ഏറെ നേരം നടന്നു കണ്ടാസ്വദിക്കാനുള്ള ധാരാളം കൺകുളിർക്കുന്ന കാഴ്ചകളുള്ള കടൽ തീരങ്ങളും, ചെറു ദ്വീപുകളും ദ്വീപുകളെ തമ്മിൽ യോചിപ്പിക്കുന്ന പാലങ്ങളും വാട്ടർ പാർക്കും കനാലുകളും കനാൽപാലങ്ങളും ഫിഷിങ് പോയിന്റുകളും പൂന്തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ, ഖത്തറിലെ അനുഗൃഹീതമായ ഭൂപ്രദേശം. ഐലൻ്റിൻ്റെ ഓരത്ത് നിന്ന് നോക്കിയാൽ ലുസൈൽ സിറ്റിയിലെ മറീന ബീച്ചിലെ "കൊമ്പ് ടവർ", ലുസൈൽ ബൊളിവാർഡിൻറെ അഭിമാനസ്തംഭമായ "ചതുർ ടവർ" എന്നിവ കാണാം.
പറഞ്ഞും പാടിയും അനുഭവങ്ങൾ പങ്ക് വെച്ചും മണിക്കൂറുകൾ കഴിഞ്ഞു പോയതറിഞ്ഞില്ല. നിരന്തരമായ ജോലിയിലെ വിരസതയാലും, യാന്ത്രികമായ ജീവിത നൈരന്തര്യത്തിൽ നിന്നും മുക്തമാകാൻ വീണുകിട്ടിയ സുവർണ്ണാവസരം ആരും പാഴാക്കിയില്ല. മനസ്സ് തുറന്നു ശൈശവം കടന്നു കൗമാരത്തിലൂടെ യുവത്വവും പിന്നിട്ടിട്ടും തങ്ങളിലെ നൈസർഗ്ഗിക കഴിവുകളും, കലാഭിരുചികളും, ഹാസ്യഭാവനകളും, ആസ്വാദകമനസ്സും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയും പ്രകടനങ്ങൾ.
ചായയും സ്‌നാക്‌സും പഴങ്ങളും പഴജ്യുസുകളും യഥാസമയം അതിൻറെ ദൗത്യം നിർവ്വഹിച്ചു കൊണ്ടിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കതയിൽ നിന്ന് തുടങ്ങി കലാലയാനുഭവങ്ങളിലൂടെ പ്രവാസത്തിൻറെ വിവിധ ദശകളിലൂടെ സഞ്ചരിച്ചു തീർത്ത നാൾവഴികളിലൂടെ കയറിയിറങ്ങി ഇന്നെത്തിനിൽക്കുന്ന ഭൂമികയിൽ പറഞ്ഞുനിര്ത്തുമ്പോൾ, എല്ലാവര്ക്കും സംതൃപ്തി മാത്രം.
മനുഷ്യായുസ്സിൻറെ മുക്കാൽ ഭാഗവും ആടിത്തളർന്ന അവസ്ഥയിൽ, പരമാവുധി ആത്മാർത്ഥമായി തന്നെ നടന്നു തീർത്തെന്ന ആത്മവിശ്വാസം.
ഇശാ നമസ്കാരം കഴിഞ്ഞു ഞങ്ങൾ രണ്ട് വണ്ടികളിലായി ദോഹയിലേക്ക് തിരിച്ചു. പ്രശസ്തമായ റസ്റ്റോറന്റിൽ നിന്നുള്ള രുചികരമായ അത്താഴവും കഴിഞ്ഞു 10 മണിക്ക് ഞങ്ങൾ പിരിഞ്ഞു.
ഓർമ്മിക്കാനും ഒമാനിക്കാനും ഒരുപിടി മധുരസ്മരണകളുമായാണ് എല്ലാവരും താന്താങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങിയത്. 💫
▪️▪️▪️▪️▪️▪️
അബ്‌ദുല്‍ ഖാദർ പുതിയ വീട്ടിൽ 🔸





