നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, October 4, 2019

സുചിന്തിതമായ നിരീക്ഷണം

ദോഹ:വര്‍‌ത്തമാന ലോകത്തെ പുതിയ കാലത്തിനനുസരിച്ചും സാം‌സ്‌കാരിക സാമുഹ്യ പശ്ചാത്തലം വിലയിരുത്തിയും ക്രമ പ്രവൃദ്ധമായി പ്രവര്‍‌ത്തന നൈരന്തര്യത്തെ ത്വിരിതപ്പെടുത്താന്‍ ഉദയം പഠനവേദിക്ക്‌ സാധ്യമാകണം.പ്രവര്‍‌ത്തക സമിതി അഭിപ്രായപ്പെട്ടു.

എല്ലാ തിരിയും അണഞ്ഞിരിക്കുന്നു എന്ന പ്രതീതിയിലും അവശേഷിക്കുന്ന നെരിപ്പോടില്‍ ഊതിക്കത്തിക്കാനുള്ള മനസ്സാന്നിധ്യം; ആശങ്കയോയോടെ കഴിയുന്ന സമൂഹത്തില്‍ ആത്മവിശ്വാസവും പ്രതീക്ഷയും വളര്‍‌ത്തും.പുതിയ വിഭാവന ഭാവി ആസൂത്രണങ്ങളും എന്ന ചര്‍‌ച്ചാ സദസ്സ്‌ ഉദയം വൈസ്‌ പ്രസിഡണ്ട്‌ എം.എം അബ്‌ദുല്‍ ജലീല്‍ അവതരിപ്പിച്ചു.പ്രസിഡണ്ട്‌ അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി നൗഷാദ്‌ പി.എ യുടെ പ്രാര്‍‌ഥനയോടെയായിരുന്നു ആരം‌ഭിച്ചത്.

രണ്ടര ദശകത്തിലധികമായി മേഖലയില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഉദയം എന്ന കൊച്ചു സം‌ഘം ഉദയം കൊള്ളുമ്പോള്‍ ലക്ഷമിട്ട കാര്യങ്ങള്‍   ഓരോന്നും പ്രദേശത്ത്‌ സാധിച്ചെടുത്തത് സമൂഹത്തിന്‌ അനുഭവേദ്യമത്രെ. നന്മയുടെ പ്രബോധകരില്‍ നിന്നും പ്രസാരകരില്‍ നിന്നും ഊര്‍ജവും ആര്‍ജവവും നേടിയെടുത്ത ഒരു കൊച്ചു സംഘമായിരുന്നു ഇതിന്റെ ബീജാവാപം നടത്തിയത്.

ഈ കെട്ട സാഹചര്യങ്ങള്‍‌ക്കും വിശേഷങ്ങള്‍‌ക്കും അതിലുപരി അസഹിഷ്‌ണുതയുടെ ജ്വരം ബാധിച്ച ജീര്‍‌ണ്ണിച്ച സമൂഹത്തിനുമിടയില്‍ അവശ്യം ആവശ്യമായ ചികിത്സയും പരിചരണവും എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ചുള്ള ഗൗരവമുള്ള ചിന്തകള്‍ക്ക്‌ മൂര്‍‌ത്ത രുപം പ്രാപിക്കേണ്ടതുണ്ട്‌.രണ്ടര ദശാബ്‌ദം മുമ്പ്‌ അന്നത്തെ സാഹചര്യത്തില്‍ ഒരു കൈതിരിയാകാന്‍ പ്രേരണയും പ്രചോദനവും നല്‍‌കിയ സം‌ഘം വളരെ ദീര്‍‌ഘ വീക്ഷണത്തോടെ അണിയിച്ചൊരുക്കിയ രാഷ്‌ട്രീയ ചിന്താ ധാരയെ അനുഗമിച്ചും അനുദാവനം ചെയ്‌തും നമ്മുടെ അസ്വസ്ഥതകള്‍‌ക്ക്‌ സര്‍ഗാത്മകവും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ തേടാവുന്നതാണ്‌ എന്ന സുചിന്തിതമായ നിരീക്ഷണം സ്വാഗതം ചെയ്യപ്പെട്ടു.

പ്രഥമ ഘട്ടത്തില്‍ സമിതി അം‌ഗങ്ങള്‍ ഇവ്വിഷയത്തില്‍ ഗൗരവതരമായ ആലോജനകള്‍ നടത്തുകയും ഉള്‍‌കൊള്ളുകയും തൃപ്‌തിപ്പെടുകയും വേണം.തുടര്‍‌ന്ന്‌ സമൂഹ മധ്യത്തിലേയ്‌ക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളായിരിയ്‌ക്കും അഭികാമ്യം.ചര്‍‌ച്ച ക്രോഡികരിച്ചു കൊണ്ട്‌ അവതാരകന്‍ ഉപസംഹരിച്ചു.താമസിയാതെ ചര്‍‌ച്ചയുടെ തുടര്‍‌ച്ച ആവശ്യമാണെന്ന്‌ അധ്യക്ഷന്‍ ഓര്‍‌മ്മപ്പെടുത്തി.

വിശേഷാല്‍ അജണ്ടയുടെ വെളിച്ചത്തില്‍ നടന്ന ചര്‍‌ച്ചയില്‍ അഷറഫ്‌ എന്‍.പി ,കുഞ്ഞു മുഹമ്മദ്‌ കെ.എച്ച്‌,അബ്‌ദുല്‍ കലാം ആര്‍.വി,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,ഷം‌സുദ്ദീന്‍ വി.പി,ഫര്‍‌ഹാന്‍ മുഹമ്മദ്‌,മുക്താര്‍ എം.എം,ഷാജുദ്ദീന്‍ എം.എം,ഷാജഹാന്‍ എ.വി,ബാസിത്,ഷമീര്‍ ഇബ്രാഹീം തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.