തിരിഞ്ഞു നടക്കാൻ തയ്യാറെങ്കിൽ ഒന്നും ഓർമ്മകൾക്ക് വിദൂരമല്ല. എല്ലാം ഇന്നലെയെന്ന പോൽ സ്മൃതികളിൽ തെളിയുന്നുണ്ട് . ഓത്തു പള്ളി ക്കാലം പോലെ ഇത്ര മേൽ മധുരമായ ഒരു ഘട്ടം ബാല്യത്തിൽ നിന്ന് വേർതിരിച്ച് എടുക്കാനുണ്ടാകില്ല എന്ന് തോന്നുന്നു.
വേലികൾ പോലും അപൂർവ്വങ്ങളായ , അതിരുകൾ മൂലകളിലെ നാലു കല്ലുകളിലോ കുറ്റികളിലോ നിർണ്ണ യിക്ക പ്പെട്ട സൗഹാർദ്ധ കാലം. അന്ന് മനുഷ്യരുടെ മനസ്സും അങ്ങനെ ആയിരുന്നു. മതിലുകളുടെ സംരക്ഷണം ആവശ്യമില്ലാത്ത ബാർട്ടർ സിസ്റ്റം എന്ന് ആധുനീകരിച്ച് വിളിക്കാവുന്ന " കൊള്ള കൊടുക്ക " കളുടെ തുറന്ന ആകാശം മാത്രം ഭൂമിക്ക് മേലെ ഉണ്ടായിരുന്ന കാലം.
ഞങ്ങളുടെ അയൽവാസികളായിരുന്ന സൂറത്താടെ മൊമ്മദ്ക്ക , കാദര്‍ക്ക, ബാവുക്ക ഒക്കെ ചേർന്നുള്ള മത്സ്യബന്ധന കൂട്ടായ്മ. കുരുത്തോലക്കൂട്ടവുമായി വഞ്ചിയിൽ പടിഞ്ഞാറേ പുഴ തുഴഞ്ഞ് ചേറ്റുവ വഴിക്കായിരുന്നു അവരുടെ യാത്ര. "വെള്ളവലി " എന്നറിയപ്പെട്ടിരുന്ന ആ മീൻപിടുത്ത ശൈലിക്ക് സുബ്ഹിക്ക് മുന്നേ പണി തുടങ്ങണം. ചില പുലരികളിൽ വെള്ള വലിക്കാർ വഞ്ചിയിൽ മരക്കഷ്ണം കൊണ്ട് അടിക്കുന്ന ശബ്ദം വീടുകളിൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. അങ്ങനെ ശബ്ദമുണ്ടാക്കുമ്പോൾ മീനുകൾ ചാടി വഞ്ചിയിലും വീഴുമായിരുന്നത്രെ. പിടിച്ച മീനുകളുടെ കച്ചവടം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചിലപ്പോൾ മാത്രമേ വീട്ടിലേക്കുള്ള മീൻ ഉണ്ടാകൂ. ഉള്ളപ്പോൾ കറി വെക്കുന്നതിൽ നിന്ന് ഒരു പാത്രം കൂട്ടാൻ ഇടക്കൊക്കെ ഞങ്ങൾക്കും കൊടുത്തയക്കുമായിരുന്നു സൂറത്ത. പറഞ്ഞു വന്നത് വളരെ കഷ്ട്ടപ്പെട്ട് ചുരുങ്ങി ജീവിച്ചിരുന്ന കാലത്ത് പരസ്പരം ഉണ്ടായിരുന്ന കരുതലും സ്നേഹവും ഇന്ന് മണ്മറഞ്ഞിരിക്കുന്നു. വാതിലുകൾ ഇല്ലാതെ അങ്ങുമിങ്ങും കടക്കാൻ ഒരാൾ വീതിയിൽ ഒരു ഒഴിവ് മാത്രം. വേലിപ്പടർപ്പിൽ കാരപ്പഴവും കൊട്ടക്കായയും നീരൂലിയും കൊന്നയും. അപ്പുറത്തെ വീട്ടിൽ ഇരുന്നു ബീഡി തെറുക്കുന്നവർ ആസ്വദിക്കുന്നത് ഇപ്പുറത്തെ വീട്ടിലെ റേഡിയോവിലെ വയലും വീടും പരിപാടി. " ഇച്ചിരി കൂടി ഒറക്കെ വെക്കടാ...മുത്തോ ...."
