പകരം വെയ്‌ക്കാനില്ലാത്ത പുസ്‌തകം: ഖുറൈശി.
ഇത് പുസ്തക പരിചയം അല്ല. ലോകത്തില്‍ പകരം വെയ്‌ക്കാനില്ലാത്ത ഒരു വലിയ പുസ്തകത്തിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. സ്നേഹം മാത്രം പാഠങ്ങളായുള്ള അമൂല്യമായ ഒരു പുസ്തകം. ഒരു മനുഷ്യന്റെ സംസ്കാര – സ്വാഭാവ രൂപീകരണത്തില്‍ അടിസ്ഥാനപരമായ ശിലാന്യാസങ്ങള്‍ ചെയ്യുന്ന ബൃഹത്തായ വിദ്യാലയം.
ഇത് പുസ്തക പരിചയം അല്ല. ലോകത്തില്‍ പകരം വെയ്‌ക്കാനില്ലാത്ത ഒരു വലിയ പുസ്തകത്തിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. സ്നേഹം മാത്രം പാഠങ്ങളായുള്ള അമൂല്യമായ ഒരു പുസ്തകം. ഒരു മനുഷ്യന്റെ സംസ്കാര – സ്വാഭാവ രൂപീകരണത്തില്‍ അടിസ്ഥാനപരമായ ശിലാന്യാസങ്ങള്‍ ചെയ്യുന്ന ബൃഹത്തായ വിദ്യാലയം.
“ വെള്ളത്താമര പോല്‍ വിശുദ്ധി വഴിയും
സ്ത്രീ ചിത്തമേ ! മാനസം
പൊള്ളുമ്പോളമൃതം തളിച്ച് തടവും
സല്‍ സാന്ത്വന സ്വപ്നമേ....”
ചങ്ങമ്പുഴയുടെ ഈ വരികളിലൂടെ മനസ്സ് വെറുതെ തെന്നി നീങ്ങിയപ്പോള്‍ ഉണ്ടായ നനവൂറുന്ന ചിന്തകള്‍ ചെന്ന് നിന്നത് പ്രിയപ്പെട്ട ഉമ്മയിലാണ്.
“അമ്മയുടെ മുഖത്ത് നോക്കിയാണ് സ്ത്രീയെന്ന ദുഃഖത്തെ ഞാനറിഞ്ഞത്. അമ്മയുടെ മടിയിലിരുന്നാണ് സ്ത്രീയെന്ന വാത്സല്യത്തെയും ഞാന്‍ അറിഞ്ഞത്. തനിക്ക് വേണ്ടിയല്ലാതെ, തന്റൊ മക്കള്‍ക്ക് വേണ്ടി ജീവിതത്തിന്റെ കയ്പ് നിറഞ്ഞ കഷായം ഒരു കല്‍കണ്ടത്തുണ്ട് പോലും ഇല്ലാതെ കുടിച്ചു കൊണ്ടേയിരിക്കുന്ന സഹനത്തെയും അമ്മയെ തൊട്ട് നിന്ന് കൊണ്ടാണ് ഞാന്‍ അറിഞ്ഞതെന്ന്‍ പ്രിയ കവി ഓ.എന്‍. വിയും പറയുന്നു.
ഹൃദയ നൈര്‍മല്യമുള്ള ഓരോ വ്യക്തിയുടെയും നെറ്റിയില്‍ എഴുതപ്പെടാതെ വായിച്ചെടുക്കാവുന്ന ഒരു ലേബല്‍ ഉണ്ട്. അത് അമ്മ എന്ന് തന്നെയാണ്. ഉമ്മയുടെ മഹത്വം പരിശുദ്ധ ഇസ്ലാമും നബി തിരുമേനിയും എത്ര വ്യക്തമായും സുതാര്യമായുമാണ് നമ്മോട് പറയുന്നത്. മതപരമായ പരിവേഷം നല്‍കിയില്ലെങ്കിലും പ്രപഞ്ചത്തില്‍ ഉമ്മ അല്ലെങ്കില്‍ അമ്മ എന്ന പ്രതിഭാസം ഭാഷ-സ്ഥല-കാല-ജീവ ജാലങ്ങളെ അതിജീവിച്ച് പ്രോജ്വലമായി നിലനില്‍ക്കുന്നു.
