ്റെ ശക്തമായ പ്രതിഷേധ സ്വരം സമൂഹത്തിൽ ഉയർത്താൻ മാഷ് ധൈര്യം കാട്ടി. നിയമ വിരുദ്ധ പ്രവർത്തി ചെയ്യുന്നവർ എത്ര വലിയവരായാലും ശിക്ഷിക്കപെടണമെന്ന നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് ചക്കംകണ്ടത്ത് ഒഴുകിയെത്തുന്ന മാലിന്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അന്ത്യം നൽകുക എന്ന ലക്ഷ്യത്തോടെ ഹൈകോടതിയിൽ നിയമ പോരാട്ടവും നടത്തി.

ചക്കംകണ്ടം, കളാനി, കഴുത്താക്കൽ, മരുതയൂർ, ഒരുമനയൂർ, കുണ്ടുകടവ് തുടങ്ങിയ പുഴയോരത്ത് ജീവിക്കുന്ന ആയിരകണക്കിന് പാവപ്പെട്ട മനുഷ്യർ നേരിടുന്ന ഇനിയും പരിഹരിക്കപെടാതെ കിടക്കുന്ന  പ്രധാനപ്പെട്ട ഈ വിഷയത്തെ ഭരണ ഉദ്യോഗ തലത്തിലും പൊതു സമൂഹത്തിലും പ്രധാന ചർച്ചയാക്കുന്നതിൽ മാഷെ പോലുള്ള മനുഷ്യ സ്നേഹികളായ  നല്ല മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദം തന്നെയാണ് കാരണമായത്.
 

® നൗഷാദ് തെക്കുംപുറം🖊️