ഇപ്പോള്‍ ഖത്തറിലുള്ള ഉദയം പഠനവേദിയുടെ മുന്‍ നിരക്കാര്‍ ഈയിടെ മധുര മനോഹരമായ ഒരു സായാഹ്നത്തിന് സാക്ഷികളായി.
ഈ ഒത്തുകൂടലിനെ അനര്‍ഘ നിമിഷങ്ങളാക്കി മാറ്റിയത് എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,വിവി അബ്‌ദുല്‍ ജലീല്‍ അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,യൂസുഫ് ഹമീദ്, ഒപ്പം ഈകുറിപ്പുകാരനു (മഞ്ഞിയില്‍) മായിരുന്നു.
ബാല്യവും കൗമാരവും യൗവ്വനവും പ്രവാസവും ഉദയം പഠനവേദിയും അതിന്റെ കാലപ്പകര്‍ച്ചയിലെ ഭൂതവും വര്‍ത്തമാനവും ഒക്കെ പരസ്‌പരം തുന്നിച്ചേര്‍ത്ത് വര്‍ണ്ണാഭമായ ഒരു പട്ടുറുമാലുണ്ടാക്കിയ പ്രതീതിയിലാണ് 2026,മെയ് ആദ്യ വാരാന്ത്യത്തിലെ അസ്‌തമയം അനുഭവപ്പെട്ടത് എന്ന് പറയാം.
പ്രദേശത്തെ കായലോര ഗ്രാമങ്ങളുടെ വിശിഷ്യാ തൊയക്കാവ് കോടമുക്ക് കടവ് മുതല്‍ വെന്മേനാട് കുണ്ടുവക്കടവ് വരെയുള്ള പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഗൃഹാതുരതയോടെ വൈവിധ്യമാര്‍ന്ന ഓര്‍മകളുടെ പച്ചപ്പില്‍ നിന്നുകൊണ്ട് പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഒരുപക്ഷെ പ്രായം മറന്ന ആവേശം പ്രകടമായി.
പഠിച്ചു വളർന്ന വിദ്യാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പി.ടി.എ പ്രതിനിധിയായതും വിദ്യാലയത്തിലെ സീനിയറുകള്‍ക്ക് വിശേഷാല്‍ പാഠമെടുക്കാന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയോഗിക്കപ്പെട്ടതും ഈ കുറിപ്പുകാരന്‍ ആത്മാഭിമാനത്തോടെ പങ്കുവെച്ചു.
എഴുപതുകളിലെ ആവേശക്കഥകള്‍ക്കിടയില്‍ പൈങ്കണ്ണീയൂര്‍ക്കാരന്‍ എന്‍.കെ മുഹ്‌യിദ്ദീനും പാടൂരിലെ റഹ്‌മാന്‍ കേലാണ്ടത്തും കടന്നുവന്നു.
വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരുന്നു അധികപേരും.എഴുപതുകളിലെ കുസൃതിക്കഥകള്‍ക്ക് എന്‍.പി തുടക്കമിട്ടപ്പോള്‍ യൂസുഫും വിവിയും പുതിയവീട്ടിലും അനുബന്ധ കഥകളുടെ പൂത്തിരി കത്തിച്ചു.
പാടൂരിന്റെ വിശേഷപ്പെട്ട ചില കഥകള്‍ അല്‍പം സങ്കോചത്തോടെയാണെങ്കിലും കെ.എച് ഓര്‍ത്തെടുത്ത് അവതരിപ്പിച്ചു. കണ്ണോത്തിന്റെയും ഏനാമാവ് പഠനകാല വിശേഷവും അല്‍പം പോലും മേമ്പോടിയില്ലാതെ എം.എം ചിരിമായ്‌ക്കാതെ പറഞ്ഞു തീര്‍ത്തു.പെരിങ്ങാടന്‍ കഥകള്‍ പറയാനായിരുന്നു കൂടുതല്‍ പേര്‍.ഈ കുറിപ്പുകാരന്‍ പറഞ്ഞു തുടങ്ങും മുമ്പ് യൂസുഫ് ഹമീദ് കഥകളുടെ പരമ്പര തീര്‍ത്തു.വിട്ടത് പൂരിപ്പിക്കാന്‍ പുതിയവിട്ടിലും രംഗത്തുണ്ടായിരുന്നു.
