നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, December 28, 2015

ആറു കാലുള്ള കട്ടില്‍

ആറു കാലുള്ള കട്ടില്‍ : സൈനുദ്ധീന്‍ ഖുറൈശി.
ഞങ്ങളുടെ വീടിന്റെ. രണ്ട് വീട് അപ്പുറത്താണ് കാദര്‍‌ക്കയുടെ കൊച്ചു കുടില്‍.സുബഹിക്കു എഴുന്നേല്ക്കുന്ന ഉമ്മാക്ക് നമസ്കാരം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു പാല്‍‌ചായ നിര്‍‌ബന്ധമുള്ള പതിവാണ്. കാദര്‍ക്കയുടെ കുടിലിന്റെ എതിര്‍‌വശം ചെമ്മണ്‍ റോടിനപ്പുറം ലക്ഷ്മിക്കുട്ടിയമ്മയുടെ വീടിനോട് ചേര്‍ന്നാണ് ചായക്കട. ഇവിടുന്നാണു ഞാന്‍ സ്ഥിരമായി ഈ ചായ ഉമ്മാക്ക് വെണ്ടി വാങ്ങിക്കുക.
ആലത്തൂര്‍ വടക്കുഞ്ചേരിയരിയില്‍ നിന്ന് കെട്ടിക്കൊണ്ടു വന്ന എന്റെ് വെല്ലിമ്മ ബീഡി വലിക്കുന്നത് പോലെ , ബീഡിവലിയും വെറ്റില മുറുക്കലും ഇല്ലാത്ത ഉമ്മയുടെ ഏക പതിവ് പുലരാം കാലത്തെ ഈ ചായ കുടിയാണ്. ചായക്കടയില്‍ ചെന്നാല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ ഭര്‍‌ത്താവ് നാരായണേട്ടന്റെ് സ്നേഹമുള്ള ഒരു നാരങ്ങാസത്ത് എനിക്ക് ഫ്രീ ആയിരുന്നു. ഈ രഹസ്യം ഇക്കയോടെന്നല്ല ആരോടും പറയാതിരുന്നത് കൊണ്ട് ഈ രംഗത്ത് ഒരു മത്സരം ഉണ്ടായിരുന്നില്ല.

ഒരു തണുത്ത പുലരിയില്‍ -
പതിവ് പോലെ ചായ വാങ്ങി വരുമ്പോളാണ് കാദര്‍ക്കയുടെ കുടിലിന്റെ മുറ്റത്ത് ഉച്ചത്തിലുള്ള സംസാരവും തുടര്‍‌ന്നുള്ള ബഹളവും. ഇടക്കിടക്ക് കഥാപ്രസംഗത്തിനിടക്ക് സിമ്പലിടുന്ന പോലെ , പഴയകാല സ്വാതന്ത്ര്യസമര എത്തിനോക്കിയും മകനേക്കാള്‍ കേമനും സാഹസികനും വിമുക്ത ഭടനും മികച്ച മുച്ചീട്ട് മലര്‍‌ത്തുകാരനും ആയ കോയക്കയുടെ ചുമയും ഉയര്‍‌ന്നു കേള്‍‌ക്കാം .
ജോലി ചെയ്യാന്‍ നിര്‍‌ബന്ധിതനാവുമ്പോള്‍ മാത്രം പുഴയില്‍ വെള്ള വലിക്കാന്‍ ( കുരുത്തോലയും മറ്റും ഉപയോഗിച്ച് പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്ന ഒരു രീതി) പോകാറുള്ള കാദര്‍ക്ക ആ സ്ഥിരം പുഴയില്‍ പോകുന്ന സഹമീന്‍ പിടിത്തകാരന്‍ ഹംസക്കയുമായാണു കൊച്ചു വെളുപ്പാന്‍ കാലത്തെ ഈ അന്താക്ഷരി മത്സരം.
ഉമ്മക്കുള്ള ചായയും കയ്യില്‍ തൂക്കി അവരുടെ വഴക്കില്‍ ഞാനും കാഴ്ച്ചക്കാരനായി.കുന്തക്കാലില്‍ ഇരുന്ന് ബീഡി ആഞ്ഞ് വലിക്കുകയും വലിയുടെ അന്ത്യത്തില്‍ കണ്ണു തള്ളി ചുമയ്ക്കുകയും ചെയ്യുന്ന കോയക്കയുടെ ചുമ മാത്രമാണു ഒരു അപതാളമായി ഉയര്‍‌ന്നു  വരുന്നത്.
"അയിനിപ്പോ....വേണന്ന് വെച്ചിട്ടല്ലല്ലോ ..കാദരേ...? പറ്റിപ്പോയി..... ഇയ്യങ്ങട്ട് പൊരുത്തപ്പെട്..."
ഹംസക്കയുടെ റിക്വസ്റ്റാണ്. കാദര്‍ക്ക  ഒരു തരിമ്പും വിടാനുള്ള ഭാവമില്ല.
"ഇതൊക്കെ അങ്ങനെ വിടാന്‍ പറ്റ്യേ....കാര്യാ...... മരിച്ചത് അന്റെ വെല്ലിമ്മേണങ്കിലും .. ഓരു ഇക്ക് ആരേര്ന്ന്ന...? "
കാദര്‍ക്കയും ശരി തന്നെ.
പറ്റിപ്പോയ അബദ്ധം ഏറ്റുപറഞ്ഞിട്ടും കലി കൊണ്ട് നില്‍ക്കുന്ന കാദര്‍ക്കാനെ എങ്ങനെ , എന്തു പറഞ്ഞ് സമാധാനിപ്പിക്കും എന്ന ചിന്തയിലാണു ഹംസക്ക.
" കാദറെ..ഇയ്യൊന്ന് അടങ്ങ്..അവനപ്പോ..അയ്നൊക്കെ പറ്റ്യേ.. നേരാര്‍ന്നോ...."
കാദര്‍ക്കയുടെ ഉമ്മ കുഞ്ഞീവിത്തയുടെ ശബ്‌ദമാണ്‌ ചായ്പ്പില്‍ നിന്ന്.
"കുഞ്ഞീവ്യേ...ഇയ്യ് ചെലക്കാണ്ട് .... ആ ചായന്റെ വെള്ളണ്ട്...ട്ത്തോ..... ഇത് ഞങ്ങള്‍ ആണുങ്ങള്‍ തീര്‍‌ത്തോളാ......"
കോയക്കയുടെ പരുഷമായ ഇടപെടല്‍. മറുപടിയായി കുഞ്ഞീവിത്ത എന്തോ പിറുപിറുത്തത് കോയക്കയുടെ ചുമയുടെ സിമ്പലില്‍ ലയിച്ചു പോയി.

