യൂറോപ്യന്‍ നാഗരികതയുടെ അടിസ്ഥാനം ഇസ്ലാമിക സംസ്കൃതി: വാണിദാസ്
അബൂദബി: യൂറോപ്യന്‍ നാഗരികതയുടെ അടിത്തറ ഇസ്ലാമിക സംസ്കൃതിയില്‍ നിന്നാണ് രൂപംകൊണ്ടതെന്ന് വാണിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു. ഐ. സി.സി. അബൂദബി സംഘടിപ്പിച്ച സമ്മേളനത്തില്‍ 'മുഹമ്മദ് നബി മാനവികതയുടെ വിമോചകന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം കണ്ട പ്രകാശ വിപ്ലവത്തിന് പ്രചോദനമായി വര്‍ത്തിച്ചത് അറേബ്യന്‍ മണലാരണ്യത്തില്‍ വേരോടി വളര്‍ന്ന ഇസ്ലാമിക നാഗരികതയായിരുന്നുവെന്ന് തെളിവുകള്‍ ഉദ്ധരിച്ച് വാണിദാസ് സമര്‍ഥിച്ചു. അറേബ്യയെന്ന വിശുദ്ധ ഭൂമിയില്‍ ജീവിച്ച് കാലയവനികക്കുള്ളിലേക്ക് പിന്‍മാറിയ ഒരു ജനപദം ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞതാകുമായിരുന്നു.
ഇന്ത്യയോട് ഏറെ ആദരവ് സൂക്ഷിക്കുന്ന അയര്‍ലന്റ് വനിത അനിബെസന്റ് ഇസ്ലാം സംസ്കൃതിയുടെ ശക്തി സൌന്ദര്യം ലോകത്തിന് സമര്‍പ്പിക്കുകയുണ്ടായി. ലക്ഷണയുക്തമായ ഒരു മതസംഹിതയും തത്വശാസ്ത്രവും ജീവിത വഴിയും ലോകത്തിന് സമര്‍പ്പിച്ചതാണ് അറേബ്യയുടെ പ്രത്യേകതയെന്ന് ആര്‍ണോള്‍ഡ് ടോയന്‍ബി കുറിച്ചതും വാണിദാസ് ഉദാഹരിച്ചു.
ഇസ്ലാമിലെ ശിക്ഷപോലും ശിക്ഷണമാണെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ആത്യന്തിക ബോധതലത്തില്‍ മനുഷ്യന്‍ ഒന്നും ഭൂമി ദേവാലയവുമാണ്. അതിനാല്‍ ദേവാലയം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. മനുഷ്യന്റെ ദുര കാരണം അധിവാസ യോഗ്യമല്ലാത്ത അഭിശപ്ത ഒരിടമായി മാറുകയാണിപ്പോള്‍ ഭൂമി. ഈശ്വര നിഷേധമായാണ് ചിന്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്നേഹത്തിനും കാരുണ്യത്തിനും വിലകല്‍പ്പിച്ച ഇസ്ലാം സംസ്കൃതിയുടെ ചൈതന്യം തിരിച്ചു പിടിക്കുകയാണ് പ്രധാനം.
ധര്‍മ ഗ്ലാനി സംഭവിക്കുമ്പോഴാണ് പ്രവാചകന്മാര്‍ വന്നെത്തുക.ഇപ്പോള്‍ ആ ദൌത്യം ഏറ്റെടുക്കേണ്ടത് അറബ് സംസ്കൃതിയുടെ പിന്തുടര്‍ച്ചക്കാരാണ്. പുതുതലമുറ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യാശയുണ്ട്. മാതൃകാ മനുഷ്യനായാണ് പ്രവാചകനെ മൈക്കിള്‍ എച്ച്. ഹാര്‍ട്ട് വിശേഷിപ്പിച്ചത്. കുടുംബതലം മുതല്‍ അയല്‍പക്കം വരെ എവിടെയും സ്വര്‍ഗാനുഭൂതി പരത്തി ജീവിക്കുക എന്നതാണ് പ്രധാനമെന്നും വാണിദാസ് ഉണര്‍ത്തി. ഐ.സി.സി. അബൂദബി പ്രസിഡന്റ് പി.എം. ഹാമിദലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ശരീഫ് കൊച്ചി സ്വാഗതമാശംസിച്ചു. നസൂഹ് ഖിറാഅത്ത് നടത്തി.