നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, February 29, 2016

ഒന്നു ചിന്തിക്കുകിൽ...

ഒന്നു ചിന്തിക്കുകിൽ...റഷീദ്‌ പാവറട്ടി.
>>>>>>>>>>>>>>>>>
ഇന്നലെ ശിരസ്സിലും  ഉടലിലും അലങ്കാരങ്ങൾ അണിഞ്ഞവരുടെയും അവരുടെ നിർമ്മിതികളുടേയും അവശിഷ്ടങ്ങളുടെ ധൂമ പടലങ്ങളിലാണ്‌ ഇന്നു നാം പുതിയ സംസ്കാരങ്ങൾ പടുത്തുയർത്തുന്നത്‌.കാല ഗമനങ്ങളിലൂടെ നമ്മളും ഈ നിർമ്മിതികളും കേവലം ധൂമപടലങ്ങൾ മാത്രമായി മാറുകയും ചെയ്യും.

അലംകൃതമാകുന്ന ഈ കാലത്തിന്റെ ക്ഷണികായുസ്സ്‌ ആരെയും അലോസര പ്പെടുത്തുന്നില്ല !
സ്വേഛാധിപത്യ-സാമ്രാജ്യത്വ-അധിനി വേശാധികാര ഗർവ്വുകളും അവരുടെ സമകാലികരും കോടാനുകോടി മനുഷ്യർ മൃഗങ്ങൾ പക്ഷി മൽസ്യ വൃക്ഷ ലതാതികൾ ഒക്കയും ഒന്നു പോലുമില്ലാതെ നശിച്ചു മണ്ണടിഞ്ഞു.ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാൻലിനും മാത്രമല്ല നശിച്ചു പോയത്‌.അവരുടെ കാലത്ത്‌ ലോകത്തു ജീവിച്ചവരൊക്കെയും നശിച്ചു. മണ്ണും വിണ്ണും വായുവും കടലും മാത്രമാണ്‌ മാറ്റമില്ലാതെ ബാക്കിയായത്‌.മറ്റെല്ലാം തുടച്ചു മാറ്റപ്പെട്ടു. മറ്റൊരു തലമുറ സൃഷ്ടിക്കപ്പെട്ടു.നാളെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റപ്പെടേണ്ടവരാണു നമ്മളും.പക്ഷെ നാം കരുതുന്നുണ്ടൊ നമ്മൾ അനശ്വരരാണന്ന്.ഭൂമി കൂടുതൽ കൂടുതൽ അലംകൃതമാകുന്നു.എങ്ങും നിർമ്മാണങ്ങൾ നടക്കുന്നു.മഹാ നഗരങ്ങൾ ആഡംബര കപ്പലുകൾ പടക്കോപ്പുകൾ  വിമാനങ്ങൾ ആകാശ സ്പർശിയായ കെട്ടിടങ്ങൾ.ജീവിത സൗകര്യങ്ങളുടെ കുറുക്കു വഴികൾ തിരഞ്ഞു നാം ചെന്നു ചാടുന്നതൊക്കയും ക്ഷണികായുസ്സിന്റെ വേർപാടുകളിൽ.ചികിൽസാ സൗകര്യങ്ങളുടെ വികാസം ആരുടേയും ആയുസ്സിനെ അധികരിപ്പിച്ചില്ല.ആതുരാലയങ്ങൾ അധികരിച്ചു കൊണ്ടേയിരിക്കുന്നു.

ചിലതരം അഭ്യാസങ്ങൾക്കു മുന്നിൽ വിദ്യയെന്നു ചേർത്ത്‌ പുതു തലമുറയെ കൊണ്ട്‌ നാം വിദ്യാഭാസം ചെയ്യിക്കുന്നു.അതു കൊണ്ട്‌ തന്നെ പരിഷ്‌ കൃതസമൂഹം എന്നതിലുപരി സംസ്‌കൃത സമൂഹത്തെ കാണാൻ കഴിയാതെ പോകുന്നു.

നാം തിരിച്ചു നടന്നേ മതിയാകൂ.പുതിയ ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങൾ നിറുത്തി വെക്കണം.തലമുറകളോളം തുടരേണ്ടതിന്നാവശ്യമായതൊക്കയും സ്വരൂപിച്ചു കഴിഞ്ഞു നാം.ഒരു കൊതുകിന്റെയൊ ഉറുമ്പിന്റെയൊ കുഞ്ഞു കാലുകൾ പോലും സൃഷ്ടിക്കാൻ കഴിയാത്ത കേവലർ ആണു നാം എന്നു ഇനിയും സമ്മതിക്കുക.

ഇനി നമുക്കു വിശ്രമിക്കാം.ആയുധപ്പുരകളെ അടച്ചുപൂട്ടാം.അതിർത്തിയിലെ ജവാന്മാർക്ക്‌ അവരുടെ ജീവിതം തിരിച്ചു നൽകാം.ഫാസിസം ഇനി മുതൽ ഹ്യൂമനിസത്തിലേയ്‌ക്ക്‌ ഒഴുകട്ടെ.അത്‌ അടിയന്തിരമായി സംഭവി ക്കേണ്ടിയിരിക്കുന്നു.

"സംഗച്ഛധ്വം സംവദധ്വം
സംവോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പുവർവേ
സംജാ നാനാ ഉപാസതേ "

അല്ലയൊ മനുഷ്യരെ ,നിങ്ങൾ എല്ലാവരും ഒരുമിക്കുക.അന്യോന്യം സംവദിക്കുക.നിങ്ങളുടെ മനസ്സുകൾ ഒന്നായിരിക്കട്ടെ.മുമ്പ്‌ വിദ്വാന്മാർ ഐക്യത്തോടെ ധർമ്മത്തിന്റെയും ഐക്യത്തിന്റെയും ഫലങ്ങൾ അനുഭവിച്ചതു പോലെ നിങ്ങളും അനുഭവിക്കുക.നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ.ഒരേ പരമമായ ലക്ഷ്യം നിങ്ങളുടെ മുന്നിൽ ഞാൻ സ്ഥാപിക്കുന്നു.
(ഋഗ്വേദം 10/190)
റഷീദ്‌ പാവറട്ടി.