എഴുപതുകളില്‍ പാടൂരിലെ കാരക്കോസ് പള്ളി കേന്ദ്രീകരിച്ചു നടന്നിരുന്ന പഠനക്ലാസ്സും,മഞ്ഞിയില്‍ പള്ളി കേന്ദ്രീകരിച്ചുള്ള കാസറ്റ് ആസ്വാദന സദസ്സും ഓര്‍മിക്കപ്പെട്ടു.അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കെട്ടുപിണഞ്ഞ് കിടന്നിരുന്ന അക്കാലത്ത് മുനിഞ്ഞ് എരിഞ്ഞു കൊണ്ടിരുന്ന ഇത്തരം തീപൊരികളിലൂടെ ഒക്കെയായിരിക്കണം പ്രദേശത്ത് പിന്നീട് ഉദയം ചെയ്‌ത വിവിധ വിജ്ഞാന വേദികളും ധിഷണാപരമായ മുന്നേറ്റങ്ങളും.
========
തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമാക്കി (1992) ലായിരുന്നു ഉദയം അതിന്റെ കൈതിരി തെളിയിച്ചത്.
പ്രദേശത്തെ മഹല്ല് വാസികളില്‍ യഥാര്‍ത്ഥ ഇസ്ലാമിക ചിന്തയും, സംസ്‌കാരവും വളര്‍ത്തിയെടുക്കാനും, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ ശുദ്ധമായ അടിത്തറ കെട്ടിപ്പടുക്കാനും ഉതകും വിധമുള്ള അജണ്ടകള്‍ക്കും ആസൂത്രണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതായിരുന്നു ഉദയം പഠനവേദിയുടെ കര്‍മസരണി.ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.
--------
ഉദയം പഠനവേദിയുടെ ദോഹയിലെ ആസ്ഥാനം സ്ഥിതി ചെയ്‌തിരുന്ന മുശേരിബ് ഖത്തറിന്റെ ഹൃദയമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. പഴങ്കഥകള്‍ ഓര്‍മിച്ചെടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത പുതിയവീട്ടില്‍ പ്രസ്‌തുത ഓര്‍മകള്‍ അയവിറക്കി.
ഉദയത്തിൻറെ ആതിഥ്യം സ്വീകരിക്കാത്ത, വിജ്ഞാനത്തിന്റെ സൗരഭ്യം അൽപ്പമെങ്കിലും ആസ്വദിക്കാത്ത , ഉദയം അന്തിച്ചർച്ചകളിൽ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാത്ത പ്രദേശത്തുകാരും അല്ലാത്തവരുമായ പഴയ ഖത്തർ പ്രവാസികളിൽ ഉദയത്തെ അറിയാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ?
നട്ടുച്ചക്കും നട്ടപ്പാതിരാക്കും നനുത്ത പ്രഭാതത്തിലും എന്നുവേണ്ട 24 മണിക്കൂറും സജീവമാകുന്ന ഉദയം മജ്‌ലിസ്. കിടപ്പ് മുറികളില്‍ വിശ്രമിക്കുന്നവർക്ക് യാതൊരു അലോസരവുമുണ്ടാക്കാതെ പ്രാദേശിക തലം മുതൽ അന്താരാഷ്‌ട്ര വിഷയങ്ങൾ വരെ ചർച്ചകളാൽ മുഖരിതമാകാറുണ്ട്. അതിൻറെ നടുത്തളത്തിൽ അരങ്ങേറുന്ന ഖുർആൻ ക്ളാസുകൾ, പ്രാദേശിക കൂട്ടായ്‌മകൾ , കാര്യ നിർവ്വഹണ സമിതികൾ, രാഷ്ട്രീയ ചർച്ചകൾ , രാഷ്ട്രാന്തരീയ നിരൂപണങ്ങൾ , ജനസേവന സമിതികൾ , ബഹുഭാഷാ പഠന കളരികൾ ,കമ്പ്യൂട്ടര്‍ പഠനം, സിമ്പോസിയങ്ങൾ, ക്യാമ്പുകൾ ,നോമ്പ് തുറ തുടങ്ങി നിരവധി മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന കാര്യ പരിപാടികൾ കൊണ്ട് ധന്യമായിരുന്നു.
