സഹകരണം അനിവാര്യം.മര്‍സൂഖ് സെയ്‌തു മുഹമ്മദ്.
മഹല്ല് സംവിധാനം എന്ന മഹത്തായ ആശയം പ്രയോഗവൽകരിക്കുന്നതിൽ വരുന്ന പൊരുത്തകേടുകൾ തന്നെയാണ് ഓരോ ദേശത്തിന്റെയും നവജാഗരണ പ്രവർത്തനങ്ങളിലെ ഏറ്റകുറച്ചിലുകൾ എന്നത്. കൃത്യമായി ദിവസവും അഞ്ചു നേരം അതിലും വിപുലമായി ആഴ്ചയിൽ ഒരു ദിവസം അതിലും വിപുലമായി വർഷത്തിൽ രണ്ടു ദിവസം ഒരു പ്രദേശത്തിന്റെ കൂടിച്ചേരൽ എന്നത് ക്രിയാത്മകമായി സംവിധാനിക്കപെടുന്നിടത്താണ് ആ പ്രദേശത്തിന്റെ ബഹുമുഖ മുന്നേറ്റം സാധ്യമാകുക. നിർഭാഗ്യവശാൽ മഹല്ല് നിവാസികളുടെ ഇടയിൽ ഭൗതികമായ സൗകര്യങ്ങളുടെ വികസനം എന്നത് പള്ളികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും വികസനങ്ങളിൽ മാത്രം ഒതുക്കി അത് മാത്രമാണ് പള്ളി കമ്മിറ്റികളുടെ മഹല്ല് പ്രവർത്തനം എന്ന രീതിയിൽ സമുദായസേവനം നിർജീവമാകുന്നത് നമുക്ക് മുന്നിൽ ഒരു നേർകാഴ്ചയാണ്.സമകാലിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് മഹല്ല് സംവിധാനം അതിൻറെ സാധ്യതകളെ ഉപയോഗപെടുത്തിയാൽ ഒരു പരിധി വരെ ഇന്ന് മുസ്ലിം സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുമെന്നത് നിസ്തർക്കമാണ്. മഹല്ല് എന്ന വാക്കുപോലും ഗ്രൂപ്പ് സംഘടന തർക്കങ്ങളോട് ചേർത്ത് വെക്കേണ്ട പരിതാപകരമായ അവസ്ഥയാണ് ഇന്ന് നാം കാണുന്നത് . പൗരോഹിത്യം അതിൻറെ നിലനിൽപിനായി കെട്ടിപടുക്കുന്ന "അവനവൻറെ അപ്പത്തിനുള്ള ആശയം" എന്ന സങ്കല്പം തിരിച്ചറിയുന്നിടത്താണ് നവോത്ഥാനം സാധ്യമാകുന്നത് .വയറു നിറക്കാൻ വിഭവങ്ങളും പണപ്പിരിവുകളും ഉള്ള വിശാലമായ അർത്ഥതലങ്ങളിലേക്ക് ആരാധനകളെയും ഇബാദത്തുകളെയും കൊണ്ടെത്തിക്കുന്നതിൽ പൗരോഹിത്യവും മഹല്ല് നിവാസികളും ബദ്ധശ്രദ്ധരാണ്. മരണ ശേഷമുള്ള പ്രാർത്ഥനകൾക്കായി ഇവൻറ് മാനേജ്‌മന്റ് നിലവാരത്തിലുള്ള പ്രാർത്ഥന സംഘങ്ങൾ ഇന്ന് സുലഭമായികൊണ്ടിരിക്കുന്നു . മഹല്ല് നിവാസികൾക്ക് ഖുർആനും ഹദീസും അറിയുന്നിടത്ത് ഉയർത്തുന്ന അജ്ഞാതമായ മതിൽകെട്ടുകൾ ചാടി കടക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് .
മദ്രസ്സ വിദ്യാഭ്യാസരീതിയുടെ നവീകരികരണം എന്നത് ഇന്ന് അടിയന്തിര പ്രാധാന്യമുള്ള വിഷയം തന്നെയാണ്. കച്ചവടവൽക്കരിക്കുകയും വിഗ്രഹവൽക്കരിക്കപെടുകയും ചെയ്യുന്ന പുരോഹിത സംഘടനമേധാവിത്വങ്ങളുടെ മാന്ത്രിക വളയങ്ങളിൽ നിന്നും സമുദായം രക്ഷപെടണമെങ്കിൽ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ ചര്യയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാകേണ്ടതുണ്ട്.അതുപോലെ തന്നെ ഉപരിപ്ലവമായ ആശയാദർശ തർക്കങ്ങൾ മാറ്റിവെച്ചു പൊതുവായ വിഷയങ്ങളിൽ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും വർത്തമാനകാലത്തിൻറെ ഒരു അനിവാര്യതയാണ്.
മര്‍സൂഖ് സെയ്‌തു മുഹമ്മദ്