നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, January 1, 2016

ജീവിതം, ചില പോസിറ്റീവ് ചിന്തകള്‍..

ജീവിതം,  ചില പോസിറ്റീവ് ചിന്തകള്‍.അക്‌ബര്‍ എം.എ
ഒരു സര്‍ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു..വളരെ ചെറിയ പ്രായം മുതല്‍ ആ സിംഹങ്ങള്‍ വളര്‍ന്നത് ആ കൂടാരത്തിലായിരുന്നു . അവിടെനിന്നു കിട്ടുന്ന ഭക്ഷണം കഴിച്ചു കാണികളെ രസിപ്പിച്ചു കഴിഞ്ഞിരുന്ന സിംഹങ്ങള്‍ രണ്ടും പ്രായമായപ്പോള്‍ പഴയപോലെ അഭ്യാസങ്ങള്‍ കാണിക്കാന്‍ കഴിയാതെ കൂടാരത്തിന് ഒരു ഭാരമായി വന്നു .. അവര്‍ ഇവയെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു ...ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവയുടെ ജഡം കാട്ടില്‍ കണ്ടെടുത്തത്രേ ..പട്ടിണി കിടന്നായിരുന്നു അവ മരണപ്പെട്ടത് ..ജീവിതം മുഴുവന്‍ സമയത്തിനു ഭക്ഷണം ലഭിച്ചു ശീലിച്ച അവയ്ക്കു ഇരകളെ പിടിച്ചു ശീലമുണ്ടായിരുന്നില്ല ..തങ്ങളേക്കാള്‍ ശക്തി കുറഞ്ഞ പല മൃഗങ്ങളുടെയും സ്വന്തം വര്‍ഗത്തില്‍ പെട്ട മറ്റു സിംഹങ്ങളുടെയും ആക്രമണത്തിനു വിധേയമായപ്പോഴും അവയെ പ്രധിരോധിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോയി ..കാരണം അവയ്ക്ക് അതൊന്നും ശീലമുണ്ടായിരുന്നില്ല ..അല്‍പം അഭ്യാസങ്ങളും പിന്നെ സമയത്തിനു ഭക്ഷണവും പരിചരണവും ജീവിതം മുഴുക്കെ ലഭിച്ചു ശീലിച്ച അവയ്ക്കു ആ കാട് ഒരു പുതിയ ലോകമായിരുന്നു ..അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ പോയതിനാല്‍ പെട്ടെന്നു മരണത്തിനു കീഴടങ്ങേണ്ടി വന്നു ... ഇത് കേവലം ഒരു കഥ മാത്രമായിരിക്കാമെങ്കിലും അതില്‍നിന്നും നമുക്ക് ലഭിക്കുന്ന ഒരു വലിയ പാഠമുണ്ട്...

ജീവിതത്തില്‍ ഒരു പ്രയാസവും അനുഭവിക്കാത്ത കുട്ടികള്‍ ഒരു നിമിഷം അതനുഭവിക്കേണ്ടി വരുമ്പോള്‍ അവയുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍  കഴിയാതെ പോകുന്നു ചില സഹചര്യങ്ങളില്‍. ഒരു ചെറിയ കാര്യം മാതാപിതാക്കള്‍ നിഷേധിക്കുമ്പോഴേക്കു കയറെടുക്കുന്ന കുട്ടികള്‍ നാം പലപ്പോളും വായിക്കുന്നതാണ് .‌സമൂഹത്തിനിടയില്‍ ഇടപഴകി അവര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ മാത്രമേ പലതും പഠിക്കാന്‍ കഴിയൂ....തന്റെ സമൂഹത്തിലെ പലരുടെയും കഷ്ടപ്പാടും പട്ടിണിയും കണ്ടു വളരുന്ന കുട്ടിക്ക് ഒരു നേരം ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അതൊരു കഷ്ടപ്പാടായി തോന്നുകയില്ല ..നാം അറിയാവുന്ന പല മാഹന്മാരും നന്നേ കഷ്ടപ്പെട്ടാണ്‌ വളര്‍ന്നു വന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു വളര്‍ന്നവരാണ് ജീവിതത്തില്‍ പലപ്പോളും വിജയിച്ചിട്ടുള്ളത് .

വാഹനങ്ങളൊന്നുമില്ലാത്ത നിരപ്പായ റോട്ടില്‍ മാത്രം വണ്ടിയോടിച്ചു ശീലിച്ചവര്‍ ഒരിക്കലും ഒരു നല്ല ഡ്രൈവര്‍ ആകുന്നില്ല ..അല്‍പം വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡുകളിലൂടെ വാഹനം നിസ്സാരമായി ഓടിക്കുന്നവനെ മാത്രമേ നമുക്ക് ഒരു നല്ല ഡ്രൈവര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കൂ.പ്രയാസങ്ങളും കഷ്ടപ്പാടും അനുഭവിക്കുമ്പോള്‍ മാത്രമേ ജീവിതത്തിലെ ഏതു സാഹചര്യങ്ങളെയും നിസ്സാരമായി നേരിടാന്‍ സാധ്യമാകൂ.അവര്‍ക്കു മാത്രമേ തങ്ങളുടെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയാനും സാധിക്കൂ .

ഗ്രഹിക്കാന്‍ ഉള്ള കഴിവു് ദിവ്യാനുഗ്രഹമാണ്. തന്റെ സഹജീവികളെ വേണ്ട പോലെ അറിയാനും സഹായിക്കാന്നും, പ്രോത്സാഹിപ്പിക്കാനും ഒക്കെ കഴിയുമ്പോഴാണ് ആ അനുഗ്രഹം സാക്ഷാല്‍കരിക്കപ്പെടുന്നത്.ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ പോലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം...

നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടാനായി നിങ്ങള്‍ ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്‍ക്കായി തയ്യാറാക്കിയതാണത്.
ധന്യതയിലും ദാരിദ്യ്രത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍ക്കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു.
 (Sura 3 : Aya 133 -134)