ആ പറച്ചിലിൽ തന്നെ തുളുമ്പുന്ന മധുരം എല്ലാം എല്ലാവര്‍ക്കും സ്വന്തം എന്ന സാഹോദര്യത്തിൻറെതായിരുന്നു.
മറച്ചു വെക്കരുതല്ലോ....ഇടക്ക് ഊക്കൻ വഴക്കും ഉണ്ടാകും. പക്ഷെ കൂടിയാൽ ഒന്നോ രണ്ടോ ദിവസം...പിന്നെ ശരിയാകും. അധികവും കുട്ടികളുടെ വഴക്കുകൾ മൂലമാണ് അത് സംഭവിക്കാറുള്ളത്. കാരണക്കാരായ കുട്ടികൾ ഏറിയാൽ അര മണിക്കൂറിനുള്ളിൽ കൂട്ടാകും. പിന്നെന്ത് വഴക്ക്.
തലമുറകൾ പിന്നിടുമ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെടുന്നുണ്ട് എന്നത് ഖേദകരമായ വസ്തുതയാണ്. ഇന്ന് വീട് പണിയുന്നതിന് മുമ്പ് മതിലും ഗേറ്റും പണിയും. മതിലുകൾ ബാഹ്യാ തിർത്തികൾ പരിമിതപ്പെടുത്തുമ്പോൾ വീടിനുള്ളിലെ ചുമരുകൾ ബന്ധങ്ങൾക്കും പരിധി നിശ്‌ചയിക്കുന്നുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹെഡ്സെറ്റ് ചെവികളിലും നോട്ടം ലാപ് ടോപ് സ്ക്രീനിലും ഒതുങ്ങി പോകുന്ന ഒരു നേരിയ ജീവിത പന്ഥാവ് ആണ് നമ്മുടെ യുവതയുടെ മുന്നിൽ ഇന്നുള്ളത്. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. പ്രാപഞ്ചികാന്വേഷണങ്ങളിൽ , വിശ്വോത്തര സൗഹൃദങ്ങൾ തിരഞ്ഞു വിരലോടിക്കുന്ന നമുക്ക് പിന്നിലും മുന്നിലും ഊർന്നു വീഴുന്ന ശ്വാസങ്ങൾ നമ്മൾ അറിയാതെ പോകുന്നു.
വിശന്നിരിക്കുന്നവന്റെ മുന്നിലേക്ക് ദൈവ ദൂതനെ പോലെ കടന്നു വരുന്ന ഒരാളുണ്ടായിരുന്നു പണ്ട്. ഒരു കാലൻ കുട കോളറിൽ പുറത്ത് തൂക്കിയിട്ട് കൈ നിറയെ ഇൻലന്റുകളുടെയും കത്തുകളുടെയും ഇത്തിരി മണിയോര്‍ഡറുകളുടെയും ശേഖരവുമായി നാട്ടുവഴികളെല്ലാം നടന്നു കയറുന്ന ശിപായി. കൊച്ചാപ്പു മാപ്പള . ഏതാണ്ട് ഉച്ചയോടെയാണ് ശിപായി വരുന്നത്. പാടത്തെ പീടികയിലെ തപാലാപ്പീസിൽ എത്തിയവർക്ക് പേര് വിളിച്ച് കത്തുകൾ കൊടുത്ത് ബാക്കിയുള്ളതുമായാണ് വീട് വീടാന്തരം കൊച്ചാപ്പു മാപ്പള എത്തുക.
