ജമാഅത്തെ ഇസ്ലാമി ബഹുസ്വരതയെ അംഗീകരിക്കുന്ന പ്രസ്ഥാനം : ടി.ആരിഫലി
മനാമ: രാജ്യത്തിന്റെ ഭരണഘടനക്കുള്ളില്‍ നിന്ന് ബഹുസ്വരതയെ അംഗീകരിച്ച് സമാധാനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് കേരളാ അമീര്‍ ടി.ആരിഫലി പ്രസ്താവിച്ചു. മുഹറഖ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ കെ.ഐ.ജി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനാത്വത്തില്‍ ഏകത്വം, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്യ്രം എന്നിവ അംഗീകരിച്ചുകൊണ്ട് ആറുപതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ജനതക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തിന് വ്യതിരിക്തമായ നിലപാടുകളാലും അഭിപ്രായങ്ങളാലും ജനങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ദൈവദത്തമായ വഴി ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും അതിലൂടെ മൂല്യവത്തായ സംസ്കാരം പ്രസരിപ്പിക്കുന്ന സമൂഹഘടന കെട്ടിപ്പടുക്കാനുമാണ് പ്രസ്ഥാനം ശ്രമിച്ചുവന്നിട്ടുള്ളത്. എല്ലാ മതവിഭാഗങ്ങളോടും സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി സഹകരിക്കാനും ഒന്നായി മുന്നോട്ട് പോകാനും സാധിച്ചിട്ടുണ്ട്.
അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗം സ്വീകരിക്കാതെ സ്നേഹത്തോടുകൂടിയുള്ള പ്രവര്‍ത്തനത്തിനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാനും അടിസ്ഥാനവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആവുംവിധം ശ്രമിക്കുന്നു. സോളിഡാരിറ്റി ഏറ്റെടുത്തു നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി, പാവപ്പെട്ടവര്‍ക്ക് 400 വീട് നിര്‍മിച്ചു നല്‍കിയത്, മുക്കാല്‍ സെന്റ് കോളനി നിവാസികള്‍ക്കായി രംഗത്തുവന്നത് തുടങ്ങിവയെല്ലാം ഈ അര്‍ഥത്തിലുള്ള ചുവടുവെപ്പുകളാണ്.
മതത്തിനും ജാതിക്കും അതീതമായ മാനുഷികതയിലൂന്നിയ സേവന പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാചകരുടെ പാത പിന്തുടര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും അവരുടെ മോചനത്തിനായി ശ്രമിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ പരമദരിദ്രരായ ജനകോടികളുടെ പ്രയാസങ്ങള്‍ കാണാതെ ജമാഅത്തിന് മുന്നോട്ട് പോകാനാകില്ല. ബഹുസ്വര സമൂഹത്തില്‍ ഒരു മുസ്ലിം ജീവിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനും പഠിപ്പിക്കാനുമുള്ള പ്രസ്ഥാനത്തിന്റെ ശ്രമം സാമൂഹികമായി ഒട്ടേറെ ഗുണഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് ടി.ടി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് തൊടുപുഴ ഖിറാഅത്ത് നടത്തി.