മക്ക: പരിശുദ്ധ ഹറമിലെ പുണ്യതീര്‍ഥമായ സംസം വെള്ളത്തിന്റെ അദ്ഭുതവശങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞന്‍ ഡോ. മസാറോ ഐമോട്ടോ അവകാശപ്പെട്ടു. നാനോടെക്നോളജി ഉപയോഗിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം ലോകത്ത് മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസമയകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി സൌദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. 1000 തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാലും അതിന്റെ പ്രത്യേകത നിലനില്‍ക്കുമെന്ന് ഐമോട്ടോ തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
സൌദി സന്ദര്‍ശിക്കുന്ന ജപ്പാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഐമോട്ടോ കഴിഞ്ഞ ദിവസം ജിദ്ദയില്‍ 500ലധികം വരുന്ന ഗവേഷകരുടെ സദസ്സിന് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസം ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ ചില പ്രത്യേകതകളുണ്ടെന്ന് താന്‍ കണ്ടെത്തിയതായി ഐമോട്ടോ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേകിച്ചും 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന പ്രാരംഭ സൂക്തത്തോട് ജലകണങ്ങളില്‍നിന്ന് അതിശയകരമായ പ്രതികരണവും മാറ്റവും ഉണ്ടാകുന്നതായും ഇദ്ദേഹം അവകാശപ്പെട്ടു.
ഈ പ്രവണതയെ തനിക്ക് ഭൌതികമായി വ്യാഖ്യാനിക്കാനാവുന്നില്ലെന്നും ജിദ്ദയില്‍ ഒത്തുകൂടിയ ഗവേഷകരുടെ നിറഞ്ഞ സദസ്സില്‍ അദ്ദേഹം വിശദീകരിച്ചു. റെക്കോര്‍ഡ് ചെയ്ത ഖുര്‍ആന്‍ പാരായണം ജലകണങ്ങളെ കേള്‍പ്പിച്ചപ്പോഴും ഈ മാറ്റം ദര്‍ശിക്കാനായി എന്നത് വിസമയകരമാണ്.
മക്കയിലെ അമാനുഷിക ചരിത്ര ദൃഷ്ടാന്തങ്ങളിലൊന്നായാണ് സംസം ഉറവയെ വിശ്വാസികള്‍ കാണുന്നത്. പ്രവാചകന്‍ ഇബ്രാഹീം, ഭാര്യ ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ത്യാഗനിര്‍ഭരമായ ജീവിതവുമായാണ് സംസമിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നത്.
വറ്റാത്ത വിസ്മയത്തിന്റെ ഉറവയായ സംസം സെക്കന്റില്‍ ചുരത്തുന്നത് 11 മുതല്‍ 18.5 ലിറ്റര്‍ വരെ വെള്ളമാണ്. മക്ക, മദീന ഹറമുകളില്‍ വിതരണത്തിന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീര്‍ഥാടകര്‍ വഹിച്ചു കൊണ്ടുപോകാന്‍ മാത്രം പുണ്യജലം ഈ ഉറവയില്‍നിന്ന് ലഭിക്കുന്നു എന്നത് തന്നെ അല്‍ഭുതകരമാണ്. ഹറമികനത്ത് മാത്രം നിത്യേന 2,600 ക്യുബിക് മീറ്റര്‍ സംസം വെള്ളം കുടിക്കാനായി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പള്ളിക്ക് പുറത്ത് ദിവസവും വിതരണം ചെയ്യുന്നത് 1,400 ക്യുബിക് മീറ്ററിലധികമാണ്്്്. മദീന ഹറമില്‍ നിത്യേന വിതരണം ചെയ്യാന്‍ 400 ക്യുബിക് മീറ്റര്‍ സംസം എത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ കിണറില്‍നിന്നുള്ള വറ്റാത്ത ഉറവയായ സംസം ഹജ്ജിനും ഉംറക്കും എത്തുന്ന തീര്‍ഥാടകരിലൂടെ ലോകത്തിന്റെ മുക്കുമൂലകളില്‍ പാനം ചെയ്യപ്പെടുകയാണ്.
പരിശുദ്ധ കഅ്ബയില്‍നിന്ന് 24 മീറ്റര്‍ അകലെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് 88 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള കെട്ടിടത്തില്‍ സ്ഥിതിചെയ്തിരുന്ന കിണര്‍ ഹിജ്റ വര്‍ഷം 1388ല്‍ ത്വവാഫിനുള്ള സ്ഥലം (മത്വാഫ്) വിശാലമാക്കിയപ്പോള്‍ ബേസ്മെന്റിലേക്ക് മാറ്റുകയും അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും സ്ഫടിക ചുമരുകള്‍ക്ക് പിന്നില്‍നിന്ന് കിണര്‍ കാണാനും ടാപ്പുകളില്‍നിന്ന് വെള്ളം കുടിക്കാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. 2004ല്‍ വീണ്ടും വികസനം നടത്തിയപ്പോള്‍ 'മത്വാഫില്‍ 'നിന്നുള്ള പടവുകള്‍ ഒഴിവാക്കുകയായിരുന്നു. പള്ളിക്ക് പുറത്തുനിന്നുള്ള ഭൂഗര്‍ഭ മാര്‍ഗത്തിന്റെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കയാണ്.