നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, February 15, 2016

ആത്മാര്‍‌ഥതയുള്ള ഒരു സം‌ഘം

വിഭാവനയിലെ മഹല്ല്‌ :അന്‍‌സാര്‍ മഞ്ഞിയില്‍.
മഹത്തായ ഒരു പാരമ്പര്യത്തിന്റെ പരിശുദ്ധത കാത്ത്‌സൂക്ഷിക്കേണ്ട ബാധ്യതയുള്ളവരാണ്‌ വിശ്വാസികള്‍ .പൂര്‍വ്വികര്‍ ചെയ്‌തതുപോലെ ചെയ്യാന്‍ നമുക്കാവില്ല.എല്ലാ അര്‍ഥത്തിലും നാം അവരെ അപേക്ഷിച്ച്‌ ദുര്‍ബലര്‍ തന്നെ. ആത്മാര്‍ഥതയില്‍ ത്യാഗബോധത്തില്‍  അനുഭവജ്ഞാനത്തില്‍ എല്ലാം നാം അവരെ അപേക്ഷിച്ച്‌ പിന്നിലാണ്‌.

പള്ളികള്‍ കേന്ദ്രീകരിച്ച്‌ മത സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ കാര്യങ്ങളില്‍ കൂട്ടു സംരംഭങ്ങളിലൂടെ സാമുദായിക പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ നമുക്ക്‌ അഭികാമ്യം.  

അധികാര വികേന്ദ്രീകരണങ്ങളിലൂടെ വിവിധമേഖലകള്‍ക്ക്‌ പ്രത്യേകമായി തലവന്മാരെ നിശ്ചയിച്ചുകൊണ്ടും ആസുത്രണങ്ങള്‍ കൊണ്ടും ഒട്ടേറെ കാര്യങ്ങള്‍  സുഖമമായി മുന്നോട്ട്‌ കൊണ്ടു പോകാന്‍ കഴിയും.
കര്‍മ്മത്തിലും ധര്‍മ്മത്തിലും വിശ്വാസപരമായ പരിശുദ്ധി പുലര്‍ത്തുന്ന ഉത്തമ മാതൃകയുള്ള തലമുറയെ സൃഷ്‌ടിച്ചെടുക്കാന്‍ സാധ്യമാകുന്ന പ്രതിജ്ഞാബദ്ധമായ ഒരു സമൂഹം. മാതൃകായോഗ്യരായ നേതൃനിര….

എല്ലാ അര്‍ഥത്തിലും അച്ചടക്കബോധമുള്ള ദിശാബോധമുള്ള പ്രവര്‍ത്തകസമിതിയുടെ നിയന്ത്രണത്തിലുള്ള പള്ളിയും പള്ളിക്കൂടവും.

മഹല്ലിന്റെ നാഡിമിടുപ്പുകള്‍ മനസ്സിലാക്കി ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി മഹല്ലിനോടൊപ്പം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഇമാമും സഹകാരികളായി മദ്രസ്സാ അധ്യാപകരും.മാതൃകാ യോഗ്യരായ അധ്യാപകര്‍ .

പഠനവും വായനയും സംശയ നിവാരണ കേന്ദ്രവുമായ കര്‍മ്മ നിരതമായ മദ്രസ്സാ സംവിധാനം.വയോജന ദീനി വിദ്യാഭ്യാസ കേന്ദ്രം.

വ്യക്തവും കൃത്യവുമായ കണക്കുകളും റിപ്പോര്‍ട്ടുകളും സൂക്ഷ്‌മമായ റെക്കാര്‍ഡ് സംവിധാനം .

വിവാഹം വിവാഹ മോചനം വിദ്യഭ്യാസം തുടങ്ങിയ ഔദ്യോഗിക രേഖകളുടെ ശാസ്‌ത്രീയമായ പരിഷ്‌കരണം.

പള്ളി മദ്രസ്സാ പരിപാലനവുമായ ബന്ധപ്പെട്ട ചെലവുകള്‍ കൃത്യമായി നടക്കും വിധമുള്ള ശാസ്‌ത്രീയമായ സമാഹരണം.

ചുരുക്കത്തില്‍ വ്യക്തവും ശുദ്ധവും സര്‍വോപരി നിഷ്‌ഠയോടുകൂടിയ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മഹല്ലില്‍ പ്രതിഫലനങ്ങളുണ്ടാക്കാന്‍ സാധിക്കും .നമ്മുടെ അവസ്ഥയിലെ മാറ്റം ഔദ്യോഗിക സംവിധാനങ്ങളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഏജന്സികളുടെ ഭാഗത്ത്‌ നിന്നുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും അനായാസേന കരഗതമാക്കാന്‍ സാഹചര്യങ്ങളൊരുക്കുകയും ചെയ്യും.
  
സംസ്‌കൃതമായ സമൂഹത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ സ്വാഗതാര്‍ഹമാണ്‌.എന്നാല്‍ ഒറ്റപ്പെട്ട ചര്‍ച്ചകളില്‍ പോലും അപരനെ തോല്‍പ്പിക്കുക എന്ന തരത്തിലാണ്‌ സംഭാഷണങ്ങള്‍ നടക്കുന്നത്‌.ഇതു ഗുണത്തേക്കാള്‍ ദോഷം മാത്രമേ ജനിപ്പിക്കുകയുള്ളൂ.മഹല്ലു സംവിധാനം ദുര്‍ബലപ്പെടരുതെന്ന ഉറച്ച ബോധ്യവും ബോധവും നമുക്കുണ്ടായിരിക്കണം.വീക്ഷണ വൈകൃതങ്ങള്‍ എന്ന സങ്കല്‍പത്തിനു പകരം വീക്ഷണ വൈവിധ്യങ്ങള്‍ എന്ന ഉയര്‍ന്ന വിതാനം കാത്തു സൂക്ഷിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായി സംവാദം സാധ്യമാകുകയുള്ളൂ.

മഹല്ലു സംവിധാനം ഏറെ ശക്തമാകുക തന്നെവേണം.നാടിന്റെ പൊതു കാര്യങ്ങളില്‍ ബുദ്ധിപൂര്‍വകമായ തിരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തരായ ഒരു സമിതി ഉണ്ടായിരിക്കണം.സാമൂഹിക രാഷ്‌ട്രീയ മതബോധമുള്ള എല്ലാ ആശയക്കാരും ഉള്‍കൊള്ളുന്ന വ്യക്തിത്വങ്ങള്‍ ഈ സംവിധാനത്തെ നയിക്കുന്ന അവസ്ഥയും സംജാതമാകണം.

അന്‍‌സാര്‍ മഞ്ഞിയില്‍.