വിശ്വോത്തര പണ്ഡിതനും നവോത്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅലാ മൗദൂദിയുടെ പ്രകൃഷ്ട കൃതിയാണ് തഫ്‌ഹീമുല്‍ ഖുര്‍ആന്‍. മുപ്പത് വര്‍ഷമെടുത്ത്, ആറു വാള്യങ്ങളിലായി പൂര്‍ത്തീകരിക്കപ്പെട്ട ഈ ബൃഹദ് ഗ്രന്ഥം ഖുര്‍ആന്‍വ്യാഖ്യാന ചരിത്രത്തിലെത്തന്നെ വേറിട്ടൊരു രചനയത്രെ. ആധുനിക യുഗത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീ-പുരുഷന്മാരുടെ മസ്തിഷ്കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് തഫ്‌ഹീമിന്റെ മുഖ്യ സവിശേഷത. മനുഷ്യന്റെ വൈയക്തിക-സാമൂഹിക പ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ക്കുളള പ്രസക്തിയെ അത് വ്യക്തമാക്കുന്നു. ജീവിതത്തിന്റെ മുഴു മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു സമഗ്ര ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്ന് സത്യം തഫ്‌ഹീം വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും. തഫ്‌ഹീമില്‍ പ്രതിപാദിക്കപ്പെട്ട വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും അതിനെ ബൃഹത്തായൊരു മതവിജ്ഞാന കോശം തന്നെയാക്കിട്ടുണ്ട്. ഹദീസ്, ഫിഖ്ഹ്, ഇല്‍മുല്‍ കലാം തുടങ്ങിയ മതവിജ്ഞാനീയങ്ങള്‍ മുതല്‍ ചരിത്രം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളെല്ലാം അതില്‍ ആധികാരികമായി ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ളീഷ്, പേര്‍ഷ്യന്‍, പുശ്തു, തുര്‍കി, ജാപ്പാനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ അനേകം വിദേശഭാഷകളിലേക്കും പൂര്‍ണമായോ ഭാഗികമായോ അത് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.