നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 28, 2015

ഉമ്മയുടെ കത്ത്....

ജീവിതായോധനത്തിന്‍റെ നാള്‍വഴികളില്‍ ജീവിതം തന്നെ വഴി മാറുന്ന ഒരു യാന്ത്രികതയുടെ സ്വാധീനവലയത്തിലാണ് എല്ലാവരും. അറിഞ്ഞൊ അറിയാതെയോ നേട്ടങ്ങള്‍ എന്ന് സ്വയം വിധിയെഴുതി സംതൃപ്തിയുടെ നെടുവീര്‍പ്പിട്ട് പ്രവാസികള്‍ ജീവിക്കുന്നു. മനപ്പൂര്‍വ്വം മറന്നു വെച്ചതും അറിയാതെ കളഞ്ഞു പോയതുമായ സ്വന്തം ജീവിതം തിരയാന്‍ പക്ഷെ ബഹുഭൂരി പക്ഷവും ഒരു പാട് വൈകിപ്പോകുന്നു.ജീവിക്കലും ജീവിപ്പിക്കലും എന്ന ആദ്യകാല പദ്ധതി പിന്നീട് സമ്പാദ്യത്തിലേക്ക് സമന്വയിക്കുമ്പോള്‍  ഒരു ഓര്‍മ്മപ്പെടുത്തല്‍ എവിടെ നിന്നെങ്കിലും ഉണ്ടാകണം. ഈ ആഴ്ച എന്‍റെ ഒരു കുഞ്ഞു കവിത സഹൃദയര്‍ക്ക് മുമ്പാകെ സമര്‍‌പ്പിക്കുന്നു.

ഉമ്മയുടെ കത്ത്....

മരുമകളോടൊത്ത്
മക്കളോടൊത്തെന്റെ
മകനുണ്ടന്യ രാജ്യത്ത്.
പെറ്റവയറിന്റെ പാടും
വറ്റിയ മാറിലെ തുടിപ്പുമായ്
ഞാനുമുണ്ടിവിടെ..!!
എന്നെക്കാത്തൊരു മാളികയും
സവാരിക്കൊരു വണ്ടിയും
വിളിപ്പുറത്താളുകളും...
മക്കളേ..
കുറിച്ചു തരുമോ..രണ്ടുവരി..
ഒന്നും വേണ്ടിനി മൂന്ന് തുണ്ടം
തുണിയുമിത്തിരി വെള്ളവും
കട്ടിലിന്‍ തല പിടിയ്ക്കാനെന്‍
പൊന്നുമോനുണ്ടെന്ന വിചാരവും
മൈലാഞ്ചി വിതറിയ
മയ്യത്തിന്‍ പിന്നില്‍
മിഴി നിറഞ്ഞ നിന്‍ പ്രാര്‍ത്ഥനയും..
ഇനിയുമെത്ര നാള്‍
നയ്ക്കണമെന്‍റെ മോന്‍
മൂന്ന് തുണ്ടം തുണിക്കുള്ള
കാശിനായ്...!!?

​സൈനുദ്ധീന്‍ ഖുറൈശി​