ദോഹ: അസുഖ ബാധിതനായി ഖത്തറിലെ ഹമദ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ച കോഴിക്കോട് സ്വദേശി മരിച്ചു. ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്‌തിരുന്ന കോഴിക്കോട് ഓമശേരി പുത്തൂര്‍ നടമ്മല്‍പൊയില്‍ സ്വദേശി അത്തിക്കോട്ട് മാനാമ്പറ്റ അബ്ദുല്‍ മജീദ് (63) ആണ് ഇന്ന് രാവിലെ മരിച്ചത്.
ഖത്തര്‍ പെട്രോളിയത്തില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം 2016ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടക്കിടെ ദോഹയില്‍ വന്നു പോകാറുണ്ട്. ലോക്‌ഡൗണിനു മുമ്പ് ഖത്തറിലെത്തി നാട്ടിലേക്ക് മടങ്ങാനാവാതെ തുടരുന്നതിനിടെയാണ് അസുഖ ബാധിതയുണ്ടായത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 ന് എയര്‍ ആംബുലന്‍സ് വരുത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വ്യാഴാഴ്ച വെളുപ്പിന് 3.15 നായിരുന്നു അന്ത്യം.
ഓര്‍മ്മയിലെ അബ്‌ദുല്‍ മജീദ്
ഹമീദുദ്ദീൻ
ആത്മ സുഹൃത്ത് അബ്ദുൽ മജീദ് ഓമശ്ശേരി അല്ലാഹുവിലേക്ക് തിരിച്ചു പോയിരിക്കുന്നു.
........
انا لله وانا اليه راجعون.
........
കുറ്റ്യാടി ഇസ്‌ലാമിയ്യഃകോളേജിൽ നിന്നും തുടങ്ങിയ ആത്മ ബന്ധം ഇവിടെ മെഹദുദ്ദീനിയിൽ ഉണ്ടായിരുന്ന കാലത്ത് വീണ്ടും ഞങ്ങളെ സജീവമാക്കി നില നിർത്താൻ സഹായിച്ചു.പഠനം കഴിഞ്ഞു ഞാൻ ഖത്തർ റേഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. ആ സമയത്ത് ഖത്തർ ടിവിയിൽ ഒഴിവുണ്ട് എന്ന് അറിഞ്ഞപ്പോൾ അതിനു വേണ്ടി നടത്തിയ ശ്രമം വിജയിച്ചു അങ്ങിനെ ഞങ്ങൾ രണ്ടു പേരും ഒരേ കോംപ്ലക്സിൽ ഉള്ള റേഡിയോയിലും ടീവിയിലുമായി ജോലി ചെയ്യുകയയും ഒരുമിച്ചു തന്നെ താമസിക്കുകയും ചെയ്‌തു വന്നു.
ആ കാലത്തു ഖത്തർ ടീവിയിൽ ചാനൽ 2 യിൽ ആദ്യമായി മലയാളത്തിൽ ഒരു പ്രഭാഷണത്തിന് അവസരം ഒരുക്കണം എന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമം തുടങ്ങി അത് പ്രകാരം ഈ കാര്യം ബഹുമാന്യനായ സലിം മൗലവിയുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം അതിന് തയ്യാറായപ്പോൾ പിന്നീട് അതിന്ന് വേണ്ടി ടീവിയുടെ പ്രോഗ്രാം ഡയറക്ടറുടെ അടുത്ത് പ്രൊപോസൽ അവതരിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രത്താൽ ആ ശ്രമം വിജയിക്കുകയും ചെയ്തു. അങ്ങിനെ ആദ്യമായി ഖത്തർ ടീവി ചാനൽ 2 ലൂടെ ആദ്യത്തെ മലയാള പ്രഭാഷണം ലൈവ് ആയി വന്നപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു.അൽഹംദു ലില്ലാഹ്.
എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1:30 നു ആയിരിന്നു സംപ്രേക്ഷണം.അതിനു ശേഷം നാട്ടിൽ നിന്നും വരുന്ന നമ്മുടെ നേതാക്കന്മാരുടെ പ്രഭാഷണങ്ങളും സ്ഥിരമായി ഖത്തർ ടീവിയിൽ നല്‍കാനുള്ള അവസരം കിട്ടി. ശൈഖ് സാഹിബ്,വി മൂസ മൗലവി ഹമദ് അബ്ദുൾറഹ്മാൻ സാഹിബ് തുടങ്ങി ഒട്ടേറെ നേതാക്കന്മാർക്ക് അതിനുള്ള അവസരം ലഭിക്കുകയുണ്ടായി.
ഈ അവസരം ഉപയോഗപ്പെടുത്തി ഖത്തർ റേഡിയോ ഉറുദു ചാനൽ ഉപയോഗപ്പെടുത്തി അതിലും മലയാളത്തിൽ പ്രഭാഷണങ്ങൾ സംപ്രേക്ഷണം തുടങ്ങാൻ അവസരം ലഭിച്ചു.ആ കാലഘട്ടങ്ങളിൽ വിദേശികൾ ഖത്തർ ടീവിയും റേഡിയോ ഉറുദു സ്റ്റേഷനും ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്.അത് കൊണ്ട് തന്നെ ഈ രണ്ടു ചാനലിലൂടെയും പ്രക്ഷേപണം ചെയ്തിരുന്ന പ്രഭാഷണങ്ങൾക്കു ധാരാളം പ്രേക്ഷകരും ശ്രോതാക്കളും ഉണ്ടായിരുന്നു.
ശാന്തമായ പ്രസ്ഥാന പ്രവർത്തകൻ ആയിരുന്ന അബ്ദുൽ മജീദ് പിന്നീട് ഖത്തർ പെട്രോളിയത്തിൽ നിന്നുള്ള ജോലിയിൽ നിന്നും വിരമിച്ചു 2016 ൽ നാട്ടിലേക്ക് പോയി.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കി കൊടുക്കുകയും അവന്റെ സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നത വാസ സ്ഥലങ്ങളിൽ പ്രവേശിപ്പിച്ചു അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.ആമീൻ
ഹമീദുദ്ദീൻ
ദോഹ ഖത്തര്‍