മക്ക: ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ക്ക് വിശുദ്ധ ഹറമിലെ ചലനങ്ങള്‍ തല്‍സമയം മനസ്സിലാക്കാന്‍ സഹായമാകും വിധം ഹറം കാര്യാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. നമസ്കാരം, ഖുതുബ, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ ഉള്‍പ്പെടുത്തി തയാറാക്കിയ സൈറ്റിലൂടെ ഇരുഹറമുകളെകുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്കുള്ള സൌകര്യവുമുണ്ട്.
ആയിരക്കണക്കിന് ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണവും ഇസ്ലാമിക പ്രഭാഷണങ്ങളും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെ സന്ദര്‍ശകര്‍ക്ക് ഹറമുകളിലെ നമസ്കാരത്തിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ഹറം കാര്യാലയത്തിന്റെ വിവിധ ദൌത്യങ്ങള്‍, മദീനയിലെ പ്രവാചകന്റെ പള്ളി, ഇരുഹറമുകളുടെയും ലൈബ്രറികള്‍, കഅ്ബയുടെ കിസ്വ നിര്‍മാണം തുടങ്ങിയ കാര്യങ്ങളെകുറിച്ചുള്ള വിവരങ്ങളും ഇതുസംബന്ധമായ ലിങ്കുകളും സൈറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ അറബിയില്‍ മാത്രമാണ് സൈറ്റ് സംവിധാനിച്ചിരിക്കുന്നത്.
ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന രൂപം, ഹറം സന്ദര്‍ശനത്തിന്റെ മര്യാദകള്‍, ഇരുഹറമുകളിലെയും നമസ്കാരം സമയം, വ്യത്യസ്ത ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍, ഇമാമുമാരുടെ ഖുര്‍ആന്‍ പാരായണം, ജുമുഅ ഖുതുബകള്‍, ഇരുഹറമുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വ്യത്യസ്ത ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷ തുടങ്ങിയവയും സൈറ്റില്‍ ലഭ്യമാണ്. അറബി, ഉര്‍ദു, ഇന്തോനേഷ്യന്‍ തുടങ്ങിയ ഭാഷകളിലുള്ള ഇസ്ലാമിക റേഡിയോ പരിപാടിയും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹറമുകളിലെത്താന്‍ സൌഭാഗ്യം ലഭിച്ചിട്ടില്ലാത്ത പലര്‍ക്കും സൈറ്റിലുടെ ഹറമിലെ ചലന ദൃശ്യങ്ങള്‍ കാണാനൊരുക്കിയ സൌകര്യം വിശ്വാസികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
സൈറ്റിന്റെ രണ്ടാം ഘട്ടം വൈകാതെ തയാറാകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതിലൂടെ കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്ക് സൌകര്യം ലഭ്യമാകും. ഇതോടെ ഹറം കാര്യാലയത്തിന് കീഴിലെ ലൈബ്രറികളിലുള്ള അപൂര്‍വ ഗ്രന്ഥങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് പരിശോധിക്കാനും ഉപയോഗപ്പെടുത്താനും കഴിയുമെന്നാണ് അറിയുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പ്രമുഖ ഭാഷകളിലും സൈറ്റ് ലഭ്യമാക്കാനാണ് ബന്ധപ്പെട്ടവരുടെ ശ്രമം. www.gph.gov.sa സൈറ്റില്‍ സന്ദര്‍ശിക്കാം.
കെ.സി.എം. അബ്ദുല്ല