നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, March 1, 2016

ജനാധിപത്യം

ജനാധിപത്യം :വി.എം. കെബീർ.
-------------------------------
 ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് നാം നടിക്കുമ്പോൾ,ജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ  വെട്ടാനും, തിരുത്താനും, ഡൽഹിയിലെ പാർട്ടി ഓഫീസുകൾക്ക് അധികാരമുണ്ടന്ന് വന്നിരിക്കുന്നു. ജനങ്ങളെ ക്രൂരമായി പരിഹസിക്കുന്ന ജനാധിപത്യമാണിവിടെയുളളത്.അഞ്ച് വർഷത്തേക്ക് ജനങ്ങളെ നിരായുധരാക്കുന്ന ദൗത്യമാണ് അത് നിർവഹിച്ചു കൊണ്ടിരിക്കുന്നത്.

നൂറ്റാണ്ട് മുമ്പ് സമ്മാനങ്ങളിൽ നിന്ന് ഒന്നും തന്നെ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കില്ലന്ന് ഗാന്ധിജിയും മക്കളും  തീരുമാനിച്ചു,വിമ്മിട്ടത്തോടെയാണങ്കിലും കസ്തൂർബയും അത് അംഗീകരിച്ചു. സമ്മാനങ്ങൾ വിറ്റ് കിട്ടിയ കാശ് കൊണ്ട് ഗാന്ധിജി ഒരു ട്രസ്റ്റുണ്ടാക്കി.ജനസേവനത്തിനുളള ട്രസ്റ്റായിരുന്നു അത്.ഇന്നും ചിലർ ട്രസ്റ്റുണ്ടാക്കുന്നുണ്ട് ജനങ്ങളെ സേവിക്കാനല്ല,ആദായനികുതിയിൽ നിന്ന് രക്ഷിപ്പെടാനും "കസ്തൂർബ"മാരുടെ കരച്ചിലടക്കാനും.

ഇന്നാണങ്കിലോ?രാഷ്ട്രീയ പ്രവർത്തനം കൊണ്ട് തനിക്കും തന്റെ വരും തലമുറകൾക്കും സമ്പത്തും അധികാരവും ഉറപ്പിക്കുകയാണ് ഇന്ത്യയിലെ നേതാക്കൾ. തന്റെയും,പുത്രന്റേയും,പൗത്രന്റേയും,പ്രപൗത്രൻമാരുടേയും സീറ്റുറപ്പിക്കാനാണ് ഇക്കാണുന്ന ബേജാറ്. "താനും മക്കളുമില്ലങ്കിൽ നാടെവിടെ മക്കളെ " എന്നാണ് ചിലരുടെ ചോദ്യം.ഈ ചോദ്യത്തിന്റെ മുന്നിൽ മുട്ട് മടക്കുന്ന ആധർശധീരൻമാരേ ഇന്നിവിടെയുളളൂ..ഉണ്ടായിരുന്നു കരളുപ്പുളള ചിലർ അത് പണ്ട്, മഹാൻമാരും സാധാരണക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു.അത് കൊണ്ടാണ് "ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ" സാഹിബിന്റെ ഉദാഹരണം കുറിക്കുന്നത്,അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഈ മാതൃക ഇപ്പോൾ കൂടുതൽ ആവശ്യമാണ് എന്നത് കൊണ്ട് മാത്രം.

മുഹമ്മദ് ഇസ്മായിൽ സാഹിബ് മദ്രാസിൽ നിയമസഭ പ്രതിപക്ഷ നേതാവായിരിക്കുന്ന സന്ദർഭം. തന്റെ മകൻ എഞ്ചിനീയറിംഗ് പ്രവേശനത്തിനായി അലയുന്നു ഇസ്മായിൽ സാഹിബ് ഒന്ന് ഫോൺ എടുത്താൽ പരിഹരിക്കപ്പെടാഅവുന്ന കാര്യം. അദ്ദേഹം ഫോണെടുത്തില്ല വായ തുറന്നില്ല ഒരു ആംഗ്യം പോലും കാണിച്ചില്ല. അന്നത്തെ ഒരു മന്ത്രി എങ്ങനെയോ ഈ വിവരം അറിയുന്നു. സാഹിബിനോടുളള അടുപ്പവും ആദരവും കൊണ്ട് അദ്ദേഹം ഒരു കോളേജ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് പ്രവേശനം തരപ്പെടുത്തുന്നു. വാപ്പയോ മകനോ ഇതറിയുന്നില്ല ആറു മാസം കഴിഞ്ഞ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും മന്ത്രിയും തമ്മിൽ കണ്ടപ്പോൾ മകന്റെ കോളേജ് പ്രവേഷനത്തിൽ തനിക്കുളള റോളിനെ കുറിച്ച് മന്ത്രിയുടെ വാക്കുകളിൽ വൃംഗമായ സൃചന.അന്ന് രാത്രി തന്നെ ഇസ്മായിൽ സാഹിബ് മകനെ വിളിച്ച് "നാളെ മുതൽ നീ കോളേജിൽ പോകണ്ട "എന്നാജ്ഞാപിച്ചു.നമ്മുടെ രാഷ്ട്രീയനേതാക്കൾ മക്കളെയും ബന്ധുക്കളെയും വിളിച്ച് ഇങ്ങനെ ഒന്നാജ്ഞാപിച്ചാൽ വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്ര പേർ ബാക്കിയുണ്ടാകും ? രാഷ്ട്രീയ ഭിക്ഷാംദേഹികൾ- ഈ പേര് ഇന്നത്തെ രാഷ്ട്രീയ നേതാക്കളെ വിളിക്കുന്നത് മറ്റൊരു പേരും അവർക്ക് ചേരാത്തത് കൊണ്ടാണ്.ഫാറൂഖ് ഉമറിനെപ്പോലെ അധികാരത്തിന് മകനെ അയോഗ്യനാക്കാനോ,ഗാന്ധിജിയെപ്പോലെ അധികാരത്തോട് പുറം തിരിഞ്ഞു നിൽക്കാനോ അവർക്ക് സാധിക്കില്ലായിരിക്കാം.പക്ഷേ,ഫറോവയെപ്പോലെ അധികാരത്തിൽ അമർന്ന് കിടന്ന് മനുഷ്യനെ ശ്വാസം മുട്ടിച്ച് കൊല്ലാതിരിക്കാനെങ്കിലും ദയവുണ്ടായിക്കൂടെ..???
വി.എം. കെബീർ
തിരുനെല്ലൂർ