കേരളത്തിൻറെ അങ്ങോളമിങ്ങോളമുള്ള മഹദ് വ്യക്തിത്വങ്ങളായിരുന്നു ഇതിലെ പങ്കാളികള്‍. അവരെല്ലാം ആ കോണിപ്പടികൾ ഇറങ്ങുന്നത് മനസ്സ് നിറയെ വിജ്ഞാനവും തങ്ങൾ കൂടെ ഭാഗഭാക്കായ സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ആത്മ സംതൃപ്തിയാലും രൂചി കൂട്ടിൻ്റെ മാന്ത്രികൻ സാക്ഷാൽ വി.എം റഫീഖിൻ്റെ കൈപുണ്യമുള്ള ഒരു കപ്പ് പാൽപായസമെങ്കിലും നുണഞ്ഞ മാധുര്യം ആസ്വദിച്ചും കൊണ്ടുമായിരിക്കും.
----------
ഉദയം പഠനവേദിയുടെ ആദ്യകാലാനുഭവങ്ങള്‍ ഓര്‍മിക്കപ്പെട്ടതില്‍ ചിലത് സംക്ഷിപ്‌മായി ഇങ്ങനെ സംഗ്രഹിക്കാം.
തൊണ്ണൂറുകളില്‍ മുല്ലശ്ശേരി ബ്ലോക്ക് മേഖലയില്‍ വിപുലമായ രീതിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയത് ഉദയം പഠന വേദിയായിരുന്നു.ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് കണ്ണോത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വെച്ചായിരുന്നു അത്.അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള റേഷന്‍ സംവിധാനം ആദ്യമായി പരിചയപ്പെടുത്തിയതും ഉദയം തന്നെയായിരുന്നു.വിദ്യാഭ്യാസ - തൊഴില്‍ സഹായങ്ങള്‍,ചികിത്സാ സഹായങ്ങള്‍,തുടങ്ങി വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്ക് വരെയുള്ള സഹായങ്ങള്‍ ഉദയം റെക്കാര്‍ഡുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ജാതി-മത ഭേദമന്യേ ബഹുജനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന പലിശരഹിത വായ്‌പാ നിധിയാണ്.
ഉദയം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകള്‍,സിമ്പോസിയങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍,വെക്കേഷന്‍ ക്യാമ്പുകള്‍,സമൂഹ നോമ്പ് തുറ,ഈദ് ഗാഹുകള്‍ എല്ലാം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന മത - സാംസ്കാരിക - രാഷ്ട്രീയ - വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളില്‍ പ്രശോഭിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായിരുന്നു.
ഇന്ന് നമ്മുടെ പ്രദേശത്തെ മഹല്ലുകളിലെല്ലാം സക്കാത്ത് കമ്മറ്റികളും സാന്ത്വന സേവന സമിതികളുമെല്ലാം പ്രവര്‍ത്തന നൈരന്തര്യത്തോടെ നടന്നു കൊണ്ടിരിക്കുന്നു. പരിശുദ്ധമായ ഒരു പ്രവാചക സുന്നത്ത് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉദയം തുടങ്ങിവെച്ച ഈദ് ഗാഹ് സംവിധാനം ഇന്ന് മേഖലയിൽ ഒരുവിധം ഇടങ്ങളിലൊക്കെ കാണാന്‍ കഴിയും. പ്രദേശത്ത് ഇന്ന് കാണുന്ന ഇസ്ലാമിക നവജാഗരണ പ്രബോധന പ്രവർത്തനങ്ങളുടെയെല്ലാം പിന്നില്‍ ഉദയത്തിന്റെ ചെറുതല്ലാത്ത സ്വാധീനം കാണാന്‍ കഴിയും.
ഉദയം ഒറ്റനോട്ടത്തില്‍
......................
ദോഹയില്‍ 1992 ല്‍ തുടക്കം.ആദ്യകാല മുന്‍ നിരക്കാര്‍ എവി ഹംസ,എന്‍.കെ മുഹ്‌യിദ്ദീന്‍,ആര്‍.വി അബ്‌ദുല്‍ മജിദ് തുടങ്ങി നീണ്ട പട്ടികയാണ്.
