നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 12, 2016

ഊഹങ്ങളുടെ മലയാളി മനസ്സും കേരള രാഷ്‌ട്രീയവും

ഊഹങ്ങളുടെ മലയാളി മനസ്സും കേരള രാഷ്‌ട്രീയവും:മര്‍സൂഖ്‌ .

മണിചെയ്യനിൽ നിന്നും തുടങ്ങി ആട്‌  ,തേക്ക് മാഞ്ചിയത്തിലൂടെ സഞ്ചരിച്ചു ഭുമാഫിയകളുടെ  റിയൽ എസ്റ്റേറ്റ്‌ വ്യപാരത്തിലൂടെ   ടോട്ടൽ ഫൂളാകുന്നതിൽ  എന്നും പ്രബുദ്ധതയുടെ പ്രൗഢനക്ഷത്രങ്ങൾ  മുമ്പന്തിയിൽ ആണ് . മലയാളികൾ എന്നും ഊഹങ്ങളുടെ പിറകെ സഞ്ചരിക്കുവാൻ ഇഷ്‌ടപെടുന്നവർ ആണ്.ഒന്നിനെ പത്തായും   പത്തിനെ നൂറായും പരിവർത്തിപ്പിച്ച   നമ്മൾ   പ്രകൃതിയുടെ സന്തുലിത വ്യവസ്ഥയായ ചതുപ്പ് നിലങ്ങളെയും തണ്ണീർ തടങ്ങളെയും  സ്വർണതരികൾ   നിറഞ്ഞ പ്ലോട്ടുകളായി   മാറ്റിമറിച്ചു  .അതിലൂടെ നാം നടത്തിയ  കോൺക്രീറ്റ് കൃഷി നല്ല ഉഷ്‌ണഫലം  നേടിതന്നു കൊണ്ടിരിക്കുന്നു.വിനിമയ മൂല്യം മാത്രം ചിന്തിച്ച നാം മൂല്യങ്ങളെ ബലികഴിച്ചു നേടിയ  വികസനങ്ങൾ ആർക്കു വേണ്ടിയാണെന്ന്    സ്വയം തിരിച്ചറിയപെടേണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത് .

ഇന്ന് കേരള രാഷ്‌ട്രീയവും കടന്നു പോകുന്നത് ഇത്തരം  ഊഹങ്ങളുടെ ഊതിവീർപ്പിക്കപെട്ട അന്തരീക്ഷതിലൂടെയാണ്. പകലിൻറെ വെള്ളി വെളിച്ചത്തിൽ രാത്രിയാണിപ്പോളെന്നു ജനങ്ങളോട്‌ വിളിച്ചുപറയാൻ ഒരു ഉളുപ്പും ഇല്ലാത്ത ജന സേവകർ . അച്ചു നിരത്താൻ ചില പ്രസ്സുകളും    വിളിച്ചു പറയാൻ ചില ചാനലുകളും ഉണ്ടെങ്കിൽ പകലിനെ രാത്രിയാക്കാനും രാത്രിയെ പകലാക്കാനും ജാഗരൂഗരായിരിക്കുന്ന "ജനാധി പൈത്യതിന്റെ" നാലാം തൂണുകൾ . വികസനത്തിന്റെ ഊഹക്കണക്കുകളും  വാഗ്ദാനങ്ങളുടെ പെരുമഴയും ഫ്‌ളക്‌സ്‌ ബോർഡുകളിൽ കണ്ടു കണ്ണ് മഞ്ഞളിച്ചു പോകുന്ന ഒരു കൂട്ടം, കോർപ്പറേറ്റ് കാലത്ത് മണ്ണും വിണ്ണും പണയപെടുത്തി വികസനത്തിന്റെ  പിണ്ണാക്ക്   വഹിക്കുന്ന കപ്പലായി മാറികൊണ്ടിരിക്കുന്നു. വൈരുദ്ധ്യങ്ങളെ   വിളക്കിചേർത്ത്‌ വികലമായ വികസനത്തിന്റെ മഹാ വിസ്ഫോടന സിദ്ധാന്തം വിളമ്പി വിദ്യാസമ്പന്നരെ പോലും  വരുതിയിൽ ആക്കുന്ന  വിശ്വ മാന്ത്രികത. ഉള്ള്‌ പിടക്കുന്ന ചില തള്ളുകൾ കാണുമ്പോൾ സോമാലിയ പോലും തലകുനിക്കുന്ന ആദർശ പാപ്പരത്തം.വിവരമില്ലായ്‌മയിലൂടെയും വീരവാദങ്ങളിലൂടെയും   കേരളീയ സംസ്‌കാരിക   മണ്ഡലത്തിൽ തളിച്ച വർഗ്ഗീയതയുടെ   ആ കീടനാശിനി പ്രയോഗം   എത്രത്തോളം ഫലപ്രദമായെന്നു അറിയണമെങ്കിൽ മെയ്‌ 19 വരെ കാത്തിരികേണ്ടിവരും. അതുവരെ പരസ്പരം ചളി വാരിയെറിഞ്ഞു നമുക്ക് ഹോളി ആഘോഷിക്കാം.     

ലോകത്തെ എല്ലാ വിപ്‌ളവങ്ങളും ഉടലെടുത്തത് പാർശ്വവൽകരിക്കപെട്ട സമൂഹങ്ങൾക്കിടയിൽ നിന്നാണ്.  അടിസ്ഥാന വർഗ്ഗങ്ങൾ എന്നും അരികുവൽക്കരിക്കപ്പെടേണ്ടവരാണെന്ന സങ്കുചിത രാഷ്‌ട്രീയ തത്വശാസ്ത്രങ്ങൾ വകഞ്ഞുമാറ്റി ജനക്ഷേമ രാഷ്‌ട്രീയത്തിന്റെ പുതിയ ഉദയങ്ങൾ   പ്രതീക്ഷനല്‍‌കുന്നു നന്മ പുലരുന്ന ഒരു നല്ലൊരു നാളെക്കായ്‌. 

മര്‍സൂഖ്‌ പുതിയവീട്ടില്‍