“ ഒരിക്കലെ പറഞ്ഞുള്ളൂ...ഞാനുമ്മയോട്
ഉറക്കത്തില്‍ കാണുന്നു പേക്കിനാവെന്ന്
ഉറങ്ങിയില്ലോരിക്കലും അന്ന് തൊട്ടിന്നോളം
ഉറങ്ങുന്നൊരെന്‍ ചാരെ ഉറങ്ങാതിരിപ്പാണ്”
ഇത് മിക്കവാറും എല്ലാവരുടെയും അനുഭവമാണ്. നമുക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഉറക്കമൊഴിച്ച് നമ്മളെ ശുശ്രൂഷിക്കുന്ന ഉമ്മ. നമുക്ക് സംസാരിക്കാന്‍ കഴിയാത്ത പ്രായത്തില്‍ നമ്മുടെ ചലനങ്ങളില്‍ നിന്ന് ശബ്ദങ്ങളില്‍ നിന്ന് നമ്മുടെ ആവശ്യങ്ങള്‍ ആ മനസ്സ് നിഷ്പ്രയാസം മനസ്സിലാക്കും. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റും. എന്നാല്‍ ആ സ്നേഹ നിധികളുടെ വാര്‍ദ്ധക്യത്തില്‍ അവരുടെ കേള്‍വി നഷ്ടപ്പെട്ടാല്‍, സംസാരം കുഴഞ്ഞാല്‍...അവരുടെ ആവശ്യവും സങ്കടവും വായിച്ചെടുക്കാനുള്ള ഭാഷ നമുക്ക് നഷ്ടമാകുന്നു. പകരം തിരക്കുള്ള മക്കള്‍ അവരോട് പങ്ക് വെയ്ക്കാന്‍ സമയം ഇല്ലാത്തവരായി പോകുന്നു.
പ്രിയപ്പെട്ടവരേ..
ചെറുപ്പത്തില്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മളെ നോക്കിയത് പോലെ അവരുടെ രണ്ടാം ശൈശവത്തില്‍ നമ്മള്‍ അവരെയും പരിപാലിക്കുവാന്‍ ശപഥം ചെയ്യുക. അത്തരക്കാരില്‍ ഉള്‍പെടുത്തുവാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുക.
ഒരു കവിതയുടെ വരികളിലൂടെ നമുക്ക് നടക്കാം.
ഒരു സ്നേഹ ചുംബനത്തിന്‍ പൊരുളൊളിപ്പിച്ചാ-
പദം പോലുമെത്രമുദാത്തമത്രേ..!!
ശ്രേഷ്ഠമൊരു സൃഷ്ടിയുടെ തെളിവിനാധാരം
ഉമ്മയെന്ന രണ്ടക്ഷരത്തിന്‍ ഉണ്മയല്ലോ!
കാലപരിമാണത്തിലെത്ര ഋജുവെങ്കിലും
കണക്കിനതീതമാ പത്തു മാസങ്ങള്‍!
ഹൃത്തടം മുറ്റിത്തുളുമ്പുന്ന സ്നേഹത്തിനാഴം
ഉള്‍കടല്‍ പോലുമുള്‍ക്കൊള്ളില്ലെന്നു സത്യം.
ദുരിത ഭാരങ്ങളില്‍ പരിതപിക്കുമ്പൊഴും
നെഞ്ചോടമര്‍ത്തില മുലയൂട്ടിയുറക്കി, ഗദ്ഗദം-
നെഞ്ചില്‍ ഒതുക്കി,യടരുന്ന കണ്ണീര്‍ കണങ്ങളെ
കവിളില്‍ പതിക്കാതെയുറക്കമുണര്‍ത്താതെ..!
പിച്ച വയ്ക്കുന്ന പാദങ്ങള,തുമ്മയുടെ-
പച്ചയാം സ്വപ്‌നങ്ങള്‍ തന്‍ ചിറകുകള്‍.
അരുതായ്മ കാണുമ്പോള്‍ കരഞ്ഞുകൊണ്ട-
രുതെ,യെന്നുപ്പയോടെതിരിടാനുമ്മ...!
കരുതലാല്‍ കരളിന്റെ സ്പന്ദനം പോലും
ഒരു മാത്ര നിശ്ചലം നില്‍ക്കുവാനും മതി.
കാലപ്രയാണത്തില്‍ കരിയിലക്കീറു പോല്‍
കാലഹരണപ്പെടുന്നു ബന്ധങ്ങളെങ്കിലും
കണ്ണില്‍ കിനാവിന്റെ ദീപം കെടുത്താതെ
കാത്തിരിക്കാനുമ്മ മാത്രമീയുലകില്‍!!!
നിശ്വാസവായുവിന്നന്ത്യ ഗമനത്തിലും
നിര്‍ന്നിമേഷമാ മിഴികള്‍ തിരയുന്നതൊന്നേ...
നിനവുകളൊക്കെയും മക്കള്‍ക്കുവേണ്ടി !
കനവുകളൊക്കെയും മക്കള്‍ക്കുവേണ്ടി !
ഒരു മാത്രയീ ഖബറിന്റെ മൂകസാക്ഷിയാം കല്ലില്‍
കാതൊന്നണച്ചാല്‍ ശ്രവിക്കാം സുതാര്യമാം
വാത്സല്യമൂറിത്തുളമ്പും മനസ്സിന്റെ
എന്നും നമുക്കായ് തുടിക്കുന്ന സ്പന്ദനം!!
നന്മകള്‍
സൈനുദ്ധീന്‍ ഖുറൈശി