നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, March 16, 2008

വാര്‍ഷിക ജനറല്‍ ബോഡി

ദോഹ:ഉദയം പഠനവേദിയുടെ സംയുക്ത വാര്‍ഷിക ജനറല്‍ ബോഡി മാര്‍ച്ച്‌ 14 ന്‌ വൈകീട്ട്‌ ആസ്ഥാനത്ത്‌ ചേര്‍ന്നു.
രണ്ട്‌ സെഷനുകളിലായാണ്‌ യോഗം നടന്നത്‌.ആദ്യ സെഷന്‍ അബ്‌ദുല്‍ മജീദ്‌ സാഹിബിന്റെ അധ്യക്ഷതിയിലും രണ്ടാമത്തെ സെഷന്‍ പുതിയ മീഖാത്തിലെ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ സാഹിബിന്റെ അധ്യക്ഷതയിലുമാണ്‌ നടന്നത്‌.
സെക്രട്ടറി അബ്‌ദുല്‍ അസിസ്‌ മഞ്ഞിയില്‍ കഴിഞ്ഞമീഖാത്തിലെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.തുടര്‍ന്ന് ടഷറര്‍ എം എം അബ്‌ദുല്‍ ജലീല്‍ കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പാസ്സാക്കി.
പുതിയ പ്രവര്‍ത്തക സമിതിയേയും അതിന്റെ സാരഥി എം.എം അബ്‌ദുല്‍ ജലീല്‍ സാഹിബിനേയും ആശംസിച്ച്‌ കൊണ്ടും ആശീര്‍വദിച്ച്‌ കൊണ്ടും പ്രാര്‍ത്ഥിച്ച്‌ കൊണ്ടും ആയിരുന്നു അധ്യക്ഷന്‍ വിടവാങ്ങിയത്‌.
വ്യക്തികളല്ല കൂട്ടായ്‌മയാണ്‌ പ്രസ്ഥാനത്തെ ചലിപ്പിക്കുന്നത്‌ സംഘങ്ങളുടെ ആത്മാര്‍ത്ഥ സേവനങ്ങളാണ്‌ സംഘടനയുടെ ചൈതന്യം.പുതിയ ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്ത്‌ കൊണ്ട്‌ പ്രസിഡണ്ട്‌ സദസ്സിനെ ഓര്‍മ്മപ്പെടുത്തി.

ദോഹയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ തികച്ചും വ്യത്യസ്തമായ ചില മാറ്റങ്ങള്‍ പുതിയ മീഖാത്തില്‍ കൊണ്ട്‌ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈകൊള്ളുമെന്നും പ്രസിഡണ്ട്‌ തന്റെ നയ പ്രഖ്യാപനത്തില്‍ പറഞ്ഞു.

മാസാന്തം പ്രവര്‍ത്തക സമിതി യോഗവും,ത്രൈ മാസത്തില്‍ സംയുക്ത ജനറല്‍ ബോഡിയും എന്നതാണ്‌ കാതലായ മാറ്റം.വൈസ്‌ പ്രസിഡണ്ട്‌മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ പ്രത്യേക ദൗത്യം,സെക്രട്ടറിമാര്‍ക്ക്‌ തരം തിരിച്ച ഉത്തരവാദിത്തങ്ങള്‍ എന്നിവയും പുതിയ മാറ്റങ്ങളുടെ ഭാഗമായി പരിഗണനയില്‍ ഉണ്ട്‌.
ജനറല്‍ ബോഡിയില്‍ മുഖ്യ പ്രഭാഷണം നടത്തിയത്‌ യുവ പണ്ഡിതന്‍ കെ ഇല്‍യാസ്‌ മൗലവി ആയിരുന്നു.
ലോകാനുഗ്രഹിയായ പ്രവാചകന്റെ (സ)ജന്മം കൊണ്ട്‌ ഓര്‍‌മ്മിക്കപ്പെടുന്ന മാസമാണ്‌ റബീഉല്‍ അവ്വല്‍ എന്നപരാമര്‍ശത്തോടെയാണ്‌ മൗലവി തന്റെ ലളിത സുന്ദരമായ ഭാഷണം ആരംഭിച്ചത്‌.
പ്രവാചകന്റെ ശിക്ഷണങ്ങളും ശാസനകളും ചര്യകളും പഠിക്കുകയും ജിവിതത്തില്‍ പകര്‍ത്തുകയും ചെയ്‌തുകൊണ്ടായിരിക്കണം പ്രവാചക പ്രേമം പ്രകടിപ്പിക്കേണ്ടത്‌.മാനവ രാശിക്ക്‌ അനുഗ്രഹമായി വന്ന പ്രവാചകനെ പഠിക്കാന്‍ നാം തയാറാവണം.
ബഹുസ്വര സമൂഹത്തില്‍ വിശ്വാസി എങ്ങനെ ജീവിക്കണമെന്ന്‌ വളരെ സുന്ദരമായി പ്രവാചകന്‍ നമുക്ക്‌ വരച്ച്‌ കാണിച്ച്‌ തന്നിട്ടുണ്ട്‌.

ലോകാനുഗ്രഹിയായ പ്രവാചകന്റെ അനുയായികള്‍ കരുണയുടെ പതിപ്പുകളായി മാറണം.മൗലവി ഉദ്‌ബോധിപ്പിച്ചു.
സ്ത്രീകളും പുരുഷന്മാരും അടക്കം നല്ല സദസ്സ്‌ ജനറല്‍ ബോഡിയെ സജീവമാക്കി.