4,000ത്തോളം പേര്‍ക്ക് ചികില്‍സ; മെഡിക്കല്‍ ക്യാമ്പ് ചരിത്രമായി
ദോഹ: നിസ്വാര്‍ഥ സേവനവുമായി ദിവസം മുഴുവന്‍ രോഗികളെ പരിശോധിച്ച നൂറോളം ഡോക്ടര്‍മാര്‍, അവരെ സഹായിക്കാന്‍ എല്ലാം മറന്ന് പാരാമെഡിക്കല്‍ സ്റ്റാഫ്, 4000ത്തോളം രോഗികള്‍. അവര്‍ക്ക് സേവനവുമായി വനിതകളടക്കം സര്‍വസന്നദ്ധരായ 800ലേറെ വളണ്ടിയര്‍മാര്‍, എല്ലാം ഒത്തിണങ്ങിയപ്പോള്‍ ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂള്‍ വന്‍കിട ആശുപത്രിയായി മാറി.
ഖത്തറിന്റെ ആരോഗ്യസേവന ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്താവുന്ന മഹദ് സംരംഭത്തിനാണ് ഇന്നലെ ജൈദ ഫ്ലൈഓവറിന് സമീപത്തെ പ്രിപ്പറേറ്ററി സ്കൂള്‍ സാക്ഷ്യംവഹിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് രോഗികളുടെ എണ്ണക്കൂടുതലും അവര്‍ക്ക് ലഭിച്ച മികച്ച സേവനവുംകൊണ്ട് അധികൃതരുടെയടക്കം പ്രശംസ നേടി.
ഡയബറ്റിസ്, ഹൈപര്‍ടെന്‍ഷന്‍ എന്നീ രോഗങ്ങളുടെ ചികില്‍സക്കും ബോധവത്കരണത്തിനും ഊന്നല്‍ നല്‍കി സംഘടിപ്പിച്ച ക്യാമ്പിന് നാഷനല്‍ ഹെല്‍ത്ത് അതോറിറ്റിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും എല്ലാ സഹായവും നല്‍കി. ഐ. എം.എയില്‍ അംഗങ്ങളായ 75 ഡോക്ടര്‍മാര്‍ക്ക് പുറമെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഡോക്ടര്‍മാരും എത്തി. പരിശോധനക്ക് പുറമെ വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് സൌജന്യമായി നല്‍കുകയും ചെയ്തു. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ചികില്‍സ തേടി. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാലയങ്ങളുടെ ആരോഗ്യ ബോധവത്കരണ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകളും നടന്നു.
രാവിലെ ഒമ്പത് മണിയോടെ ഇന്ത്യന്‍ അംബാസഡറും ക്യാമ്പിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ. ജോര്‍ജ് ജോസഫ്, ഖത്തര്‍ നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മൈക്കല്‍ കെവിന്‍ വാല്‍ഷ്, ക്യൂ ടെല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആദില്‍ മുതവ്വ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യ ബോധവത്കരണ പ്രദര്‍ശത്തിന്റെ ഉദ്ഘാടനവും ആദില്‍ മുതവ്വ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ ചടങ്ങില്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് അധ്യക്ഷതവഹിച്ചു.
ഡോ. മൈക്കല്‍ കെവിന്‍ വാല്‍ഷ്, ആദില്‍ മുതവ്വ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ എന്നിവര്‍ സംസാരിച്ചു. ഐ.എം.എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സമീര്‍ കലന്തന്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഐ.ഐ.എ വൈസ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല നന്ദി പറഞ്ഞു. എം. മുഹമ്മദലി ഖുര്‍ആന്‍ പാരായണം നടത്തി. പി.വി. സൈദ് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു.