മുസ്ലിം ഐക്യ ശ്രമത്തിന് ജമാഅത്തിന്റെ സര്‍വ പിന്തുണയും: ടി. ആരിഫലി
മനാമ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ മുസ്ലിം ഐക്യശ്രമങ്ങളെയും ജമാഅത്തെ ഇസ്ലാമി പൂര്‍ണമായി പിന്തുണക്കുന്നുണ്ടെന്ന് കേരള അമീര്‍ ടി. ആരഫലി പ്രസ്താവിച്ചു. കെ.ഐ.ജി പാക്കിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പും ഛിദ്രതയും ഏതു സമൂഹത്തെയും തകര്‍ക്കുകയേ ഉള്ളു. അതുകൊണ്ടുതന്നെ സുന്നി^മുജാഹിദ് വിഭാഗങ്ങളിലെ ഭിന്നത ജമാഅത്തെ ഇസ്ലാമിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഭിന്നിപ്പിനെ താത്ത്വികവത്കരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അത് ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കെതിരുമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ഐക്യം ഒരിക്കലും ഇതര സമുദായങ്ങള്‍ക്കോ മതങ്ങള്‍ക്കോ എതിരല്ല. നന്മ സ്ഥാപിക്കലും തിന്മ വിപാടനം ചെയ്യലുമാണ് ഐക്യത്തിലൂടെ ലക്ഷ്യമിടുന്നത്. അഖിലേന്ത്യാ തലത്തിലും മുസ്ലിം ഐക്യത്തിന് ജമാഅത്തെ ഇസ്ലാമി നേതൃപരമായ പങ്കുവഹിക്കുന്നുണ്ട്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ അടുത്തകാലത്തുണ്ടായ ഭിന്നിപ്പ് ഒഴിവാക്കുന്നതിന് ജമാഅ് അഖിലേന്ത്യാ അമീര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടുകയുണ്ടായെന്ന് ആരിഫലി പറഞ്ഞു.
കമ്യൂണിസത്തിന്റെ തകര്‍ച്ചക്കുശേഷം മുതലാളിത്ത^സാമ്രാജ്യത്വം അരങ്ങുവാഴുന്ന കാഴ്ചയാണ് കാണുന്നത്. മുതലാളിത്തമല്ലാതെ വികസനത്തിന് മറ്റു പോംവഴികളില്ലെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വം തുറന്നുസമ്മതിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമൂഹിക ജീവിതം കലുഷിതമാണെങ്ങും. അശാന്തിയും അസമത്വവുമാണ് എല്ലാ മേഖലയും അടക്കിവാഴുന്നത്. ദൈവാനുസരണത്തിലൂടെ മാത്രമേ ശാന്തിയും സമാധാനവും കൈവരികയുള്ളൂ. ദൈവിക നിയമത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥിതി കെട്ടിപ്പടുത്താലേ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകൂ. വര്‍ഗീയതയെ പ്രതിരോധിക്കേണ്ടത് വര്‍ഗീയത കൊണ്ടല്ലെന്നും മാനവികതകൊണ്ടാണെന്നും ആരിഫലി ഓര്‍മിപ്പിച്ചു.
ബഹ്റൈന്‍ യൂനിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവി പ്രൊഫ. ഫരീദ് ഹാദി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് ടി.ടി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഐ.എം. സലീം ഖിറാഅത്ത് നടത്തി. ജന. സെക്രട്ടറി സി.കെ. ഷാജഹാന്‍ സ്വാഗതവും വി. മുഹമ്മദ് നന്ദിയും പറഞ്ഞു.