നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, September 8, 2019

ശഹറുല്ലാഹിൽ മുഹറം

അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിൽ പെട്ട മാസമാണ് മുഹറം. "ശഹറുല്ലാഹ്" എന്നാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചത്. അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞതിൽ നിന്ന് തന്നെ അതിന്റെ മഹത്വവും ശ്രേഷ്ഠതയും സുവ്യക്തമാണ്.

മുഹറം മാസത്തിൻറെ പ്രത്യേകതകൾ ഒട്ടനവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക കലണ്ടർ - ഹിജ്‌റ കലണ്ടർ മുഹറം മാസം മുതൽ കണക്കാക്കപ്പെടുന്നു, ഹിജ്‌റ നടന്നത് റബീഉൽ അവൽ മാസത്തിലാണെങ്കിലും. പ്രസിദ്ധമായ കർബല യുദ്ധം നടന്നത്, മൂസ(അ) യെയും ബനൂ ഇസ്രായേൽ സമൂഹത്തെയും ഫിർഔനിൻറെ കിരാത പീഡനങ്ങളിൽ നിന്നും ചെങ്കടൽ കടത്തി അല്ലാഹു രക്ഷപ്പെടുത്തിയതും തുടങ്ങിയ സം‌ഭവങ്ങള്‍‌ക്ക്‌ സാക്ഷ്യം വഹിച്ച മാസമാണ്‌ മുഹറം. 

കർബലയോടുള്ള ശിയാ വിഭാഗത്തിൻറെ തീവ്രവും വികാരനിര്‍ഭരവുമായ സ്വാധീനം മൂലമാണെന്ന് തോന്നുന്നു, നമ്മുടെ സമൂഹത്തിലും ശ്രേഷ്ഠമായ മുഹറത്തിലെ പത്ത് ദിനങ്ങൾ ശുഭകരമായ കാര്യങ്ങൾക്കൊന്നും തുടക്കം കുറിക്കരുതെന്ന അനാരോഗ്യകരമായ വിശ്വാസം നിലനിൽക്കുന്നുണ്ട്.മുഹറം മാസത്തെ അല്ലാഹു ആദരിച്ചു, പവിത്രമാക്കി എന്നെല്ലാം പറഞ്ഞപ്പോൾ, അതിൽ നിന്നും ഏതാനും ദിവസങ്ങളെ അശുഭകരമാക്കി എന്നൊന്നും പറഞ്ഞില്ലല്ലോ.

ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളിൽ ഒന്നാണ് മുഹറം. പ്രവാചക പൗത്രൻ ഹുസയിൻ (റ) ന്റെ രക്ത സാക്ഷിത്വം, യൂസുഫ്‌ നബി (അ) യുടെ ജയിൽ മോചനം, യൂനുസ് നബി (അ) യുടെ മത്സ്യത്തിന്റെ ഉദരത്തിൽ നിന്നുള്ള രക്ഷപ്പെടൽ എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിട്ടുള്ളത്.മുഹറം പത്തിന് ആശൂറാ ദിനത്തിലാണല്ലോ ചെങ്കടൽ മഹാസംഭവം നടന്നത്. അതിൻറെ ശേഷം മൂസ(അ) നന്ദി സൂചകമായി വ്രതം അനുഷ്ഠിച്ചിരുന്നു. പ്രവാചകൻ (സ) ഹിജ്റക്ക് മുൻപും ശേഷവും ആശൂറാ ദിനത്തിൽ നോമ്പെടുത്തിരുന്നു. "റമദാൻ കഴിഞ്ഞാൽ ഏറ്റവും ശ്രഷ്ഠമായ നോമ്പ് ആശുറ ദിനത്തിലെ നോമ്പാണ് ഫർദ് നമസ്ക്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നമസ്ക്കാരം രാത്രി നമസ്‌കാരമാണ്:-പ്രാവാചക വചനം.

 'ആശൂറാ ദിനത്തിലെ ഒരു നോമ്പ് കൊണ്ട് കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് "പ്രവാചകൻ. ആശൂറാ ദിനം പുണ്യകരമാണെന്ന് സഹാബികൾക്കറിയാമായിരുന്നു.എന്നിട്ടും പ്രവാചകൻറെ കൽപ്പന കിട്ടിയതിന് ശേഷമാണ് അവർ നോമ്പെടുക്കാൻ തുടങ്ങിയത്. സഹാബികൾ പറഞ്ഞു : അന്നേദിവസം ജൂതന്മാരും വ്രതം എടുക്കുന്നുണ്ടല്ലോ?. അവിടുന്ന് നിർദ്ദേശിച്ചു " എങ്കിൽ അവരിൽ നിന്നും വ്യതിരിക്തരാകുക ,ആശുറായുടെ മുൻപോ, പിന്‍‌പോ ചേർത്തുകൊണ്ട് രണ്ട് ദിവസം നോമ്പെടുക്കുക.

വളരെ പ്രധാനപ്പെട്ട രണ്ടു തത്വങ്ങൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. എന്തൊക്കെ പാരമ്പര്യവും പൈതൃകവുമുണ്ടെങ്കിലും പ്രവാചകൻ വ്യക്തവും കൃത്യവുമായി നിർദ്ദേശിക്കാത്ത ഒരു കാര്യവും നാം അനുഷ്ഠിക്കാൻ ബാധ്യസ്ഥരല്ല . അവിടുന്ന് കൽപ്പിച്ച കാര്യങ്ങൾ അതെപടി പിന്തുടരാൻ നാം തിടുക്കം കാട്ടുക. ഇതിനാണ് ഇത്തിബാഉ റസൂൽ എന്ന് പറയുക."ആർ റസൂലിനെ പിൻപറ്റിയോ ,അവർ അല്ലാഹുവിനെ അനുസരിച്ചു "- ഖുർആൻ . മറ്റൊരു സന്ദേശം, നാം ചാണിന് ചാണായും മുഴത്തിന് മുഴമായും നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പാശ്ചാത്യൻ ആധുനികതയിലേക്ക് മുഖം തിരിക്കുന്നതിന് പകരം ജീവിതത്തിൻറെ നിഖില മേഖലകളിലും ഇസ്‌‌ലാം നൽകിയിട്ടുള്ള നിർദ്ദേശങ്ങളും തത്വങ്ങളും പാലിക്കാനും പിൻപറ്റാനും ശ്രമിക്കുക.

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും രാഷ്ട്രാന്തരീയവും കുടുംബപരവും എല്ലാം എല്ലാമായ രംഗങ്ങളിലും ഇസ്‌‌ലാം നൽകിയിട്ടുള്ള സരളവും സാരസമ്പൂർണവുമായ സംസ്കാരത്തിലേക്ക് ഉൾച്ചേരുക ."പ്രവാചകൻ നിങ്ങൾക്ക് എന്താണോ എത്തിച്ചു തന്നത്, അതിനെ നിങ്ങൾ പിന്‍‌പറ്റുക, അവിടുന്ന് എന്താണോ നിങ്ങളോട് നിരോധിച്ചിട്ടുള്ളത്, അതിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുക" (അൽ ഹശ്ർ)
അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍.