ഈയിടെ നമ്മോടു വിടപറഞ്ഞ ഫാസിലിനെ കുറിച്ച് അധ്യാപകൻ.എന്റെ ഫാസിൽ:മുഹ്സിൻ മാഷ്.
ഒരു ദീർഘമായ പ്രവാസ ജീവിതത്തിനു ശേഷം അന്നാണ് ഞാൻ സ്കൂളിൽ ആദ്യമായി ജോയിന്റ് ചെയ്തത്. പത്താം തരത്തില്‍ അറബിക് പഠിക്കാൻ 84 പേരുണ്ടായിരുന്നു എന്റെ സ്‌ക്കൂലിലെ എല്ലാ വിദ്യാർത്ഥികളും പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിക്കണം എന്നാഗ്രഹിക്കുന്നതിനാലവണം കലോത്സവത്തിന്റെ ചാർജ് ആ വർഷം മുതൽ എനിക്കായിരുന്നു.കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി എന്നും പറയാറുള്ള വാക്കുകൾ അന്നും പറയുകയുണ്ടായി "നിങ്ങൾ അറബനമുട്ടിൽ വിജയിച്ചാൽ പത്രങ്ങളിൽ നിങ്ങളുടെ ഫോട്ടൊ ഞാൻ വരുത്തും " പിന്നീട് കുട്ടികൾ അത് ഏറ്റെടുത്തു.പത്രങ്ങളിൽ ചിരിച്ചു നില്ക്കുന്ന ടീമിനെ കാണാൻ അവർ ശ്രമിച്ചു കൊണ്ടേയിരുന്നു'
ആയിടക്കാണ് ടീമിൽ നിന്നും ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.അത് എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി ഫാസിലായിരുന്നു.അന്ന് മുതലാണ് ആ ഞെട്ടിക്കുന്ന വിവരം ഞാൻ അറിഞ്ഞത്, ഫാസിൽ ഒരു ഗുരുതര രോഗത്തിന് അടിമയായി തുടങ്ങി എന്നത് .സ്‌ക്കൂളിലെ പരീക്ഷകൾ, ഉമ്മയോടൊപ്പം വന്ന് ജസ്റ്റ് അറ്റൻഡ് ചെയ്തെങ്കിലും തരക്കേടില്ലാത്ത മാർക്കുകൾ കരസ്ഥമാക്കി ജീവിതത്തിലെ ഓരോ പരീക്ഷയും പാസായിക്കൊണ്ടേയിരുന്നു. ഒന്നും രണ്ടും മാസങ്ങൾ നീളുന്ന ആര്‍.സി.സി യിലെ ചികിത്സക്കായി ലക്ഷങ്ങൾ ചിലവഴിച്ചു.അതിനിടക്ക് പത്താം തരം തരക്കേടില്ലാത്ത മാർക്കോടെ പാസ്സായി. പത്താം തരത്തില്‍ വെച്ച് പൂവണിയാത്ത "അറബനമുട്ടിലെ വിജയം"എന്ന സ്വപ്നം +1 ലും +2 വിലും തുടർന്നു.പക്ഷെ മത്സരങ്ങൾ വരുമ്പോഴൊക്കെ ഫാസിൽ ചികിത്സയിലായി. വിജയിച്ച ഫോട്ടോ പത്രങ്ങളിൽ വരാനായി ഫാസിൽ കാത്തിരുന്നു. ആയിടക്കാണ് ഫാസിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അസുഖം പൂർണ്ണമായി ഭേദമായി സ്‌ക്കൂളിലേക്ക് തിരിച്ചെത്തിയത്.
പലപ്പോഴും ,ബൈക്കിൽ പോവുന്ന ഫാസിലിനെ കാണുമ്പോൾ അസുഖം മുഴുവനായി മാറിയ എന്റെ പ്രിയ വിദ്യാർത്ഥിയെ ഏറെ സന്തോഷത്തോടെ ഞാൻ നോക്കി നില്‍ക്കുമായിരന്നു.നല്ല ഡ്രസ്സ് ധരിച്ച്, റോസ് ഷേർട്ടും ബ്ലാക്ക് പാന്റ്സും ഒരു ഒമാനി തൊപ്പിയും വെച്ച ഫാസിലിന്റെ രൂപം ഇല്ല ഒരിക്കലും മറക്കില്ല.
ഫാസിലിനെ ഒരിക്കൽ കൂടെ കാണാൻ രണ്ടാഴ്ച മുന്നേയാണ് ഞാൻ പോയത്. പക്ഷെ വേദന സഹിക്കാൻ പറ്റാത്ത ഫാസിലിനെ രാജാ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന തിരക്കായതിനാൽ അന്നും കാണാൻ കഴിഞ്ഞില്ല.
"എന്തിനാ എല്ലാവരും എന്നെ കാണാൻ വരുന്നത്?" എന്ന ഫാസിലിന്റെ ചോദ്യത്തിന് മുന്നിൽ ആ മാതാപിതാക്കൾ മുട്ടുമടക്കി പലരേയും സ്നേഹത്തോടെ തിരിച്ചയച്ചു.
പക്ഷെ ഡിസംബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 7:40 ന് വേദനകളില്ലാത്ത ലോകത്തേക്ക് ആ18 കാരൻ എന്റെ പ്രിയ ശിഷ്യൻ യാത്രയായി. പിറ്റേന്ന് വന്ന പത്രങ്ങളിലൊക്കെ ഫാസിലിന്റെ ഫോട്ടൊ ഉണ്ടായിരുന്നു.പക്ഷെ പത്രങ്ങളില്ലാത്ത അറബനമുട്ടില്ലാത്ത വേദനകളില്ലാത്ത ലോകത്തായിരുന്നു അപ്പോൾ എന്റെ ഫാസിൽ.
( മുഹ്സിൻ മാഷ്)