--------------
നാട്ടില്‍ ആദ്യത്തെ ചെയര്‍മാന്‍ അബ്‌ദുല്‍ വാഹിദ് സാഹിബും പിന്നീടാണ് ഡോ.സെയ്യിദ് മുഹമ്മദ് പ്രസ്‌തുത സ്ഥാനത്ത് അവരോധിതനായത്.ആദരണീയരായ രണ്ട് ഗുരുനാഥന്മാർ ഷംസുദ്ദീൻ മാഷും അബ്ദുറഹ് മാൻ മാഷും പഠന വേദിയുടെ ആദ്യ കാല പടവുകളിലെ വഴി വിളക്കുകളാണ്.കര്‍മസരണിയില്‍ കിതപ്പില്ലാതെ കുതിക്കാന്‍ ആര്‍.വി.എസ്സ് സേവന സന്നദ്ധനായി മൈതാനത്തുണ്ടായിരുന്നു.
പ്രാരംഭത്തിലുണ്ടായിരുന്ന ആസ്ഥാനം പുവ്വത്തുരിലും പില്‍കാലത്ത് പാവറട്ടിയിലേക്ക് മാറുകയായിരുന്നു.
പുവ്വത്തൂരിലെ ആസ്ഥാനത്ത് സജീവമായി സേവന രംഗത്ത് നിറഞ്ഞ് നിന്ന പ്രിയങ്കരരായ വ്യക്തിത്വങ്ങളാണ് പരേതരായ ജഅ്ഫർ തങ്ങളും,പി.എ അബ്‌ദുല്‍ കബീറും.
-------------
ഉദയം തുടക്കമിട്ടതും പ്രാബല്യത്തില്‍ വരുത്തിയതുമായ സേവന ദൗത്യങ്ങളുടെ കരട് രേഖ 👇🏻.
--------------
ബോധവത്കരണം
ധാര്‍മിക വിദ്യാഭ്യാസം
സ്‌ത്രീകള്‍ക്ക് വേണ്ടിയുള്ള പഠന പരമ്പര
വായനശാല
മാതൃകാപരമായ പ്രബോധനം
ലഹരിവിരുദ്ധ പ്രചരണങ്ങള്‍
പലിശ രഹിത സംവിധാനം
സംഘടിത സകാത്ത്
ശുദ്ധജല വിതരണം
ഭവന പദ്ധതി
ഭവന നിര്‍മ്മാണം
റേഷന്‍ വിതരണം
ആതുര സേവനം
സ്വയം തൊഴില്‍
സാന്ത്വന സേവനം
ഈദ്‌ഗാഹ്
ഉദുഹിയ്യത്ത്
ഖുബ അനുബന്ധ സംവിധാനം
നിശബ്‌ദ സേവനങ്ങള്‍
=============
ദശാബ്‌ദങ്ങള്‍ പിന്നിട്ട ഉദയം പഠനവേദിയുടെ കര്‍മസരണി ഏറെ സര്‍ഗാത്മകവും ധന്യവുമായിരുന്നു.
ഇവിടെ നൽകപ്പെട്ട തലക്കെട്ടുകളിലൂടെ തന്നെ സാമൂഹിക സേവന പ്രവർത്തനങ്ങൾ വായിച്ചെടുക്കാനായേക്കും.
കർമഭൂമിയിലൂടെ ബഹുദൂരം സഞ്ചരിച്ച പാദമുദ്രകൾ ഓരോന്നും ഓർത്തെടുത്ത് പരസ്പരം പങ്കുവെക്കാൻ സാധിച്ചതിൻ്റെ അനിർവചനീയമായ നിർവൃതിയോടെയാണ് സഹോദരങ്ങൾ പിരിഞ്ഞത്.
പഴങ്കഥകൾ പങ്കിട്ടത് ദോഹയിൽ നിന്നും അകലെ ഒരിടത്തിലായിരുന്നുവെങ്കിലും
ദോഹയിലായിരുന്നു രാത്രി ഭക്ഷണം. യൂസഫ് ഹമീദിന്റെ ആതിഥ്യത്തിലെ സ്വാദറിയാനായതും ഈ സായാഹ്ന വിശേഷത്തിന് നല്ല രുചിക്കുട്ടായി.
----------
മഞ്ഞിയിൽ





