തീപിടിത്തം: തൊഴിലാളികള്‍ക്ക് വന്‍ നഷ്ടം
ദോഹ: കഴിഞ്ഞ ദിവസം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തം ഇവിടത്തെ താമസക്കാര്‍ക്കുണ്ടാക്കിയത് വന്‍ നഷ്ടം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പണവും സ്വര്‍ണവും മാത്രമല്ല, ഉടുതുണി ഒഴികെയുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു.
സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള ഫ്രൈഡേ തേഴ്സ്ഡേ മാര്‍ക്കറ്റിനരികെ, ഹമദ് ബിന്‍ ഖാലിദ് കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ഞായറാഴ്ച തീപിടിത്തമുണ്ടായത്. ഉച്ചക്ക് 1.30നാണ് സംഭവം. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നതോടെ എല്ലാം വെണ്ണീരായി.
ഏതാണ്ട് 800ഓളം തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. വ്യത്യസ്ത നമ്പറുകളിലുള്ള കാബിനുകളിലാണ് താമസം. ഒരു കാബിനില്‍ 20 മുതല്‍ 24 വരെ പേരുണ്ട്. ഇങ്ങനെയുള്ള എട്ട് കാബിനുകളാണ് കത്തിനശിച്ചത്. സമീപത്തെ കാബിനുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
മലയാളികള്‍ക്ക് പുറമെ തമിഴ്നാട്ടുകാരും പഞ്ചാബികളും ബംഗാളികളും ഇവിടെയുണ്ട്. നേപ്പാളില്‍നിന്നുള്ള തൊഴിലാളികളും ക്യാമ്പിലുണ്ട്. നഷ്ടം സംഭവിച്ചതില്‍ കൂടുതലും തമിഴ്നാട്ടുകാരാണെന്നാണ് സൂചന. നാട്ടില്‍ പോകാന്‍ ഒരുങ്ങിയ മലയാളികളടക്കം ചിലര്‍ വാങ്ങിവെച്ച സ്വര്‍ണവും നശിച്ചു. ശമ്പളം കിട്ടിയ തുക സൂക്ഷിച്ചവര്‍ക്ക് അത് പൂര്‍ണമായി നഷ്ടമായി. കന്യാകുമാരി സ്വദേശിയെ നേരില്‍ കണ്ടപ്പോള്‍ കണ്ണീരോടെയാണ് 'ഗള്‍ഫ് മാധ്യമ'ത്തോട് സംസാരിച്ചത്. എന്നാല്‍ സ്വന്തം പേരോ നഷ്ടം എത്രയാണെന്നോ പറയാന്‍ തൊഴിലാളികള്‍ തയാറായില്ല. അധികൃതരെ ഭയന്നാണിത്. നശിച്ച കാബിനുകളിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. തൊഴിലാളികള്‍ ജോലിക്ക് പോയ സമയത്താണ് തീപടര്‍ന്നത്. പലരും വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും എല്ലാം തീ വിഴുങ്ങി.