പ്രിയതമന്റെ ഒരു കത്തിന് വേണ്ടി, അവന്റെ ഹൃദയം ഒളിപ്പിച്ചു വെച്ച അക്ഷരങ്ങളിലൂടെ അനുരാഗ മഴ നനയാൻ, ഓരോ വാക്കുകളിലും തുളുമ്പുന്ന സ്നേഹം നുകരാൻ....ഒരു തുള്ളി കണ്ണുനീർ കൊണ്ട് തൻറെ പ്രിയനെ സമാശ്വസിപ്പിക്കാൻ...തുറന്നിട്ട ചരുമുറിയുടെ ജനാലക്ക് പിന്നിൽ ഉത്കണ്ഠയോടെ വഴിയിലേക്ക് മിഴി നട്ടിരിക്കുന്ന പ്രാർത്ഥനാ നിർഭരമായ കണ്ണുകൾ....
"ഉമ്മോ .....മരിയോൾക്ക് കത്തുണ്ട്....." എന്ന് കുടന്ന തുപ്പലോടൊപ്പം വിളിച്ചു പറയുമ്പോൾ ഉമ്മയുടെ പരിഭവം നിറഞ്ഞ ചോദ്യം .." അതെന്താ... ശിപായെ ....ഓന്റെ ഉമ്മാക്ക് കത്തില്ലേ ....." ഉച്ചത്തിൽ ചിരിച്ച് കൊച്ചാപ്പു മാപ്പള പറയും...." നിങ്ങാക്കൂ...ണ്ട് ..ൻറെ ഉമ്മോ ....".
മണിയോർഡർ കൊണ്ട് വന്നാൽ അഞ്ചോ പത്തോ ശിപായിക്കുള്ളതാണ്. വരുന്നത് ആയിരമോ പതിനായിരമോ അല്ല. ഇരുനൂറോ മുന്നൂറോ ചിലപ്പോ നൂറോ...!! എന്തായാലും ശിപായിയുടെ പങ്ക് കൊടുത്തിരിക്കും.
അത് കൊണ്ട് തന്നെ മാസങ്ങളോളം മണിയോർഡർ ഒന്നും വരാതെ ഓരോ ദിവസവും ശിപായിയെ കാത്ത് നിൽക്കുന്ന ഉമ്മമാരെ കാണുമ്പോൾ കൊച്ചാപ്പു മാപ്ലക്കും സങ്കടമാണ്. തുണിയുടെ കോന്തലയാൽ കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് ഉമ്മറപ്പടിയിൽ ഇരിക്കുന്ന ഉമ്മമാരെ നോക്കി അതിലേറെ സങ്കടത്തോടെ മൂകനായി നടന്നകലും ശിപായി.
തീവണ്ടി കയറി വരുന്ന ഒരു കത്ത്, കടൽ കടന്നു വരുന്ന ഒരു കത്ത് ....ആ തുണ്ട് കടലാസുകൾ നൽകിയ ആനന്ദവും ആശ്വാസവും ഒരു വട്സാപ്പും വോയ്പ് കാളുകളും സ്‌കൈപ്പും നൽകുന്നുണ്ടോ എന്ന് സംശയമാണ്. പറയാൻ മടിക്കുന്നതെല്ലാം അക്ഷരങ്ങളിലൂടെ കാപട്യമില്ലാതെ പകർത്തപ്പെടുന്ന കത്തുകൾ ഓരോ പ്രവാസിയുടെയും അവനെ സ്നേഹിക്കുന്നവരുടെയും മനസ്സ് തന്നെയായിരുന്നു. നേരിൽ കണ്ടു സംസാരിക്കുന്ന ഈ കാലത്ത് കാണാനാവാത്ത ദീപ്‌തമായ ഹൃദയ ബന്ധങ്ങൾ പണ്ടത്തെ കത്തുകളിൽ ഉണ്ടായിരുന്നു എന്ന് തന്നെ ഈയുള്ളവൻ വിശ്വസിക്കുന്നു.
തുടരും......