നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, August 27, 2008

എനിക്ക് നോമ്പുണ്ട്‌

"നിങ്ങളിലൊരുവന് നോമ്പുനാളായാല്‍, അന്ന് അവന്‍ അസഭ്യം പറയരുത്; ബഹളം വെക്കരുത്. വല്ലവനും അവനെ ശകാരിക്കുകയോ അവനോട് സംഘട്ടനത്തിനു മുതിരുകയോ ചെയ്താല്‍, നോമ്പുകാരന്‍ അവനോട് 'എനിക്ക് നോമ്പുണ്ട്‌' എന്നു പറഞ്ഞേക്കണം.'' 'എനിക്കു നോമ്പുണട്, എനിക്ക് നോമ്പുണട്'
വ്രതാനുഷ്ഠാനത്തിന്റെ പൊരുള്‍ സ്പഷ്ടമായി പ്രകാശനം ചെയ്യുന്ന ലളിതമായ ഹദീസുകളാണിവ. നോമ്പുകാരുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്നും ഈ വചനം വ്യക്തമാക്കുന്നുണട്.നോമ്പ് അഥവാ പകല്‍ മുഴുവന്‍ പൈദാഹങ്ങള്‍ സഹിച്ച് മനുഷ്യന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞുനില്‍ക്കുക എന്നത് സ്വയമൊരു ലക്ഷ്യമല്ല. പ്രത്യുത, മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ്. മനുഷ്യനെ അവന്നാവശ്യമില്ലാത്തതും അനാശാസ്യവുമായ കാര്യങ്ങളില്‍ നിന്നകറ്റി ആവശ്യമുള്ളതും അഭിലഷണീയവുമായ വിചാരങ്ങളിലും വാക്കുകളിലും കര്‍മങ്ങളിലും ഏര്‍പ്പെടുത്തുക എന്നതാണാ മഹദ്ലക്ഷ്യം.മനുഷ്യന്‍ കുറേ നേരം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചതുകൊണട്, സര്‍വശക്തനായ അല്ലാഹുവിന് വിശേഷിച്ചൊന്നും നേടാനില്ല. നേട്ടമുണടാകുന്നതു മനുഷ്യന്നു തന്നെയാണ്. അവനില്‍ ആത്മീയ ബോധം സജീവമാകും; ആത്മനിയന്ത്രണം സാധിക്കും; സഹനശക്തിയും ക്ഷമയും വര്‍ധിക്കും. ഈ ഗുണങ്ങളിലൂടെ അവന്റെ വിചാരവും വാക്കും കര്‍മവുമെല്ലാം സംസ്കരിക്കപ്പെടും. അതിനുവേണടിയാണ് വ്രതം അനുശാസിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനെ ഈ ലക്ഷ്യത്തിലേക്കടുപ്പിക്കാത്ത വ്രതം കേവലം വൃഥാ ക്ളേശമാകുന്നു.ഭക്ഷണവും വെള്ളവും സ്വയം നിഷിദ്ധങ്ങളല്ല. മനുഷ്യന്നു വേണടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അവന്റെ ഭൌതികജീവിതത്തിന്റെ ആധാരവുമാണവ. നോമ്പില്ലാത്ത വേളകളില്‍ അവയെ ആവശ്യാനുസരണം പ്രയോജനപ്പെടുത്താന്‍ അല്ലാഹു അനുശാസിച്ചിട്ടുമുണട്.നോമ്പുവേളയിലും അല്ലാത്തപ്പോഴും നിഷിദ്ധമായ കുറേ കാര്യങ്ങളുണട്. അസൂയ, പരദൂഷണം, കളവ്, കാപട്യം, വ്യഭിചാരം, മോഷണം തുടങ്ങിയ തിന്മകള്‍. ഇവ സത്യവിശ്വാസി സദാ വെടിഞ്ഞുനില്‍ക്കേണട കാര്യങ്ങളാണ്. അവയോട് അവന് എന്നും വ്രതമായിരിക്കണം. ഈ വ്രതത്തിന്റെ നൈരന്തര്യത്തെ ശക്തിപ്പെടുത്താനാണ് അന്നപാനീയങ്ങളോടുള്ള താല്‍ക്കാലിക വ്രതം.അന്നപാനീയങ്ങളോടുള്ള വ്രതം അനുഷ്ഠിക്കുമ്പോള്‍ പരദൂഷണം, അക്ഷമ തുടങ്ങിയ തിന്മകളോടുള്ള എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുക ചിലരുടെ ദൌര്‍ബല്യമാണ്. താല്‍ക്കാലിക ഹറാം പാലിച്ചുകൊണട് ശാശ്വത ഹറാമുകളെ ലംഘിക്കുക. രോഗശമനത്തിനുള്ള ഔഷധത്തെ രോഗം മൂര്‍ച്ഛിക്കാനുള്ള വിഷമാക്കി മാറ്റുന്നതുപോലെയാണിത്.നോമ്പുകാരന്‍ പ്രകോപനങ്ങളുണടായാല്‍ പോലും കോപിക്കാന്‍ പാടില്ല. അക്ഷമ കാണിക്കുകയുമരുത്. പ്രകോപനങ്ങളെ ക്ഷമയോടെ, സമചിത്തതയോടെ നേരിടാന്‍ അയാള്‍ക്കു കഴിയണം. അതിനു ശീലിക്കണം. പ്രകോപിതനാകുമ്പോള്‍ താന്‍ നോമ്പുകാരനാണ് എന്നു സ്വന്തത്തെയും ബന്ധപ്പെട്ടവരെയും അനുസ്മരിപ്പിച്ചു അക്ഷമവും അസഹിഷ്ണുതാപരവുമായ പ്രതികരണങ്ങളില്‍നിന്നകന്നു നില്‍ക്കണം. അതാണ് നബി (സ) പറഞ്ഞത്: "നിങ്ങളെ ആരെങ്കിലും ശകാരിക്കുകയോ അവിവേകം കാണിക്കുകയോ ചെയ്താല്‍, നിങ്ങള്‍ പറയുക: എനിക്ക് നോമ്പുണട്. എനിക്ക് നോമ്പുണട്.''