നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, March 4, 2016

കരുണാമയനെ കൈവിടായ്ക

കരുണാമയനെ കൈവിടായ്ക.അക്‌ബര്‍ എം.എ
ഒരു കപ്പൽ കാറ്റിലും കോളിലും പെട്ട് തകർന്നു.അതിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. അബോധാവസ്ഥയിൽ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും.കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.എന്നാൽ സർവ ശക്തനായ അല്ലാഹുവിൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല.തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും.
ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി.പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു..
ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്‌ണണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു.ഒരു ദിവസം,ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു.ന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു. തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു.എന്തു ചെയ്യണമെന്നറിയാതെ അയാൾ തല കുമ്പിട്ട് കരയാൻ തുടങ്ങി.
"എന്റെ രക്ഷിതാവേ, നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,"അയാൾ ആര്‍ത്തുവിളിച്ചു..
കരഞ്ഞു കരഞ്ഞ് അയാൾ തളർന്നുറങ്ങി.. എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു.സന്തോഷത്താൽ അയാൾ കരഞ്ഞുപോയി. കപ്പലിൽ പ്രവേശിച്ചപ്പോൾ നാവികരോടായി അയാൾ ചോദിച്ചു."നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി."  അവർ പറഞ്ഞു:"ദ്വീപിൽ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു.ഇതുകേട്ട അയാൾ അല്ലാഹു തന്നെ സഹായിച്ച വഴിയോർത്ത് ആശ്ചര്യപ്പെട്ടു.  തന്റെ നാഥനൊട് വീണ്ടും വീണ്ടും നന്ദി പറഞ്ഞ് കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്. അതിനേക്കാൾ ശക്തമായ ഒരായുധവും അവന്റെ കൈയ്യിൽ ഇല്ല. ജീവിത വിശുദ്ധിയും നിഷ്കളങ്കമായ മനസ്സും ഉള്ള വിശ്വാസിയെ അല്ലാ ഹു ശരിയായ ദിശ കാണിച്ച് കൊടുക്കുന്നു. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴി നടത്തുന്നു.കാര്യകാരണ ബന്ധങ്ങളിലൂടെ വിപത്തുകളിൽ നിന്നും രക്ഷപ്പെട്ടുത്തുന്നു.അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയുന്നവനിൽ നിന്നും ഒറ്റപ്പെടലിന്റെ ആശങ്കകളും പ്രവാസത്തിന്റെ പ്രയാസ ങ്ങളും അകലുന്നു. താൻ സച്ചരിതരോടൊപ്പം ആണന്നതിൽ അവൻ സന്തുഷ്ടനാവുകയാണ്. സത്യത്തിൽ കൂടുതൽ ഉറച്ച് നിൽക്കുകയും ജീവിതത്തെ കുറിച്ച് കാഴ്ചപ്പാടിന് കൂടുതൽ വ്യക്തത കൈവരുകയും ചെയ്യുന്നു.

ആത്മാർഥതയുടെ ആൾരൂപങ്ങളായ വ്യക്തികളുടെ പ്രഭാവം ഇസ്ലാമിന്റെ മൂലധമാണ്. കൂരിരുട്ടിൽ പ്രകാശ ദീപങ്ങളായി തിളങ്ങുന്ന വ്യക്തികളുടെ സജീവ സാന്നിധ്യം സമൂഹത്തിന് അനുഗ്രഹമായി ഭവിക്കുകയും അവരിലൂടെ ഇസ്ലാം കരുത്ത് നേടുകയും ചെയ്യും. ഇത്തരം വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ നബീ (സ) പ്രത്യേക ശ്രദ്ധ പതിപ്പിച്ചതായി കാണാം. ജീവിതം തന്നെയാണ് പ്രബോധനം എന്ന അർത്ഥതലങ്ങളിൽ വ്യക്തികളെ ഉയർത്തി പിടിക്കുമാറ്. വീഴ്ചകൾ സ്നേഹത്തോടെ ചൂണ്ടി കാണിച്ച് തിരുത്തിയും കഴിവുകൾ അംഗീകരിച്ചും അഭിനന്ദിച്ചും പൂർണമനുഷ്യനെ  വാർത്തെടുക്കാൻ നബി (സ) നടത്തിയ ശ്രമങ്ങൾ ആണ് ഈ കാലഘട്ടത്തിലും തർബിയത്തിന് വെളിച്ചമാകേണ്ടത്. നമ്മുടെ ദൗത്യത്തിനും ഈ വിശാല അർത്ഥതലങ്ങൾ ഉണ്ട്. അല്ലാഹു അനുഗ്രഹിക്കമാറാകട്ടെ.
കാലം സാക്ഷി.തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(103:1- 3)