കോയക്കയുടെയും കാദര്‍‌ക്കയുടെയും ഒരുമിച്ചുള്ള പരാതികളുടെ മിസൈല്‍ വര്‍ഷത്തില്‍ തളര്‍ന്നു  പോയി ഹംസക്ക.
"ന്റെ..കാദരേ....ഞ്ഞാന്‍ വെല്ലിമ്മ മരിച്ച വിവരം അന്നെ അറീക്കാന്‍ ന്റെ ചെക്കനെ ഏര്‍പ്പാടാക്കീര്‍ന്നു .........അയ്ന്ന് ....അന്നെ ക്കാണണങ്കീ...ചന്ദരത്തി നേര്‍ച്ചേലും കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരത്തിലും തെരയണ്ടേ...."
"അത് ശരി. ഇപ്പൊ കുറ്റം  ന്റെചതാ...?..."
അല്‍‌പം ഒന്ന് അടങ്ങി കാദര്‍ക്ക  പറഞ്ഞു.
"അനക്കറിയോ...........ചെണ്ടടെ മൂട്ടില്‍ കോലു വീഴണ..ഏതൊരു സ്ഥലത്ത് പോയാലും ഓര്‍ക്കുള്ള ഒരു കഷ്ണം അലുവ ഞാന്‍ കൊണ്ടരും........അതാണു ഞാനും അവരും തമ്മിലുള്ള അടുപ്പം..."
"ഇയ്യങ്ങട് പൊരുത്തപ്പെട് കാദരേ...! ഇഞ്ഞിപ്പോ ........അന്നെ അറീക്കാന്‍ വേണ്ടി..വെല്ലിമ്മാനെ രണ്ടാമത് മയ്യത്താക്കാന്‍ പറ്റ്വോ.....?? "
തണുത്തു വന്ന കാദര്‍‌ക്കാനെ ഇതു വല്ലാതെ ചൊടിപ്പിച്ചു.
"അതേയ്.... ഈ... ആറു കാലുള്ള മയ്യത്തും കട്ടിലേ...അന്റെെ.. മുറ്റത്ത് മാത്രല്ലാ....ന്റെ്.. മുറ്റത്തും വരൂട്ടാ......, ഇവടേണ്ട്..രണ്ടെണ്ണം.....അന്ന് കാണാ ഞമ്മക്ക്....!!
ഫ്ബാ....ശൈത്താനേ....!!!
ഉറക്കെയൊരു ആട്ടല്‍. ഒപ്പം നിര്‍ത്താതെയുള്ള സിമ്പലും.
കാദര്‍ക്കാടെ ബാപ്പ കോയക്കാടെ ശക്തിയായ ആട്ടലില്‍ കാദര്‍ക്ക  ഉമ്മറത്ത് നിന്ന് താഴോട്ട് വീണു എന്ന് നാട്ടില്‍ പാട്ടാണ്.