നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, December 30, 2015

ജീവ വായു ഇനി കുപ്പികളില്‍

ജീവവായു ഇനി കുപ്പികളില്‍:
അബ്‌‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍...
മനുഷ്യന്റെ എന്നല്ല,മൊത്തം ജീവജാലങ്ങളുടെയും നിലനില്‍പ്പിന്ന് അത്യന്താപേക്ഷിതമായ ജീവവായുവും കമ്പോള വല്‍ക്കരിക്കുകയും വില്‍‌പനച്ചരക്കാകുകയും ചെയ്യുന്ന അത്യന്തം ഖേദകരവും ഞെട്ടിക്കുന്നതുമായ ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോയ്കൊണ്ടിരിക്കുന്നത്‌.
 
ഇന്തോനേഷ്യയിലെ കണ്ടല്‍ മരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അധിക ഓക്‌സിജന്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്‌കരിക്കുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഓക്‌സിജന്‍ സ്‌റ്റേഷനുകള്‍ സജ്ജീകരിക്കപ്പെട്ട ചൈനയടക്കമുള്ള രാജ്യങ്ങളിലെ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി. ചൈനയാണത്രേ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന രാജ്യം.വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പുറത്തേക്ക് തള്ളിവിടുന്നതാണ് ഇതിന് കാരണം.
 
മനുഷ്യന്റെ അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും അവന്‍ കാണിക്കുന്ന അതിക്രമങ്ങള്‍ വരുത്തിവെച്ച ദുരന്തമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ദുരിതങ്ങളുടെ മുഖ്യകാരണം.  മനുഷ്യന്റെ അഹന്തയുടെ പ്രതീകമായി മാറുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ജൈവ വൈവിധ്യങ്ങളെ നശിപ്പിക്കുന്ന കാഴ്ചകള്‍ കേരളം നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഭൂമിയിലെ ഓക്‌സിജന്റെ ഉല്‍പാദകരായ മരങ്ങളെയും ചെടികളെയുമെല്ലാം വെട്ടിനിരത്തുമ്പോള്‍ മറുഭാഗത്ത് ഭൂമിയുടെ സന്തുലിതാവസ്ഥ നിലര്‍ത്തുന്ന പര്‍വ്വതങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യുന്നു.
 
ഭൂമിയിലെ അമൂല്യ വിഭവമായ ജലത്തിന്റെ അമിതോപയോഗവും ചൂഷണവും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. തണ്ണീര്‍തടങ്ങളെ ഭൂമിയുടെ വൃക്കകളായാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ നിലനില്‍പിന് വൃക്ക എത്രത്തോളം അനിവാര്യമാണെന്ന് നാടിന്റെ ഓരോ മൂലയിലും ഉയര്‍ന്നു വരുന്ന ഡയാലിസിസ് സെന്ററുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുപോലെത്തന്നെ ഭൂമിയുടെ നിലനില്‍പിനും അനിവാര്യമാണ് തണ്ണീര്‍ത്തടങ്ങളുടെയും മറ്റും സംരക്ഷണം. മലിനീകരിക്കപ്പെടുകയും, വറ്റിവരളുകയും, നികത്തപ്പെടുകയും ചെയ്യുന്ന ജലസ്രോതസ്സുകളും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.
 
മനുഷ്യന്റെ ഇത്തരം അമിത ചൂഷണത്തിന്റെ ഫലമായി പ്രകൃതി നടത്തുന്ന തിരിച്ചടിക്‌ള്‍ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. സുനാമി,ഭൂകമ്പങ്ങള്‍,പ്രകൃതി ക്ഷോഭങ്ങള്‍ എന്നിവ അതില്‍ ചിലതാണ്.ഇക്കഴിഞ്ഞ ദിനങ്ങളില്‍ ചെന്നൈയില്‍  താണ്ഡവമാടിയ മഹാ പ്രളയം അവസാനത്തെ ഉദാഹരണം. ഭൂമിയിലെ മഞ്ഞുമലകള്‍ ഉരുകുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന പ്രതിഭാസം. ലോകത്തെ പല നഗരങ്ങളെയും മുക്കിക്കളയാന്‍ മാത്രം ശേഷിയുള്ള പ്രതിഭാസമാണത്. അതിന്റെ ഗൗരവം മനസ്സിലാക്കിയാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലദ്വീപ് ഭരണകൂടം പ്രതീകാത്മകമായി കടലിനടിയില്‍ മന്ത്രിസഭകൂടി അതിനെതിരെ പ്രതിഷേധിച്ചത്.
 
2009 ഡിസംബറില്‍ കോപണ്‍ഹേഗനില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനവും ഇതിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നുപ്രപഞ്ച നാഥന്‍ സൃഷ്ടിച്ച പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിന്മേലുള്ള കടന്നുകയറ്റം ദൈവം നിര്‍ണ്ണയിച്ച സന്തുലിതാവസ്ഥയെ തകര്‍ത്തെറിയും. മാത്രമല്ല ദൂരവ്യപകമായ പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിന്മേലുള്ള കടന്നുകയറ്റം ദൈവം നിര്‍ണ്ണയിച്ച സന്തുലിതാവസ്ഥയെ തകര്‍ത്തെറിയും. മാത്രമല്ല പ്രത്യാഘാതങ്ങള്‍ക്ക് അത് ഇടവരുത്തുകയും ചെയ്യും.
 
'വാന ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചത് അല്ലാഹുവാകുന്നു.' (2-29) അല്ലാഹു സംവിധാനിച്ച ഈ വ്യവസ്ഥക്കു മേലുള്ള കടന്നു കയറ്റമാണ് ഭൂമിയിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും നാശങ്ങള്‍ക്കും കാരണമെന്നും ഖുര്‍ആന്‍ പറയുന്നു : 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു, ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചിയറിയേണ്ടതിന്.'(30 - 41)
 
പ്രകൃതിക്കെതിരെയുള്ള ഇത്തരം കടന്നു കയറ്റങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇന്ന് പലയിടങ്ങളിലും കാണപ്പെടുന്ന പ്രകൃതി ദുരന്തങ്ങളെന്ന വസ്‌‌തുത തിരിച്ചറിയാന്‍ മനുഷ്യന്‍ തയ്യാറാകണം. ഭാവിതലമുറയുടെ മാത്രമല്ല, ഭൂമിയുടെ തന്നെ നിലനില്‍പിനു ഭീഷണിയായിത്തീരുന്ന പ്രകൃതിക്കെതിരെയുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ക്ക് അറുതി വരുത്താന്‍ നാം മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനങ്ങളും പരിഷ്‌കരണങ്ങളും ദീര്‍ഘവീക്ഷണത്തോടെയും ഭാവിതലമുറയെ മുമ്പില്‍ കണ്ടും ആയിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തണം. അല്ലെങ്കില്‍, പെട്രോള്‍ പമ്പുകള്‍ പോലെ ഓക്‌സിജന്‍ ബാറുകള്‍ നാടിന്റെ മുക്കുമൂലകളില്‍ പൊങ്ങിവരുന്ന ദുരന്ത യാഥാര്‍ത്ഥ്യം നാം അനുഭവിക്കേണ്ടി വരും.