പുവ്വത്തൂര്‍:വാഗ്‌ദോരണികള്‍ പെയ്‌തിറങ്ങിയ ഖുര്‍ആന്‍ സമ്മേളനം.കെട്ടിലും മട്ടിലും സമയപരിധി പാലിച്ചും അടുക്കും ചിട്ടയോടും കൂടിയ ഒരു ആശയപ്രപഞ്ച പ്രസരണം. അലറിമറിയുന്ന അലമാലകളുടെ ആവർത്തനം പോലെ മനുഷ്യമനസ്സുകളിൽ ചിന്തകളുടെ, അന്വേഷണങ്ങളുടെ വിസ്ഫോടനം സൃഷ്ടിച്ചു കാലാതിവർത്തിയായി നിലകൊള്ളുന്ന നിത്യ വസന്തം.
ഖുർആനിൻറെ തീരത്തിലൂടെ, മാനവികതക്ക് വഴിവെളിച്ചം കാണിച്ചു, അഭിനവ നംറൂദിനും ഫിർഔനിനും അബൂജഹ്ൽമാർക്കും മുന്നറിയിപ്പ് നൽകിക്കൊണ്ട് പീഡനപർവ്വങ്ങളിൽ വെന്തുരുകുന്ന സുമനസ്സുകൾക്ക് സമാശ്വാസത്തിൻറെ തെളിനീർ നൽകി തഴുകിയും തലോടിയും ഖുർആൻ പഠനത്തിൻറെ പ്രസക്തിയിലേക്ക് അനുവാചകരെ കൈപിടിച്ചു നടത്തിയ പ്രൗഢോജ്ജ്വലമായ വിജ്ഞാന സദസ്സ്. ത്യാഗോജ്ജ്വലമായ ബദർ ദിനത്തിലെ അമൃതസാഗരം. ആത്മാവിനെയും പ്രജ്ഞയെയും തൊട്ടുണര്‍ത്തി ചിന്തിക്കാനും പ്രബുദ്ധത കൈവരിക്കാനും പ്രേരിപ്പിക്കുന്ന ആത്മീയ പരിസരം കൊണ്ട് ധന്യമായിരുന്നു.
നന്മയില്‍ മുന്നേറാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.നനന്മയുടെയും തിന്മയുടെയും മാനദണ്ഡമാണ് വിശുദ്ധ ഖുര്‍ആന്‍.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഖുര്‍ആനിന്റെ മാധുര്യവും ഒപ്പം ഗൗരവമേറിയ ചര്‍ച്ചകളും ആസ്വദിക്കാവാനുള്ള സുവര്‍ണ്ണാവസരമായിരുന്നു പുവ്വത്തൂര്‍ കസവ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സമ്മേളനം.
മുനീര്‍ വരന്തരപ്പള്ളി (ഖത്വീബ് ഹിറാ മസ്‌ജിദ്), അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍(ലേഖകന്‍ ഇസ്‌ലാം ഓണ്‍ ലൈവ്),സുലൈമാന്‍ അസ്‌ഹരി (ഖാദി മുതുവട്ടൂര്‍ മഹല്ല്) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലൂന്നി പ്രഭാഷണം നടത്തി.
ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ആര്‍.പി സിദ്ദീഖ് സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എ.വി ഹംസ സാഹിബ് സ്വാഗതമാശംസിച്ചു.